മതവിവേചനത്തിൽ നിന്ന് പൗരരെ രക്ഷിക്കാൻ


2022 മേയിൽ രാജ്യസുരക്ഷക്കായി ഭീകരന്മാരോട്​ ഏറ്റുമുട്ടി വീരമൃത്യു വരിച്ച മുദ്ദസ്സിര്‍ അഹ്​മദ് ശൈഖിന്‍റെ മാതാവ് ശമീമ അക്തറും പിതാവ് മുഹമ്മദ് മഖ്സൂദും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൽനിന്ന് 2023ൽ മരണാനന്തര ബഹുമതിയായി ശൗര്യചക്ര സ്വീകരിക്കുന്ന വിഡിയോ ദൃശ്യം കഴിഞ്ഞദിവസം ഏറെ ചർച്ച ചെയ്യപ്പെട്ടു. ആദരവിന്​ അർഹത നേടിയ കോൺസ്റ്റബിളിന്‍റെ മാതാവ്, ഇന്ത്യ പുറന്തള്ളാൻ തീരുമാനിച്ച പാക് പൗരരിൽ ഉൾപ്പെടുന്നതാണ്​ പുതിയ വാർത്തക്ക്​ ആധാരം. അവർക്കും രാജ്യം വിടേണ്ടി വരുമെന്ന വാർത്ത ജമ്മു-കശ്മീർ പൊലീസ് പിന്നീട്​ ഖണ്ഡിക്കുകയും കസ്റ്റഡിയിലായ റിപ്പോർട്ടുകൾ നിഷേധിച്ച് ഷമീമ തന്നെ രംഗത്ത് വരുകയും ചെയ്തു. അതിലെ വസ്തുത എന്തായാലും ഒട്ടേറെ പേരെ ജമ്മു-കശ്മീർ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ പിടിക്കപ്പെട്ടു അട്ടാരി അതിർത്തിയിലേക്ക് അയക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അത്തരം ഭൂരിഭാഗവും ഇനി പാകിസ്താനിലേക്ക് തിരിച്ചുപോകാൻ അവിടെ ബന്ധങ്ങളോ വേരുകളോ ഇല്ലെന്നും ദീർഘകാലമായി ഇന്ത്യൻജീവിതത്തിൽ അലിഞ്ഞുചേർന്നുകഴിഞ്ഞവരാണ്​ തങ്ങളെന്നും പറഞ്ഞു നിസ്സഹായത പ്രകടിപ്പിക്കുന്നവരാണ്.

എന്നാൽ, ഏപ്രിൽ 29 എന്ന സമയപരിധിക്കുള്ളിലെ ഈ നെട്ടോട്ടത്തിനു കേന്ദ്ര സർക്കാറിന്‍റെ ഒരുത്തരവ് അൽപം ശമനം നൽകി. നേര​​ത്തേതന്നെ ദീർഘകാല വിസയുള്ളവരിൽ ഇന്ത്യൻപൗരത്വത്തിന്​ അപേക്ഷിച്ച് കാത്തിരിക്കുന്നവരെ തൽക്കാലം നാടുകടത്തലിൽനിന്ന് ഒഴിവാക്കിയിരുന്നു. പക്ഷേ, അവർ പാകിസ്താൻ പൗരന്മാരായ ഹിന്ദുക്കളാവണം. പുതിയ ഇളവനുസരിച്ച് ഇതുവരെ ദീർഘകാല വിസക്ക് അപേക്ഷിച്ചിട്ടില്ലെങ്കിലും ഉടനെ അപേക്ഷിക്കണമെന്ന നിബന്ധനയിൽ അത്തരം ഹിന്ദു പാക് പൗരന്മാരെയും തൽക്കാലം നാട് കടത്തലിൽനിന്ന് ഒഴിവാക്കി. ഇതോടൊപ്പം ഇന്ത്യൻ പൗരന്മാരെ വിവാഹം ചെയ്തു ഇവിടെ കഴിയുന്ന മുസ്‌ലിംസ്ത്രീകളും ഉടനെ നാട് വിട്ടു പോവേണ്ടതില്ല എന്ന് പാക് ന്യൂനപക്ഷ കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സീമാന്ത് ലോക് സംഘടൻ വ്യക്തമാക്കുന്നു. വിദേശി രജിസ്‌ട്രേഷൻ അധികാരികളെ ഉദ്ധരിച്ചാണ് അവരിത് പറഞ്ഞത്.

മതാടിസ്ഥാനത്തിൽ പരിഗണനയും പൗരത്വവും നൽകുന്ന രീതിയാണ്​ ഇതിലെല്ലാം പ്രതിഫലിക്കുന്നത്. അഥവാ, പാകിസ്താനിൽനിന്ന് കുടിയേറി ഇവിടെ കഴിയുന്നവർ ഹിന്ദുക്കളാണെങ്കിൽ സവിശേഷ പരിഗണന, മുസ്​ ലിംകളാണെകിൽ മിക്കവാറും നാട് കടത്തലിന്​ വിധേയം. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാക് സർക്കാറുമായുള്ള നയതന്ത്ര ബന്ധ വിച്ഛേദനം, വ്യാപാര സാമ്പത്തികപ്രതികാരങ്ങൾ എന്നിവയോടൊപ്പം പൗരന്മാരെയും ഇരുപക്ഷവും നടപടികൾക്ക് വിധേയമാക്കുകയാണ്. പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്കും അതിർത്തിയിലൂടെ ഇന്ത്യൻ പൗരന്മാർ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ അഭയം തേടിയ പലരും ​ഹ്രസ്വകാല വിസയിൽ എത്തിയവരും ദീർഘകാല വിസക്ക് അപേക്ഷിച്ചവരുമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതിൽ 10,000 പാകിസ്താനി ഹിന്ദുക്കളുടെ ദീർഘകാല വിസ അപേക്ഷകൾ തീരുമാനം കാത്തുകഴിയുകയാണ​ത്രേ. ഇത്തരം വിഭാഗങ്ങളൊഴികെ മറ്റുള്ളവരെയെല്ലാം നാടുകടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. പാക് മുസ്‍ലിം താമസക്കാർ ഇനി ഇവിടെ തങ്ങാൻ ശ്രമിക്കേണ്ട എന്നാണ്​ അതിന്‍റെ അർഥം.

2019ൽ പാർലമെൻറ് പൗരത്വ ഭേദഗതി നിയമം പാസാക്കിയതു മുതൽ ഈ വിവേചനം ചർച്ചയാണ്​. അയൽരാജ്യങ്ങളിലെ മുസ്​ലിംകൾ ഒഴികെയുള്ള വിഭാഗങ്ങൾക്ക് പൗരത്വനടപടി ലഘൂകരിക്കുന്നതടക്കമുള്ള നിയമത്തിലെ വകുപ്പുകൾ മുസ്​ലിംകളോടുള്ള വ്യക്തമായ വിവേചനമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന തത്ത്വങ്ങൾക്ക്​ അതീതമായി മത, ഭാഷാ, വംശ തരംതിരിവിലൂടെയാണ്​ പൗരത്വം നൽകുന്നത്. മുസ്​ലിംകളല്ലാത്ത വിഭാഗങ്ങൾക്കാണ് അത്തരം അഭയം ആവശ്യം എന്നാണ്​ ഔദ്യോഗിക വിശദീകരണം. എന്നാൽ, കുടിയേറിയവരെല്ലാം വിവേചനം കാരണം അഭയം തേടിയതല്ല എന്നും അവരെപ്പോലെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്കു​ വേണ്ടിയോ, കുടുംബബന്ധുക്കൾ ഇന്ത്യയിലായതുകൊണ്ടോ തങ്ങുന്നവരാണെന്നും എല്ലാവർക്കുമറിയാവുന്നതാണ്​. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്ന് പറഞ്ഞത് പ്രസ്തുത നിയമം പൗരത്വമില്ലാത്തവർക്ക് പൗരത്വം നൽകാനാണ്, ഉള്ളവരുടേത് എടുത്തുകളയാനല്ല എന്നാണ്​. പക്ഷേ, രേഖകളില്ലാത്തതിന്‍റെ പേരിൽ മാത്രം ഇന്ത്യൻ പൗരന്മാരെ ഉറ്റവരിലും ഉടയവരിലുംനിന്നു പറിച്ചു മാറ്റി ആരോരുമില്ലാത്ത മറ്റൊരു നാട്ടിലേക്ക് നാട് കടത്തുന്നതാണ്​ ഇപ്പോൾ കണ്ടുവരുന്നത്​.

ഭരണഘടനയുടെ ഖണ്ഡിക 15 ഉറപ്പുനൽകുന്ന മത, വർഗ, ജാതി, ലിംഗ വിവേചനങ്ങളില്ലാത്ത തുല്യ പരിഗണന പൗരരുടെ അവകാശമാണെങ്കിലും, പൗരത്വം അനുവദിക്കുന്നതിൽ വിവേചനം മറനീക്കി പുറത്തുവരുകയാണിപ്പോൾ. മാത്രമല്ല, സ്റ്റേറ്റ് ഒരു വ്യക്തിക്കും നിയമത്തിനു മുമ്പാകെ തുല്യതക്കുള്ള അവകാശം നിഷേധിക്കുകയില്ല എന്ന ഭരണഘടനയിലെ പതിനാലാം ഖണ്ഡിക നിലനിൽക്കെതന്നെ, ഇന്നിപ്പോൾ പാക് ഹിന്ദു-പാക്​ മുസ്​ലിം എന്നു തരം തിരിക്കുകയാണ്​ സ്റ്റേറ്റ്. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തു സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട 200ൽ പരം ഹരജികൾ ഇന്നും പരിഗണനക്ക്​ പോലും എടുത്തിട്ടില്ല എന്നത്​ രാജ്യം സ്വന്തം പൗരരിലൊരു വിഭാഗത്തെ എങ്ങനെ കാണുന്നുവെന്നതിന്‍റെ സൂചനയാണ്​. ഇതിനകം നിയമചട്ടങ്ങൾ ഇറങ്ങുകയും തദടിസ്ഥാനത്തിൽ നൂറുകണക്കിനാളുകൾക്ക് പൗരത്വം നൽകപ്പെടുകയും ചെയ്തിരിക്കുന്നു. 25000ത്തിലധികം അപേക്ഷകർ ഇനിയുമുണ്ട​ത്രേ. സുപ്രീംകോടതി ഇനിയെങ്കിലും സുപ്രധാനവും രാഷ്ട്രത്തിന്റെ മതേതരസ്വഭാവത്തെയും തുല്യതാ സങ്കൽപത്തെയും കളങ്കപ്പെടുത്തുന്നതുമായ ഈ നിയമത്തിന്‍റെ സാധുത എത്രയുംവേഗം പരിശോധനക്കെടുക്കണം.

Tags:    
News Summary - India's decision to expel Pakistani citizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.