ഈ ക്രിസ്മസിന് ബെത്‍ലഹേം ദുഃഖത്തിലാണ്

‘ഫലസ്തീന്റെ സ്വന്തം കഥയാണ് ക്രിസ്മസ്. വടക്കുഭാഗത്തുള്ള നസ്രേത്തിലെ ഒരു കുടുംബത്തിന്റെ കഥ. അവരോട് റോമാ സാ​മ്രാജ്യത്വ ഭരണകൂടം തെക്കുഭാഗത്തുള്ള ബെത്‍ലഹേ​മിലേക്ക് ഒഴിഞ്ഞുപോകാൻ കൽപിക്കുന്നു. കഴിഞ്ഞ 75 ദിവസങ്ങളിൽ ഗസ്സയിലെ കുടുംബങ്ങൾ അനുഭവിക്കുന്ന അതേ ദുരിതം. ഇന്ന് അവിടത്തെ 50,000 ഗർഭിണികളെ​പ്പോലെ, അന്ന് ഗർഭിണിയായിരുന്ന മറിയവും അഭയമറ്റവളായി. യേശു ജനിച്ചതുതന്നെ അഭയാർഥിയായിട്ടാണ്; കാലിത്തൊഴുത്തിൽ ​പ്രസവിക്കേണ്ടിവന്നത് മറ്റിടങ്ങളില്ലാത്തതിനാലായിരുന്നു. ഇന്ന് ആശുപ​ത്രികളും ശുശ്രൂഷാ കേ​ന്ദ്രങ്ങളും വീടുകളുമില്ലാത്ത ഗസ്സയിൽ ശിശുക്കൾ ജനിക്കുന്നത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണ്. ഫലസ്തീൻ അധിനിവേശിച്ച് ഭരണം നടത്തിയിരുന്ന രക്തദാഹിയായിരുന്നു ഹെരോദ് എന്ന റോമൻ ചക്രവർത്തി. ബത്‍ലഹേമിൽ ജനിച്ച കുട്ടികളെ കൊല്ലാൻ അയാൾ ഉത്തരവിട്ടത് സ്വന്തം സ്ഥാനം നഷ്ടപ്പെടുമെന്ന ഭയത്താലായിരുന്നു. ഗസ്സയിൽ ഇതുവരെ 8,000 കുഞ്ഞുങ്ങൾ വധിക്കപ്പെട്ടതിനു പിന്നിലും, അധികാരം നിലനിർത്താനുള്ള നെതന്യാഹുവിന്റെ മോഹംതന്നെ’. യേശുവിന്റെ ജന്മസ്ഥലമായ ബത്‍ലഹേമിൽ എന്തുകൊണ്ട് ചരി​ത്രത്തിലാദ്യമായി ക്രിസ്മസ് ആഘോഷം റദ്ദാക്കിയെന്ന് വിശദീകരിച്ചുകൊണ്ട് എഴുത്തുകാരനും വൈദികനും ദാറൽ കലിമ യൂനിവേഴ്സിറ്റി സ്ഥാപകനുമായ റവ. പ്രഫ. മിത്രി റാഹബ് പറഞ്ഞതാണിത്. രണ്ടായിരം വർഷമായി ബത്‍ലഹേമിന് ക്രിസ്മസ് സവിശേഷമായ ആഘോഷത്തിന്റെ സമയമാണ്. ഇക്കുറി അവിടെ പ്രാർഥനാ ചടങ്ങുകളേയുള്ളൂ. ടൂറിസ്റ്റുകളില്ല, തീർഥയാത്രികരില്ല, വിരുന്നില്ല, ക്രിസ്മസ് ട്രീയും അലങ്കാരങ്ങളുമില്ല, കരോളും സാന്താക്ലോസുമില്ല. ഇതുവഴി ഫലസ്തീന്റെകൂടെയാണ് തങ്ങളെന്നു പ്രഖ്യാപിക്കുകകൂടിയാണ് ​​​ക്രൈസ്തവസഭ ചെയ്യുന്നത്. ബെത്‍ലഹേമിലെ ലൂതറൻ ചർച്ചിൽ പതിവുള്ള തിരുപ്പിറവി ദൃശ്യമല്ല ഇന്ന് കാണുക. പകരം, ഫലസ്തീനി കഫിയയിൽ പൊതിഞ്ഞ്, ബോംബിങ്ങിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്ന ഉണ്ണിയേശുവിന്റെ രൂപമാണ്. ‘പീഡയനുഭവിക്കുന്നവർക്കൊപ്പമാണ് യേശു’ എന്ന സന്ദേശം അതുൾക്കൊള്ളുന്നതായി ക്രൈസ്തവനേതാക്കൾ വിശദീകരിക്കുന്നു. ‘അധിനിവേശത്തിന്റേതായ അതിദാരുണ സാഹചര്യങ്ങളിൽ പിറവിയെടുത്ത ശിശുവിന്റെ കഥകൂടിയാണ് ക്രിസ്മസ് എന്ന് ചൂണ്ടിക്കാട്ടുന്നു ലൂതറൻ ചർച്ചിലെ ഫലസ്തീനി പാസ്റ്റർ റവ. മുൻതദർ ഇസ്ഹാഖ്.

മനുഷ്യസമൂഹങ്ങളെ അടിമത്തത്തിൽനിന്നും മർദക ഭരണങ്ങളിൽനിന്നും വിമോചിപ്പിക്കാനായി കഠിനാധ്വാനം ചെയ്ത പ്രവാചകരും യുഗനായകരും ജീവിച്ച മണ്ണാണ് ഫലസ്തീൻ. അവിടെ ജൂതരും ക്രൈസ്തവരും മുസ്‍ലിംകളും സമാധാനത്തോടെയാണ് നൂറ്റാണ്ടുകൾ ജീവിച്ചത്. സയണിസമെന്ന ഹിംസാത്മക സാമ്രാജ്യത്വം അതിന്റെ കുടിലപദ്ധതികൾ പുറത്തെടുത്തതോടെ അവിടം അശാന്തമായി. ജൂതരെ വംശഹത്യചെയ്ത നാസികളുടെ യൂറോപ്പ് അവരെ ഫലസ്തീൻ കുടിയേറി സ്വന്തമാക്കാൻവിട്ടു. ആ ഗൂഢപദ്ധതിക്ക് അരുനിൽക്കാൻ പയസ് പത്താമൻ മാർപ്പാപ്പയെ സയണിസ്റ്റുകൾ സമീപിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു. അപ്പോൾ പ്രൊട്ടസ്റ്റന്റുകാരെ വലയിലാക്കാൻവേണ്ടി സ്കോഫീൽഡ് എന്ന വൈദികനെക്കൊണ്ട് ബൈബിളിന്റെ പുതിയ വ്യാഖ്യാനം എഴുതിച്ച് അത് വ​ൻതോതിൽ പ്രചരിപ്പിച്ചതായി ചരിത്രം പറയുന്നു. യഥാർഥ മതവിശ്വാസവുമായല്ല, സയണിസമെന്ന കൊളോണിയൽ പദ്ധതിയുമായാണ് ​ഇസ്രായേലിന്റെ പിറവിക്ക് ബന്ധമെന്നും ചരിത്രപണ്ഡിതർ​​ വെളിപ്പെടുത്തിയിട്ടുണ്ട്. ​ബൈബിളി​നെ ആയുധവത്കരിച്ച ക്രൈസ്തവ സയണിസ്റ്റുകളെ യഥാർഥ വിശ്വാസികൾ തള്ളിപ്പറയുന്നത് അതുകൊണ്ടാണ്. റവ. മിത്രി റാഹബ് ചൂണ്ടിക്കാട്ടുന്നപോലെ, സയണിസവും അതിന്റെ മൂർത്തരൂപമായ ഇസ്രായേലും എല്ലാ വിശ്വാസി സമൂഹങ്ങളുടെയും ശത്രുവാണ്. യൂറോപ്പിൽനിന്നും മറ്റുമെത്തി ഫലസ്തീനിലെ നാട്ടുകാരെ പുറത്താക്കാൻവേണ്ടി അവർ ഇരകളെ ഭീകരരെന്നും മൃഗങ്ങളെന്നും വിശേഷിപ്പിച്ച് വെറുപ്പ് വളർത്തുന്നു; ‘അമാലിക്കുകളെ ഒന്നൊഴിയാതെ കൊല്ലാൻ ദൈവകൽപനയുണ്ടെ’ന്ന് നെതന്യാഹു ബൈബിളി​നെ വ്യാഖ്യാനിക്കുന്നത് യേശുവിന്റെ അധ്യാപനങ്ങളുടെ നേർവിപരീതമായ വംശഹത്യയെ ന്യായീകരിക്കാനാണ്. യു.എസിലെയും യൂറോപ്പിലെയും ഭരണകൂടങ്ങൾ വംശഹത്യയെ പിന്തുണക്കുമ്പോൾ അവർ അവിടങ്ങളിലെ വിശ്വാസികളെയല്ല പ്രതിനിധാനം ചെയ്യുന്നതെന്നത് എങ്ങും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ തെളിയിക്കുന്നുണ്ടല്ലോ.

യേശു ഇന്നാണ് ജനിക്കുന്നതെങ്കിൽ അത് മർദകർ തകർത്ത രാജ്യത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലായിരിക്കുമെന്ന് സഭാ നേതാക്കൾ ഊന്നിപ്പറയുന്നു. ഇസ്രായേൽ ഇതിനകം മസ്ജിദുകളും ചർച്ചകളും സ്കൂളുകളും ആശുപത്രികളും കണക്കില്ലാതെ തകർത്തിട്ടുണ്ട്. മദർ തെരേസ സ്ഥാപിച്ച പുനരധിവാസകേന്ദ്രവും തകർത്തു. ഇസ്രായേലി സൈനികന്റെ വെടിയേറ്റ് ഹോളിഫാമിലി ചർച്ച് വളപ്പിൽ രണ്ട് സ്ത്രീകൾ മരിച്ചത് കഴിഞ്ഞയാഴ്ചയാണ്. പള്ളികളെപ്പറ്റിയുള്ള വിവരങ്ങൾ സൈന്യത്തിന് കൈമാറിയശേഷമാണിത്. ​​​ഫ്രാൻസിസ് രണ്ടാമൻ മാർപാപ്പ ഒന്നിലേറെ തവണ ഇസ്രായേലിന്റേത് ‘ഭീകരത’യാണെന്ന് തുറന്നടിച്ചു. ശാന്തിയുടെ പ്രവാചകനായിരുന്നു യേശു. ക്രിസ്മസും സമാധാനത്തി​ന്റെ സന്ദേശമാണ് നൽകുന്നത്. മനുഷ്യർക്കിടയിൽ വംശവെറി പടർത്തി നാശമുണ്ടാക്കുന്ന മർദകരെ തള്ളിപ്പറയുമ്പോൾ നീതിയുടെ താൽപര്യമാണ് ക്രൈസ്തവസഭ ഉയർത്തിപ്പിടിക്കുന്നത്. ക്രിസ്മസിന്റെ യഥാർഥ ആത്മാവ് ക​ണ്ടെത്തുന്നതായിരിക്കട്ടെ ഈ വേള. ശാന്തിനിറഞ്ഞ ലോകത്തി​ന്റെ പിറവിയെപ്പറ്റിയുള്ള പ്രതീക്ഷയാക​ട്ടെ ഈ തിരുപ്പിറവിനാൾ.

Tags:    
News Summary - Madhyamam Editorial 2023 Dec 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.