ശ്രീലങ്കയിൽനിന്ന് പഠിക്കാനുണ്ട്


അതിശയോക്തിപരമെന്നും അവിശ്വസനീയമെന്നും തോന്നിപ്പോവുന്ന വാർത്തകളാണ് അയൽരാജ്യമായ ശ്രീലങ്കയിൽനിന്ന് വരുന്നത്. 1948ൽ സ്വതന്ത്രമായ ആ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇന്ന് കടന്നുപോവുന്നത്. അവശ്യവസ്​തുക്കളുടെ ദൗർലഭ്യം കാരണം ജനജീവിതം സ്​തംഭിച്ചിരിക്കുകയാണ്.

രണ്ടര കോടിവരുന്ന ജനസംഖ്യയിൽ നല്ലൊരു ശതമാനം പട്ടിണിയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ഭക്ഷ്യവസ്​തുക്കൾ, ഗ്യാസ്​, പെേട്രാളിയം ഉൽപന്നങ്ങൾ, മരുന്ന് എന്നിവയെല്ലാം കിട്ടാചരക്കായി മാറിക്കൊണ്ടിരിക്കുന്നു. വിദ്യാലയങ്ങളിലെ വാർഷികപ്പരീക്ഷ അനിശ്ചിതമായി നീട്ടിവെച്ച അറിയിപ്പാണ് രണ്ടുദിവസം മുമ്പു വന്നത്. കാരണം, ആവശ്യത്തിന് കടലാസ്​ ലഭ്യമല്ല!

സാമാന്യം നല്ല നിലവാരത്തിൽ പോയിക്കൊണ്ടിരിക്കുന്ന ഒരു രാജ്യം പൊടുന്നനെ ഈ അവസ്​ഥയിലേക്ക് എടുത്തെറിയപ്പെട്ടത് എന്തുകൊണ്ടെന്ന് എല്ലാവരും ആലോചിക്കേണ്ടതാണ്. ഈ സാമ്പത്തിക പ്രതിസന്ധി ആ ജനതയെ പട്ടിണി മരണങ്ങളിലേക്കും ആഭ്യന്തര കലാപത്തിലേക്കും നയിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കേണ്ട ബാധ്യത അന്താരാഷ്ട്ര സമൂഹത്തിനുമുണ്ട്. ഭക്ഷ്യദൗർലഭ്യം കാരണം ആളുകൾ കടൽകടന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന വാർത്തകളാണ് ഏറ്റവും ഒടുവിൽ വരുന്നത്. കാര്യങ്ങൾ ഈ നിലക്കുതന്നെ പോവുകയാണെങ്കിൽ വലിയ മാനുഷിക ദുരന്തത്തിനായിരിക്കും ആ രാജ്യം സാക്ഷ്യംവഹിക്കാൻ പോവുന്നത്.

സ്വതന്ത്രരാജ്യം ആവശ്യപ്പെട്ട് പ്രവർത്തിക്കുന്ന തമിഴ് പുലികളുമായുള്ള സംഘർഷമായിരുന്നു ശ്രീലങ്ക അനുഭവിച്ചിരുന്ന ഏറ്റവും വലിയ പ്രശ്നം. എന്നാൽ, 2009ൽ നടത്തിയ വൻ സൈനിക നീക്കത്തിലൂടെ എൽ.ടി.ടി.ഇയെ ഏതാണ്ട് അവസാനിപ്പിക്കാൻ ഭരണകൂടത്തിന് സാധിച്ചു. രാജ്യത്തെ ദശാബ്ദങ്ങളോളം പ്രയാസപ്പെടുത്തിയിരുന്ന 'ആഭ്യന്തരശത്രു'വിനെ അവസാനിപ്പിച്ചു കഴിഞ്ഞിരിക്കെ രാജ്യം കൂടുതൽ പുരോഗതിയിലേക്ക് പോവും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ, എൽ.ടി.ടി.ഇ അപ്രത്യക്ഷമായശേഷം ശ്രീലങ്ക കൂടുതൽ പിറകോട്ട് പോകുന്നതാണ് കണ്ടത്. അതിെന്‍റ പരമകാഷ്ഠയിലാണ് രാജ്യം ഇപ്പോൾ എത്തിയിരിക്കുന്നത്.

ശ്രീലങ്കൻ പ്രതിസന്ധിയുടെ കാരണങ്ങളെന്ത് എന്ന അന്വേഷണത്തിൽ ആളുകൾ പല ഉത്തരങ്ങൾ പറയുന്നുണ്ട്. ലളിതമായി പറഞ്ഞാൽ, വിദേശ നാണയശേഖരം കുറഞ്ഞതും പണപ്പെരുപ്പം വർധിച്ചതുമാണ് പ്രതിസന്ധിക്ക് കാരണം. ഇതു പക്ഷേ, സാമ്പത്തിക ശാസ്​ത്രപരമായ ഉത്തരം മാത്രമാണ്. അതിനപ്പുറം രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങൾ ഈ പ്രതിസന്ധിക്കുണ്ട്. അവ പരിഹരിച്ചാൽ മാത്രമേ ശ്രീലങ്കക്ക് തിരിച്ചുവരാൻ പറ്റുകയുള്ളൂ. പക്ഷേ, അങ്ങനെ തിരിച്ചുവരാവുന്ന ഘട്ടം ആ രാജ്യം പിന്നിട്ടു കഴിഞ്ഞുവെന്നതാണ് ഏറ്റവും ദുരന്തപൂർണമായ വശം.

എൽ.ടി.ടി.ഇയെ സൈനികമായി തറപറ്റിച്ച ശേഷം, തമിഴ് ജനതയെ രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാക്കാനോ മുഖ്യധാരയിലേക്ക് കൊണ്ടുവരാനോ ഒരു ശ്രമവും ഭരണകൂടം നടത്തിയിരുന്നില്ല. മറിച്ച്, അവരെ കൂടുതൽ ശത്രുക്കളാക്കുന്ന നടപടികളാണ് സർക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായത്. കൂട്ടക്കൊലകളടക്കമുള്ള അതിക്രമങ്ങളും വ്യവസ്​ഥാപിത വിവേചനവും തുടർച്ചയായുണ്ടായി. ജനസംഖ്യയിൽ ഒമ്പതു ശതമാനം വരുന്ന മുസ്​ലിംകൾക്കുനേരെയും വലിയ തോതിലുള്ള ഭരണകൂട വിവേചനങ്ങളും അതിക്രമങ്ങളും അരങ്ങേറി. 2019ലെ ഈസ്റ്റർദിന തീവ്രവാദി ആക്രമണങ്ങൾ ഈ പ്രവണതയെ കൂടുതൽ ശക്തിപ്പെടുത്തി.

ചുരുക്കിപ്പറഞ്ഞാൽ, രാജ്യത്തെ പ്രബലമായ രണ്ടു ന്യൂനപക്ഷങ്ങളെ അപരവത്കരിച്ച് സിംഹള ദേശീയതയിൽ അടിസ്​ഥാനപ്പെടുത്തിയ ഭരണകൂടമാണ് കുറച്ചു വർഷങ്ങളായി ശ്രീലങ്കയെ നയിച്ചുകൊണ്ടിരിക്കുന്നത്. തീവ്ര സിംഹള വംശീയതയും രാജപക്സ കുടുംബത്തിെന്‍റ താൽപര്യങ്ങളും ചേരുംപടി ചേർന്നുള്ള ഒരു സംവിധാനമായി ശ്രീലങ്കൻ ഭരണകൂടം ചുരുങ്ങി.

അവശ്യവസ്​തുക്കൾക്ക് ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ശ്രീലങ്ക. ടൂറിസമാണ് അതിെന്‍റ ജി.ഡി.പിയിൽ പത്തു ശതമാനവും സംഭാവന ചെയ്യുന്നത്. 2019ലെ ഈസ്റ്റർ ദിന ഭീകരാക്രമണങ്ങൾ രാജ്യത്തിെന്‍റ ടൂറിസം വ്യവസായത്തിൽ വലിയ ഇടിവുണ്ടാക്കിയിരുന്നു. അതിെന്‍റ ആഘാതം അവസാനിക്കുന്നതിന് മുമ്പാണ് കോവിഡ് ലോകത്തെ പിടിച്ചുലക്കുന്നത്. അതായത്, ശ്രീലങ്കക്ക് വിദേശനാണ്യം നേടിത്തരുന്ന പ്രധാനപ്പെട്ടൊരു മേഖല ഇല്ലാതാവുകയായിരുന്നു. അതിനിടയിലാണ് ചൈനയിൽനിന്ന് ബില്യൻ കണക്കിന് ഡോളറുകൾ കടമെടുത്തുകൊണ്ട് വമ്പൻ പദ്ധതികൾ രാജ്യത്ത് തുടങ്ങിയത്. വരുമാനം കുറയുകയും ചെലവ് വർധിക്കുകയും ചെയ്താൽ എന്താണോ സംഭവിക്കുക അതാണ് അവിടെ പിന്നെ സംഭവിച്ചത്. വരുമാനം കുറഞ്ഞുവെന്ന് മാത്രമല്ല, ഭീമൻ വിദേശ കടങ്ങൾ രാജ്യത്തിനുമേൽ കെട്ടിവെച്ച വമ്പിച്ച പലിശ തിരിച്ചടക്കാൻ പറ്റാത്ത അവസ്​ഥയിൽ രാജ്യമെത്തി. വിദേശ നാണയ ശേഖരം കുറഞ്ഞുവന്നത് ഇറക്കുമതിയെ ബാധിച്ചു. വിലക്കയറ്റം റോക്കറ്റ് വേഗത്തിലായി. അവശ്യവസ്​തുക്കൾ കിട്ടാതായി.

ഇന്ധന ലഭ്യത കുറഞ്ഞതോടെ വ്യവസായങ്ങളെയും വൈദ്യുതി ഉൽപാദനത്തെയും അത് ബാധിച്ചു. വൈദ്യുതി ഉൽപാദനം മണിക്കൂറുകൾ നേരത്തേക്ക് മാത്രമായി. അങ്ങനെ വരുമ്പോൾ അതിന്‍റെ തുടർചലനങ്ങൾ എന്തായിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. ഇപ്പോൾ പെേട്രാൾ ബങ്കുകൾക്ക് മുന്നിൽ കിലോമീറ്ററുകൾ നീണ്ട ക്യൂവാണ്. പട്ടാളത്തെ ഇറക്കിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ആളുകൾ ക്യൂവിൽ കിടന്ന് മരിക്കുന്ന വാർത്തകളും വന്നുകൊണ്ടിരിക്കുന്നു. കടംകൊടുത്ത് ശ്രീലങ്കയെ പലിശക്കെണിയിൽപെടുത്തിയ ചൈന ഇപ്പോൾ തിരിഞ്ഞുനോക്കുന്നില്ലെന്ന വിമർശനവും വരുന്നുണ്ട്. ചൈനയുടെ 'കടക്കെണി നയതന്ത്ര'ത്തിന്‍റെ ഇരയാണ് ശ്രീലങ്ക എന്ന് കരുതുന്നവരുമുണ്ട്.

പലിശ വ്യക്തികളെയും കുടുംബങ്ങളെയും മാത്രമല്ല, രാജ്യങ്ങളെയും കുത്തുപാളയെടുപ്പിക്കുമെന്നതാണ് സത്യം. വരുമാനത്തിന് ആനുപാതികമായേ ചെലവഴിക്കാവൂ എന്നതും വലിയ പാഠമാണ്. രാജ്യനിവാസികളെ എല്ലാവരെയും വിശ്വാസത്തിലെടുത്തും പരിഗണിച്ചും മാത്രമേ ഏതു രാജ്യത്തിനായാലും മുന്നോട്ടു പോവാൻ സാധ്യമാവൂ എന്നതും വലിയ പാഠമാണ്.

Tags:    
News Summary - Lessons from Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.