കോൺഗ്രസിന് പഠിക്കാൻ ഒരു തോൽവി


അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന്റെ ദിശാസൂചിയാകാമെന്ന് കരുതപ്പെട്ട സംസ്ഥാന തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവന്നപ്പോൾ മുൻതൂക്കം ബി.ജെ.പിക്കാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ആ പാർട്ടി വ്യക്തമായ വിജയം നേടിയിരിക്കുന്നു. തെലങ്കാനയിൽ കോൺഗ്രസാണ് ഭൂരിപക്ഷം നേടിയത്. വോട്ടെടുപ്പ് നടന്ന മിസോറമിൽ ഇന്നാണ് വോട്ടെണ്ണൽ നടക്കുക. ബി.ജെ.പിയുടെ വിജയവും കോൺഗ്രസിന്റെ തോൽവിയും ​പ്രതീക്ഷകൾക്കപ്പുറത്താണ്. രാജസ്ഥാനിൽ അശോക് ഗെഹ് ലോട്ടിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഭരണത്തുടർച്ച നേടുമെന്ന് ഒരു ഘട്ടത്തിൽ കരുതിയിരുന്നു -ഈ പ്രതീക്ഷക്ക് അൽപം മങ്ങലേറ്റ അവസാന നാളുകളിലും ഇത്രവലിയ തോൽവി പ്രതീക്ഷിച്ചിരുന്നില്ല. മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലായിരുന്നു കോൺഗ്രസിന്റെ പോരാട്ടം. ഭരണവിരുദ്ധ വികാരവും കോൺഗ്രസിന്റെ തന്ത്രങ്ങളും ആ പാർട്ടിയെ വിജയത്തിലെത്തിക്കുമെന്ന് അവർ ഉറപ്പിച്ചതാണ്. അതുണ്ടായില്ലെന്ന് മാത്രമല്ല, ബി.ജെ.പിയുടെ തേരോട്ടത്തിൽ അവർ ഏറെ പിറകോട്ടടിക്കുകയും ചെയ്തു. ഛത്തിസ്ഗഢിലും പ്രതീക്ഷിക്കാത്ത തോൽവി തന്നെയാണ് കോൺഗ്രസിനുണ്ടായത്. അതേസമയം, തെലങ്കാനയിൽ അവർ ആധികാരിക വിജയം നേടുകയും ഭരണകക്ഷിയായിരുന്ന ബി.ആർ.എസിനെ വൻ തോൽവി രുചിപ്പിക്കുകയും ചെയ്തു. ഹിന്ദി മേഖലയിൽ ആധിപത്യം വർധിപ്പിച്ച ബി.ജെ.പിക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ 2024ലെ പൊതുതെരഞ്ഞെടുപ്പ് നേരിടാൻ കഴിയും. മറുവശത്ത് കോൺഗ്രസ് പാർട്ടിക്ക് ‘ഇൻഡ്യ’ സഖ്യത്തിൽ ഇതുവരെ ഉണ്ടായിരുന്ന ബലം കുറയുകയാണ് ചെയ്യുന്നത്. പൊതുതെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കൂടുതൽ യാഥാർഥ്യബോധം അവരിൽനിന്ന് ആവശ്യപ്പെടുന്നതാണ് ഈ സംസ്ഥാന ഫലങ്ങൾ.

വ്യക്തികേന്ദ്രീകൃത രാഷ്ട്രീയം ജനാധിപത്യ മാതൃകകളെ ഹൈജാക്ക് ചെയ്യുന്ന രീതി പല രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും ഉണ്ടെന്ന് ആവർത്തിച്ചു തെളിയിക്കുന്നുണ്ട് ഈ തെരഞ്ഞെടുപ്പ്. ബി.ജെ.പി പ്രാദേശിക നേതൃത്വങ്ങളെ ഉയർത്തിക്കാട്ടാതെ ‘നരേന്ദ്ര മോദി ബ്രാൻഡ്’ എടുത്തുപയോഗിച്ചു. രാജസ്ഥാനിൽ തനി വർഗീയ പ്രചാരണം ഇറക്കിയപ്പോൾ മധ്യപ്രദേശിൽ ജനകീയ പ്രശ്നങ്ങളും വികസന വിഷയവുമൊക്കെ ഉയർത്തിപ്പിടിച്ചു; കോൺഗ്രസിന്റെ വികസന മുദ്രാവാക്യങ്ങളെ നേർക്കുനേരെ അഭിമുഖീകരിച്ചു. തന്ത്രങ്ങളിങ്ങനെ പ്രാദേശിക സാഹചര്യത്തിനൊത്ത് മാറ്റിക്കൊണ്ടിരുന്നപ്പോഴും മോദിപ്രഭാവത്തെ മാറ്റമില്ലാതെ ആശ്രയിച്ചു. കോൺഗ്രസിന് പരാജയം പിണഞ്ഞ രണ്ടു വൻ സംസ്ഥാനങ്ങളിലും (മധ്യപ്രദേശ്, രാജസ്ഥാൻ) പ്രാദേശിക നേതാക്കളുടെ നായകത്വവും വ്യക്തിപ്രഭാവവും ഗുണം ചെയ്തില്ലെന്നു മാത്രമല്ല, തിരിച്ചടിയാവുകയും ചെയ്തു. രാജസ്ഥാനിൽ സചിൻ പൈലറ്റിനെയും അ​ദ്ദേഹത്തിന്റെ സമുദായത്തെയും ചേർത്തുനിർത്തുന്നതിന് അശോക് ഗെഹ് ലോട്ടിന്റെ വ്യക്തിത്വ രാഷ്ട്രീയം തടസ്സമായി. പാർട്ടിക്കുള്ളിൽ ഇതുണ്ടാക്കിയ വിടവ് പരാജയത്തിൽ വലിയ പങ്കുവഹിച്ചു. മധ്യപ്രദേശിൽ ‘ഇൻഡ്യ’യുടെ പൊതുനയം മുതൽ കോൺഗ്രസ് പാർട്ടിയുടെ തന്ത്രങ്ങൾ വരെ കമൽനാഥ് എന്ന ഒറ്റ വ്യക്തിയുടെ തീരുമാനങ്ങൾക്ക് വിധേയമായെന്ന് പരാതിയുണ്ട്. ഒരു ഘട്ടത്തിൽ ‘ഇൻഡ്യ’യുടെ റാലി ഭോപാലിൽ നടത്താൻ തീരുമാനമായപ്പോൾ കമൽനാഥ് അത് വീറ്റോ ചെയ്തതായി വരെ റിപ്പോർട്ടുണ്ടായിരുന്നു. ജനങ്ങളുമായി ബന്ധമില്ലാത്ത രാഷ്ട്രീയം തന്നെയാണ് ഛത്തിസ്ഗഢിലും കോൺഗ്രസിനെ തളർത്തിയത്. വ്യക്തികളുടെയും പാർട്ടികളുടെയും താൽപര്യങ്ങൾക്കപ്പുറം ബദൽ രാഷ്ട്രീയം കരുപ്പിടിപ്പിക്കുകയും പ്രാദേശിക പാർട്ടികളുടെ സഹകരണത്തോടെ അതിന് അടിസ്ഥാന ജനങ്ങളിൽ വേരോട്ടമുണ്ടാക്കുകയും ചെയ്യാതെ 2024നെ അഭിമുഖീകരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് ഈ തോൽവി തെളിയിക്കുന്നു.

തോൽവിയിൽനിന്ന് മാത്രമല്ല, വിജയത്തിൽനിന്നും പഠിക്കാനുണ്ട് കോൺഗ്രസിന്. തെലങ്കാനയിൽ നേടിയ വിജയം അത്തരത്തിലൊന്നാണ്. അവിടെ വലിയ നേതാക്കളില്ലാതിരുന്നതിനാൽ ഉൾപ്പാർട്ടി പിണക്കവുമുണ്ടായില്ല. വ്യക്തികേന്ദ്രീകൃതമല്ലാതെ, വിഷയാധിഷ്ഠിതമായിരുന്നു പ്രചാരണ പ്രവർത്തനങ്ങൾ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഉയർത്തിയ ആശയങ്ങൾ മറ്റു സംസ്ഥാനങ്ങൾ ഷോകേസിൽ വെക്കുകയും പകരം വിശ്വസനീയമല്ലാത്ത വാഗ്ദാനങ്ങൾകൊണ്ട് മത്സരിക്കുകയും ചെയ്ത​പ്പോൾ തെലങ്കാനയിൽ കോൺഗ്രസ് ആ ആശയങ്ങൾക്ക് ജനകീയാവിഷ്കാരങ്ങൾ നൽകാൻ ശ്രമിക്കുകയായിരുന്നു. തൊഴിലില്ലായ്മ, കർഷക ദുരിതവും ആത്മഹത്യയും തുടങ്ങിയ ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളിലൂന്നിയുള്ള പ്രചാരണവും പ്രവർത്തനവും ഫലം ചെയ്തു.

മധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരം മുതലെടുക്കാനാകാതെ പോയതും തെലങ്കാനയിൽ അത് വിജയിച്ചതും തമ്മിലുള്ള വ്യത്യാസം, പാർട്ടി ഘടനയും സാധാരണ ജനങ്ങളുമായുള്ള ഇഴയടുപ്പത്തിലെ വ്യത്യാസം തന്നെയാണ്. കോൺഗ്രസ് ഉയർത്തിയ ‘സ്നേഹക്കട’ രാഷ്ട്രീയത്തിനോ ജാതി സെൻസസ് പോലുള്ള സാമൂഹിക നീതി മുദ്രാവാക്യങ്ങൾക്കോ അല്ല പിഴച്ചത്; അവ സാധാരണക്കാരിലെത്തിക്കുന്നതിലും സാധാരണക്കാരുമായുള്ള ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്നതിലും പരാജയപ്പെട്ടു. വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തിനെതിരെ ജനപക്ഷ ബദൽ രൂപപ്പെടുത്തുന്നതിൽ പ്രാദേശിക പാർട്ടികൾക്കും ഗ്രൂപ്പുകൾക്കുമുള്ള പ്രാധാന്യം തിരിച്ചറിയാനും കഴിയണം. ഇന്ത്യയുടെ ഭൂരിപക്ഷം ആഗ്രഹിക്കുന്ന മതനിരപേക്ഷ, ജനപക്ഷ രാഷ്ട്രീയത്തെ വിജയിപ്പിക്കാൻ ഒറ്റക്ക് സാധ്യമല്ല എന്ന തിരിച്ചറിവായിരിക്കും ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് കോൺഗ്രസിന് നൽകുന്ന സമ്മാനം; ഒരുപക്ഷേ, പിന്നീട് വിജയത്തിലേക്കുള്ള ടിക്കറ്റും.

Tags:    
News Summary - Madhyamam Editorial 2023 December 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.