നേതാക്കൾ മൗനത്തിലാണ്


'നിർഭയക്കുവേണ്ടി ഇന്ത്യ രണ്ടു മിനിറ്റ് മൗനമാചരിച്ചു; കുറ്റവാളികളെ കൊന്നു. ബിൽക്കീസിന്റെ കാര്യത്തിൽ മൗനം മാത്രമായി' -പതിനൊന്ന് കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്റെ നടപടിയിൽ പ്രതികരിക്കേണ്ട പലരും പുലർത്തുന്ന നിശ്ശബ്ദതയെപ്പറ്റി സമൂഹമാധ്യമങ്ങളി​ൽവന്ന നിരീക്ഷണങ്ങളിൽ ഒന്നാണിത്. ഗർഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കിയും മൂന്നു വയസ്സുള്ള മകളെ ഉമ്മയിൽനിന്ന് തട്ടിയെടുത്ത് പാറയിൽ എറിഞ്ഞ് കൊലപ്പെടുത്തിയും മറ്റു ബന്ധുക്കളെയും മാനഭംഗപ്പെടുത്തി വെട്ടിനുറുക്കിയും കൊന്നുമൊക്ക താണ്ഡവമാടി നിയമത്തെയും മനുഷ്യത്വത്തെയും വെല്ലുവിളിച്ച കാപാലികരു​ടെ കുറ്റം തെളിഞ്ഞതും അവർക്കെതിരെ ശിക്ഷ വിധിക്കപ്പെട്ടതും, കേസ് വിചാരണ സുപ്രീംകോടതി ഇടപെട്ട് ബോംബെ ഹൈകോടതിയിലേക്ക് മാറ്റിയ ശേഷമാണ്. അവർക്ക് ശിക്ഷാമുക്തി നൽകിയത്, പക്ഷേ, മഹാരാഷ്ര്ട സർക്കാറല്ല, ഗുജറാത്ത് സർക്കാറാണ്. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതും രാജ്യത്തിന്റെ പ്രതിച്ഛായ പാതാളത്തോളമെത്തിച്ചതുമായ ഈ നടപടി വ്യാപകമായി വിമർശിക്കപ്പെട്ടിരിക്കുന്നു. എതിർപ്പ് പരസ്യമാക്കിയവരിൽ അമേരിക്കയിലെ മതസ്വാതന്ത്ര്യ കമീഷൻ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഇന്ത്യക്കകത്തെ മതസംഘടനകളും രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും മുൻ ജഡ്ജിമാരുമെല്ലാം ഉണ്ട്. ആറായിരം പൗരപ്രമുഖർ പ്രസ്താവന ഇറക്കി. വിവിധ വനിതാ പ്രസ്ഥാനങ്ങളും മനുഷ്യാവകാശ, പൗരാവകാശ സംഘടനകളും എഴുത്തുകാരുടെ കൂട്ടായ്മകളുമെല്ലാം, നിയമവാഴ്ചയുള്ള ഒരു സംസ്കൃത സമൂഹത്തിനും ചേരാത്ത ഈ വിട്ടയക്കൽ നടപടിയെ എതിർക്കുക മാത്രമല്ല, അത് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. അതേസമയം, പൊതുസമൂഹത്തെ സ്വാധീനിക്കാൻ ശേഷിയുള്ള കുറെ ദേശീയ മാധ്യമങ്ങളും സാംസ്കാരിക നായകരും ഒന്നുമറിഞ്ഞില്ലെന്ന ഭാവത്തിൽ ഇരിക്കുന്നു എന്നത് സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കിയ ഇന്ത്യയെപ്പറ്റി ഭയജനകമായ ചിലത് ബോധ്യപ്പെടുത്തുന്നു.

ഗുജറാത്ത് സർക്കാറിന്റെ നടപടി നിയമപരമായോ നൈതികമായോ ന്യായീകരിക്കാനാകാത്തതാണെന്ന് നിയമജ്ഞർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, ഒരു രാജ്യത്തിന്റെ മനഃസാക്ഷിയെ ബാധിച്ച ഗുരുതരമായ രോഗം തിരിച്ചറിയാൻ കഴിയാത്തവരുണ്ട് എന്നത് ഭയപ്പെടുത്തണം. വിട്ടയക്കൽച്ചട്ടങ്ങളിൽ 2015ൽ മാറ്റം വരുത്തിയ മാനദണ്ഡത്തിനുപകരം 1992ലെ മാനദണ്ഡം പ്രയോഗിച്ചും വിട്ടയക്കൽ നയത്തിൽനിന്ന് ബലാത്സംഗക്കുറ്റവാളികളെ ഒഴിവാക്കിയ നിയമം അവഗണിച്ചും, സി.ബി.ഐ അന്വേഷിച്ച കേസിൽ കേന്ദ്രത്തിന്റെ അനുമതി അനിവാര്യമാണെന്നത് മറച്ചുവെച്ചും കേന്ദ്രം തന്നെ പുതിയ വിട്ടയക്കൽ നടപടികളോടനുബന്ധിച്ച് ഇറക്കിയ മാർഗനിർദേശം ലംഘിച്ചും ഈ പതിനൊന്നുപേരെ തിരഞ്ഞുപിടിച്ച് വിട്ടയച്ചതിലെ നീതിയും ന്യായവും ഇരിക്കട്ടെ. അതിനീചമായ കുറ്റം ചെയ്തവർ വിട്ടയക്കപ്പെട്ടപ്പോൾ അവർക്ക് പരസ്യമായി ആദരവും മധുരവും സമർപ്പിക്കാൻ ഒരുകൂട്ടമാളുകൾ ഉണ്ടായി എന്നതും അവർ കേന്ദ്രത്തിലും ഗുജറാത്തിലുമുള്ള മുഖ്യ ഭരണകക്ഷിയുടെ സ്വന്തക്കാരാണെന്നതും കാണിക്കുന്നത് ആർഷഭാരതത്തിന്റെ ധർമച്യുതി തീർത്തും പ്രകടമായിക്കഴിഞ്ഞു എന്നാണല്ലോ. മഹാപാപവും കുറ്റകൃത്യങ്ങളും ആഘോഷിക്കുന്ന മാനസികാവസ്ഥയിൽ രാജ്യത്തെ മേധാശക്തികൾ എത്തിപ്പെട്ടാൽ അത് തിരിച്ചറിഞ്ഞ് ശരിയായ വഴിയിലേക്ക് സമൂഹത്തെ മാറ്റിനടത്തേണ്ട ചുമതല നേതാക്കൾക്കുണ്ട്. നാം 76 തവണ ആഘോഷിച്ച സ്വാതന്ത്ര്യം ലഭിക്കാൻ നടത്തിയ ദീർഘ സമരത്തിലുടനീളം അനുയായികളുടെ തെറ്റുകൾ തിരുത്താൻ നേതാക്കൾ സ്വീകരിച്ച പലതരം മാർഗങ്ങളെപ്പറ്റി ചരിത്രത്തിലുണ്ട്. ഗുണദോഷിച്ചും കർക്കശമായി ശാസിച്ചും ഉപവാസമനുഷ്ഠിച്ചുമൊക്കെ ധാർമിക ചിന്തയെ തൊട്ടുണർത്താൻ നേതാക്കളും പ്രസ്ഥാനങ്ങളും ശ്രദ്ധിച്ചു.

പക്ഷേ, ഇന്ന് നാമത് കാണുന്നില്ല. സ്ത്രീകളോടു പുലർത്തേണ്ട ആദരത്തെപ്പറ്റി ദീർഘമായിത്തന്നെ പ്രധാനമന്ത്രി മോദി പ്രസംഗിച്ച സ്വാതന്ത്ര്യദിനത്തിൽ തന്നെയാണ് കുറ്റവാളികളെ മോചിപ്പിച്ച് സ്ത്രീത്വത്തെ ഗുജറാത്ത് ''ആദരി''ച്ചത്. ഇതിനെപ്പറ്റിയോ കുറ്റവാളികൾക്ക് സ്വന്തം പക്ഷക്കാർ നൽകിയ സ്വീകരണത്തെപ്പറ്റിയോ പ്രധാനമന്ത്രി എന്തെങ്കിലും പറഞ്ഞതായി കേട്ടില്ല. ഒരു ട്വീറ്റ് പോലും കണ്ടില്ല. രാജ്യത്തിന്റെ രണ്ടാം വനിത രാഷ്ട്രപതിയായി പദവിയേറ്റ ഉടനെ ദ്രൗപദി മുർമു നേരിട്ട പരീക്ഷണം കൂടിയാണ് സ്ത്രീത്വത്തെ പിച്ചിച്ചീന്തിയവർക്ക് നൽകിയ സ്വാതന്ത്ര്യവും ആദരവും; അവരും ഇടപെട്ടതായി അറിവില്ല. ബി.ജെ.പിയുടെ വനിത മന്ത്രിമാരിലും എം.പിമാരിലും മറ്റു ജനപ്രതിനിധികളിലും അനേകംപേർ വാചാലമായി പ്രതികരിക്കുന്നവരാണ്. ഇക്കാര്യത്തിൽ അവരും മൗനം. ആം ആദ്മി പാർട്ടിപോലുള്ള ചില സംഘങ്ങളും മൗനത്തിലാണ്. മനഃസാക്ഷിയുടെ ശബ്ദം അങ്ങുമിങ്ങും കേൾക്കാതെയല്ല. ബി.ജെ.പിയുടെ രാജ്യസഭാംഗവും അഭിഭാഷകനുമായ മഹേഷ് ജെത് മലാനി, പ്രധാനമന്ത്രിയുടെ 'നാരീശക്തി' നയവുമായി ഒത്തു​പോകാത്തതാണ് ഗുജറാത്ത് നടപടി എന്നു പറയാനുള്ള ആർജവമെങ്കിലും കാണിച്ചു. കേന്ദ്രസഹമന്ത്രി വി. മുരളീധരനെപ്പോലെ ചിലരെങ്കിലും കുറ്റവാളികളെ വിട്ടയച്ചത് ന്യായീകരിക്കാൻ ശ്രമിച്ചതായും കണ്ടു. മനുഷ്യത്വത്തിന്റെ അടിസ്ഥാന തത്ത്വങ്ങളുടെ കാര്യത്തിലെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ തൽക്കാല സമ്മർദങ്ങൾ മറികടന്ന് മനഃസാക്ഷിയുടെ, മതധാർമികതയുടെ, ഗുണദോഷവിചാരത്തിന് ചെവികൊടുക്കാൻ നമുക്ക് കഴിയേണ്ടതല്ലേ? ഇത് ഒരു ബിൽക്കീസ് ബാനുവിന്റെയോ 11 കുറ്റവാളികളുടെയോ മാത്രം കാര്യമല്ല. മനുഷ്യരായി ജനിച്ചവരൊന്നും കൈവിടരുതാത്ത മൂല്യങ്ങളുടെ ഇത്തിരി ബാക്കിയുടെ കാര്യമാണ്.


Tags:    
News Summary - leaders are silent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.