രണ്ടു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. കേന്ദ്ര പദ്ധതികളുടെ, വിശേഷിച്ച് രാജ്യത്തിന്‍റെ അഭിമാനമായ ഐ.എൻ.എസ് വിക്രാന്തിന്‍റെ സമർപ്പണമായിരുന്നു പ്രധാനമന്ത്രിയുടെ പ്രധാന ഔദ്യോഗിക കാര്യപരിപാടി. ഒപ്പം, ബി.ജെ.പി ഹൈദരാബാദ് ദേശീയ സമ്മേളനത്തിൽ നിശ്ചയിച്ചുറപ്പിച്ച ലക്ഷ്യങ്ങൾ കേരളത്തിൽ സഫലമാക്കാനുള്ള പാർട്ടിപരിപാടികൾക്കും തുടക്കംകുറിച്ചു. പ്രധാനമന്ത്രിയായും രാഷ്ട്രീയനേതാവായും തെളിഞ്ഞുനിന്ന നരേന്ദ്ര മോദി മലയാളിയെ ഓർമിപ്പിച്ചതും പറയാതെ വിട്ടുകളഞ്ഞതും എന്തെല്ലാമായിരുന്നു എന്ന പരിശോധന അദ്ദേഹത്തിലെ രാഷ്ട്രീയനേതാവിനെ കൃത്യമായി വെളിപ്പെടുത്തിത്തരുന്നുണ്ട്.
തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക വിമാനവാഹിനി യുദ്ധക്കപ്പൽ എന്ന പതിറ്റാണ്ടുകാലമായി രാജ്യം കണ്ടുകൊണ്ടിരുന്ന സ്വപ്നത്തെയാണ് കൊച്ചിൻ ഷിപ്‍യാഡും നാവികസേനയും യാഥാർഥ്യമാക്കിയിരിക്കുന്നത്. 1999ൽ രൂപകൽപന പണികളിലൂടെ തുടക്കമിട്ട സ്വപ്നസാക്ഷാത്കാര യജ്ഞമാണ് 2020 ഡിസംബറിൽ നിർമാണപൂർത്തീകരണത്തോടെ കൊച്ചിൻ ഷിപ്‍യാഡ് ഏറ്റവും ഭംഗിയായി പൂവണിയിച്ചത്. തീർച്ചയായും ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും പ്രതിഭയുടെയും പ്രതിബദ്ധതയുടെയും പ്രതീകമാണ് വിക്രാന്ത് എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ അതിനുവേണ്ടി പ്രയത്നിച്ച എല്ലാവരെയും അക്ഷരാർഥത്തിൽ പ്രതിനിധാനംചെയ്യുന്നുണ്ട്.
കപ്പൽ നിർമാണത്തിന്‍റെ അസംസ്കൃത വസ്തുക്കളിൽ മഹാഭൂരിഭാഗവും രാജ്യത്തിനകത്തുതന്നെ നിർമിച്ചവയാണ് എന്നതും ഒരു പൊതുമേഖല സ്ഥാപനമാണ് ലോകോത്തരമായ ഈ പദ്ധതി വിജയിപ്പിച്ചത് എന്നതും വികസനത്തെക്കുറിച്ച കോർപറേറ്റ് മുതലാളിത്ത വാദഗതികളിൽ പലതിനെയും റദ്ദ് ചെയ്യുന്നുണ്ട്. വിക്രാന്ത് നേട്ടത്തെ മുൻനിർത്തി വികസിതരാജ്യങ്ങളുടെ വഴിയിലാണ് നാം മുന്നോട്ടുകുതിക്കുന്നതെന്ന് വ്യക്തമാക്കുന്ന പ്രധാനമന്ത്രി ഈ നേട്ടം സാധ്യമാക്കിയത് മുതലാളിത്തേതര വികസനമാതൃകയിലൂടെയാണ് എന്ന പാഠത്തെ മറച്ചുപിടിക്കുന്നത് ആകസ്മികമെന്ന് കരുതാനാവില്ല പ്രധാനമന്ത്രിയുടെ ഉറ്റതോഴൻ അദാനി സ്വകാര്യ മൂലധന താൽപര്യങ്ങളിൽ കെട്ടിപ്പൊക്കുന്ന വിഴിഞ്ഞം തുറമുഖത്തിനെതിരെ കടലോര മനുഷ്യർ പ്രതിഷേധത്തിരകൾ ഉയർത്തുന്ന സന്ദർഭത്തിൽ കോർപറേറ്റ് വികസനഭ്രാന്തിനും അതിനുള്ള ഭരണകൂട ഒത്താശകൾക്കുമുള്ള മറുപടി ഐ.എൻ.എസ് വിക്രാന്തിന്‍റെ നിർമാണ ചരിത്രം നൽകുന്നുണ്ട്.
അടുത്ത 25 വർഷം രാജ്യത്ത് നടപ്പാക്കാൻ പോകുന്ന അടിസ്ഥാനസൗകര്യ വികസനപദ്ധതികളിൽ കേരളത്തിന് ഒരു ലക്ഷം കോടി രൂപയുണ്ട് എന്ന വാഗ്ദാനത്തിൽ പ്രധാനമന്ത്രിയിൽ ഒളിച്ചിരിക്കുന്ന രാഷ്ട്രീയക്കാരന്‍റെ കൗശലം പ്രകടമാണ്. വൻകിട വികസനമെന്ന പേരിൽ നടക്കുന്ന കോർപറേറ്റുകൾക്കുള്ള വിൽപനാവേശവും അതിലടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രി വ്യക്തമാക്കിയ മൾട്ടി മോഡൽ കണക്ടിവിറ്റിയും അടിസ്ഥാനസൗകര്യ വികസനവും സുസ്ഥിര ഗതാഗത വളർച്ചയിലെ മുന്നുപാധിയും ജനങ്ങൾക്ക് ഏറെ പ്രയോജനകരവുമായ സംവിധാനങ്ങളാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അത്തരം കണക്ടിവിറ്റി യാഥാർഥ്യമായാൽ കൊച്ചിയുടെ ഗതാഗതക്കുരുക്കുകൾക്ക് ശാശ്വത പരിഹാരമാകുമെന്നു മാത്രമല്ല, സമീപസ്ഥ ചെറുനഗരങ്ങൾ കൊച്ചി മെട്രോയുടെ സാറ്റലൈറ്റ് പട്ടണങ്ങളായി മാറുകയും വികസനവൃത്തം കൂടുതൽ വിപുലമാകുകയും ചെയ്യും. പക്ഷേ, അത്തരമൊരു ദീർഘവീക്ഷണം പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾക്കുണ്ടോ എന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. പ്രസംഗങ്ങളിലുണ്ടാകുന്ന ആകർഷക വികസന കാഴ്ചപ്പാടുകൾ പ്രായോഗികമാകുമ്പോൾ അനുഭവപ്പെടാറില്ല എന്നതാണ് തിക്ത സത്യം. മൾട്ടി കണക്ടിവിറ്റിയെക്കുറിച്ച് നാം വലിയ വായിൽ സംസാരിക്കുമ്പോൾതന്നെയാണ് ഏറ്റവും മുൻഗണന ലഭിക്കേണ്ട നെടുമ്പാശ്ശേരി എയർപോർട്ടും മെട്രോയും തമ്മിലുള്ള പാരസ്പര്യം മെട്രോയുടെ രണ്ടാംഘട്ട വികസന അജണ്ടകളിൽ തീണ്ടാപ്പാടകലെ മാറ്റിനിർത്തപ്പെടുന്നത്.
ബി.ജെ.പി പൊതുസമ്മേളനത്തിലും ആദിശങ്കര ക്ഷേത്ര സന്ദർശനത്തിലും പ്രധാനമന്ത്രി പൂർണ രാഷ്ട്രീയക്കാരനായ മോദിയായി മാറുകയായിരുന്നു. അവിടത്തെ പ്രഭാഷണങ്ങളിലും വേഷഭൂഷാദികളിലും ഹാവഭാവാദികളിലും ഹിന്ദുത്വരാഷ്ട്രീയത്തെ കേരളത്തിലും ഉദ്ദീപിപ്പിക്കാനുള്ള തന്ത്രം വായിച്ചെടുക്കാനാകും. പ്രഭാഷണങ്ങളിലെ ഇരട്ട എൻജിനുകളുടെയും വികസനക്കുതിപ്പുകളുടെയും ഡേറ്റകളാകട്ടെ, അതിശയോക്തിപരവും. ഇത് മോദി എന്ന രാഷ്ട്രീയക്കാരൻ എപ്പോഴും പ്രയോഗിക്കുന്നവയാണ്. അത് കേരളത്തിലും ആവർത്തിക്കുന്നുവെന്നു മാത്രം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനക്കുതിപ്പ് എത്ര അസത്യമെന്ന് ഗുജറാത്തിലെ 1995 മുതലുള്ള ബി.ജെ.പി സർക്കാറുകളുടെ ഭരണം വ്യക്തമാക്കുന്നുണ്ട്. ദേശീയപാതകൾ സ്വകാര്യവത്കരിച്ചശേഷം അവക്ക് 55,000 കോടി രൂപ നീക്കിവെച്ചു എന്ന പെരുമ്പറയടിക്കലിലും വ്യാജത്തിന്‍റെ ആവരണമുണ്ട്. മോദിയിലെ രാഷ്ട്രീയക്കാരനെ മോദിയിലെ പ്രധാനമന്ത്രിക്ക് മറച്ചുവെക്കാനാകില്ലെന്ന് ഒരിക്കൽക്കൂടി ഉറപ്പിച്ചു രണ്ടു ദിവസത്തെ സന്ദർശനമെന്നു ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.