ജുഡീഷ്യറി കാണണം, ഈ കൂട്ടിലെ തത്തകളെ


2013ൽ, യു.പി.എ സർക്കാർ ഭരണത്തിലിരിക്കെ, സുപ്രീംകോടതി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ) എതിരെ കടുത്ത ഭാഷയിലാണ് വിമർശനമുയർത്തിയത്. കൽക്കരി കുംഭകോണക്കേസിന്റെ വിചാരണക്കിടയിൽ കോടതി സി.ബി.ഐയെ കേന്ദ്ര സർക്കാറിന്റെ ''കൂട്ടിലെ തത്ത'' എന്ന് വിശേഷിപ്പിച്ചു. യജമാനന്മാരുടെ വാക്കുകൾ അതേപടി ആവർത്തിക്കുക മാത്രമാണ് അത് ചെയ്യുന്നത്. ''കുറെ ഏമാന്മാരും ഒരു തത്തയും'' ചേർന്ന് കുറ്റാന്വേഷണം പ്രഹസനമാക്കുന്നതായും കോടതി നിരീക്ഷിച്ചു. തുടർന്നുള്ള വർഷങ്ങളിൽ സി.ബി.ഐ സ്ഥിതി മെച്ചപ്പെടുത്തി​യില്ലെന്നു മാത്രമല്ല, കൂട്ടിൽ വേറെയും തത്തകളുണ്ടെന്ന് വെളിപ്പെട്ടുവന്നു. 2014ൽ എൻ.ഡി.എ ഭരണം തുടങ്ങിയശേഷം സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), നാഷനൽ ഇൻവെസ്റ്റിഗേറ്റിവ് ഏജൻസി (എൻ.ഐ.എ), ആദായ നികുതി (ഐ.ടി) വകുപ്പ് തുടങ്ങി അനേകം കേന്ദ്ര ഏജൻസികൾ സ്വതന്ത്ര സ്വഭാവം കൈവിട്ട് രാഷ്ട്രീയസ്വാധീനങ്ങൾക്കു വഴങ്ങുന്നതിന്റെ ഉദാഹരണങ്ങൾ ധാരാളം വന്നുകൊണ്ടിരിക്കുന്നു. എൻ.സി.പി നേതാവ് ശരദ് പവാർ ഈയിടെ പറഞ്ഞത്, ഇന്നത്തെപ്പോലെ ഇ.ഡിയെ ദുരുപയോഗിച്ച കാലം മുമ്പുണ്ടായിട്ടില്ല എന്നാണ്. പ്രതിപക്ഷനേതാക്കളെ സമ്മർദം വഴി വരുതിയിലാക്കാനുള്ള ഉപകരണമായി അത് മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലും ചില തെക്കൻ സംസ്ഥാനങ്ങളിലും ഉപയോഗിക്കപ്പെട്ടതിന് ഉദാഹരണങ്ങളുണ്ടെന്നും ഇ.ഡിക്കു പുറമെ സി.ബി.ഐയും എൻ.ഐ.എയും ഐ.ടിയും നാർകോട്ടിക്സ് കൺ​ട്രോൾ ബ്യൂറോ (എൻ.സി.ബി)യും ഇതേ മട്ടിൽ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി നിയോഗിക്ക​പ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ ​കേന്ദ്രമന്ത്രിയും മുൻ കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ കഴിഞ്ഞദിവസം പറഞ്ഞതും ഇതേപ്പറ്റിയാണ്: ''ജനങ്ങൾ ഭയപ്പാടിലാണ്. ഇ.ഡിയെ, സി.ബി.ഐയെ, ഭരണകൂടത്തെ, പൊലീസിനെ -എല്ലാറ്റിനെയും പേടിക്കേണ്ട അവസ്ഥ. വിശ്വസിക്കാവുന്ന ആരുമില്ലാത്ത അവസ്ഥ.'' 2019ൽ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സി.ബി.ഐ മുഖേന ''രാഷ്​ട്രീയ കേസുകളിൽ'' നടക്കുന്ന അട്ടിമറികളിലേക്ക് സൂചന നൽകിയിരുന്നു. ഇക്കൊല്ലം ഏപ്രിലിൽ ചീഫ് ജസ്റ്റിസ് രമണയും ഒരു പ്രഭാഷണത്തിൽ പറഞ്ഞത്, ''രാജ്യത്തെ ഏറ്റവും വിശ്വസിക്കാവുന്ന അന്വേഷക ഏജൻസി എന്ന പദവിയിൽനിന്ന്, ഏറെ സംശയിക്കപ്പെടുന്ന ഒന്ന് എന്നതിലേക്ക് സി.ബി.ഐ മാറിപ്പോയി'' എന്നാണ്.

കഴിഞ്ഞ രണ്ടു മാസങ്ങളിലായി രണ്ട് ഇംഗ്ലീഷ് പത്രങ്ങൾ നടത്തിയ അന്വേഷണത്തിൽ ഈ ഭീകരാവസ്ഥയുടെ ചില വശങ്ങൾ വെളിപ്പെട്ടു. 'ദ ടെലിഗ്രാഫ്' പത്രം കണ്ടെത്തിയതനുസരിച്ച്, കഴിഞ്ഞ 13 മാസങ്ങളിൽ സി.ബി.ഐയും ഇ.ഡിയും നടത്തിയ റെയ്ഡുകളെല്ലാം ബി.ജെ.പി ഇതരർ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്- പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, ബിഹാർ, ബംഗാൾ, ഝാർഖണ്ഡ്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര, കേരളം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അഴിമതിയും ക്രമക്കേടും ഇല്ലാത്തതുകൊണ്ടോ മറ്റു സംസ്ഥാനങ്ങളിൽ അവ കൂടുതലായി നടക്കുന്നതുകൊണ്ടോ അല്ല ഇങ്ങനെ. മറിച്ച്, അന്വേഷണ ഏജൻസികൾ സ്വാത​ന്ത്ര്യം നഷ്ടപ്പെട്ട ദാസന്മാരായി മാറിയതുകൊണ്ടാണ്. 'ഇന്ത്യൻ എക്സ്​പ്രസി'ന്റെ അന്വേഷണ റിപ്പോർട്ടും ഈ നിഗമന​ത്തെ ശരിവെക്കുന്നു. എൻ.ഡി.എ ഭരണത്തിന്റെ എട്ടു വർഷങ്ങളിൽ സി.ബി.ഐ എടുത്ത 124 കേസിൽ 118ഉം (95 ശതമാനം) പ്രതിപക്ഷനേതാക്കൾക്കെതിരെയാണ്. രാഷ്ട്രീയക്കാർക്കെതിരായ ഇ.ഡി കേസുകൾ നാലിരട്ടിയായി വർധിച്ചതായും കണ്ടെത്തി.

പ്രതിപക്ഷക്കാർക്കെതിരെ ഉള്ളതും ഇല്ലാത്തതുമായ കേസ് എടുക്കുമ്പോൾതന്നെ, ഭരണപക്ഷക്കാർക്കെതിരെ എടുക്കേണ്ട കേസുപോലും ഇല്ലാതാകുന്നുമുണ്ട്. ശാരദ ചിട്ടി തട്ടിപ്പു കേസിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ അടക്കം പ്രതിയായിരുന്നു. അദ്ദേഹം ബി.ജെ.പിയിൽ ചേർന്നതോടെ അന്വേഷണം നിലച്ചു. ഇത്തരം ഉദാഹരണങ്ങൾ വേറെയുമുണ്ട്. ആം ആദ്മി, തൃണമൂൽ കോൺഗ്രസ്, കോൺ​ഗ്രസ് മുതലായ ബി.ജെ.പി ഇതര കക്ഷികളെ ഉന്നമിട്ടാണ് അന്വേഷണ ഏജൻസികളുടെ ​പ്രവർത്തനം. സ്വന്തമായി കേസെടുക്കാതെ, കേന്ദ്ര നിർദേശമനുസരിച്ച് പ്രവർത്തിക്കുന്നവയായി അവ മാറിക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷങ്ങൾക്കെതിരായ ഇ.ഡി കേസുകളിൽ 2014 മുതൽ 820 ശതമാനം വർധനയുണ്ടായി. മുമ്പെന്നപോലെ ഇനിയും ഈ ദുരുപയോഗം തടയാനും കേന്ദ്ര ഏജൻസികളുടെ സ്വയംഭരണവും പ്രവർത്തനസ്വാതന്ത്ര്യവും വീണ്ടെടുക്കാനും ചെയ്യാനാവുന്നത് ജുഡീഷ്യറിക്കാണ്. 1997ലെ വിനീത് നാരായൺ വിധിയിലൂടെ സുപ്രീംകോടതി സി.ബി.ഐ ഡയറക്ടറുടെ തെരഞ്ഞെടുപ്പിൽ കൊണ്ടുവന്ന മാനദണ്ഡങ്ങൾ പിൽക്കാലത്ത് പ്രയോഗത്തിൽ ദുർബലമാക്കപ്പെട്ടു. കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ തത്തയെ കൂട്ടിൽതന്നെ നിലനിർത്താനുള്ളതായിരുന്നു. രാജീവ് ഗാന്ധി സർക്കാറും അടൽ ബിഹാരി വാജ്പേയി സർക്കാറും നരേന്ദ്ര മോദി സർക്കാറുമെല്ലാം ഇക്കാര്യത്തിൽ കുറ്റക്കാരാണെങ്കിലും മോദിഭരണത്തിലാണ് അനേകം ഏജൻസികളെ പ്രകടമായും പരസ്യമായും രാഷ്ട്രീയ, സങ്കുചിത ലക്ഷ്യങ്ങൾക്കായി നിരന്തരം നിയോഗിക്കുന്ന അവസ്ഥയുണ്ടായത്. ഇതിനായി ചട്ടങ്ങളിൽ വരുത്തിയ മാറ്റങ്ങൾ, ഏജൻസികളുടെ മേധാവികളെ സ്വന്തം നിയന്ത്രണത്തിൽ നിർത്താനുദ്ദേശിച്ചുള്ളവയാണ്. നിയമവാഴ്ചയെ തകർക്കാൻ നിയമത്തെതന്നെ ദുരുപയോഗം ചെയ്യുന്ന ഈ രീതി തിരുത്താൻ ഉന്നത ജുഡീഷ്യറിയും അവരുടെ ശ്രദ്ധയിൽ അത് എത്തിക്കാൻ പൊതുസമൂഹവും ആക്ടിവിസ്റ്റുകളും തയാറാകേണ്ടിയിരിക്കുന്നു.

Tags:    
News Summary - Judiciary should see the parrots in this cage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.