വിദേശ സർവകലാശാലകൾക്ക് വാതിൽ തുറക്കുമ്പോൾ

വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസ് തുറക്കാൻ വഴിയൊരുക്കുന്ന കരട് മാർഗരേഖ യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) പുറത്തിറക്കി. കരടുരേഖയെപ്പറ്റി ലഭിക്കുന്ന അഭിപ്രായങ്ങൾ പരിഗണിച്ചശേഷം ഈ മാസാവസാനത്തോടെ അന്തിമ മാർഗരേഖ പ്രസിദ്ധപ്പെടുത്തും. കരടുരേഖയനുസരിച്ച്, ഇന്ത്യയിലെ അവരുടെ കാമ്പസുകളിലെ പ്രവേശനം, ഫീസ് ഘടന, കോഴ്സ് ഘടന, അധ്യാപകരുടെ വേതനം തുടങ്ങിയ കാര്യങ്ങൾ അതത് വിദേശ സർവകലാശാലകൾക്ക് തീരുമാനിക്കാം. ഓൺലൈൻ ക്ലാസുകൾ പാടില്ലെന്നും മുഴുസമയ കോഴ്സുകൾ പൂർണമായും ഓഫ്​ലൈനായിത്തന്നെ നടത്തണമെന്നും നിബന്ധന വെച്ചിരിക്കുന്നു. സംവരണം ഉൾപ്പെടെ, ഇന്ന് ഇന്ത്യൻ സ്ഥാപനങ്ങളിലുള്ള മാനദണ്ഡങ്ങളൊന്നും ബാധകമാകില്ല. വിദേശ സ്ഥാപനങ്ങൾക്ക് സ്വന്തമായോ ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ചേർന്നോ കാമ്പസ് തുറക്കാം. ഇതിനുള്ള അപേക്ഷകൾ യു.ജി.സിയുടെ വിദഗ്ധ സമിതി പരിശോധിച്ച് 45 ദിവസത്തിനകം അനുമതി നൽകും. രണ്ടു വർഷത്തിനകം പ്രവർത്തനമാരംഭിക്കാം. രാജ്യാന്തരതലത്തിൽ മുൻനിരയിൽ റാങ്കിങ് ലഭിച്ച സ്ഥാപനങ്ങൾക്കാണ് അനുമതി നൽകുക (ഏതു റാങ്കിങ് എന്ന് വ്യക്തമല്ല). ഇന്ത്യക്കാർക്കും വിദേശികൾക്കും പ്രവേശനം നൽകാം; വിദേശത്ത് നൽകുന്ന വിദ്യാഭ്യാസത്തിന്റെ അതേ ഗുണനിലവാരം ഇന്ത്യൻ കാമ്പസിൽ ഉറപ്പുവരുത്തണം. വിദേശത്തുനിന്നുള്ള അധ്യാപകർ രണ്ടു സെമസ്റ്റർ കാല​ത്തേക്കെങ്കിലും ഇന്ത്യയിൽ പ്രവർത്തിക്കണമെന്ന് വ്യവസ്ഥ ചെയ്യും. കമ്പനി നിയമപ്രകാരമോ എൽ.എൽ.പി നിയമപ്രകാരമോ ഇന്ത്യയിൽ കാമ്പസ് സ്ഥാപിക്കാം.

യു.ജി.സിയുടെ ഈ നീക്കം അതുകൊണ്ട് ലഭിക്കാൻ സാധ്യതയുള്ള പ്രയോജനങ്ങളുടെ പേരിൽ പലരും സ്വാഗതം ചെയ്തിട്ടുണ്ട്. വിദേശത്ത് പോകാതെതന്നെ വിദേശ യൂനിവേഴ്സിറ്റികളിൽ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നു എന്നതാണ് ഒന്ന്. 2021ൽ നാലരലക്ഷം വിദ്യാർഥികളാണ് ഇന്ത്യയിൽനിന്ന് വിദേശ സർവകലാശാലകളിൽ പഠനം നടത്താൻ പോയതെന്ന് യു.ജി.സി ചെയർമാൻ എം. ജഗദേഷ്‍കുമാർ ചൂണ്ടിക്കാട്ടുന്നു. രണ്ടാമതായി, അധ്യാപകർക്ക് ജോലിസാധ്യത വർധിക്കും. മൂന്നാമതായി, വിദേശത്തേക്ക് പഠിക്കാൻ പോകുന്നവരുടെ ഒഴുക്കു കാരണം വിദേശനാണ്യം വൻതോതിൽ നഷ്ടപ്പെടുന്നത് ഒഴിവാക്കാം. ഓരോ വർഷവും വിദ്യാർഥികൾ വിദേശ സ്ഥാപനങ്ങളിൽ അധ്യയനം തേടുന്നതുമൂലം മൂവായിരം കോടി ഡോളർ ഇന്ത്യക്ക് നഷ്ടമായി എന്നാണ് കണക്ക്. നാലാമതായി, ഗുണനിലവാരമുള്ളതും പുതുക്കിക്കൊണ്ടിരിക്കുന്നതുമായ ഒരു വിദ്യാഭ്യാസ സംവിധാനത്തിലേക്ക് വാതിൽ തുറക്കും. ഇതിനെല്ലാം മറുവാദങ്ങളുമുണ്ട്. എത്ര വിദ്യാർഥികൾക്ക് വിദേശ സ്ഥാപനങ്ങളുടെ കാമ്പസുകളിൽ പഠിക്കാനും ഉന്നത നിലവാരമുള്ള വിദ്യ നേടാനും കഴിയുന്നു എന്നത്, എത്ര സ്ഥാപനങ്ങൾ ഇങ്ങോട്ടുവരുന്നു എന്നതിനെ മാത്രമല്ല, ഇന്ത്യയിൽനിന്ന് എത്രപേരെ പ്രവേശിപ്പിക്കുന്നു എന്നതിനെയും ആശ്രയിച്ചു നിൽക്കുന്നു- വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് ഒരു വിലക്കുമില്ല. അധ്യാപകർക്ക് തൊഴിൽസാധ്യത വർധിക്കും എന്നതിന്റെ മറ്റൊരർഥം, ഇവിടെ പൊതു വിദ്യാഭ്യാസ മേഖലയിൽനിന്നടക്കം മികച്ച അധ്യാപകരെ ചൂണ്ടിയെടുക്കാൻ വിദേശ സ്ഥാപനങ്ങൾക്ക് സൗകര്യമായി എന്നുകൂടിയാണ്. അതിന്റെ നഷ്ടം ഇവിടത്തെ പാവപ്പെട്ട വിദ്യാർഥികൾക്കാവും. വിദേശത്തേക്കുള്ള വിദ്യാർഥികളുടെ ഒഴുക്ക് നിർത്താൻ അവിടത്തെ സ്ഥാപനങ്ങളെ ഇങ്ങോട്ട് കൊണ്ടുവരുകയാണോ അതോ ഇവിടത്തെ നിലവാരം ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണോ വേണ്ടത് എന്ന ചോദ്യവുമുണ്ട്. വിദേശ സ്ഥാപനങ്ങളുടെ സാന്നിധ്യം എണ്ണത്തിൽ നന്നേ കുറഞ്ഞ വരേണ്യ വിഭാഗത്തിനു മാത്രമേ ഗുണം ചെയ്യൂ എന്ന വാദവുമുണ്ട്. സംവരണം ഒരു മാനദണ്ഡമേ അല്ല എന്നതാണല്ലോ പുതിയ നീക്കത്തിന്റെ ഒരു ‘മികവാ’യി എടുത്തുകാട്ടിയിട്ടുള്ളത്.

അടിസ്ഥാനപരമായ ചില പ്രശ്നങ്ങൾകൂടി ഈ നീക്കം ഉൾക്കൊള്ളുന്നുണ്ട്. മുമ്പ് ബി.ജെ.പി തന്നെ ശക്തമായി എതിർത്ത നടപടിയാണിത്; യു.പി.എ ഭരണകാലത്ത് കൊണ്ടുവന്ന നിർദേശങ്ങളിൽ ‘ഉപഗ്രഹ കാമ്പസു’കളിൽനിന്ന് കിട്ടുന്ന പണം മാതൃസ്ഥാപനത്തിലേക്ക് അയക്കുന്നതിന് വിലക്കുണ്ടായിരുന്നു; അതുപോലും ഇപ്പോൾ എടുത്തുകളഞ്ഞാണ് എൻ.ഡി.എ ഭരണത്തിൽ മാർഗരേഖ തയാറാക്കിയിരിക്കുന്നത്. മാത്രമല്ല, പാർലമെന്റിൽ ചർച്ച ചെയ്യേണ്ടിയിരുന്ന മർമപ്രധാനമായ ഒരു നടപടി യു.ജി.സി വഴി ചുളുവിൽ നടപ്പാക്കുകയാണിപ്പോൾ. മറ്റൊരു പ്രശ്നം, സംസ്ഥാനങ്ങളെ മറികടക്കുന്ന പ്രവണതയാണ്. വിദ്യാഭ്യാസം ഒരുകാലത്ത് സംസ്ഥാന വിഷയമായിരുന്നു. 1976ൽ അത് കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ കേന്ദ്രസർക്കാറിനും അതിൽ ഇടപെടാമെന്നായി. എന്നാൽ, യു.ജി.സിയെ ഉപയോഗിച്ചും പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ പേരുപറഞ്ഞും വിദ്യാഭ്യാസമേഖല കേന്ദ്ര സർക്കാറിന്റെ മാത്രം കൈപ്പിടിയിലൊതുക്കാൻ നീക്കം തുടരുന്നുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. പാർലമെന്റിലും സംസ്ഥാന അസംബ്ലികളിലും ചർച്ചചെയ്ത് മാത്രം എടുക്കേണ്ട തീരുമാനം, അടുത്തുതന്നെ ഇല്ലാതാകുമെന്നു പറയുന്ന യു.ജി.സിയിലൂടെ നടപ്പിൽ വരുത്തുന്നത് ജനാധിപത്യത്തിനോ ഫെഡറലിസത്തിനോ വിദ്യാഭ്യാസത്തിനുതന്നെയുമോ ഗുണം ചെയ്യില്ല. വിദ്യാഭ്യാസരംഗത്ത് പ്രാണവായുപോലെ പ്രധാനമായ ചിന്താസ്വാതന്ത്ര്യത്തിനുവരെ നിയന്ത്രണമുണ്ടാകാമെന്ന സൂചനപോലും ‘ദേശീയ താൽപര്യ’ത്തിന് വിധേയമാകും വിദ്യാഭ്യാസ വിഷയങ്ങൾ എന്ന പരാമർശത്തിലുണ്ടല്ലോ. ഭരണപക്ഷ താൽപര്യങ്ങളാണ് ദേശീയ താൽപര്യമായി അവതരിപ്പിക്കപ്പെടുന്നത് എന്നിരിക്കെ, എന്തുതരം മികവാണ് പുതിയ നീക്കംകൊണ്ടുണ്ടാകാൻ പോകുന്നതെന്ന് ഊഹിക്കുകയേ പറ്റൂ. വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾക്ക് മാനദണ്ഡം വിദ്യാർഥികൾക്ക് കിട്ടുന്ന ഗുണമോ സാമ്പത്തിക പരിഗണനകളോ അതോ രാഷ്ട്രീയനേട്ടമോ? നമ്മുടെ വിദ്യാഭ്യാസരംഗം ഇനി മെച്ചപ്പെടില്ല എന്ന കുറ്റസമ്മതംകൂടി വിദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനു പിന്നിലില്ലേ?

Tags:    
News Summary - Madhyamam editorial 2023 january 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.