ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തിങ്കളാഴ്ച പാർലമെന്റായ നെസറ്റിൽ പാസാക്കിയെടുത്ത ജുഡീഷ്യൽ പരിഷ്കരണ ബിൽ പ്രധാനമന്ത്രിയെന്ന നിലക്ക് നേടിയ വിജയമായാണ് ഗണിക്കപ്പെടുന്നത്. എന്നാൽ രാജ്യത്തിന്റെ ഘടനയിലും നിയമവ്യവസ്ഥയിലും അതിലുപരി ഫലസ്തീൻ ജനതയോടുള്ള സമീപനങ്ങളിലും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പ്രശ്നങ്ങൾ രൂക്ഷമാകാനാണിട എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹൃദ്രോഗബാധയെ തുടർന്ന് പേസ്മേക്കർ ഘടിപ്പിച്ച് ആശുപത്രി വിട്ടശേഷം നേരെ പാർലമെന്റിൽ വന്നായിരുന്നു നെതന്യാഹുവിന്റെ ബിൽ അവതരണവും വിജയപ്രകടനവും. ഇസ്രായേലി ജുഡീഷ്യറിയുടെ അധികാരങ്ങളിൽ കാര്യമായി കൈകടത്തുന്ന ഈ ബില്ലിനെതിരെ കഴിഞ്ഞ ആറു മാസമായി രാജ്യത്താകെ നടന്നുവരുന്ന കനത്ത പ്രതിഷേധങ്ങളും സമരങ്ങളും അവഗണിച്ചാണ് 120 അംഗ പാർലമെന്റിൽ 64 വോട്ടുകളുടെ പിൻബലത്തോടെ തീവ്രവലതുപക്ഷ- അതി യാഥാസ്ഥിതിക ഭരണമുന്നണി ബിൽ പാസാക്കിയെടുത്തത്. എതിരായി ഒറ്റവോട്ടും ഉണ്ടായില്ല; കാരണം പ്രതിപക്ഷം മൊത്തമായി സഭ ബഹിഷ്കരിച്ചിരുന്നു. അപ്പോഴും പാർലമെന്റിനു പുറത്ത് ആയിരക്കണക്കിനാളുകളുടെ പ്രതിഷേധം നടക്കുകയായിരുന്നു.
ലിഖിത ഭരണഘടന നിലവിലില്ലാത്ത ഇസ്രായേലിൽ നിയമസംഹിത അർധ ഭരണഘടന സ്വഭാവമുള്ളതും അടിസ്ഥാന നിയമങ്ങൾ എന്നറിയപ്പെടുന്നതുമായ ഒരു കൂട്ടം നിയമങ്ങളുടെ സമാഹാരമാണ്. നിയമപ്രാബല്യമുള്ള സുപ്രീംകോടതിയുടെ വിധികളാണ് മറ്റൊരു പ്രാമാണികരേഖ. സുപ്രീംകോടതിയുടെ അധികാരപരിധി സാമാന്യം വിപുലവുമാണ്. പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ സുപ്രീംകോടതിയുടെ മുമ്പാകെ എതിർക്കപ്പെട്ടാൽ അതിന്റെ സാധുതയും ന്യായയുക്തിയും കോടതിയുടെ പരിഗണനക്ക് വിധേയമാണ്. ആ ഘട്ടത്തിൽ കോടതിക്ക് പാർലമെന്റ് പാസാക്കിയ നിയമങ്ങൾ തന്നെ അസാധുവായി പ്രഖ്യാപിക്കാം. ഈ പരിശോധനക്കുള്ള വകുപ്പ് എടുത്തുകളയുന്നതാണ് തിങ്കളാഴ്ച പാസാക്കിയ ബിൽ. ഇസ്രായേൽ ഗവണ്മെന്റ് പാസാക്കുന്ന പല നിയമങ്ങളും, എടുക്കുന്ന പല നടപടികളും റദ്ദാക്കിയ പാരമ്പര്യം സുപ്രീംകോടതിക്കുള്ളതു കൊണ്ട്, ഭരണകൂടത്തിന്റെ പല ഇഷ്ടങ്ങളും നടപ്പാക്കുന്നതിന് അവ പ്രതിബന്ധമായി വരാറുണ്ട്.
പാസായ ഭേദഗതി നെതന്യാഹു ലക്ഷ്യമിട്ട ജുഡീഷ്യൽ പരിഷ്കാരങ്ങളിൽ ഒന്നാമത്തേത് മാത്രമാണ്. ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാറിനുള്ള അധികാരം വിപുലപ്പെടുത്തുകയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം നിയന്ത്രിക്കുകയും ചെയ്യുന്നതടക്കമുള്ള പരിഷ്കാരങ്ങളും വരാനിരിക്കുന്നു. കഴിഞ്ഞ മാർച്ചിൽതന്നെ ബിൽ പാർലമെന്റിൽ വെക്കാൻ മുതിർന്നെങ്കിലും വമ്പിച്ച പൊതുജന പ്രതിഷേധങ്ങൾക്കു മുന്നിൽ നെതന്യാഹു വഴങ്ങുകയായിരുന്നു. ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കൂടുതൽ ചർച്ചകൾക്കു ശേഷം അതു വീണ്ടും അവതരിപ്പിക്കും എന്നു പറഞ്ഞിരുന്നു. അത് തൽക്കാലത്തേക്കുള്ള ഒരു തന്ത്രമായാണ് അന്നേ എല്ലാവരും കണ്ടത്. 75 വർഷത്തെ ചരിത്രത്തിൽ കണ്ടിട്ടില്ലാത്തത്ര വലിയ പ്രതിഷേധങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ സാക്ഷ്യം വഹിച്ചത്. ബഹുജനങ്ങളിൽ നടത്തിയ അഭിപ്രായ സർവേകളിൽ ഭൂരിപക്ഷം ആളുകളും മാറ്റങ്ങളെ എതിർക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധ പ്രകടനങ്ങൾക്കൊപ്പം വ്യാപകമായ പണിമുടക്കും രാജ്യത്തിന്റെ പല സേവന മേഖലകളെയും ബാധിച്ചു. ഇസ്രായേലി സൈന്യത്തിന്റെ മുഖ്യ തുണയായ റിസർവ് സൈനികർ സമരത്തിൽ പങ്കാളികളായത് ഭരണകൂടത്തിന് കൂടുതൽ തലവേദന സൃഷ്ടിച്ചു. എന്നാൽ അതൊന്നും പ്രശ്നമാക്കാതെ തീവ്രവലതുപക്ഷ സഖ്യകക്ഷികളുടെ പിന്തുണയോടെ ബിൽ പാസാക്കിയെടുക്കുകയാണ് നെതന്യാഹു ചെയ്തത്. ‘മധ്യ പൗരസ്ത്യദേശത്തെ ജനാധിപത്യത്തിന്റെ തുരുത്ത്’ ആയി പാശ്ചാത്യമാധ്യമങ്ങൾ കൊണ്ടാടുന്ന രാജ്യത്താണ് ഇത്ര വലിയ ജനരോഷത്തെ അവഗണിച്ചുള്ള ഭരണകൂടത്തിന്റെ ഈ പോക്ക് എന്നോർക്കണം. ഭരണകൂട നടപടികൾ പലതും റദ്ദാക്കാറുള്ള സുപ്രീംകോടതിക്ക് കടിഞ്ഞാണിടുക വഴി നീതിപീഠവും ഭരണകൂടവും തമ്മിലുള്ള സന്തുലനം ഉറപ്പുവരുത്തുകയാണ് തങ്ങൾ എന്നാണ് നെതന്യാഹു സർക്കാറിന്റെ വാദം. ഈയിടെയായി കൂടുതൽ വലത്തോട്ടു ചായുന്ന ഇസ്രായേലി രാഷ്ട്രീയവും പാർട്ടികളും നീതിപീഠത്തിന്റെ ഇടപെടലുകൾ തീരെ ദഹിക്കാത്തവരാണ്. ജനാധിപത്യത്തോടുതന്നെ അത്രയൊന്നും പ്രതിബദ്ധത അവകാശപ്പെടാനില്ലാത്ത ഭരണകൂട നയത്തോട് ജനങ്ങൾക്കുള്ള എതിർപ്പാണ് പ്രതിഷേധങ്ങളിലൂടെ പുറത്തുവന്നത്. ഇതിൽ ഒരു മുഖ്യവിഷയം ഭരണകൂടത്തിന്റെ ഏറ്റവും പ്രധാന അജണ്ടകളിലൊന്നായ ഫലസ്തീൻ ജനതയോടുള്ള നിലപാടുകളും നടപടികളുമാണ്. ‘കൂറില്ലാത്ത’ അറബ് പൗരർക്കും പൗരത്വമില്ലാത്ത ഫലസ്തീനികൾക്കും പ്രതികൂലമായ പല നടപടികൾക്കും സർക്കാർ മുതിരുമ്പോൾ അതിനെ നീതിപീഠം അസാധുവാക്കുന്നത് ഭരണകൂടത്തിന് എന്നും തലവേദനയാണ്.
അന്യരാജ്യം കൈയേറി ഭരിക്കുന്ന ഇസ്രായേൽ അനുസരിക്കാൻ ബാധ്യസ്ഥമായ അന്താരാഷ്ട്ര നിയമങ്ങൾ ഏറെയുണ്ട്. അതിനനുസൃതമായാണ് ആഭ്യന്തര നിയമങ്ങളും ക്രമീകരിക്കപ്പെടേണ്ടത്. അതെല്ലാം ലംഘിച്ചാണ് അവർ അറബ് വംശജരെ കൈകാര്യം ചെയ്യുന്നതും ഫലസ്തീനികളെ അവരുടെ പ്രദേശങ്ങളിൽനിന്ന് ആട്ടിയോടിക്കുന്നതും പുതിയ ഭൂപ്രദേശങ്ങൾ പൊതുഭൂമിയായി പ്രഖ്യാപിച്ചു പുതിയ കുടിയേറ്റ ഭവനങ്ങൾ കെട്ടിപ്പൊക്കുന്നതും. ഇസ്രായേൽ എന്ന ‘ജനാധിപത്യ’ രാജ്യത്ത് രണ്ടുതരം നിയമങ്ങളാണ്. ഒന്ന് സ്വദേശി പൗരർക്കും മറ്റൊന്ന് കൈയേറി കൂട്ടിച്ചേർത്ത ഭൂമിയിലും, വെസ്റ്റ് ബാങ്ക്, കിഴക്കേ ജറൂസലം പ്രദേശങ്ങളിൽ വസിക്കുന്നവർക്കും. കോടതികൾ ഇതിൽ പലതും രാഷ്ട്രീയ നയത്തിന്റെ ഭാഗമായി അവഗണിക്കാറുണ്ട്. അതിനാൽതന്നെ കുടിയേറ്റവും ഭൂമി കൈയേറ്റവും പിന്തുണക്കുന്ന കക്ഷികൾ തന്നെയാണ് പുതിയ നിയമപരിഷ്കാരങ്ങളെയും പിന്തുണക്കുന്നത്. ആകെ നോക്കിയാൽ നെതന്യാഹു ഭരണകൂടത്തിന്റെ നെറികേടുകൾക്കുള്ള വഴി എളുപ്പമാക്കലും കൂടിയാണ് നിയമഭേദഗതികൾ. ആ നിലയിൽ, ഇപ്പോൾ ഉരുത്തിരിഞ്ഞ പ്രതിസന്ധി ആഭ്യന്തര അസ്വാസ്ഥ്യങ്ങളിൽ ഒതുങ്ങുന്നതല്ല. അമേരിക്ക ഉൾപ്പെടെ ബാഹ്യരാഷ്ട്രങ്ങൾ ഇതിൽ താൽപര്യം കാണിക്കുന്നതും വെറുതെയല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.