തൃശൂർ വടക്കെക്കാട്ട് 60 പിന്നിട്ട ദമ്പതികൾ അതിദാരുണമായി കൊല്ലപ്പെട്ട വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോൾ അതറിഞ്ഞവരാരും ഞെട്ടാതിരിക്കില്ല. തങ്ങളുടെ സംരക്ഷണത്തിൽ ഒപ്പം താമസിച്ചുവന്ന 27 വയസ്സുള്ള പൗത്രനാണ് അതിക്രൂരമായി തന്റെ ഉമ്മയുടെ പിതാവിനെയും മാതാവിനെയും കൊന്ന് സ്ഥലംവിട്ടതെന്ന് മക്കൾക്കും പൊലീസിനും കണ്ടെത്താൻ അധികനേരം വേണ്ടിവന്നില്ല. മയക്കുമരുന്നിന്റെ അടിമയായ ഘാതകൻ മണിക്കൂറുകൾക്കകം പിടിയിലായി. വിലയേറിയ ലഹരിപദാർഥങ്ങൾക്കുവേണ്ടി പണം ചോദിച്ച് വയോധികദമ്പതികളോട് പതിവായി വഴക്കിടാറുള്ള പ്രതി ലഹരിമുക്തകേന്ദ്രത്തിലെ ചികിത്സയിലായിരുന്നുവത്രെ. അതൊരു ഫലവും ചെയ്തില്ലെന്നുമാത്രമല്ല, പൂർവാധികം അപകടകാരിയായ ക്രിമിനലായി അവൻ മാറി എന്നാണ് അനുമാനിക്കേണ്ടത്. ഇത്തരമൊരു ഭീകരകൃത്യത്തെക്കുറിച്ച് വാർത്തയറിയുമ്പോഴുണ്ടാവുന്ന നൈമിഷിക ഞെട്ടലിനപ്പുറത്ത് കേരളീയർക്ക് ഇതൊരു സാധാരണസംഭവമായി മാറിയിരിക്കുന്നു എന്നുപറയുന്നതാവും ശരി. സ്കൂൾ പ്രായത്തിലുള്ള കുട്ടികളെ എങ്ങനെ മയക്കുമരുന്നു വ്യാപനത്തിൽനിന്ന് രക്ഷിക്കാമെന്നതാണിപ്പോൾ രക്ഷിതാക്കളെയും അധ്യാപകരെയും സർക്കാറിനെയും പൊലീസിനെയും മറ്റുദ്യോഗസ്ഥരെയും ആസകലം കുഴക്കുന്ന സങ്കീർണപ്രശ്നം. വിദ്യാലയങ്ങളും കലാലയങ്ങളുംതന്നെ ഉന്നംവെച്ച് അതിമാരക മയക്കുമരുന്നുകൾ വിതരണംചെയ്യുന്ന ലോബി സർവവിധ കരുതൽനടപടികളെയും അതിജീവിച്ച് തേർവാഴ്ച നടത്തുന്നതിനോളം സ്ഥിതി വഷളായിക്കഴിഞ്ഞിരിക്കുന്നു. പെൺകുട്ടികളെ മയക്കുമരുന്നിലൂടെ സ്വാധീനിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്തിടെയായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിലരെ ചിലപ്പോൾ പിടികിട്ടും, കസ്റ്റഡിയിൽനിന്നോ തടവറയിൽനിന്നോ അവർ രക്ഷപ്പെടും, പൂർവാധികം ആസൂത്രിതമായി ലഹരിബിസിനസ് തുടരും. സമീപകാലത്താണ് സംസ്ഥാനസർക്കാർ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും നഗരങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ചും മയക്കുമരുന്നുകൾക്കെതിരായ ബോധവത്കരണവും ജാഗ്രതാനടപടികളും എക്സൈസിന്റെ ശാക്തീകരണവുമെല്ലാം ഊർജിതമാക്കിയത്. എന്നിട്ടെന്ത്? ലഹരിയിടപാടുകാരിലും വിതരണക്കാരിലും ഗണ്യമായ വിഭാഗം ഇപ്പോഴും സർക്കാറിനെയും ജനങ്ങളെയും വെല്ലുവിളിച്ച് തങ്ങളുടെ അത്യാചാരങ്ങൾ തുടരുകയാണ്.
ജൂലൈ 18നാണ് മന്ത്രിമാരായ വി. ശിവൻകുട്ടിയും ആർ. ബിന്ദു, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വേണു, ഡി.ജി.പി ഷേക് ദർവേശ് സാഹിബ് തുടങ്ങിയവരടക്കമുള്ളവരെ വിളിച്ചുചേർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്നുപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ ചർച്ചചെയ്തത്. കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയിൽപെട്ടാൽ സ്കൂളധികൃതർ നിർബന്ധമായും പൊലീസിനെയോ എക്സൈസിനെയോ വിവരമറിയിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പോയ വിദ്യാഭ്യാസവർഷം 325 മയക്കുമരുന്ന് കേസുകൾ സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപെട്ടെങ്കിലും 183 കേസുകൾ മാത്രമാണ് എൻഫോഴ്സ്മെന്റ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. എല്ലാ സ്കൂളുകളിലും ജനജാഗ്രതാസമിതികൾ രൂപവത്കരിച്ചകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പോസ്റ്ററുകൾ പതിക്കണമെന്നാണ് മുഖ്യമന്ത്രി നൽകിയ നിർദേശങ്ങളിലൊന്ന്. വേറെയും പലവിധ പ്രതിരോധനടപടികൾ അദ്ദേഹത്തിന്റെ നിർദേശങ്ങളിലുണ്ട്. എല്ലാം കർശനമായി പാലിക്കേണ്ടതും നടപ്പാക്കേണ്ടതുമാണെന്ന് സമ്മതിച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ, പിടികൂടപ്പെടുന്ന മയക്കുമരുന്ന് വിതരണക്കാർക്കും പിന്നിൽ പ്രവർത്തിക്കുന്നവർക്കും എന്ത് ശിക്ഷയാണ്, എപ്പോഴാണ് ലഭിക്കുന്നത്? അനന്തമായി നീളുന്ന കേസുകളിലെ പ്രതികൾ ജാമ്യത്തിലിറങ്ങിയോ അല്ലാതെയോ രക്ഷപ്പെട്ടുവന്ന് പൂർവാധികം ധാർഷ്ട്യത്തോടെ ഇടപാടുകളിലേർപ്പെടുന്നതല്ലേ ഒട്ടുമുക്കാലം സംഭവിക്കുന്നത്? ഉദാഹരണത്തിന് ഇരുപത്തിയഞ്ചോളം ഗുരുതരകുറ്റങ്ങളിൽ പ്രതിയായ ജയകുമാറിനെ പത്തനംതിട്ടയിൽനിന്ന് പിടികൂടി കാപ്പ പ്രകാരം ജയിലിലടച്ച വാർത്തയാണ് ജൂലൈ 22ന് പുറത്തുവന്നത്. വധശ്രമം, സംഘംചേർന്ന് ആക്രമിക്കൽ, നിരോധിത പുകയില-മയക്കുമരുന്ന് ഉൽപന്നങ്ങൾ വിതരണം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാളുടെ പേരിൽ ചുമത്തപ്പെട്ടിരുന്നത്. എന്നിട്ടും അതേ കുറ്റങ്ങൾ ആവർത്തിക്കാൻ പാകത്തിൽ അയാൾ ജയിൽമോചിതനായതെങ്ങനെ! അവിടെയാണ് നമ്മുടെ ശിക്ഷാനിയമങ്ങളുടെ അപര്യാപ്തതയും പൊലീസിന്റെ കൃത്യവിലോപവും അവിഹിതസ്വാധീനത്തിന് വിധേയപ്പെടലും പിൻവാതിലിലൂടെയുള്ള രാഷ്ട്രീയ ഇടപെടലുകളുമെല്ലാം പ്രശ്നമായിവരുന്നത്. ഇതിനൊന്നും ഒരു മാറ്റംവരാതെ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സദുപദേശംകൊണ്ട് എന്ത് നേടാനാണ്? ലഹരി മയക്കുമരുന്നിലൂടെ മാത്രമല്ല, മദ്യത്തിലൂടെയും ഉപഭോക്താക്കളെ കീഴ്പ്പെടുത്തും എന്നറിയാത്തവരല്ല ഇടതുമുന്നണി സർക്കാർ. ഏറ്റവുമൊടുവിലും മുൻ യു.ഡി.എഫ് സർക്കാർ പൂട്ടിയ മുഴുവൻ ബാർ ഹോട്ടലുകളും തുറക്കാനും പുതുതായി കുറെയെണ്ണം തുടങ്ങാനും ബിവറേജസ് കോർപറേഷന്റെ വിൽപനകേന്ദ്രങ്ങൾ സ്ഥാപിക്കാനും ഉദാരമായി തീരുമാനിച്ചിരിക്കുകയാണ് പിണറായിസർക്കാർ. മദ്യലഹരി വേണ്ടത്ര വീര്യം പകരുന്നില്ലെന്ന തോന്നലാണ് വലിയൊരു വിഭാഗത്തെ മയക്കുമരുന്നിലേക്കെത്തിക്കുന്നത്. മദ്യപരുടെ വിക്രിയകളും കുറ്റകൃത്യങ്ങളും അവർ സൃഷ്ടിക്കുന്ന ഗാർഹിക പ്രശ്നങ്ങളും ഒട്ടും ലഘുവായി കാണേണ്ടതല്ലതാനും. അപ്പോൾ സമഗ്രവും ആത്മാർഥവുമായ ഒരു ലഹരി നിർവ്യാപനനയം ആവിഷ്കരിച്ച് നടപ്പാക്കാത്തേടത്തോളം കാലം പരിഹാരത്തിന്റെ വക്കുതൊടാൻ ഒരു സർക്കാറിനും കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.