നാർക്കോട്ടിക്സ് ജിഹാദുമായി ബന്ധപ്പെട്ട് സിറോ മലബാർ സഭയുടെ പാലാ രൂപത അധ്യക്ഷൻ നടത്തിയ വിദ്വേഷ പരാമർശങ്ങൾ പുറത്തുവന്നിട്ട് ഒരാഴ്ചയാവുകയാണ്. അടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്തവിധമുള്ള സാമൂഹിക വിഭജനത്തിന് ഹേതുവായ ആ പ്രഭാഷണത്തിെൻറ പേരിൽ ഖേദം പ്രകടിപ്പിക്കാനോ വിശദീകരണം നൽകാനോ ബന്ധപ്പെട്ടവർ ഇതുവരെ സന്നദ്ധമായിട്ടില്ല എന്നു മാത്രമല്ല, കൂടുതൽ തീവ്രതയോടെ അത്തരം കാര്യങ്ങൾ വീണ്ടും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പാലാ ബിഷപ്പിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റാലികൾ നടക്കുന്നു.
കത്തോലിക്കാ സഭയുടെ ഔദ്യോഗിക മുഖപത്രം തന്നെ ബിഷപ്പിനെ ന്യായീകരിച്ച് ലേഖനങ്ങളും മുഖപ്രസംഗങ്ങളും പ്രസിദ്ധീകരിക്കുന്നു. സമൂഹമാധ്യമങ്ങളിലാവട്ടെ നിലവിട്ട രീതിയിലുള്ള പ്രചാരണങ്ങളും സജീവമായി നടക്കുന്നു. അത് പോയിപ്പോയി, മുസ്ലിം കച്ചവട സ്ഥാപനങ്ങളും ബ്രാൻറുകളും ബഹിഷ്കരിക്കണമെന്ന പ്രചാരണത്തിൽ വരെ എത്തിനിൽക്കുകയാണ്.
പാലാ ബിഷപ്പിെൻറ വിദ്വേഷ പ്രഭാഷണം സംബന്ധിച്ച ചർച്ചകൾ ഒരു ഭാഗത്ത് നടക്കവെയാണ് താമരശ്ശേരി രൂപതക്ക് കീഴിലെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ പുസ്തകം വാർത്തയാവുന്നത്. 'സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളിലൂടെ' എന്ന തലക്കെട്ടിൽ പുറത്തിറക്കിയ പുസ്തകം ആദ്യമധ്യാന്തം വർഗീയതയും മുസ്ലിം വിദ്വേഷവും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്നതാണ്. പത്രത്തിൽ എടുത്ത് ഉദ്ധരിക്കാൻപോലും പറ്റാത്തതരം പ്രയോഗങ്ങൾ അതിലുണ്ട്. ക്രൈസ്തവ പെൺകുട്ടികളെ വശീകരിക്കാൻ മുസ്ലിം പുരോഹിതർ ആഭിചാര ക്രിയ നടത്തുന്നുവെന്നടക്കം വിചിത്ര ആരോപണങ്ങളും പുസ്തകം ഉന്നയിക്കുന്നുണ്ട്.
ഈദ്, റമദാൻ തുടങ്ങിയ സവിശേഷ അവസരങ്ങളിൽ മുസ്ലിം വീടുകളിലേക്ക് ക്രൈസ്തവ കുട്ടികളെ ക്ഷണിക്കുന്നതിനെപോലും പുസ്തകം അപകടകരമായാണ് കാണുന്നത്. രൂപതയിലെ കുട്ടികളെ പഠിപ്പിക്കാനായാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത് എന്നറിയുമ്പോഴാണ് വിഷയത്തിെൻറ ഗൗരവം നാം മനസ്സിലാക്കുക. നേരത്തേ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്ന, ഉത്തരവാദികളില്ലാത്ത സന്ദേശങ്ങൾക്ക് ഔദ്യോഗിക സ്വഭാവം കൈവരുന്നുവെന്നാണ് ഇതു കാണിക്കുന്നത്. വാട്സ്ആപ് ഗ്രൂപ്പുകളെപോലും നാണിപ്പിക്കുന്ന വിദ്വേഷ പ്രചാരണം ചിലർ ഔദ്യോഗികമായി ഏറ്റെടുത്തതിെൻറ രേഖയാണ് ഈ പുസ്തകം.
വിദ്വേഷ, വർഗീയ പ്രചാരണങ്ങളെ നിയന്ത്രിക്കാൻ ആവശ്യമായ നിയമങ്ങൾ നമ്മുടെ നാട്ടിൽ വേണ്ടതുപോലെ ഉണ്ട്. മുൻകാലങ്ങളിൽ നാം അത് പ്രയോഗിച്ചിട്ടുണ്ട്. സമൂഹത്തിൽ കാലുഷ്യമുണ്ടാക്കുന്നവരെ കർക്കശമായി കൈകാര്യം ചെയ്യുക തന്നെയാണ് വേണ്ടത്. മുമ്പ്, ആൾതുളയിൽ വീണ മനുഷ്യരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദ് എന്ന സാമൂഹിക പ്രവർത്തകന് സർക്കാർ സഹായം പ്രഖ്യാപിച്ചപ്പോൾ വർഗീയ ചുവയുള്ള പ്രസ്താവന നടത്തിയ എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശനെതിരെ കേരളത്തിൽ കേസെടുത്തിട്ടുണ്ട്. വിദ്വേഷ പ്രഭാഷണം നടത്തിയതിന് സലഫി പ്രഭാഷകൻ ഷംസുദ്ദീൻ പാലത്തിനെതിരെ യു.എ.പി.എ ചാർത്തിയിരുന്നു.
എന്നാൽ, ഇവിടെ ഇത്രയും മാരകമായ തോതിൽ വർഗീയ പ്രചാരണം നടക്കുമ്പോൾ സംസ്ഥാന സർക്കാറും ആഭ്യന്തര വകുപ്പും വലിയ നിസ്സംഗതയാണ് പുലർത്തുന്നത്. വാർത്തസമ്മേളനത്തിൽ തദ്സംബന്ധമായി ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ബിഷപ്പിെൻറ പ്രഭാഷണം ശരിയായില്ല എന്ന മൃദുവായ മറുപടി നൽകുന്നതിലൊതുങ്ങി മുഖ്യമന്ത്രിയുടെ ഇടപെടൽ. സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവനാവട്ടെ, എവിടെ നിന്നെങ്കിലും എന്തെങ്കിലും കേൾക്കുമ്പോഴേക്ക് പ്രതികരിക്കേണ്ട ആവശ്യമില്ല എന്നാണ് പ്രതികരിച്ചത്. ബുധനാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ ബിഷപ്പിനെതിരെ കേസെടുക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി കൃത്യമാക്കുകയും ചെയ്തു.
മുസ്ലിം സമൂഹത്തെ ലക്ഷ്യമാക്കി നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെ കാര്യത്തിൽ ഇരട്ട സമീപനം സ്വീകരിക്കുന്നു എന്ന വികാരം ആ സമൂഹത്തിൽ ശക്തിപ്പെടുത്തുന്നതാണ് സർക്കാറിെൻറയും ഭരണകക്ഷിയുടെയും നിലപാടുകൾ. സമൂഹത്തിൽ കാലുഷ്യമുണ്ടാക്കുന്നത് ആരാണെങ്കിലും നിർദാക്ഷിണ്യം നേരിടുകയാണ് വേണ്ടത്. അതിനോട് അലസ സമീപനം സ്വീകരിച്ചാൽ കൂടുതൽ വലിയ കുഴപ്പത്തിലാണ് നാട് എത്തിച്ചേരുക. വിവിധ മതസമൂഹങ്ങൾ ഇടകലർന്ന് ജീവിക്കുന്ന ഒരു നാട്ടിൽ ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തിയും പൈശാചികവത്കരിച്ചും എളുപ്പം മുന്നോട്ടുപോവാൻ കഴിയുമെന്ന സന്ദേശം വിദ്വേഷ പ്രചാരകർക്ക് നൽകുന്നത് നല്ലതല്ല. അൽപം കൂടി ഉത്തരവാദിത്ത ബോധത്തോടെയും ഗൗരവത്തോടെയും വിഷയത്തെ സമീപിക്കാൻ സർക്കാർ സന്നദ്ധമാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.