മഹാരാഷ്ട്രയിലെ പാൽഘർ സ്റ്റേഷനു സമീപം ഓടുന്ന ട്രെയിനിൽ റെയിൽവേ സുരക്ഷാസേനാംഗം ചേതൻ സിങ് എ.എസ്.ഐ ടിക്കാറാം മീണയെ വെടിവെച്ചുവീഴ്ത്തിയശേഷം അടുത്ത കോച്ചിലെത്തി മുസ്ലിം പേരുള്ള മൂന്നു യാത്രക്കാരെ തിരഞ്ഞുപിടിച്ച് വെടിവെച്ചുകൊന്ന ഭീകരകൃത്യം കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്തത്തിൽ കുളിച്ചുകിടന്ന മൃതദേഹങ്ങൾക്കു സമീപംനിന്ന് കോൺസ്റ്റബ്ൾ വിളിച്ചുപറഞ്ഞ വാക്കുകളും വിഡിയോയിലൂടെ പുറത്തുവന്നിട്ടുണ്ട്. ‘ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും മാത്രം വോട്ട് ചെയ്യുക’ എന്നായിരുന്നു ഘാതകൻ ആക്രോശിച്ചത്. ഇയാൾ മനോരോഗിയാണെന്നൊക്കെ സംശയങ്ങളുണ്ടെങ്കിലും അതിൽ ശരിയുണ്ടെങ്കിൽ ഒരു പ്രത്യേക സമുദായത്തോടുള്ള വിദ്വേഷവും വിരോധവും മൂർച്ഛിച്ച് മനോരോഗമായി പരിഗണിച്ചതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്.
ഹരിയാനയിലെ മേവാത്ത് മേഖലയിൽ മുസ് ലിംകൾ തിങ്ങിത്താമസിക്കുന്ന നൂഹിൽ വംശീയകലാപം പടരുകയാണ്. അതിപ്പോൾ സമീപ പ്രദേശമായ ഗുരു ഗ്രാമിലേക്ക് വ്യാപിച്ചു കഴിഞ്ഞു. അഞ്ചു പേർ കൊല്ലപ്പെട്ടു. അൻപതിലേറെ പേർക്ക് പരിക്കേറ്റു. ഗുരുഗ്രാമിൽ പള്ളി ആക്രമിച്ച് തീയിട്ട ജനക്കൂട്ടം ഇമാമിനെ കൊലപ്പെടുത്തി. ബാദ്ഷാ പൂരിൽ നിരവധി കടകൾക്ക് തീയിട്ടു. നിരവധി വാഹനങ്ങൾ കത്തിച്ചു. നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് കലാപത്തിൽ കലാശിച്ചത്. ഗോരക്ഷാഗുണ്ടയും രാജസ്ഥാൻ ജുനൈദ്, നസീർ ആൾക്കൂട്ടക്കൊല കേസുകളിൽ പ്രതിയുമായ മോനു മനേസർ യാത്രയിൽ പങ്കെടുക്കുന്നുവെന്ന വാർത്ത പ്രശ്നം വഷളാക്കിയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ബല്ലഭ്ഗഢിലെ ബജ്റംഗ്ദൾ പ്രവർത്തകർ സമൂഹമാധ്യമത്തിലിട്ട വിഡിയോ ആണ് സംഘർഷം സൃഷ്ടിച്ചത്. ഹൈന്ദവാഘോഷവേളകളിൽ ആസൂത്രിതമായി സംഘടിപ്പിക്കപ്പെടുന്ന ഘോഷയാത്രകൾ പലപ്പോഴും വംശീയാക്രമണങ്ങൾക്ക് വഴിമരുന്നിടാറുണ്ട്. എരിതീയിൽ എണ്ണ പകരാൻ സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം യഥാസമയം ആരംഭിച്ചിരിക്കും. തികഞ്ഞ അവാസ്തവങ്ങളും വ്യാജങ്ങളും വഴി ഭൂരിപക്ഷ മനസ്സുകളെ വേണ്ടവിധം വിഷലിപ്തമാക്കിയശേഷം കലാപത്തിന് തീകൊളുത്തുന്ന തന്ത്രമാണ് തീവ്ര ഹിന്ദുത്വവാദികൾ സ്ഥിരമായി പ്രയോഗിക്കാറ്.
കേരളത്തിലും സമൂഹമാധ്യമങ്ങളിലൂടെയുള്ള വിഷലിപ്ത പ്രചാരണങ്ങളും കമന്റുകളും മുറക്ക് നടക്കുന്നെങ്കിലും പ്രബുദ്ധ മലയാളിസമൂഹം അത് ചോരക്കളിയിൽ കലാശിക്കാതിരിക്കാൻ ജാഗ്രത പുലർത്താറുണ്ടെന്നതാണ് ഇതുവരെയുള്ള അനുഭവം. എന്നാൽ, രാഷ്ട്രീയവും വംശീയവുമായ നേട്ടങ്ങൾക്കുവേണ്ടി അതിവൈകാരിക പ്രചാരണങ്ങൾ മുറക്ക് തുടരുന്നുണ്ടെന്നത് കാണാതിരിക്കാനാവില്ല. ഏറ്റവും പുതിയ ഉദാഹരണമാണ് നിയമസഭ സ്പീക്കർ എ.എം. ഷംസീറിന്റെ ഒരു പ്രസംഗത്തെച്ചൊല്ലി യുവമോർച്ചയും മറ്റു സംഘ്പരിവാർ കൂട്ടായ്മകളും തെരുവിലിറങ്ങി നടത്തുന്ന കോലാഹലങ്ങൾ. ഏറ്റവുമൊടുവിൽ നായർ സർവിസ് സൊസൈറ്റി ജനറൽ സെക്രട്ടറി സുകുമാരൻ നായർ അതേറ്റുപിടിക്കുകയും എൻ.എസ്.എസ് സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് സമരപരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്തതോടെ അന്തരീക്ഷം പ്രക്ഷുബ്ധമായിത്തുടങ്ങിയിരിക്കുന്നു. സ്പീക്കർ ഷംസീർ ഹിന്ദുദൈവങ്ങളെ അധിക്ഷേപിക്കുകയും ഹൈന്ദവവിശ്വാസങ്ങളെ നിന്ദിക്കുകയും വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം. കുന്നത്ത്നാട്ടിൽ വിദ്യാർഥികളുടെ വിദ്യാജ്യോതി പരിപാടിയിൽ പങ്കെടുക്കെ ‘പാഠപുസ്തകങ്ങളിൽ ശാസ്ത്രത്തിനു പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് സ്പീക്കർ ഷംസീർ ചൂണ്ടിക്കാട്ടിയ ഉദാഹരണങ്ങളാണ് ഹൈന്ദവ വിശ്വാസ നിന്ദയായി ചിത്രീകരിക്കുന്നത്. റൈറ്റ് സഹോദരന്മാരാണ് വിമാനം കണ്ടുപിടിച്ചതെന്ന ശാസ്ത്രസത്യത്തിനു പകരം പുരാണകാലത്തേ വിമാനമുണ്ടെന്നും ലോകത്തിലെ ആദ്യത്തെ വിമാനം പുഷ്പകവിമാനമാണെന്നും ശാസ്ത്രപഠനത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ സയൻസിലെ പ്ലാസ്റ്റിക് സർജറിയും പുരാണകാലത്തേയുള്ളതാണെന്നു വാദിക്കാൻ മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഭഗവാൻ ഗണപതിയെ ഉദാഹരിച്ചതും ഷംസീർ ചൂണ്ടിക്കാട്ടി. ഈ പ്രസ്താവങ്ങളോടൊക്കെ വിയോജിക്കുകയും അദ്ദേഹത്തെ കഠിനമായി വിമർശിക്കുകയും ഉദാഹരണങ്ങളിൽ ചൂണ്ടിക്കാട്ടിയതൊക്കെ തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങളാണെന്ന് വാദിക്കുകയുമാവാം. അത് വിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രശ്നമാണ്. എന്നാൽ, ആധുനിക ശാസ്ത്രത്തിൽ മാത്രം വിശ്വസിക്കുന്ന ഒരാൾ അയാൾ പഠിച്ച ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ, കുട്ടികളെ സയൻസ് പഠിപ്പിക്കുമ്പോൾ തെളിയിക്കപ്പെടാത്ത പുരാണങ്ങളും ഐതിഹ്യങ്ങളുമാവരുതെന്ന് അഭിപ്രായപ്പെടുന്നത് വിശ്വാസസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യലായും മതവികാരം വ്രണപ്പെടുത്തലായും വ്യാഖ്യാനിച്ച് പ്രക്ഷോഭത്തിനിറങ്ങുന്നത് മറ്റെന്തായാലും ജനാധിപത്യമര്യാദയോ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതോ അല്ല. അതിന്റെ പേരിൽ രാജി ആവശ്യപ്പെടുന്നതും യുക്തിസഹമല്ല. നിയമസഭ സ്പീക്കറുടെ പേർ ഒരു പ്രത്യേക സമുദായവുമായി ബന്ധപ്പെട്ടതായിരുന്നില്ലെങ്കിൽ ഈ കാടിളക്കലിന് സാധ്യതയോ പ്രസക്തിയോ ഉണ്ടാവുമായിരുന്നോ എന്ന ചോദ്യവും ഉയരാവുന്നതാണ്. എന്തുകൊണ്ടെന്നാൽ, പാഠ്യപദ്ധതിയിലും ശാസ്ത്രപഠനത്തിലും പുരാണങ്ങളും ഐതിഹ്യങ്ങളും കുത്തിച്ചെലുത്തി തലമുറകളെ മൂഢന്മാരാക്കുന്നതിനെതിരെ പ്രഗല്ഭരായ ബുദ്ധിജീവികളും ശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിദഗ്ധരും ശബ്ദമുയർത്തിക്കൊണ്ടേ വന്നിട്ടുണ്ട്. അവരുടെയൊക്കെ അഭിപ്രായങ്ങൾ മതവികാരങ്ങളെ വ്രണപ്പെടുത്തി എന്നാരും പറഞ്ഞുകേട്ടിട്ടില്ല. തെരഞ്ഞെടുപ്പുകൾ അടുത്തുവരുമ്പോൾ ഇമ്മാതിരി ജാടകളും പൊള്ളയായ പ്രചാരണങ്ങളും വഴി വോട്ട് വാരിക്കൂട്ടാമെന്ന് വല്ലവരും വിചാരിക്കുന്നുവെങ്കിൽ അവർ പ്രബുദ്ധ കേരളത്തെ കൊച്ചാക്കുകയാണ് എന്നുവേണം പറയാൻ. മാനംമുട്ടെയുള്ള വിലക്കയറ്റം, മദ്യവ്യാപനം, അഴിമതി, സ്വജനപക്ഷപാതം തുടങ്ങി എത്രയെത്ര ജനകീയ പ്രശ്നങ്ങളുണ്ട് ഭരണപക്ഷത്തെ നിർത്തിപ്പൊരിക്കാൻ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.