സ്വതന്ത്ര മാധ്യമപ്രവർത്തനം അസാധ്യമാകുകയാണോ​?

വസ്തുനിഷ്ഠ മാധ്യമപ്രവർത്തനത്തിൽ ഏറെ ശ്രദ്ധേയമായ എൻ.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികൾ ലോകസമ്പന്നരിൽ നാലാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുതലാളി സുഹൃത്തുക്കളിൽ ഒന്നാമനുമായ ഗൗതം അദാനി സ്വന്തമാക്കുകയാണ്. ഓഹരി കമ്പോളത്തിലെ ഓപൺ ഓഫറിലൂടെ 26 ശതമാനംകൂടി സ്വന്തമാക്കാൻ കൂടി അദാനി ശ്രമിക്കുന്നുണ്ട്​. അത് വിജയിച്ചാൽ എൻ.ഡി.ടി.വിയിൽ സ്ഥാപകരായ പ്രണോയ് റോയിക്കും രാധിക റോയിക്കും മുന്നിലുള്ള വഴി പുറത്തേക്കു തന്നെ. അദാനി ഗ്രൂപ് സ്ഥാപനം ഏറ്റെടുക്കുന്നുവെന്ന അഭ്യൂഹം ഒരു വർഷത്തിലധികമായി പ്രചരിക്കുന്നുണ്ടെങ്കിലും അടിസ്ഥാനരഹിതമായ കിംവദന്തികളായി റോയ് ദമ്പതികൾ അതു തള്ളിക്കളയുകയായിരുന്നു. എന്നാൽ, സ്ഥാപനത്തിന്‍റെ ഉന്നമനത്തിനുവേണ്ടി 2007 മുതൽ തുടങ്ങിയ സാമ്പത്തിക വ്യവഹാരങ്ങളും കടബാധ്യതകളും ഒടുവിൽ രാധികയുടെയും പ്രണോയിയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ആർ.ആർ.പി.ആർ ഹോൾഡിങ് കമ്പനിയുടെ മുഴുവൻ ഓഹരികളും പരോക്ഷമായി അംബാനിയുടെ കൈകളിലേക്കും ഇപ്പോൾ അദാനിയുടെ ഉടമസ്ഥതയിലേക്കും എത്തിച്ചിരിക്കുകയാണ്. അദാനിയുടെ മാധ്യമഗ്രൂപ്പിന്‍റെ നീക്കം വ്യക്തിഗതമായോ സ്ഥാപനവുമായോ കൂടിയാലോചിക്കാതെയാണെന്നും 2020 നവംബർ 27ലെ 'സെബി'യുടെ ഉത്തരവ് പ്രകാരം - നേരിട്ടോ അല്ലാതെയോ സെക്യൂരിറ്റികൾ വാങ്ങുന്നതിൽ നിന്നും വിൽക്കുന്നതിൽ നിന്നും ഇടപാട് നടത്തുന്നതിൽ നിന്നും തങ്ങളെ തടഞ്ഞിട്ടുണ്ടെന്നും റോയ് ദമ്പതികൾ വ്യക്തമാക്കുന്നു. ഒരു നിയമപോരാട്ടത്തിലേക്കുള്ള സൂചന അവരുടെ പ്രസ്താവനകളിൽ നിഴലിക്കുന്നുണ്ട്​. പക്ഷേ, ഇന്ത്യൻ അധികാര ഇടനാഴികളിലെ സജീവസാന്നിധ്യമായ, രാജ്യ​ത്തെ ഏറ്റവും 'അപകടകരമായ' വ്യക്തിയുമായി നിയമ പോരാട്ടം വിജയിപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ അസാധ്യമാണെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. അങ്ങനെ, ഭരണകൂടങ്ങളെ വിമർശിക്കുന്ന, വാർത്തകളുടെ യാഥാർഥ്യം തേടിപ്പോകുന്ന ചുരുക്കം സ്വതന്ത്രമാധ്യമ പ്ലാറ്റ്ഫോമുകളിലൊന്നായ എൻ.ഡി.ടി.വിയും അദാനിയുടെ അധികാരവൃത്തത്തിനകത്തേക്ക് വിലയം പ്രാപിക്കുകയാണ്.

വർത്തമാനകാല ജനാധിപത്യത്തിലും മാധ്യമവ്യവസായരംഗത്തും എൻ.ഡി.ടി.വിയുടെ പതനം സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല. 1980കളുടെ പകുതിയിലും 90കളുടെ തുടക്കത്തിലും രാജ്യത്തെ മാധ്യമങ്ങളെ വിലക്കെടുക്കാൻ അംബാനി അടക്കമുള്ള നവ കോർപറേറ്റ് ഭീമൻമാർ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തതാണ്. എന്നാൽ, 2014നുശേഷം അത്തരം കോർപറേറ്റുകളാണ് ഇന്ത്യയിലെ 80 ശതമാനം മാധ്യമങ്ങളെയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. പ്രാദേശികഭാഷകളിലടക്കം 72 ലധികം വിവിധ ചാനലുകൾ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലാണ്. കൂടാതെ, രാജ്യത്തെ പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെ ഓഹരികളോ കടപത്രങ്ങളോ അയാളുടെ കമ്പനി കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനുപുറമെയാണ് സ്റ്റാറുമായി ചേർന്ന് 15,000 കോടി രൂപയുടെ റിലയൻസ് മീഡിയയുടെ കരാർ. ഇപ്പോൾ അദാനിയും മാധ്യമങ്ങളെ വിലക്കെടുക്കാൻ ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ മേയ് മാസത്തിൽ രാഘവ് ബെഹൽ നേതൃത്വം നൽകുന്ന 'ദ ക്വിന്‍റി'ന്‍റെ 49 ശതമാനം ഓഹരികളും വെളിപ്പെടുത്താത്ത തുകക്ക് സ്വന്തമാക്കി. അടിയന്തരാവസ്ഥ കാലത്തുപോലും സംഭവിച്ചിട്ടില്ലാത്തവണ്ണം ഭരണകൂട സ്തുതിപാഠകർ മാത്രമായി രാജ്യത്തെ മാധ്യമങ്ങൾ മാറിക്കഴിഞ്ഞുവെന്നും അതിന് സന്നദ്ധമല്ലാത്തവരെ സാമ്പത്തികമായി തകർക്കാനും പിടിച്ചെടുക്കാനും കഴിയുമെന്നും തെളിയിക്കുന്നതാണ് ഏറ്റവും കൂടുതൽ വായനക്കാരും പ്രേക്ഷകരുമുള്ള എൻ.ഡി.ടി.വി കൈയടക്കാനുള്ള നീക്കം. തങ്ങൾക്കെതിരെ ശബ്ദമുയർത്താൻ ശ്രമിക്കുന്നവരെ നിയമപരമായും സാമ്പത്തികമായും തകർക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഭരണകൂടത്തിന്‍റെ പ്രോത്സാഹനം കൂടി എൻ.ഡി.ടി.വിയുടെ തകർച്ചയിലുണ്ട് എന്നത്​ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ ഭാവിയിൽ കാളിമ പരത്തുന്നു.

2002 ഗുജറാത്ത് വംശഹത്യയെ അതിന്‍റെ എല്ലാ ബീഭത്സതയോടെയും സംപ്രേഷണം ചെയ്തതിന്‍റെ പ്രതികാരംകൂടിയാണ് റോയ് ദമ്പതികൾ കഴിഞ്ഞ കുറച്ചുവർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ നിരവധി കേസുകളിൽ അവരെ അകപ്പെടുത്തി. വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് മനുഷ്യത്വരഹിതമായി പെരുമാറിയതടക്കം അസഹനീയമായ നടപടികൾ വേറെയും.

സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണെന്ന് ദുരന്തപൂർണമായ ഈ വർത്തമാന സാഹചര്യം വ്യക്തമാക്കുന്നുണ്ട്. എന്നാൽ, വലിയ മുതൽമുടക്ക് ആവശ്യമുള്ള മാധ്യമങ്ങൾ കോർപറേറ്റ് പരസ്യങ്ങളെയും അവരുടെ ഓഹരികളെയും സർക്കാറിന്റെ ദാക്ഷിണ്യത്തെയും ആശ്രയിക്കാൻ നിർബന്ധിതരാണ്​. ഒരു പത്രം പ്രസിദ്ധീകരിക്കാൻ ചെലവഴിക്കുന്നതിന്‍റെ 25 ശതമാനം മാത്രമാണ് വരിക്കാരിൽനിന്ന് തിരിച്ചുകിട്ടുന്നത്. വാർത്താചാനലുകൾക്കാകട്ടെ, കാഴ്ചക്കാരിൽനിന്ന് ഒന്നും ലഭിക്കുന്നില്ലെന്നു മാത്രമല്ല, സംപ്രേഷണം ചെയ്യുന്ന വിതരണ കമ്പനികൾക്ക് പണം അങ്ങോട്ടു നൽകേണ്ടിയും വരുന്നു. അതുകൊണ്ട് സ്വതന്ത്രമാധ്യമങ്ങൾ നിലനിർത്താൻ ജനങ്ങൾക്കും ഒരു വലിയ ബാധ്യത നിർവഹിക്കാനുണ്ടെന്ന സത്യത്തിലേക്കാണ് എൻ.ഡി.ടി.വിയുടെ പതിതാവസ്ഥ വെളിച്ചം വീശുന്നത്. വാർത്താമാധ്യമങ്ങളുടെ വീക്ഷണവ്യത്യാസങ്ങൾ നിലനിൽക്കണമെന്ന് വിശ്വസിക്കുകയും കാവിവത്കരിക്കപ്പെട്ട പ്രകീർത്തനങ്ങൾ മാത്രം അറിഞ്ഞാൽ മതിയാകുകയില്ല എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർ സ്വതന്ത്രമാധ്യമങ്ങളുടെ നിലനിൽപ്പിനാവശ്യമായ പിന്തുണ നൽകാൻകൂടി സന്നദ്ധമാകേണ്ടതുണ്ട്.  

Tags:    
News Summary - Madhyamam Editorial 2022 august 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.