സംവരണം അടിമേൽ അട്ടിമറിക്കുന്ന ഇടത് സർക്കാർ



ർക്കാറി​െൻറ വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ബോർഡ്-കോർപറേഷനുകൾ സംസ്​ഥാനത്തുണ്ട്. അവക്കെല്ലാം ബോർഡ് അംഗങ്ങളും ചെയർമാന്മാരുമുണ്ട്. എന്നാൽ, കാബിനറ്റ് റാങ്കോടുകൂടിയ ചെയർമാനെ ലഭിക്കാൻ മുന്നാക്ക വികസന കോർപറേഷന് മാത്രമേ ഭാഗ്യമുണ്ടായുള്ളൂ. 'മുന്നാക്ക വികസന കോർപറേഷൻ' എന്ന പേര് സ്വയംതന്നെ ഒരു വിരുദ്ധോക്തിയാണ്​. മുന്നാക്കക്കാരെ പിന്നെയും മുന്നോട്ട് നയിക്കാൻ പ്രത്യേക സംവിധാനമെന്തിന് എന്ന ചോദ്യം അവിടെയുണ്ട്. അതിരിക്കട്ടെ, അതിെൻറ ചെയർമാനുമാത്രം മറ്റ് കോർപറേഷനുകളുടെ ചെയർമാന്മാർക്കില്ലാത്ത സവിശേഷത എങ്ങനെയാണ് വന്നുചേരുന്നത്? പിന്നാക്ക വികസന കോർപറേഷനില്ലാത്ത എന്ത് മഹത്വമാണ് മുന്നാക്ക വികസന കോർപറേഷനുള്ളത്? പിണറായി വിജയൻ സർക്കാറി​െൻറ നയം അതാണ് എന്നതാണ് ഉത്തരം. ചരിത്രത്തിലില്ലാത്തവിധം സവർണ-മുന്നാക്ക പ്രീണനം നയമായി സ്വീകരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ. ഏറ്റവും ഒടുവിൽ പത്തു ശതമാനം മുന്നാക്ക സംവരണം കൊണ്ടുവന്ന് അവിശ്വസനീയമായ വേഗത്തിൽ എല്ലാ മേഖലയിലും അത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. മുന്നാക്കസംവരണം എന്ന കാഴ്ചപ്പാടിെൻറ അടിസ്​ഥാന സൈദ്ധാന്തികപ്രശ്നങ്ങളല്ല, സംവരണത്തെത്തന്നെ അട്ടിമറിച്ചുകൊണ്ട് സർക്കാർ അത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രീതിയാണ് ഇവിടെ ചർച്ചചെയ്യുന്നത്.

ലളിതമായ ചില കണക്കുകൾ പറയാം: സംസ്​ഥാന ജനസംഖ്യയിൽ 23 ശതമാനം വരുന്ന പിന്നാക്കസമൂഹമാണ് ഈഴവർ. സംസ്​ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ആകെ പി.ജി സീറ്റുകൾ 849. അതിൽ ഈഴവ സംവരണം 13. ജനസംഖ്യയിൽ 26 ശതമാനം വരും മുസ്​ലിംകൾ. അവർക്ക് സംവരണം ചെയ്ത മെഡിക്കൽ പി.ജി സീറ്റുകൾ ഒമ്പത്​. മുന്നാക്ക സമൂഹങ്ങളെ ആകെയെടുത്താൽ 20 ശതമാനം മാത്രമേ വരൂ. അവർക്ക് സംവരണം ചെയ്തിരിക്കുന്നത് 30 സീറ്റുകൾ! മെഡിക്കൽ പി.ജിയിലെ സംവരണ തോത് ശതമാനക്കണക്കിൽ ഇങ്ങനെയാണ്: ഈഴവർ മൂന്ന്, മുസ്​ലിം രണ്ട്, പിന്നാക്ക ഹിന്ദു ഒന്ന്​, ലത്തീൻ ഒന്ന്​, മുന്നാക്ക സമുദായം പത്ത്. മെഡിക്കൽ പി.ജിയിൽ നേരത്തെ തന്നെ പിന്നാക്കസംവരണ തോത് കുറവായിരുന്നു. അഖിലേന്ത്യാ ​േക്വാട്ട ഉള്ളതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അതായത്, അഖിലേന്ത്യാ ​േക്വാട്ട കഴിച്ചുള്ള സീറ്റുകളുടെ നിശ്ചിത ശതമാനമാണ് സംവരണത്തിന് അടിസ്​ഥാനമായി സ്വീകരിച്ചത്.

എന്നാൽ, മുന്നാക്കസംവരണമാകട്ടെ, മൊത്തം സീറ്റുകൾ അടിസ്​ഥാനമാക്കിയും. എം.ബി.ബി.എസ്​ പ്രവേശനത്തിനും ഇങ്ങനെത്തന്നെയാണ് കാര്യങ്ങൾ. അവിടെ ഈഴവനും മുസ്​ലിമിനും യഥാക്രമം 94ഉം 84ഉം സീറ്റുകളിൽ സംവരണാവകാശം ലഭിക്കുമ്പോൾ മുന്നാക്ക ജാതിക്കാർക്ക് 130 സീറ്റുകളാണ് നീക്കിവെച്ചിരിക്കുന്നത്. എൻട്രൻസ്​ റാങ്ക് ലിസ്​റ്റിൽ 8416ാം സ്​ഥാനത്തുള്ള മുന്നാക്ക ജാതിക്കാരന് എം.ബി.ബി.എസ്​ പ്രവേശനം ലഭിച്ചപ്പോൾ 1654ാം റാങ്കുകാരനായ ഈഴവ വിദ്യാർഥിക്കേ സംവരണം ലഭിക്കുന്നുള്ളൂ. ഹയർ സെക്കൻഡറി സീറ്റുകളുടെ കാര്യം ഇതിലും ഗംഭീരമാണ്. അവിടെ ഈഴവ, മുസ്​ലിം സമുദായങ്ങൾക്കായി യഥാക്രമം 13002, 11313 സീറ്റുകളാണ് സംവരണം ചെയ്തിരിക്കുന്നതെങ്കിൽ മുന്നാക്ക ജാതിക്കാർക്ക് 16711 സീറ്റുകൾ നീക്കിവെച്ചിരിക്കുകയാണ്. ഇതിന് വിചിത്രമായ മറ്റൊരു വശം കൂടിയുണ്ട്. ഹയർ സെക്കൻഡറി സീറ്റുകളുടെ ദൗർലഭ്യം കാരണം ഏറെ പ്രയാസപ്പെടുന്നവരാണ് മലബാറിലെ വിദ്യാർഥികൾ. മലബാറിലെ പല ജില്ലകളിലും വിദ്യാർഥികൾ ആവശ്യത്തിന് സീറ്റില്ലാതെ പ്രയാസപ്പെടുമ്പോൾ തന്നെ മുന്നാക്കക്കാർക്ക് വേണ്ടി വിശാലമായി സംവരണം ചെയ്യപ്പെട്ട സീറ്റുകളിൽ അപേക്ഷാർഥികൾ ഇല്ലാത്തതു കാരണം ഒഴിഞ്ഞു കിടക്കുകയാണ്.

ഇന്ത്യയിൽത്തന്നെ എവിടെയും കേട്ടുകേൾവിയില്ലാത്ത അതിവിചിത്രമായ തരത്തിലുള്ള സവർണ സംവരണമാണ് ഇടതുപക്ഷ സർക്കാർ കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സവർണ സംവരണത്തിനുവേണ്ടി എന്നും വാദിക്കാറുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങളിൽപോലും ഇത്രയുമധികം സംവരണമില്ല. മുന്നാക്കസംവരണത്തിെൻറ പരമാവധി പരിധിയാണ് യഥാർഥത്തിൽ 10 ശതമാനം എന്നത്. കേരളത്തിൽ തുടങ്ങിയതുതന്നെ 10 ശതമാനത്തിൽനിന്നാണ്. എൽ.ഡി.എഫ് സർക്കാറി​െൻറ സവർണവിധേയത്വത്തിെൻറയും പിന്നാക്ക വഞ്ചനയുടെയും ഞെട്ടിക്കുന്ന കഥകളാണ് സംവരണ കണക്കുകൾ പുറത്തു കൊണ്ടുവരുന്നത്.

എന്നാൽ, ഇതിനെ ചോദ്യം ചെയ്യാനുള്ള രാഷ്​ട്രീയ ഇച്ഛാശക്തി മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനില്ല. സവർണ മേധാശക്തികളുടെ കൈകകളിൽതന്നെയാണ് അതിെൻറ നേതൃത്വം. സംവരണം തങ്ങളുടെ രാഷ്​​ട്രീയ അജണ്ടയുടെ ഭാഗമാക്കിയ മുസ്​ലിം ലീഗ് ഇതേക്കുറിച്ച് മൗനം പാലിക്കുന്നതാണ് ദുരൂഹമായിട്ടുള്ളത്. സവർണ തീട്ടൂരങ്ങൾക്കു മുമ്പിൽ മുസ്​ലിംലീഗ് നേതൃത്വവും പകച്ചുനിൽക്കുകയാണോ? സംവരണം എന്ന ആശയത്തെ പ്രയോഗത്തിൽ അടിമേൽ അട്ടിമറിക്കുന്ന സർക്കാർ നടപടികൾക്കെതിരെ പിന്നാക്ക സമൂഹങ്ങളുടെ വിശാല സമരൈക്യം രൂപപ്പെടുകയാണ് വേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.