പൊലീസിലെ അത്യാവേശക്കാര്‍

‘സര്‍ക്കാറിന്‍െറ പൊലീസ് ആക്ടിനും നയത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചില ഉദ്യോഗസ്ഥര്‍ സംസ്ഥാന പൊലീസ് സേനയിലുണ്ട് എന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം’- പ്രതിപക്ഷത്തുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയോ സര്‍ക്കാര്‍ വിമര്‍ശകരുടെയോ വാക്കല്ല ഇത്. ഭരണകക്ഷിയായ സി.പി.എമ്മിന്‍െറ പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ ചൊവ്വാഴ്ച ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍നിന്നാണിത്. കോടിയേരി ഉദ്ദേശിക്കുന്ന ‘സമീപകാല സംഭവങ്ങള്‍’ എന്താണെന്ന് പത്രവായനക്കാര്‍ക്കെല്ലാം അറിയാം. അതേക്കുറിച്ച് ലളിതമായി ഇങ്ങനെ പറയാം: ദേശീയത ഉന്മാദം പിടിപെട്ട ചിലയാളുകള്‍ അവര്‍ക്ക് രാഷ്ട്രീയ/ആശയ വിയോജിപ്പുള്ള ആളുകള്‍ക്കെതിരെ പരാതി കൊടുക്കുന്നു. പരാതി ലഭിക്കുന്ന മുറക്ക് പൊലീസ് ബന്ധപ്പെട്ടവരെ പൊക്കിക്കൊണ്ടു പോകുന്നു; രാജ്യദ്രോഹത്തിനുള്ള 124 (എ) വകുപ്പ് മുതല്‍ യു.എ.പി.എ വരെ ചുമത്തുന്നു.

ഏത് പൊലീസ് ഉദ്യോഗസ്ഥനും ഇഷ്ടംപോലെ എടുത്തുവീശാവുന്ന വാളായി ദേശദ്രോഹ വകുപ്പും യു.എ.പി.എയും സമീപകാലത്ത് മാറി. ഈ അവസ്ഥ ശക്തിപ്പെട്ടുവരുകയായിരുന്നു. യുവമോര്‍ച്ചയുടെ ആജ്ഞക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമായി കേരള പൊലീസ് അധ$പതിച്ചതായി ചിലര്‍ രൂക്ഷമായിതന്നെ ഈ പ്രവണതയെ വിമര്‍ശിച്ചു. അത് പ്രതിപക്ഷത്തുള്ളവരുടെ പതിവ് ശൈലിയെന്ന നിലക്ക് വേണമെങ്കില്‍ തള്ളിക്കളയാം. അവര്‍ ഭരണത്തിലിരിക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര മെച്ചമൊന്നുമായിരുന്നില്ല എന്ന അവസ്ഥ മറന്നുകൊണ്ടാണ് അവരിത് പറയുന്നതും.  അത് വിട്ടേക്കാം. പക്ഷേ, മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനും പൊലീസ് നിലപാടുകള്‍ക്കെതിരെ തിങ്കളാഴ്ചതന്നെ രംഗത്തുവന്നിരുന്നു. അതായത്, പൊലീസില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് എന്ന കാര്യം ഭരണപക്ഷത്തുള്ളവര്‍ തന്നെ അംഗീകരിക്കുന്നു.

കമല്‍ സി. ചവറ എന്ന എഴുത്തുകാരനെതിരെയും അദ്ദേഹത്തെ ആശുപത്രിയില്‍ സഹായിക്കാന്‍ വന്ന നദി ഗുല്‍മോഹര്‍ എന്ന ചെറുപ്പക്കാരനെതിരെയും പൊലീസ് എടുത്ത നടപടികളാണ് ഏറ്റവുമൊടുവില്‍ വന്‍വിവാദമായത്. ദേശീയഗാനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന്‍െറ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി പിടിച്ചുകൊണ്ടുപോവുക എന്നൊക്കെ പറഞ്ഞാല്‍ ഭ്രാന്തന്‍ നിലപാടുകളുടെ ഭാഗമാണ്. കാടന്‍ നിയമമെന്ന് സി.പി.എം കേന്ദ്ര നേതൃത്വംതന്നെ വിലയിരുത്തിയ നിയമമാണ് യു.എ.പി.എ. അത് കേരളത്തില്‍ ആദ്യമായി എടുത്ത് ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ്. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ അത് കൂടുതല്‍ ആവേശത്തോടെ ഉപയോഗിക്കാന്‍ തുടങ്ങി. അങ്ങനെ യു.എ.പി.എ ചുമത്തപ്പെട്ട കേസാണ് കണ്ണൂരിലെ നാറാത്ത് കേസ്. പ്രസ്തുത കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ളെന്ന് തിങ്കളാഴ്ച ഹൈകോടതി വിധി വന്നിരിക്കുന്നു.

തോന്നുംപോലെ യു.എ.പി.എ എടുത്തു വീശുന്നവര്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണ് യഥാര്‍ഥത്തില്‍ നാറാത്ത് കേസിലെ ഹൈകോടതി വിധി.
ബൂര്‍ഷ്വ ഭരണകൂടത്തിന്‍െറ മര്‍ദന ഉപകരണങ്ങളിലൊന്നായാണ് താത്ത്വികമായി കമ്യൂണിസ്റ്റുകള്‍ പൊലീസിനെ കാണുന്നത്. എന്നാല്‍, ഇടതുപക്ഷം കാണിക്കേണ്ട സൂക്ഷ്മതയും ജാഗ്രതയും നിലവില്‍ സംസ്ഥാനത്തെ പൊലീസ് ഭരണത്തില്‍ ഉണ്ടാകുന്നില്ല എന്നത് സത്യമാണ്. അതേസമയം, അതിനെതിരായ ഗൗരവപ്പെട്ടതും ഗുണാത്മകവുമായ വിമര്‍ശം ഇടതുപക്ഷത്തിനകത്തുനിന്നുതന്നെ വരുന്നുണ്ട് എന്നത് നല്ല ലക്ഷണമാണ്. വി.എസ്. അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവരുടെ പ്രസ്താവനകള്‍ ഇതാണ് കാണിക്കുന്നത്. ഇത്തരം വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് തിരുത്തലുകള്‍ വരുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാവുന്നുവെന്നതിന്‍െറ സൂചനകളും കാണാനുണ്ട്. നദി ഗുല്‍മോഹറിനെ വിട്ടയക്കാനും കമല്‍ സി. ചവറക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാനും തീരുമാനിച്ചത് നല്ല ചുവടുവെപ്പാണ്.

ഇത് കേവലം രണ്ടു യുവാക്കളുടെ കേസുമായി ബന്ധപ്പെട്ട കാര്യം മാത്രമല്ല. ദേശീയതലത്തില്‍ തിടംവെച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷ ഉന്മാദത്തിന് അനുസരിച്ച് തുള്ളുന്നവര്‍ നമ്മുടെ സമൂഹത്തിലും ധാരാളമുണ്ട്. പൊലീസ് സേനയിലുമുണ്ട് ആ മട്ടില്‍ കാര്യങ്ങളെ കാണുന്നവര്‍. മുന്‍ ആഭ്യന്തര മന്ത്രികൂടിയായ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യംഗ്യമായാണെങ്കിലും ഫേസ്ബുക്ക് കുറിപ്പില്‍ ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. അതിനാല്‍, കൂടുതല്‍ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും പൊലീസ് സേനയില്‍ ഇടപെടാന്‍ ഭരണനേതൃത്വത്തിന് സാധിക്കണം. പൊലീസ് സേനയിലെ അത്യാവേശക്കാര്‍ സര്‍ക്കാറിന്‍െറ മുഖം വികൃതമാക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഇടതുപക്ഷത്തിന്‍െറ രാഷ്ട്രീയ ചുമതലയാണ്.

Tags:    
News Summary - kerala police uapa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.