ശത്രുസൈന്യമല്ല, അന്നമൂട്ടുന്നവരാണ്


രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ, മരുന്നുകളും ഭക്ഷണവും അതിവേഗം ആവശ്യക്കാരിലെത്തിക്കാൻ, ഒളിഞ്ഞും പാത്തും നടക്കുന്ന കുഴപ്പക്കാരെ കണ്ടെത്തി സുരക്ഷ ഉറപ്പാക്കാൻ, പാടത്ത് മരുന്നുതളിക്കാൻ, സിനിമകൾക്കുമുതൽ സമൂഹ മാധ്യമ പോസ്റ്റുകൾക്കുവരെ മനോഹരമായ രീതിയിൽ വിഡിയോകളും ഫോട്ടോകളുമെടുക്കാൻ എന്നിങ്ങനെ ജനങ്ങളുടെ ജീവിതം എളുപ്പമാക്കാനും ജോലികൾ സുഗമമാക്കാനുമുള്ള ആവശ്യങ്ങൾക്കായാണ്, നവസാങ്കേതിക വിദ്യയുടെ ചിറകുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡ്രോണുകൾ ലോകമൊട്ടുക്കും ഉപയോഗിച്ചുവരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഹരിയാന പൊലീസ് ഡ്രോണുകളെ ഉപയോഗപ്പെടുത്തിയത് തികച്ചും ക്രൂരമായ ഒരു ആവശ്യത്തിനായിരുന്നു- ന്യായമായ അവകാശങ്ങളുന്നയിച്ച് തലസ്ഥാന നഗരിയിലേക്ക് സമരത്തിനായി പുറപ്പെട്ട കർഷകർക്കുനേരെ കണ്ണീർ വാതകം പ്രയോഗിച്ച് വിരട്ടിയോടിക്കാൻ! പരമ്പരാഗത ആയുധങ്ങൾക്കുപുറമെ കശ്മീരിൽ പ്രതിഷേധക്കാർക്കുനേരെ വർഷങ്ങളോളം ഉപയോഗിച്ച, കണ്ണുകൾ തകർക്കുന്ന പെല്ലറ്റ് തോക്കുകളും ശംഭു അതിർത്തിയിൽ ഹരിയാന പൊലീസ് പ്രയോഗിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസ് ഹരിയാന, യു.പി അതിർത്തികളിൽ ഒരുക്കിയിരിക്കുന്നതാവട്ടെ, ഒരു ശത്രുസൈന്യത്തെ നേരിടാനാവശ്യമായ സജ്ജീകരണങ്ങൾ. ഇടറോഡുകളിൽ കിടങ്ങുകൾ കുഴിച്ചിട്ടിരിക്കുന്നു, കർഷകരുടെ ട്രാക്ടറുകൾ കടന്നുകയറാതിരിക്കാൻ പലയിടത്തും റോഡുകളെ ഇരുമ്പാണിപ്പാതകളായി പരിവർത്തിപ്പിച്ചിരിക്കുന്നു. പഞ്ചാബിലെ ശൂരപരാക്രമികളായ കർഷകർ ട്രാക്ടറുകൾ ഒഴിവാക്കി കുതിരപ്പുരത്തേറി വരാനിടയുണ്ടെന്നുകണ്ട് കുതിരകളെ അടിതെറ്റിവീഴിക്കാൻ പാകത്തിന് നൂറുകണക്കിന് വീപ്പകളിൽ വഴുക്കെണ്ണകൾ സംഭരിച്ചുവെച്ചിരിക്കുന്നു. ഫലസ്തീനികൾ അതിർത്തി കടന്നുവരുന്നത് തടയാൻ ഇസ്രായേൽ നിർമിച്ച പടുകൂറ്റൻ മതിലിനെ ഓർമിപ്പിക്കും വിധത്തിലുള്ള കൂറ്റൻ കോൺക്രീറ്റ് പലകകൾ ഉയർത്തിയിരിക്കുന്നു. സൂപ്പർസോണിക് ആയുധങ്ങൾ കരുതിവെച്ചിരിക്കുന്നു. ഡൽഹിയിൽ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. പരീക്ഷകൾ നടന്നുകൊണ്ടിരിക്കെ വിദ്യാർഥികൾക്കുണ്ടാവുന്ന അസൗകര്യങ്ങൾപോലും കണക്കിലെടുക്കാതെ ഹരിയാനയിൽ ഇൻറർനെറ്റ് സേവനങ്ങൾ നിർത്തിവെപ്പിച്ചു, കർഷക സമരസംഘടനകളുടെയും നേതാക്കളുടെയും അക്കൗണ്ടുകൾ നീക്കം ചെയ്യാൻ സമൂഹ മാധ്യമ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നു സർക്കാർ.

ശത്രുരാജ്യ സൈനികരോ നിയമവിരുദ്ധ സംഘടനാ പ്രവർത്തകരോ അല്ല, അരിയും ഗോതമ്പും ധാന്യങ്ങളും വിളയിച്ച് രാജ്യത്തിന് വിശപ്പടക്കാനുള്ള വകയൊരുക്കുന്ന കർഷകരാണ് ഡൽഹിയിലേക്ക് സമരവുമായി വരുന്നത്. റേഷൻകടകൾക്കുമുന്നിൽ പ്രധാനമന്ത്രിയുടെ സെൽഫി കോലങ്ങൾ സ്ഥാപിച്ചതുകൊണ്ടല്ല, മഞ്ഞും മഴയും വെയിലും ഗൗനിക്കാതെ കർഷകർ മണ്ണിലിറങ്ങി എല്ലുമുറിയെ പണിചെയ്യുന്നതുകൊണ്ടാണ് രാജ്യത്തെ ജനങ്ങൾ പട്ടിണിയില്ലാതെ കഴിയുന്നത്. സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം), 250 സംഘങ്ങളുടെ കൂട്ടായ്മയായ കിസാൻ മസ്ദൂർ മോർച്ച എന്നിവരുടെ ബാനറിലെത്തുന്ന കർഷകർ എന്തെങ്കിലും അന്യായമായ ആവശ്യങ്ങൾ മുന്നോട്ടുവെക്കുന്നില്ല, സംഘ്പരിവാർ റാലികളിലേതുപോലെ കടന്നുപോകുന്ന വഴികളിൽ അതിക്രമങ്ങൾ കാട്ടിക്കൂട്ടുന്നില്ല, വെറുപ്പും വിദ്വേഷവും പരത്തുന്നില്ല. ഇതിനു മുമ്പ് നടത്തിയ ഐതിഹാസിക സമരം അവസാനിപ്പിക്കുന്നതിന് 2021ൽ കേന്ദ്ര സർക്കാർ നൽകിയ മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ഉറപ്പുകൾ പാലിക്കണമെന്നാണ് അവരുടെ മുഖ്യ ആവശ്യം. വാക്കുപാലിക്കാൻ കൂട്ടാക്കാതെ വഞ്ചിച്ച സർക്കാർ ഇപ്പോൾ ആയുധബലമുപയോഗിച്ച് കർഷകരെ നേരിടാൻ ഒരുമ്പെടുന്നത് കുടിലതയാണ്, ജനദ്രോഹമാണ്.

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെ രാഷ്ട്രീയ ലക്ഷ്യംവെച്ചാണ് കർഷകർ തലസ്ഥാനത്തേക്കിറങ്ങുന്നത് എന്നാണ് ഭരണപക്ഷ കുഴലൂത്തുകാർ നടത്തുന്ന ആക്ഷേപം. നിയമപരിരക്ഷയോടെ മിനിമം താങ്ങുവില സമ്പ്രദായം പെട്ടെന്ന് നടപ്പാക്കൽ പ്രായോഗികമല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി പറയുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടുത്ത വർഷങ്ങളിലൊന്നും സാധ്യമാവാത്ത വനിത സംവരണ ബിൽ പാസാക്കി മേനിപറയുന്ന, അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ ഉയരുന്ന ക്ഷേത്രത്തിൽ പണിതീരും മുമ്പേ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിഷ്ഠ നടത്തിയ, തിടുക്കപ്പെട്ട് പൗരത്വ നിയമവും ഏകീകൃത സിവിൽകോഡുമെല്ലാം കൊണ്ടുവരുന്ന സർക്കാറിന് കർഷകർ അവകാശങ്ങൾ ചോദിക്കുമ്പോൾ അത് രാഷ്ട്രീയ ലക്ഷ്യമായി തോന്നുന്നുവെന്നത് വിരോധാഭാസം തന്നെ. ഈ സമരത്തിലൂടെ കർഷക രോഷം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ നാടകീയമായി മിനിമം താങ്ങുവില പോലുള്ള ‘ഗ്യാരന്റി’കൾ നൽകി അതും തെരഞ്ഞെടുപ്പ് ലാഭത്തിനുപയോഗപ്പെടുത്താനും ഭരണകൂടം മടിച്ചേക്കില്ലെന്ന് വിലയിരുത്തുന്നവരുമുണ്ട്. നാടുനീളെ ഗ്യാരന്റി വിതറുന്നതിലുപരി അതു നടപ്പിൽവരുത്തണമെന്ന ശുഷ്കാന്തിയൊന്നും അവർക്കില്ലല്ലോ.

സമരം അടിച്ചമർത്തപ്പെടുകയോ ഒത്തുതീർപ്പാവുകയോ ചെയ്തേക്കാം. ഭീഷണികളും ചാപ്പയടികളും ഗ്യാരന്റികളും തുടർന്നും വന്നേക്കാം. കർഷക സമരത്തിന്റെ ഗതി എന്തുതന്നെയായാലും കർഷക സമൂഹത്തിന് തികഞ്ഞ അനീതിയും അവഹേളനവും മാത്രം ലഭിച്ച ഒരു ദശാബ്ദത്തിലാണ് രാജ്യമിന്നുള്ളത്. ഏതാനും ചില ധനാഢ്യ വ്യവസായികളുടെ പരിപോഷണം മാത്രം മനസ്സിൽക്കണ്ട് രൂപം നൽകിയ നയങ്ങൾ കാർഷികാധിഷ്ഠിത സമ്പദ് വ്യവസ്ഥയെ ആകമാനം ശോഷിപ്പിച്ചിരിക്കുന്നു. അതു വരുത്തിവെക്കുന്ന ദുരന്തങ്ങളെന്തെല്ലാമാണെന്ന് നമ്മൾ അറിയാനിരിക്കുന്നതേയുള്ളൂ.

Tags:    
News Summary - Madhyamam Editorial 2024 feb 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.