ജു​ഡീ​ഷ്യ​റി​ക്ക്​ രോ​ഗ​മു​ണ്ട്​

ജസ്റ്റിസ് സി.എസ്. കർണനുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഒരേസമയം കൗതുകവും  ആശങ്കയുമുണർത്തുന്നവയാണ്. ഏറ്റവും ഒടുവിലായി അദ്ദേഹം നിരാഹാര സമരം  പ്രഖ്യാപിച്ചിരിക്കുന്നു. ഡൽഹിയടക്കം നാലു നഗരങ്ങളിൽ നിരാഹാരം കിടക്കുന്നത്,  തനിക്കെതിരെയുള്ള കേസും അറസ്റ്റ് വാറൻറും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്. ജസ്റ്റിസ്  കർണൻ ഉയർത്തിയ വിവാദങ്ങളുടെ തുടർച്ച മാത്രമാണിത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസടക്കം  പ്രമുഖർക്കെതിരെ അഴിമതിയാരോപണമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ  സുപ്രീംകോടതി അദ്ദേഹത്തോട് നേരിട്ട് ഹാജരായി, കോടതിയലക്ഷ്യ ആരോപണത്തിന് മറുപടി  നൽകാനാവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഹാജരായില്ല; സുപ്രീംകോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. 

മദ്രാസ് ഹൈകോടതി ജഡ്ജിയായിരിക്കെ സഹ ജഡ്ജിമാർക്കെതിരെ  ആരോപണങ്ങളുന്നയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് തന്നെ അവഗണിക്കുന്നുവെന്ന് കാണിച്ച് 2015ൽ  സ്വമേധയാ കേസെടുത്തു. ആ കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. പിന്നീടാണ്, കഴിഞ്ഞ വർഷം  മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസിനെതിരെ അഴിമതിക്കുറ്റമാരോപിച്ചത്. തുടർന്ന് സുപ്രീംകോടതി  അദ്ദേഹത്തെ കൊൽക്കത്ത ഹൈകോടതിയിലേക്ക് സ്ഥലം മാറ്റി. സ്ഥലംമാറ്റം ജസ്റ്റിസ് കർണൻ  സ്വയം സ്റ്റേ ചെയ്തു. സുപ്രീംകോടതി രണ്ടംഗ ബെഞ്ച് ആ സ്റ്റേ ഉത്തരവ് റദ്ദാക്കി. അപ്പോൾ ആ  ജഡ്ജിമാർക്കെതിരെ കേസെടുക്കാൻ അദ്ദേഹം ചെന്നൈ പൊലീസിന് ഉത്തരവ് നൽകി.  അദ്ദേഹത്തിെൻറ ചില പ്രസ്താവനകളുടെ പേരിൽ കോടതിയലക്ഷ്യക്കേസെടുക്കാൻ  സുപ്രീംകോടതി ഒരുങ്ങിയപ്പോൾ മാനസിക സമ്മർദംമൂലം താൻ അവിവേകം പറഞ്ഞുപോയതായി  വിശദീകരിച്ച് ജസ്റ്റിസ് കർണൻ ക്ഷമാപണം ചെയ്തു. അങ്ങനെ ഒടുവിൽ കൊൽക്കത്ത  ഹൈകോടതിയിലെത്തിയ ശേഷമാണ് പുതിയ സംഭവങ്ങൾ.

ജഡ്ജിക്ക് ഭ്രാന്താണെന്നു പറഞ്ഞ്, രാം ജത്മലാനി ചെയ്തപോലെ ഒഴിവാക്കാവുന്നതല്ല ഇതെല്ലാം.  അദ്ദേഹത്തിെൻറ വ്യക്തിഗത ന്യൂനതകളെന്നപോലെ ജുഡീഷ്യറിക്കുള്ളിലെ ദൗർബല്യങ്ങളും അവ  വെളിവാക്കുന്നുണ്ട്. ജഡ്ജിമാരുടെ കൃത്യവിലോപവും അച്ചടക്കമില്ലായ്മയും എങ്ങനെ  നേരിടുമെന്നതിന് ഇന്നത്തെ അവസ്ഥയിൽ ഉത്തരമില്ല. അപക്വവും ചിലപ്പോൾ ആപത്കരവുമായ  ‘ആനുഷംഗികപരാമർശങ്ങൾ’ മുതൽ പ്രകടമായിത്തന്നെ അന്യായമെന്ന് പറയാവുന്ന  വിധിപ്രസ്താവങ്ങൾവരെ ചില ജഡ്ജിമാരുടെ ആർജവക്കുറവിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാൻ  കഴിയും. ഇംപീച്ച്മെൻറ് എന്ന ആത്യന്തിക നടപടിയാണ് നിലവിലുള്ള ഒറ്റമൂലി ചികിത്സ. അതിെൻറ  അപ്രായോഗികതയും കാലവിളംബവും മതി അത് നടപ്പാകില്ലെന്ന് ഉറപ്പുവരുത്താൻ.

മറുപുറത്ത്  ജുഡീഷ്യറിയുടെ അന്യായങ്ങളെപറ്റി പറയുന്നതുപോലും കോടതിയലക്ഷ്യത്തിെൻറ പരിധിയിൽ  പെടുത്തുന്ന അവസ്ഥയുമുണ്ട്. മാത്രമല്ല, മാനസികവും വൈകാരികവുമായ പക്വതയില്ലാത്തവർ  ജുഡീഷ്യറിയുടെ ഉന്നതങ്ങളിലെത്തില്ല എന്നതിന് ഉറപ്പില്ല; എത്തിയാൽ തിരുത്താൻ വകുപ്പുമില്ല.  ജുഡീഷ്യറിയുടെ ഏറ്റവും വലിയ ശത്രു ജുഡീഷ്യറി തന്നെയാണ് എന്നു പറയേണ്ടിവരുന്നു. ഒരു  ഭാഗത്ത് വിശ്വാസ്യത തകർക്കുന്ന അഴിമതിക്കഥകൾ, മറുഭാഗത്ത് നീതിയോട് ഒട്ടും താൽപര്യമില്ലാത്ത  കെടുകാര്യസ്ഥത. പ്രശ്നം ഒരാളുടെ മാത്രം വിഷയത്തിലൊതുങ്ങില്ല.

ജസ്റ്റിസ് കർണൻ തെൻറ ദലിതനെന്ന പദവി സ്വയം ന്യായീകരിക്കാനും പ്രതിരോധിക്കാനും  നിരന്തരം ഉപയോഗിച്ചുവരുന്നുണ്ട്. മറ്റുള്ളവർക്കെതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങളും  ഉന്നയിച്ചുകൊണ്ടിരിക്കുന്നു. സ്ഥാനത്തും അസ്ഥാനത്തും ഇത്തരം വാദങ്ങളുയർത്തുന്നത്,  യഥാർഥത്തിൽ നിലനിൽക്കുന്ന ആ പ്രശ്നങ്ങളെ നിസ്സാരവത്കരിക്കാൻ പലർക്കും  അവസരമാകുന്നുണ്ട്. അതേസമയം, ജുഡീഷ്യറിയിലെ ജാതീയതയും അഴിമതിയും വെറും  സാങ്കൽപികമാണെന്ന് കരുതാൻ കഴിയില്ല. ജാതിവിവേചനത്തിെൻറ ഉദാഹരണങ്ങൾ ജുഡീഷ്യൽ  നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിലും മാത്രമല്ല, ചില വിധി തീർപ്പുകളിൽ വരെ കാണുന്നതായി  ആരോപിക്കപ്പെട്ടിട്ടുണ്ട്.

മുൻ കേന്ദ്ര നിയമമന്ത്രിയും ദലിതനുമായ പി. ശിവശങ്കർ പറഞ്ഞ ഒരു കാര്യം  പ്രഗല്ഭ നിയമജ്ഞൻ എഫ്.എസ്. നരിമാൻ വിവരിച്ചിട്ടുണ്ട്: രണ്ടുപേരെ ജഡ്ജിമാരായി  സത്യപ്രതിജ്ഞ ചെയ്യിക്കുേമ്പാൾ ‘‘മേൽജാതി’’ക്കാരനെ ആദ്യം ചെയ്യിക്കും. അയാൾക്കുമീതെ ചീഫ്  ജസ്റ്റിസാകാനുള്ള സീനിയോറിറ്റി ‘‘കീഴ്ജാതി’’ക്കാരന് കിട്ടാതിരിക്കാനാണത്രെ ഇത്. ദലിത് ആക്ടിവിസ്റ്റ് ഭൻവാരി ദേവിയെ ‘‘മേൽജാതി’’ക്കാർ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ജയ്പുർ ജില്ല  സെഷൻസ് കോടതി നൽകിയ വിധി (1995) ജുഡീഷ്യറിയുടെ മാന്യത ഉയർത്തുന്നതായിരുന്നില്ല.  പ്രതികൾ മേൽജാതിക്കാരായതിനാൽ കീഴ്ജാതിക്കാരിയെ ബലാത്സംഗം ചെയ്യാൻ  സാധ്യതയില്ലെന്നുപോലും അതിൽ പറഞ്ഞുവെച്ചു ^പ്രതികളെ വെറുതെ വിടുന്നതിന് കൊടുത്ത മറ്റു  ന്യായങ്ങളും സമാനമായിരുന്നു. അഴിമതിയുടെ കാര്യത്തിലും ജുഡീഷ്യറി ശുദ്ധമാണെന്നും  സുപ്രീംകോടതിപോലും അവകാശപ്പെടാനിടയില്ല. ജുഡീഷ്യറിയെ ബാധിച്ച രോഗങ്ങൾക്ക് പ്രതിവിധി  തേടാൻ ജസ്റ്റിസ് കർണൻ നിമിത്തമാകുമെന്ന് കരുതാൻ വയ്യ. പക്ഷേ, പ്രതിവിധി വേണ്ടതുണ്ട്  അവക്ക്.

 

Tags:    
News Summary - judiciary haas illness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.