പട്ടികവർഗ വകുപ്പിന്‍റെ ഊരുവിലക്ക്



സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് ഏതാനും ദിവസങ്ങൾക്കു മുമ്പ് പുറത്തിറക്കിയ സർക്കുലർ വിവാദമായിരിക്കുന്നു. ആദിവാസി മേഖലകളിൽ വ്യക്തികളും സന്നദ്ധ സംഘടനകളും നടത്താറുള്ള ഗവേഷണങ്ങൾ, ഫീൽഡ് സർവേ തുടങ്ങിയവക്കുള്ള അനുമതി സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങളടങ്ങുന്നതായിരുന്നു സർക്കുലർ. ഇനിമുതൽ ആദിവാസി മേഖലകളിൽ വിവരശേഖരണം നടത്താനും ക്യാമ്പുകൾ സംഘടിപ്പിക്കാനുമെല്ലാം പട്ടികവർഗ വകുപ്പിന്റെ ജില്ല ഓഫിസുകളിൽനിന്ന് രണ്ടാഴ്ച മുമ്പെങ്കിലും അനുമതി വാങ്ങണമെന്നാണ് നിർദേശം. അല്ലാത്തപക്ഷം, വിവരശേഖരണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കുമത്രേ. എന്തുകൊണ്ട് ഇങ്ങനെയൊരു സർക്കുലറെന്ന് ബന്ധ​പ്പെട്ടവർ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ആദിവാസി മേഖലകളിലെ മാവോവാദി സാന്നിധ്യമാണ് ഈ നീക്കത്തിന് കാരണമെന്ന് സർക്കുലറിലെ ചില പരാമർശങ്ങളിൽനിന്ന് ഊഹിക്കാം. എന്നാൽ, അക്കാര്യം തെളിച്ചുപറയാൻ ബന്ധപ്പെട്ട വകുപ്പോ സർക്കാർ വക്താക്കളോ തയാറായിട്ടുമില്ല. അതേസമയം, സർക്കാറിന്റെ ഈ നിലപാടിനെതിരെ ആദിവാസി നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരിക്കുന്നു. ആദിവാസി ജനതയെ ഇല്ലാതാക്കാനുള്ള ശ്രമത്തി​ന്റെ ഭാഗമാണ്​ ഇതെന്നു വരെ തുറന്നുപറഞ്ഞ നേതാക്കളുണ്ട്. സർക്കുലർ പിൻവലിക്കാത്ത പക്ഷം, കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കുന്നു.

ഒറ്റനോട്ടത്തിൽതന്നെ അത്യന്തം അപകടകരമായ ഉള്ളടക്കമാണ് ഈ സർക്കുലറിലേതെന്ന് പറയേണ്ടി വരും. ഏറ്റവും പ്രധാനമായി, അതിന്റെ സ്വരം ഭീഷണിയുടെയും സെൻസർഷിപ്പിന്റേതുമാണ്. ഒരു ജനാധിപത്യ വ്യവസ്ഥയെ അപകടത്തിലാക്കാൻ ഇതുതന്നെ ധാരാളം. ഗവേഷകർക്കും സന്നദ്ധ സംഘടനകൾക്കും മാധ്യമങ്ങൾക്കുമെല്ലാം ആദിവാസി ഗോത്ര വിഭാഗങ്ങളുമായി സംവദിക്കുകയോ ഇടപഴകുകയോ ചെയ്യണമെങ്കിൽ ഇനിയങ്ങോട്ട് സർക്കാറിനെ ആശ്രയിക്കേണ്ടിവരും. ഊര് സന്ദർശനത്തിന്റെ ഉദ്ദേശ്യം വിശദമായി ബോധ്യപ്പെടുത്തുന്ന അപേക്ഷ ആദ്യം സമർപ്പിക്കണം; സർവേ, വിഡിയോഗ്രഫി തുടങ്ങിയവക്കെല്ലാം രണ്ടാഴ്ച മുമ്പുതന്നെ അനുമതി വാങ്ങണം; സർവേക്കായുള്ള ചോദ്യങ്ങൾ അനുമതിപത്രത്തിനൊപ്പം ചേർക്കണം; ഒടുവിൽ പഠനഫലം അധികൃതരെ കാണിക്കുകയും വേണം. ഇതിൽ ഏതെങ്കിലും ഘട്ടത്തിൽ അധികൃതർ അതൃപ്തി രേഖപ്പെടുത്തിയാൽ എല്ലാ ഗവേഷണവും അവിടെ തീർന്നു. അതല്ലെങ്കിൽ, ഭരണകൂട ഭാഷ്യങ്ങൾക്കനുസരിച്ച് ചോദ്യങ്ങളും ഗവേഷണരീതിയു​മൊക്കെ മാറ്റേണ്ടിവരും. ഇത്തരമൊരു സർക്കുലർ ആദിവാസി മേഖലയിൽനിന്നുള്ള പലവിധ അറിവുകളെ തടഞ്ഞുവെക്കാനേ ഉപകരിക്കൂവെന്ന് വിലയിരുത്തപ്പെടുന്നത് അക്കാരണം കൊണ്ടുകൂടിയാണ്. തങ്ങൾക്ക് ഹിതകരമല്ലാത്ത ഒരു വാർത്തയും പഠനവും അവിടെനിന്ന് പുറത്തുവരരുത് എന്ന് ഭരണകൂടത്തിന് ശാഠ്യമുള്ള പോലെ തോന്നുന്നു.

ഈ ദുശ്ശാഠ്യത്തിനെതിരായ ശബ്ദമായി വേണം, വിവിധ ആദിവാസി നേതാക്കളുടെ പ്രതിഷേധക്കുറിപ്പുകളെ കാണാൻ. സാധാരണയായി, പട്ടികവർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർ അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ ആദിവാസി ഊരുകൾ സന്ദർശിക്കാറില്ല. അതുകൊണ്ടുതന്നെ, ആദിവാസി ജനതയുടെ മൗലിക പ്രശ്നങ്ങളിൽ അവരുടെ ഇടപെടലുകളും നന്നേ കുറവാണ്. ഇതഃപ​ര്യന്തമുള്ള അനുഭവംതന്നെ അതിന്റെ തെളിവ്. ആദിവാസി മേഖലകളിലെ മനുഷ്യാവകാശ ലംഘനങ്ങളും പലതരത്തിലുള്ള തട്ടിപ്പുകളും അധികാരികളുടെ അഴിമതിയുമെല്ലാം പുറത്തുകൊണ്ടുവരാറുള്ളത് പലപ്പോഴും മാധ്യമങ്ങളും സന്നദ്ധ സംഘടനകളും ഗവേഷക വിദ്യാർഥികളുമൊക്കെയാണ്. ഒരൊറ്റ ഉദാഹരണം മാത്രം പറയാം. സുവിദിതമായ കേരളത്തിന്റെ ആരോഗ്യ മോഡലിന് അപവാദമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അട്ടപ്പാടിയിലെയും മറ്റും ആദിവാസി മേഖലകളാണ്. ശിശുമരണ നിരക്കിന്റെ കാര്യമെടുത്താൽ, ദേശീയ തലത്തിൽ അത് 27ഉം കേരളത്തിൽ ആറുമാണ്. അതായത്, ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അവരിൽ ഒരു വയസ്സിനു മുന്നേ കേരളത്തിൽ മരണപ്പെടുന്നത് ആറുപേർ മാത്രമാണ്. എന്നാൽ, കഴിഞ്ഞ മൂന്നു വർഷത്തിനിടെ അട്ടപ്പാടിയിൽ മാത്രം 32 കുഞ്ഞുങ്ങൾ മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്; റിപ്പോർട്ട് ചെയ്യപ്പെടാത്തത് വേറെയും. ഈ കണക്കുവെച്ച്, വയനാട്ടിലെയും ഇടുക്കിയിലെയും ആദിവാസി മേഖലകളിലെ അവസ്ഥ എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഞെട്ടിക്കുന്ന ഈ കണക്കുകൾ വെളിച്ചത്തുകൊണ്ടുവന്നത് കേരളത്തിലെ മാധ്യമങ്ങളും വിവിധ സംഘടനകളുമാണ്. ഇവരുടെ ഇടപെടലുകളെ തുടർന്നാണ് അധികാരികളുടെ ഭാഗത്തുനിന്നുള്ള നേരിയ അനക്കമെങ്കിലും ഉണ്ടായിട്ടുള്ളത്. ഈ ചെറുചലനത്തെപ്പോലും നിശ്ചലപ്പെടുത്താനാണോ സർക്കാറിപ്പോൾ തുനിഞ്ഞിറങ്ങിയിരിക്കുന്നത്?

ആദിവാസി മേഖലയിൽ ഇക്കാലമത്രയും സർക്കാറിന്റെ ഇടപെടൽ എന്തായിരുന്നുവെന്ന് ഈ സന്ദർഭത്തിൽ അന്വേഷിക്കുന്നതും നന്നായിരിക്കും. കഴിഞ്ഞ നവംബറിൽ അട്ടപ്പാടിയിൽ അഞ്ച് കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവുമൂലം മരണപ്പെട്ടതിനെ തുടർന്ന് ഒ.ആർ. കേളു അധ്യക്ഷനായ നിയമസഭ സമിതി മേഖലയിൽ വസ്തുതാന്വേഷണം നടത്തിയിരുന്നു. പ്രസ്തുത സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ ആകത്തുക, ഉദ്യോഗസ്ഥരെ പഴിചാരിക്കൊണ്ടുള്ളതാണെങ്കിലും ആദിവാസി ക്ഷേമ പദ്ധതികളൊന്നും ഫലവത്തായില്ല എന്ന് തുറന്നുസമ്മതിക്കുന്നുണ്ട്. അപ്പോഴും, അവിടെ കാര്യമായ പ്രശ്നങ്ങളില്ലെന്ന് പറയാനാണ് റിപ്പോർട്ട് ശ്രമിക്കുന്നത്. എന്നാൽ, ദലിത് സമുദായ മുന്നണി ഇതേ കാലയളവിൽ അട്ടപ്പാടിയിൽ നടത്തിയ പഠനം വ്യക്തമാക്കുന്നത് കേരളത്തിലെ ആദിവാസികൾ അക്ഷരാർഥത്തിൽ വംശനാശത്തിന്റെ വക്കിലാണെന്നാണ്. തുടർച്ചയായ രണ്ടു വർഷത്തെ പ്രളയവും കാലാവസ്ഥ മാറ്റവുമൊക്കെ സംസ്ഥാനത്തെ ആദിവാസികളെ ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. പുനരധിവാസ പദ്ധതികളിൽനിന്നെല്ലാം പലപ്പോഴും അവർ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇപ്പോഴും, പ്രളയ ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കുന്ന ആദിവാസികൾ നമ്മുടെ സംസ്ഥാനത്തുണ്ടെന്ന് പറഞ്ഞാൽ ആർക്കെങ്കിലും വിശ്വസിക്കാനാവുമോ? ഇങ്ങനെ മുഖ്യധാരയുടെ പുറംപോക്കിൽ ജീവിക്കേണ്ടി വരുന്ന മനുഷ്യരെ ചേർത്തുപിടിക്കാനാണ് മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളുമെല്ലാം ഊരുകളിലേക്ക് ഇറങ്ങിപ്പുറപ്പെടാറുള്ളത്. അതിനെ മാവോവാദത്തിന്റെ പുകമറ സൃഷ്ടിച്ച് ഇല്ലാതാക്കുന്നത് നന്നല്ല. അപകടം നിറഞ്ഞ ആ സർക്കുലർ പിൻവലിക്കുന്നതാണ് ജനാധിപത്യ സർക്കാറിന് ഭൂഷണം.

Tags:    
News Summary - madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.