ഡൽഹിയിൽ കഴിഞ്ഞദിവസം ഡീസൽ ലിറ്ററിന് 79.88 രൂപയും പെട്രോളിന് 79.76 രൂപയുമായതോടെ, ചരിത്രത്തിലാദ്യമായി രാജ്യത്ത് ഡീസൽവില പെട്രോളിനെ മറികടന്നു. അന്തർദേശീയ എണ്ണവിപണിയിൽ ഇപ്പോഴും താരതമ്യേന വില കുറഞ്ഞുതന്നെയിരിക്കുമ്പോഴാണ് ഇന്ത്യയിൽ തുടർച്ചയായ 19ാം ദിവസവും ശരംവിട്ടപോലെ ഇന്ധനവില കുതിക്കുന്നത്. യു.പി.എ സർക്കാറിെൻറ കാലത്ത് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതിനെ തുടർന്നുണ്ടായ വിലവർധനക്കെതിരെ വിമർശനങ്ങളും പ്രതിഷേധവും ഉയർത്തി വോട്ടുനേടിയ പാർട്ടി കേന്ദ്രം ഭരിക്കുമ്പോൾ വൻ തീവെട്ടിക്കൊള്ളയാണ് നടത്തുന്നത്. കടുത്ത വിമർശനങ്ങളുയരുമ്പോഴും വില കുറക്കില്ലെന്ന ദുശ്ശാഠ്യത്തിലാണ് കേന്ദ്രമെന്ന് തെളിയിക്കുന്നു, കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാകുറിെൻറ പ്രസ്താവന. പണച്ചുരുക്കത്തിെൻറ കെടുതിയിൽ ഉഴലുന്ന വിപണിയെ കൂടുതൽ അരക്ഷിതവും സങ്കീർണവുമാക്കുകയാണ് അനിയന്ത്രിതമായ ഇന്ധനക്കൊള്ളയിലൂടെ കേന്ദ്ര സർക്കാർ.
2014 മേയിൽ നരേന്ദ്ര മോദി അധികാരത്തിലേറുന്ന കാലത്ത് ക്രൂഡ് ഓയിൽ ബാരലിന് അന്താരാഷ്ട്രവിപണിയിൽ 109.10 ഡോളറും രാജ്യതലസ്ഥാനത്ത് ഒരുലിറ്റർ െപട്രോളിന് 71.51രൂപ യും ഡീസലിന് 57.28 രൂപയുമായിരുന്നു വില. ഇേപ്പാൾ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് വില 40 ഡോളർ. ഇന്ത്യയിൽ പെട്രോൾ വിലയാകട്ടെ, 79.76 രൂപയും. അന്താരാഷ്ട്ര വിപണി മാനദണ്ഡമനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് 32 രൂപയാകേണ്ട സ്ഥാനത്താണ് ഒാരോ പൗരനും ഇത്രയും തുക കൊടുക്കേണ്ടിവരുന്നത്. അനിയന്ത്രിതമായ ഇൗ വിലക്കയറ്റത്തിെൻറ കാരണം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ചുമത്തിയിരിക്കുന്ന അമിതമായ നികുതിയാെണന്ന് എല്ലാവർക്കുമറിയാം. നരേന്ദ്ര മോദി സർക്കാറാകട്ടെ, ആഗോളവിപണിയിൽ വില കുറയുമ്പോഴെല്ലാം നികുതി കൂട്ടി ഖജനാവിന് മുതൽക്കൂട്ടാനാണ് എപ്പോഴും ശ്രമിച്ചത്. 13 തവണയായി ഡീസലിന് 794 ശതമാനവും പെട്രോളിന് 247 ശതമാനവുമാണ് കേന്ദ്രസർക്കാർ എക്സൈസ് തീരുവ വർധിപ്പിച്ചത്. എന്നാൽ, ആഗോളവിപണിയിൽ വില വർധിക്കുേമ്പാൾ, ആനുപാതികമായി നികുതി കുറക്കാൻ ഒരു താൽപര്യവും കാണിക്കുന്നുമില്ല. അതുകൊണ്ട് വിലകുറയുന്ന കാലത്ത് അതിെൻറ പ്രയോജനം ലഭിക്കുന്നില്ലെന്നു മാത്രമല്ല, പിന്നീട് വില കയറുമ്പോൾ അമിതഭാരം ജനങ്ങൾ വഹിക്കേണ്ടിവരുകയും ചെയ്യുന്നു. 2014 മുതൽ 2019 ഡിസംബർവരെ കേന്ദ്രസർക്കാറിന് ഇന്ധനനികുതിയിലൂടെ കിട്ടിയ വരുമാനം 17.84 ലക്ഷം കോടി രൂപയെന്ന് അറിയുമ്പോഴാണ് ഈ പകൽക്കൊള്ളയുടെ ആഴം തിരിച്ചറിയുക. സംസ്ഥാനങ്ങൾ ചുമത്തുന്ന നികുതികളും സെസുകളും ഇതിനുപുറമെയാണ്. കേരളത്തിലെ ഖജനാവിലേക്ക് ഒരു ലിറ്റർ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും നികുതിയാണ് പോകുന്നത്. ശരാശരി 330 കോടി രൂപയാണ് സംസ്ഥാനത്ത് ഇന്ധനനികുതിയായി ലഭിക്കുന്നത്. എണ്ണക്കുമേൽ ഇത്രയേറെ നികുതി ചുമത്തുന്ന രാജ്യം ലോകത്തുതന്നെ വേറെയുണ്ടോ എന്ന് സംശയമാണ്.
രണ്ടാം യു.പി.എ സർക്കാർ ഇന്ധനവില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് തീറെഴുതിയതോടെയാണ് രാജ്യത്ത് പച്ചയായ എണ്ണക്കൊള്ള ആരംഭിക്കുന്നത്. ആഗോളവിപണിയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ വിലയിൽ പ്രതിഫലിക്കുമെന്നായിരുന്നു അന്ന് മൻമോഹൻ സർക്കാർ നൽകിയ വിശദീകരണം. എന്നാൽ തീരുവകളും സെസുകളും വർധിപ്പിച്ച് മോദി സർക്കാർ ജനങ്ങളെ ശരിക്കും കബളിപ്പിക്കുകയാണ്. ആഗോളവിപണിയുടെ ചാഞ്ചാട്ടങ്ങളുടെ ഗുണം എണ്ണക്കമ്പനികളും കേന്ദ്ര സർക്കാറും പങ്കിട്ടെടുക്കുന്നു. കോവിഡ്കാലത്തെ ആഗോളവിപണി വിലക്കുറവിെൻറ മെച്ചം എണ്ണക്കമ്പനികൾ തങ്ങളുടെ സംവിധാനങ്ങൾ ബി.എസ്^6ലേക്ക് പൂർണമായി മാറുന്നതിനുവേണ്ടി ചെലവഴിക്കുകയായിരുന്നു. കേന്ദ്ര സർക്കാറാകട്ടെ, അമിതമായ നികുതിയിലൂടെ ലഭിച്ച തുക കോർപറേറ്റ് നികുതിക്ക് നൽകിയ ഇളവുകൾ മൂലം ഖജനാവിനുണ്ടായ നഷ്ടം നികത്താനാണ് പ്രയോജനപ്പെടുത്തിയത്. അമിതമായ ഇന്ധനവിലയുടെ ഗുണഭോക്താക്കൾ സാധാരണക്കാരല്ല, കോർപറേറ്റുകളാണ് എന്ന പൊള്ളുന്ന സത്യത്തെ അടിവരയിടുന്നതാണ് കോവിഡ്കാലത്തെ എണ്ണവില വർധന. കേന്ദ്ര ധന സഹമന്ത്രിയുടെ പ്രസ്താവന നൽകുന്ന സൂചന പെട്രോളിയം കമ്പനികൾക്കുണ്ടായ നഷ്ട മാർജിൻ വിടവായ ലിറ്ററിന് എട്ടുരൂപ പരിഹരിക്കുന്നതുവരെ ഇന്ധനവില രാജ്യത്ത് വർധിച്ചുകൊണ്ടേയിരിക്കുമെന്നാണ്. ചങ്ങാത്തമുതലാളിത്തത്തിൽ ഭരണകൂടത്തിനും വൻകിട കോർപറേറ്റുകൾക്കും ഒരുപോലെ ലാഭം ലഭിക്കുന്ന ഉരുപ്പടികളായി പൗരജീവിതം അധഃപതിക്കുന്നതിെൻറ മികച്ച അടയാളക്കുറിയാണ് ഇന്ധനവില വർധന. അതുകൊണ്ടുതന്നെ, ഇന്ധനവില നിർണയിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരം എണ്ണക്കമ്പനികളിൽനിന്ന് തിരിച്ചുപിടിക്കാനും അനിയന്ത്രിതമായ നികുതിഭാരം കെട്ടിയേൽപ്പിക്കുന്ന ഭരണകൂടപ്രവണതകൾ അവസാനിപ്പിക്കാനുമുള്ള പ്രക്ഷോഭങ്ങൾക്ക് തീപിടിക്കാതെ ഇന്ധനവില പിടിച്ചു നിർത്താനാവില്ല. അതിനുള്ള നിശ്ചയദാർഢ്യവും ചങ്കുറപ്പും പൗരപ്രസ്ഥാനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമുണ്ടോ എന്നതാണ് കാതലായ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.