റമദാനിലെങ്കിലും ഗസ്സയോട് നീതിചെയ്യണം



ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‍ലിംകൾ ഐക്യദാർഢ്യത്തോടെയും അനുകമ്പയോടെയും ഒത്തുചേരുന്ന ഈ റമദാനിൽ ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കുന്നതിൽ മുസ്‍ലിം രാജ്യങ്ങളും പരാജയപ്പെട്ടിരിക്കുന്നു

റമദാൻ ഭക്തിനിർഭരമായ ഉപവാസത്തിന്‍റെയും ആത്മീയ പ്രതിഫലനത്തിന്‍റെയും സാമൂഹിക ഊഷ്മളതയുടെയും സമയമാണ്. എന്നാൽ, ഗസ്സയിൽ ഈ വിശുദ്ധ മാസം പുലരുന്നത് ഏറ്റവും തീക്ഷ്ണമായ ഉപരോധത്തിന്‍റെയും ഇസ്രായേലിന്‍റെ തീവ്രമായ ആക്രമണത്തിന്‍റെയും ശ്വാസംമുട്ടുന്ന പരീക്ഷണകാലത്താണ്. ഈ റമദാനിലും, ഗസ്സയിലെ കഴിഞ്ഞ 160 ദിവസങ്ങളെയും പോലെ, കുടുംബങ്ങൾ ഭക്ഷണം മേശപ്പുറത്ത് വെക്കാൻ പാടുപെടും. കുട്ടികൾ പട്ടിണിയിൽ കിടന്നുറങ്ങും. മെഡിക്കൽ സാമഗ്രികളുടെ ദൗർലഭ്യം കാരണം രോഗികൾ മരണത്തെ പുൽകും.

വിശപ്പടക്കാൻ ഭക്ഷണപ്പൊതികൾക്ക് കാത്തുനിൽക്കവേ ഇസ്രായേൽ അധിനിവേശ സേന വെടിവെച്ചുകൊന്ന ഗസ്സക്കാരുടെ എണ്ണം 400 കവിഞ്ഞിരിക്കുന്നു. പോഷകാഹാരക്കുറവും പട്ടിണിയുംമൂലം 25ലധികം കുട്ടികൾ കൊല്ലപ്പെട്ടുവെന്നും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് അഭ്യർഥിക്കുകയുമാണ് ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ പ്രവർത്തന ഏജൻസി (UNRWA). യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ് ബോറെലാകട്ടെ ഗസ്സയിലെ മാനുഷിക പ്രതിസന്ധി ‘‘പ്രകൃതി ദുരന്തമല്ല’’ എന്നും പട്ടിണിയെ ‘‘യുദ്ധത്തിന്‍റെ ആയുധമായി’’ ഇസ്രായേൽ ഉപയോഗിക്കുന്നതിന്‍റെ ഫലമാണെന്നുമുള്ള കടുത്ത വിമർശനം ഉയർത്തിയിരിക്കുന്നു. എന്നിട്ടും ഒരു ജനത വംശഹത്യക്ക് ഇരയാക്കപ്പെടുന്നത് നിസ്സംഗമായി നോക്കി നിൽക്കുകയാണ് പരിഹരിക്കാൻ അധികാരവും ശേഷിയുമുള്ള ലോകരാജ്യങ്ങൾ.

അതിരൂക്ഷമായ ആക്രമണം തുടരുന്ന ഗസ്സയിൽ ആറാഴ്ച വെടിനിർത്തലിന് ശ്രമിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍റെ റമദാൻ സന്ദേശം പാഴ്വാക്കായി. ഒന്നും സംഭവിച്ചില്ലെന്നുമാത്രമല്ല, മസ്ജിദുൽ അഖ്സയിലും ആക്രമണം കനപ്പിക്കാനുള്ള നെതന്യാഹുവിന്‍റെ പദ്ധതിയെ ഇല്ലാതാക്കാൻപോലും അമേരിക്കക്ക് സാധിക്കുന്നില്ല. റഫ അതിർത്തി തുറക്കാനും വെടിനിർത്തൽ ഉറപ്പുവരുത്താനുമുള്ള സമ്മർദമുയർത്തുന്നതിനുപകരം അമേരിക്ക കടലിലൂടെയും ആകാശത്തിലൂടെയും ഗസ്സക്കാർക്ക് ഭക്ഷണമെത്തിക്കാനുള്ള ശ്രമത്തിലാണത്രെ. 20 ലക്ഷം ജനങ്ങൾ പട്ടിണികിടക്കുമ്പോൾ 25000 പേർക്ക് കടലിലൂടെ ഭക്ഷണമെത്തിക്കാനുള്ള ‘തീവ്ര’ പ്രവർത്തനത്തിൽ പങ്കാളിയാകാനാണ് യൂറോപ്യൻ യൂനിയനും ആഗ്രഹിക്കുന്നത്. ലോകത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്ന യൂറോപ്പ് ഫലസ്തീൻ പ്രശ്നത്തിൽ അടയാളപ്പെടുത്തപ്പെടുക, ഇസ്രായേൽ ആസൂത്രിതമായി അടിച്ചമർത്തുന്നതിനെതിരെ പുലർത്തുന്ന ലജ്ജാകരമായ നിശ്ശബ്ദതയും ഇരട്ടത്താപ്പുംകൊണ്ട് മാത്രമല്ല, ഈ റമദാനിലും അചഞ്ചലമായ സഹനം പ്രകടിപ്പിക്കുന്ന ഫലസ്തീനികളുടെ വ്രത ദാർഢ്യത്തെ പരിഹസിക്കുന്ന കാർട്ടൂണുകൾ വരച്ച് ‘അഭിപ്രായ സ്വാതന്ത്ര്യം’ ആഘോഷിക്കുന്നതിന്‍റെ പേരിൽ കൂടിയായിരിക്കും.

പട്ടിണിയിലാണ്ട ഗസ്സക്കാർ തൊണ്ട വരണ്ടുണങ്ങി റമദാനിന് സ്വാഗതമോതുമ്പോൾ മുസ്‍ലിം രാഷ്ട്രങ്ങളുടെ നിലപാടുകളും അങ്ങേയറ്റം നിരാശജനകമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‍ലിംകൾ ഐക്യദാർഢ്യത്തോടെയും അനുകമ്പയോടെയും ഒത്തുചേരുന്ന ഈ റമദാനിൽ ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കുന്നതിൽ അവർ പരാജയപ്പെട്ടിരിക്കുന്നു. ഫലസ്തീൻ പ്രശ്നത്തിൽ കഷ്ടനഷ്ടങ്ങൾ സഹിക്കുന്നു എന്ന പേരിൽ ഈജിപ്ത് യൂറോപ്യൻ യൂനിയനിൽനിന്ന് കഴിഞ്ഞ ദിവസം വസൂലാക്കിയത് ഏഴ് ബില്യൺ ഡോളറാണ്. എന്നിട്ടും, റഫ അതിർത്തി തുറക്കാനോ അടിസ്ഥാന സഹായങ്ങളെത്തിക്കാനോ അവർ തയാറല്ല. കൈറോവിൽ നടക്കുന്ന ചർച്ചകളിലൂടെ ഈ റമദാനിലെങ്കിലും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള വസ്തുക്കൾ കൈമാറാനുള്ള കോൺവേ സംവിധാനം ഉറപ്പിക്കുന്നതിലും അവർക്ക് വിജയിക്കാനായില്ല.

ഗസ്സയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പട്ടിണിയും വളർന്നുകൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധികളും അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നോമ്പിന് ഭക്ഷണവുമായി റഫയിലെ താൽക്കാലിക തമ്പിലേക്കുചെന്ന സന്നദ്ധ പ്രവർത്തകരോട് ജന്മനാട്ടിൽ അഭയാർഥിയാകാൻ വിധിക്കപ്പെട്ട റൻദ ബക്കർ പ്രതികരിച്ചത് ‘‘ഭക്ഷണമില്ല, വെള്ളമില്ല, മരുന്ന് പോലുമില്ല... ഞങ്ങൾ റമദാനിന് മുമ്പുതന്നെ നോമ്പുകാരാണ്. ഈ വർഷത്തെ റമദാൻ ഞങ്ങൾക്ക് വേദനയാണ്. പ്രിയപ്പെട്ടവർ കൂടെയില്ല. നിരവധി പേർ പട്ടിണിയിലുമാണ്’’ എന്നാണ്. അവരുടെ വിലാപം കേൾക്കാൻ ലോകം ബാധ്യസ്ഥമാണ്. അല്ലെങ്കിൽ മർദിതരായ ആ ജനതയുടെ പ്രാർഥനയിൽ വെന്തുരുകാൻ അർഹരാക്കും അവരുടെ കഷ്ടപ്പാടുകളിൽ നാം പുലർത്തുന്ന നിശ്ശബ്ദതയും നിസ്സംഗതയും. ആഗോള ശക്തികളുടെ മൗനം അവരുടെ ധാർമിക ബാധ്യതകളോടുള്ള വഞ്ചന മാത്രമല്ല, ഫലസ്തീൻ പ്രതിസന്ധിയുടെ മൂലകാരണങ്ങൾ നിർമിച്ചതിലുള്ള കുറ്റബോധംകൂടിയാണ്. അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യത്തിനും അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ഫലസ്തീനികൾക്കൊപ്പം നിൽക്കുകയും ഇസ്രായേലിന്‍റെ ക്രൂരമായ അധിനിവേശവും ഉപരോധവും അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യേണ്ടത് മനസ്സാക്ഷിയുള്ള എല്ലാ ആളുകളുടെയും കടമയാണ്. 

Tags:    
News Summary - madhyamam editorial 14 March 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.