ചരിത്ര സംഘർഷങ്ങളുടെ അവസാനമോ രാമക്ഷേത്ര നിർമിതി?

സംഘർഷത്തിന്റെ നീണ്ട ചരിത്രം മനസ്സിൽ കണ്ട് ഒരേ ശബ്ദത്തിൽ സംസാരിക്കാൻ തങ്ങളെടുത്ത തീരുമാനമാണ് അയോധ്യ കേസിൽ വിധിയായി വന്നതെന്ന് പ്രസ്തുത വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിലെ അംഗമായിരുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു. രാജ്യചരിത്രത്തെക്കുറിച്ചുള്ള വൈവിധ്യമാണ് കാഴ്ചപ്പാടുകളുടെ സംഘർഷമായി അയോധ്യ കേസിൽ മനസ്സിൽ വന്നതെന്ന് വ്യക്തമാക്കിയ മുഖ്യ ന്യായാധിപൻ, ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിർമിതിക്ക് വിട്ടുകൊടുക്കാനും കർസേവകർ തകർത്ത പള്ളിക്കുപകരം മറ്റൊരു ഭൂമിയിൽ പള്ളി പണിയാനുമുള്ള അഞ്ചംഗ ബെഞ്ചിന്റെ 2019ലെ വിധിയുടെ പശ്ചാത്തലത്തിലേക്കാണ് വിരൽചൂണ്ടിയിരിക്കുന്നത്.

ബാബരി മസ്ജിദ് പണിതത് ശ്രീരാമന്റെ ജന്മസ്ഥാനത്താണെന്നും ക്ഷേത്രം പൊളിച്ചാണ് മുഗൾ ചക്രവർത്തി ബാബരി മസ്ജിദ് നിർമിച്ചതെന്നും രാമക്ഷേത്ര വാദക്കാർ വ്യാപകവും ശക്തവുമായ പ്രചാരണം വർഷങ്ങ​ളോളം നടത്തിവന്നിരുന്നതാണ്. അതേ ന്യായംവെച്ച് 1992 ഡിസംബർ ആറിന് കർസേവകർ മസ്ജിദ് നിശ്ശേഷം തകർക്കുകയും ചെയ്തു. മസ്ജിദ് ധ്വംസനത്തെക്കുറിച്ചന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ജസ്റ്റിസ് ലിബർഹാൻ കമീഷൻ വർഷങ്ങൾക്കുശേഷം സമർപ്പിച്ച റിപ്പോർട്ടിൽ സംഘ്പരിവാർ നേതാക്കളടക്കമുള്ളവർ ഉത്തരവാദികളാണെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയിരുന്നതാണ്.

പക്ഷേ, റിപ്പോർട്ടിന്മേൽ പ്രസ്താവ്യമായ എന്തെങ്കിലും നടപടി ഉണ്ടായില്ല. സുപ്രീംകോടതിതന്നെയും ഈ അനാസ്ഥയുടെ നേരെ ശക്തമായി വിരൽചൂണ്ടിയിട്ടുമുണ്ട്. ഇതെല്ലാം നല്ലപോലെ ഓർമയിലുള്ള ചീഫ് ജസ്റ്റിസും സഹ ന്യായാധിപന്മാരും ചരിത്രപരമായി രൂപപ്പെട്ട, രാജ്യത്തെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്ന ഈ പ്രശ്നം എന്നെന്നേക്കുമായി അവസാനിപ്പിക്കാനും ഭൂരിപക്ഷ സമുദായവും പ്രബല ന്യൂനപക്ഷ സമുദായവും തമ്മിലെ ബന്ധങ്ങൾ സാധാരണ നിലയിലാക്കാനുമാണ് പ്രത്യക്ഷത്തിൽ അനീതിപരമെന്ന് തോന്നാവുന്ന വിധി 2019ൽ പുറപ്പെടുവിച്ചതെന്നുവേണം ജസ്റ്റിസ് ച​ന്ദ്രചൂഡിന്റെ അഭിമുഖത്തിൽനിന്ന് വായിച്ചെടുക്കാൻ. എന്നാൽ, ബഹുമാന്യരായ ന്യായാധിപന്മാരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാതെതന്നെ ഉയർന്നുവരുന്ന സംശയങ്ങൾ ഉന്നയിക്കാതിരിക്കുന്നത് സത്യസന്ധതയാവില്ല.

ചരിത്രവിധിയിൽ ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തിയപോലെ ഒരാളുടെയും പേര് എടുത്തുകാണിച്ചില്ലെങ്കിലും അതിൽ ഭാഗഭാക്കുകളായിരുന്ന അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സ്ഥാനമൊഴിഞ്ഞതിൽപിന്നെ ബി.ജെ.പിയുടെ രാജ്യസഭാംഗമായത് യാദൃശ്ചികമാണെന്ന് കരുതേണമോ? ജസ്റ്റിസ് എസ്. അബ്ദുനസീറിനെ മോദി സർക്കാർ ആ​ന്ധ്ര ഗവർണറായി നിയമിച്ചതോ? ജസ്റ്റിസ് അശോക് ഭൂഷൺ ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രൈബ്യൂണൽ അധ്യക്ഷനായതിന്റെ പിന്നിലും യാദൃശ്ചികത കണ്ടെത്തേണമോ? സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിരൽചൂണ്ടിയ ചരിത്രസംഘർഷങ്ങളെ സശ്രദ്ധം നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

1949 ഡിസംബർ 22ന് ഫൈസാബാദ് ജില്ല ഭരണാധികാരി ബാബരി മസ്ജിദ് അടച്ചുപൂട്ടിയതു മുതൽ ആരംഭിച്ച അതിഗുരുതരമായ ഗൂഢാലോചനയുടെ നാൾവഴികൾ ഒന്നൊന്നായി ചുരുളഴിയുകയായിരുന്നു തുടർവർഷങ്ങളിൽ. ആദ്യം പൂട്ടിക്കിടന്ന മസ്ജിദ് ക്ഷേത്രാരാധനകൾക്ക് തുറന്നുകൊടുത്തു, രാമക്ഷേത്ര പ്രക്ഷോഭം രാജ്യഭരണം പിടിച്ചെടുക്കാനുള്ള ആയുധമാക്കിയ സംഘ്പരിവാർ, അതിന്റെ ഭാഗമായി 2002ൽ ഗുജറാത്തിൽ ആയിരക്കണക്കിന് ന്യൂനപക്ഷ സമുദായക്കാരെ കൂട്ടക്കൊല നടത്തി,കലാപത്തിന്റെ ക്രെഡിറ്റിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിപദവിയിൽ തുടർച്ച ഉറപ്പാക്കി. 2014ൽ രാജ്യഭരണംതന്നെ മോദിയുടെ കൈകളിൽ വന്നു.

സുപ്രീംകോടതി വിധിയുടെ ബലത്തിൽ രണ്ടാമൂഴത്തിൽ രാമക്ഷേത്ര നിർമാണവും ആരംഭിച്ചു. ഇപ്പോൾ മൂന്നാമൂഴം സുനിശ്ചിതമാക്കാൻ ക്ഷേത്രത്തിന്റെ ഉദ്ഘാടനവും മോദിതന്നെ നടത്താൻ പോവുന്നു. ഒപ്പം, ചടങ്ങിലേക്ക് പ്രധാന പ്രതിപക്ഷ നേതാക്കളെ കൂടി ക്ഷണിച്ചുകൊണ്ട് അവരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിലും സംഘ്പരിവാർ നേതൃത്വം വിജയിച്ചുകൊണ്ടിരിക്കുന്നു. അതായത് ഏതൊരു സംഘർഷപരമ്പരക്ക് വിരാമമിടാൻ ഉന്നതാധികാര കോടതി ആഗ്രഹിച്ചുവോ ആ സംഘർഷാന്തരീക്ഷം അവസാനിപ്പിക്കാനല്ല അതിൽനിന്ന് ഇനിയും പരമാവധി രാഷ്ട്രീയ മുതലെടുപ്പിനാണ് തീവ്ര ഹിന്ദുത്വ ബ്രിഗേഡിന്റെ ആസൂത്രിത നീക്കം. ഏറ്റവും പുതിയ ഉദാഹരണമാണ് മുസ്‍ലിംകളെ ആർ.എസ്.എസ് പക്ഷത്തേക്ക് കൊണ്ടുവരാനായി തട്ടിക്കൂട്ടിയ മുസ്‍ലിം രാഷ്ട്രീയ മഞ്ചിന്റെ സ്ഥാപകനും സംഘിന്റെ മുതിർന്ന നേതാവുമായ ഇന്ദ്രേഷ് കുമാറിന്റെ ആവശ്യം.

രാമക്ഷേത്ര പ്രതിഷ്ഠദിനത്തിൽ പള്ളികളിലും മദ്റസകളിലും ദർഗകളിലും 11 വട്ടം ജയ് ശ്രീറാം വിളിക്കണമത്രെ! കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻകൂടി സന്നിഹിതനായ രാമക്ഷേത്രത്തെക്കുറിച്ച പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് ഇന്ദ്രേഷ് കുമാറിന്റെ നിർദേശം. ഇനി ആ നിർദേശം മാനിക്കുന്നതിനെയും നിരാകരിക്കുന്നതിനെയും ആശ്രയിച്ചിരിക്കും മുസ്‍ലിംകളുടെ രാജ്യക്കൂറ് നിർണയം. ഹൈന്ദവ ഭൂരിപക്ഷത്തിന്റെ യഥാർഥമായ ശ്രീരാമ ഭക്തിയുടെ സ്വാഭാവിക താൽപര്യമായിരുന്നില്ല, മറിച്ച് സംഘ്പരിവാറിന്റെ ഉന്മാദ ദേശീയതയുടെ ഗൂഢപദ്ധതി തന്നെയാണ് ശ്രീരാമ ക്ഷേത്ര പ്രക്ഷോഭവും നിർമിതിയുമെന്ന് ബഹുമാന്യരായ ന്യായാധിപരടക്കമുള്ളവർക്ക് ബോധ്യപ്പെടാൻ ഇനിയും തെളിവുകൾ വേണ്ടതുണ്ടോ?

Tags:    
News Summary - Is the construction of Ram Temple the end of historical conflicts?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.