ചിറകുപോയ ലോകായുക്ത


kerala Lokayukta wings losted

2019 ഡിസംബറിൽ സി.പി.എം ജിഹ്വയായ ‘ചിന്ത’യിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെ കുറിച്ചു: ‘‘കുരക്കാൻ മാത്രം കഴിയുന്ന എന്നാൽ, കടിക്കാൻ കഴിയാത്ത കാവൽനായ് എന്നാണ് ഓംബുഡ്‌സ്മാനെക്കുറിച്ച് സാധാരണ പറയാറുള്ള വിശേഷണം. എന്നാൽ, ഓംബുഡ്‌സ്മാന്റെ കേരള പതിപ്പായ ലോകായുക്തക്ക് വിപുലമായ അധികാരങ്ങൾ നിയമപരമായി നൽകിയിരിക്കുന്നു. ആവശ്യമെന്നുകണ്ടാൽ കടിക്കാനും കഴിയുന്ന സംവിധാനമാണ് നമ്മുടെ ലോകായുക്ത.’’ അഴിമതിക്കും ദുർഭരണത്തിനുമെതിരായ സർക്കാറിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായാണ് അദ്ദേഹം ലോകായുക്തയെ അവതരിപ്പിച്ചത്. അത് ശരിയുമായിരുന്നു. ഭരണനിർവഹണ വിഭാഗത്തിലുള്ള അഴിമതി, കാര്യക്ഷമതയില്ലായ്മ, അലംഭാവം, കാലതാമസം തുടങ്ങി പല പ്രവണതകൾക്കുമെതിരെ ആർക്കും പണച്ചെലവില്ലാതെ സമീപിക്കാവുന്ന അർധ ജുഡീഷ്യൽ സ്ഥാപനമായിരുന്നു ലോകായുക്ത. മുഖംനോക്കാതെ പലകാര്യങ്ങളിലും ഉടനടി പരിഹാരവുമുണ്ടായിട്ടുണ്ട്.

എന്നാൽ, ലോകായുക്ത നിയമ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ അതെല്ലാം പഴങ്കഥയായി; ഇനി മുതൽ ‘കുരക്കാൻ മാത്രം കഴിയുന്ന, കടിക്കാൻ കഴിയാത്ത പട്ടി’ മാത്രമായിരിക്കും ലോകായുക്ത. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഒരു പാർട്ടിയും മുന്നണിയും പ്രഖ്യാപിത നയത്തിൽനിന്ന് ബഹുദൂരം പിന്നോട്ടുപോയി എന്നു മാത്രമല്ല; അധികാര കേന്ദ്രങ്ങളിലെ ദുഷ് പ്രവണതകൾക്ക് കുടപിടിക്കുക കൂടി ചെയ്യുന്നുവെന്നുവേണം ഈ നടപടിയെ നിരീക്ഷിക്കാൻ. പൊതുപ്രവർത്തകരെയും ബ്യൂറോക്രാറ്റുകളെയും ഓഡിറ്റ് ചെയ്യാൻ സാധാരണക്കാർക്ക് പ്രാപ്യമായിരുന്ന ഏറ്റവും മികച്ചൊരു ആയുധം പിണറായി സർക്കാർ കവർന്നെടുത്തുവെന്ന് പറഞ്ഞാലും അധികമാകില്ല.

രണ്ടു വർഷം മുമ്പ്, ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസായി ഇടതുസർക്കാർ കൊണ്ടുവന്നിരുന്നു. സംസ്ഥാന സർക്കാറുമായി ഇടഞ്ഞുനിന്നിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓർഡിനൻസിന് ആദ്യം തടസ്സം പറഞ്ഞെങ്കിലും മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ഓർഡിനൻസ് പാസാകുന്നത്. പിന്നീട് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയശേഷം ബിൽ രാജ്ഭവനിലെത്തിയപ്പോഴേക്കും ഇരുകൂട്ടരും തമ്മിലുള്ള വഴക്ക് അതിന്റെ എല്ലാ പരിധിയും കടന്ന് മൂർധന്യത്തിലെത്തിയിരുന്നു. രാജ്ഭവനിലിരുന്ന് കേന്ദ്രസർക്കാറിന്റെ ഇംഗിതങ്ങൾ നടപ്പാക്കിയിരുന്ന ആരിഫ് മുഹമ്മദ് ഖാൻ തടഞ്ഞുവെച്ച ബില്ലുകളെല്ലാം രാഷ്ട്രപതിക്ക് അയച്ചു. അക്കൂട്ടത്തിലൊന്നായിരുന്നു ലോകായുക്ത നിയമ ഭേദഗതി ബില്ലും. ഇതോടൊപ്പമുണ്ടായിരുന്ന സർവകലാശാല ബില്ലുകളടക്കം തടഞ്ഞുവെച്ച രാഷ്ട്രപതി പക്ഷേ, ലോകായുക്തയുടെ കാര്യത്തിൽ ആരിഫ്ഖാനെ തള്ളി ബില്ലിൽ ഒപ്പുവെച്ചു.

നിർഭാഗ്യവശാൽ, രാഷ്ട്രീയത്തിലെ ഈ ‘കോഴിപ്പോര്’ മാത്രമാണ് നമ്മുടെ മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളുമെല്ലാം കണ്ടത്. സ്വാഭാവികമായും അവർ രാഷ്ട്രപതിയുടെ നടപടി ആരിഫ് ഖാന് തിരിച്ചടിയായും പിണറായി സർക്കാറിന്റെ വിജയമായും വിലയിരുത്തി. അതിൽ ശരിയുണ്ടെങ്കിലും, ലോകായുക്ത നിയമഭേദഗതി യാഥാർഥ്യമാകുമ്പോൾ അത് അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പുതിയ രക്ഷാവഴി തുറക്കുകയാണെന്ന വലിയ യാഥാർഥ്യം ഇവിടെ വിസ്മരിക്കപ്പെടുന്നു. അഴിമതിക്കേസിൽ കുറ്റം തെളിഞ്ഞതായി ലോകായുക്ത കണ്ടെത്തിയാൽ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കേണ്ടിവരുമെന്ന വകുപ്പാണ് ഭേദഗതി ചെയ്തതിൽ ഒന്ന്. ഇതുപ്രകാരം മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത ഉത്തരവിട്ടാൽ നിയമസഭയാണ് അപ്പീൽ അതോറിറ്റി. മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രിയും എം.എൽ.എമാർക്കെതിരെ സ്പീക്കറുമാണ് അപ്പീൽ അതോറിറ്റി. ഒരു കേസിൽ ലോകായുക്തയുടെ കണ്ടെത്തലിനും നിരീക്ഷണത്തിനുമപ്പുറം, സർക്കാറിന്റെ താൽപര്യമായിരിക്കും അക്കാര്യത്തിൽ വിധിപറയുക എന്നതാണ് ഈ നിയമഭേദഗതിയുടെ ആത്യന്തിക പരിണതി. കാൽനൂറ്റാണ്ട് കാലത്തോളമായി കുറ്റമറ്റ രീതിയിൽ പോയിക്കൊണ്ടിരുന്ന ഒരു സംവിധാനം നോക്കുകുത്തിയായി മാറിയിരിക്കുന്നു.

ലോകായുക്ത നിയമനം, രാഷ്ട്രീയ പാർട്ടി ഭാരവാഹികൾക്കെതിരായ കേസ് തുടങ്ങിയ വകുപ്പുകളിലും പുതിയ നിയമത്തിൽ കാര്യമായ മാറ്റങ്ങളുണ്ട്. എല്ലാം സംസ്ഥാന സർക്കാറിന്റെ അധികാരപരിധിയിലേക്ക് ചുരുങ്ങിയെന്ന് സംഗ്രഹിക്കാം. 1999ൽ നായനാർ സർക്കാർ കൊണ്ടുവന്ന ലോകായുക്ത, അതേ കാബിനറ്റിൽ അംഗമായവർകൂടി ഉൾക്കൊള്ളുന്നൊരു ഇടതുസർക്കാർതന്നെ അട്ടിമറിച്ചത് ചരിത്രത്തിന്റെ വിധിവൈപരീത്യമാകാം. അന്ന് സഭയിൽ അവതരിപ്പിച്ച കരടിലും ഇപ്പോഴത്തെ ഭേദഗതി നിർദേശങ്ങളുണ്ടായിരുന്നു; പക്ഷേ, ആദർശ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായ ഭരണകക്ഷി അംഗങ്ങൾതന്നെ അതിനെ എതിർത്തതിന്റെ ഫലമായാണ് 24 വർഷം ലോകായുക്ത താരതമ്യേന കുറ്റമറ്റൊരു മാതൃകസ്ഥാപനമായി മാറിയത്. ആ നിലപാട് തെറ്റായിരുന്നുവെന്നാണോ ഇപ്പോൾ സി.പി.എമ്മിന്റെയും ഇടതുസർക്കാറിന്റെയും നിലപാട്? ലോകായുക്തയുടെ ‘പരമമായ’ അധികാരം പൊതുപ്രവർത്തകരുടെ മൗലികാവകാശത്തെ പലവിധത്തിൽ കവരുന്നുണ്ടെന്ന തരത്തിലുള്ള അവരുടെ ന്യായീകരണങ്ങൾ കേൾക്കുമ്പോൾ അങ്ങനെ തോന്നുന്നു.

അങ്ങനെ മൗലികാവകാശം കവർന്നെടുക്കപ്പെട്ട പൊതുപ്രവർത്തകനായി കെ.ടി. ജലീൽ എം.എൽ.എയെ അവർ അവതരിപ്പിക്കുകയും ചെയ്യുന്നു. ലോകായുക്ത വിധിയെതുടർന്നാണ് ജലീൽ രാജിവെച്ചതെന്ന കാര്യം ശരിതന്നെ. പക്ഷേ, ലോകായുക്തയുടെ കണ്ടെത്തൽ ഹൈകോടതിയും സുപ്രീംകോടതിയും ശരിവെച്ചുവെന്ന കാര്യം അവർ സൗകര്യപൂർവം വിസ്മരിക്കുന്നു. ഏറ്റവുമൊടുവിൽ, മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിൽ പരാതി വന്നപ്പോഴാണ് ലോകായുക്തയുടെ ചിറകരിയാൻ സർക്കാർ തിരിഞ്ഞതെന്നും കാണാതിരിക്കരുത്. രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടാനുള്ള പൗരജനങ്ങളുടെ അവകാശമാണ് ഇവിടെ ഹനിക്കപ്പെട്ടിരിക്കുന്നത്. ജനാധിപത്യവിരുദ്ധമായ ഈ സമീപനം പ്രതിഷേധാർഹമാണ്.

Tags:    
News Summary - kerala Lokayukta wings losted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.