ഓരോ 12 വർഷം കൂടുമ്പോഴും ലക്ഷക്കണക്കിന് ഹിന്ദുമത സന്യാസികളും വിശ്വാസികളും കുംഭമേളക്കായി ഒരുമിച്ചുചേരുന്ന ഗംഗാതീര നഗരമാണ് ഹരിദ്വാർ. മോക്ഷപ്രാപ്തി കൊതിക്കുന്ന തീർഥാടകരും ശാന്തിതേടുന്ന സഞ്ചാരികളും നിത്യേന വന്നണയുന്ന ദേശം. പാലാഴി മഥനത്തിൽ ലഭിച്ച അമൃത് ദേവലോകത്തേക്ക് കൊണ്ടുപോകവെ കുംഭത്തിൽനിന്ന് ഒരു തുള്ളി ഇറ്റുവീണ ഇടമാണിതെന്നാണ് വിശ്വാസം.
മരണത്തെ തടയുന്ന അമൃത സാന്നിധ്യമുണ്ടെന്ന് കരുതപ്പെടുന്ന, ഭക്തിസാന്ദ്രമായ മന്ത്രധ്വനികളും മഹാദേവ കീർത്തനങ്ങളും നിത്യവും മുഴങ്ങുന്ന ഈ മണ്ണിൽ ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഉയർന്നത് വർഗീയ രക്തദാഹം മുറ്റിയ വിദ്വേഷക്കൊലവിളികളാണ്.
ഡിസംബർ 17,18,19 തീയതികളിൽ അവിടെ ധർമ സംസദ് (മത പാർലമെന്‍റ്) എന്ന പേരിൽ നടന്ന പരിപാടി രാജ്യത്തെ എണ്ണംപറഞ്ഞ ഒരുപറ്റം അധർമകാരികളുടെ സംഗമമായി മാറി. ഉച്ചരിക്കുന്ന ഓരോ വാക്കിലും വർഗീയ ഭീകരത നുരക്കുന്ന, കലാപാഹ്വാനങ്ങളും അതിക്രമങ്ങളും വഴി കുപ്രസിദ്ധനായ ഗോരഖ്പുരിലെ യതി നരസിംഹാനന്ദാണ് മുഖ്യസംഘാടകരിലൊരാൾ എന്നറിഞ്ഞപ്പോൾ തന്നെ സമ്മേളന അജണ്ടയും ആലോചനകളും ഏതുവഴിക്കാവുമെന്ന് ഊഹിക്കപ്പെട്ടതാണ്. സംഗമത്തിലെ ഇപ്പോൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വിദ്വേഷ ഭാഷണങ്ങൾ ഊഹിക്കാനാവാത്തത്ര അപകടകരമായ മതധ്രുവീകരണത്തിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നു വെളിപ്പെടുത്തുന്നു.
മുസ്ലിംകളെ രാജ്യത്തുനിന്ന് തുടച്ചു നീക്കുന്നതിന് ആയുധമെടുത്തിറങ്ങണം എന്നതായിരുന്നു ഏറ്റവും നേർപ്പിച്ചു പറഞ്ഞാൽ സമ്മേളനത്തിന്‍റെ സന്ദേശം. മ്യാൻമറിലേതു പോലെ ഒരു 'ശുചീകരണയജ്ഞം' വേണമെന്നും മുസ്ലിം കച്ചവടക്കാരെ ഹിന്ദുക്കളുടെ നഗരങ്ങളിൽനിന്ന് പുറത്താക്കണമെന്നും ഗ്രാമങ്ങളിൽനിന്ന് ആട്ടിപ്പായിക്കണമെന്നും കള്ളകേസുകളിൽ കുടുക്കണമെന്നും തുടങ്ങി അവരെ കൊലപ്പെടുത്തി ജയിലുകൾ നിറക്കാൻ തയാറാവണമെന്നു വരെ സമ്മേളനത്തിന്‍റെ വിവിധ സെഷനുകളിൽ വിദ്വേഷ പ്രസംഗകർ പറഞ്ഞുവെച്ചു.
രാഷ്ട്രപിതാവിന്‍റെ രക്തസാക്ഷി ദിനത്തിൽ ഗാന്ധി ചിത്രത്തിനുനേരെ നിറയൊഴിച്ച് അരിശം തീർക്കുകയും ഘാതകനായ നാഥുറാം ഗോദ്സെയെ പ്രകീർത്തിക്കുകയും ചെയ്ത പൂജ ശകുൻ പാണ്ഡേ ആയിരുന്നു ഒരു പ്രസംഗക. മുസ്ലിംകൾക്കെതിരെ മാത്രമല്ല, ഇന്ത്യൻ ഭരണഘടനക്കെതിരെയും കലാപം ചെയ്യാൻ അവർ നിർദേശിച്ചു. മുസ്ലിംകളോട് അനുഭാവം പുലർത്തിയെന്നാരോപിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെതിരെയുമുയർന്നു കൊലവിളി. ബി.ജെ.പി നേതാക്കളായ അശ്വിനി കുമാർ ഉപാധ്യായ, ഉദിത ത്യാഗി, ഈയിടെ നരസിംഹാനന്ദിന്‍റെ കാർമികത്വത്തിൽ മതംമാറ്റം പ്രഖ്യാപിച്ച് ജിതേന്ദ്ര നാരായൺ സിങ് ത്യാഗി എന്ന പേരു സ്വീകരിച്ച മുൻ ശിയ വഖഫ് ബോർഡ് അധ്യക്ഷൻ തുടങ്ങി നിരവധി പേർ പ്രസംഗകരായെത്തി.
ഹരിദ്വാർ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പരസ്യമായി പാദവന്ദനം ചെയ്ത പ്രബോധാനന്ദ ഗിരി സമ്മേളന ശേഷം മാധ്യമങ്ങൾക്ക് മുന്നിലും തന്‍റെ അക്രമ നിലപാടുകൾ ആവർത്തിക്കുകയും പൊലീസിനെ ഭയമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പുഷ്കർ സിങ് ധാമിക്ക് പുറമെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്‍റെയും ഉത്തമ സുഹൃത്താണ് ഗിരിയെന്നറിയുമ്പോൾ ഈ നിർഭയത്വത്തിന്‍റെ സ്രോതസ്സ് വ്യക്തം. ജനവിരുദ്ധതക്കും കർഷക ദ്രോഹത്തിനും ബാലറ്റിലൂടെ കണക്കുചോദിക്കാൻ ഉത്തർപ്രദേശ് ജനത ഒരുങ്ങവെ മുസ്ലിം വിരുദ്ധത ആളിക്കത്തിച്ച് വർഗീയ വിഷപ്പുക പരത്തി കാര്യങ്ങൾ അനുകൂലമാക്കിയെടുക്കുകയാണ് ഈ സമ്മേളനം നടത്തിയവരുടെയും നടത്തിച്ചവരുടെയും ഉള്ളിലിരിപ്പ്.
പരമത വിദ്വേഷത്തിലൂന്നി ശക്തി സംഭരിച്ച് അധികാരം പിടിക്കുന്ന ശക്തികളുടെ ഈ പ്രവൃത്തി ഞെട്ടിക്കുന്നതാണെങ്കിലും ഒട്ടും അത്ഭുതപ്പെടുത്തുന്നതല്ല. എന്നാൽ, നമ്മെ നടുക്കിക്കളയുന്നത് രാജ്യത്തിന്‍റെ ഭരണഘടനാ മൂല്യങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്ന ഇത്തരമൊരു അരുതായ്മ നടന്ന് ആഴ്ചയൊന്നായിട്ടും ഉത്തരവാദികൾക്കെതിരെ അവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇവിടത്തെ നിയമപാലന സംവിധാനങ്ങൾ താൽപര്യമെടുത്തില്ലെന്നറിയുമ്പോഴാണ്. പരാതിയൊന്നും ലഭിക്കാത്തതുകൊണ്ടാണ് കേസെടുക്കാത്തത് എന്നായിരുന്നു ഹരിദ്വാർ എസ്.പി സ്വതന്ത്രകുമാർ ഇതേക്കുറിച്ച് പ്രതികരിച്ചത്. അരങ്ങേറാത്ത ഹാസ്യ പരിപാടിയിൽ പറഞ്ഞേക്കാമെന്ന് സംശയിച്ച തമാശയുടെ പേരിൽ മതവിദ്വേഷക്കുറ്റം ചുമത്തി മുനവ്വർ ഫാറൂഖി എന്ന സ്റ്റാൻഡ് അപ് കൊമേഡിയനെ ഒരു മാസത്തിലേറെ ജയിലിൽ പൂട്ടിയിട്ട രാജ്യത്തു തന്നെയാണ് ഇത്തരമൊരു പൊലീസ് നിലപാടെന്നതാണ് ക്രൂരമായ തമാശ.
മുസ്ലിം വംശഹത്യക്കായുള്ള പരസ്യ ആഹ്വാനം മുമ്പും രാജ്യത്ത് ഉയർന്നിട്ടുണ്ട്. അതിന്‍റെ ചുവടുപറ്റി ആസൂത്രിത വർഗീയ അതിക്രമങ്ങളും പലവട്ടമുണ്ടായിട്ടുണ്ട്. കേന്ദ്ര ഭരണകൂടത്തിന്‍റെ അരുമകളായ വർഗീയ സംഘടന പ്രവർത്തകർ പാർലമെന്‍റ് മന്ദിരത്തിന് വിളിപ്പാടകലെയുള്ള ജന്തർമന്തറിൽ തടിച്ചുകൂടി കൊലവിളി മുഴക്കിയിട്ട് അധികമായിട്ടില്ല. മുൻകാലങ്ങളിൽ ഭരണകൂടത്തിന്‍റെയും പൊലീസിന്‍റെയുമെല്ലാം പിന്തുണ വംശഹത്യാവാദികൾ ആസ്വദിച്ചപ്പോഴും ഈ നിഷ്ഠുരതക്കെതിരെ പൗരസമൂഹവും രാഷ്ട്രീയ- സാമൂഹിക പ്രസ്ഥാനങ്ങളും നിലപാടെടുക്കുകയും ശബ്ദമുയർത്തുകയും ചെയ്തിരുന്നു. ഇക്കുറിയും ഇല്ലെന്നല്ല, നാവിക സേന മുൻ മേധാവി അഡ്മിറൽ അരുൺ പ്രകാശ്, കാർഗിൽ യുദ്ധ നായകനും മുൻ കരസേന മേധാവിയുമായ വേദ് പ്രകാശ് മാലിക് എന്നിവരുൾപ്പെടെ ഒരു ചെറുകൂട്ടം ഇതിനെ തള്ളിപ്പറയാനുള്ള ചങ്കുറപ്പ് കാണിച്ചു. എങ്കിലുമതെ, ഉച്ചത്തിലുയരുന്ന കൊലവിളിക്കിടയിൽ നേർത്തുപോകുന്നൊരു ഞരക്കം കണക്കെ ദുർബലമാണ് പ്രതിഷേധ- പ്രതിപക്ഷ ശബ്ദങ്ങൾ; ഹരിദ്വാർ നൽകുന്ന അപകട സൂചനയും അതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.