ഫുട്​ബാൾ വെറുമൊരു കളിയല്ല

ലോകം കണ്ടുനിന്നു, ഫ്രാൻസ് കാൽപന്തുകളിയിലെ രാജാക്കന്മാരായി വീണ്ടും ലോകകപ്പിന് മുത്തമിടുന്നത്. യൗവനത്തി​െൻറ പ്രസരിപ്പ്, കൃത്യതയുള്ള ആസൂത്രണം, നിലക്കാത്ത വിജയ തൃഷ്ണ, ദേശാന്തരങ്ങൾ വഴുതിമാറിയ സംഘബലം. ഫ്രാൻസി​െൻറ വിജയം ആഘോഷിക്കപ്പെടുന്നത് വ്യത്യസ്ത രാജ്യങ്ങളിലാണ്. ഭൂഖണ്ഡങ്ങളെത്തന്നെ ഉല്ലംഘിച്ചുകൊണ്ടുള്ള ആഹ്ലാദരാവിനെ സമ്മാനിക്കുന്ന യൂറോപ്പി​െൻറ പുതിയ മുഖത്തി​െൻറ നേർശേഷിപ്പാണ് ഫ്രാൻസെന്ന ടീം. ബെക്കൻ ബോവറിനു ശേഷം ദിദിയർ ​െദഷാംപ്സ് ചരിത്രം രചിച്ചിരിക്കുന്നു; കളത്തിന് പുറത്ത് സ്ഥൈര്യത്തോടെ നിലയുറപ്പിച്ച് ചെറുപ്പക്കാരുടെ സംഘത്തെ ഒൗന്നത്യത്തിലേക്ക് നയിച്ചുകൊണ്ട്. ഗ്രീസ്മാൻ, എംബാപെ തുടങ്ങി പുതിയ കളിരാജാക്കന്മാരെ സൃഷ്​ടിച്ചുകൊണ്ട്. ചരിത്രം രചിക്കാൻ തുനിഞ്ഞിറങ്ങിയ ക്രൊയേഷ്യയുടെ മോഹങ്ങളെ തകർത്തെറിഞ്ഞുകൊണ്ട്. 

ആതിഥേയത്വത്തിലും സംഘാടനത്തിലും മികവും പൂർണതയും നൽകിയ റഷ്യക്കും അഭിമാനിക്കാവുന്ന ലോകകപ്പാണ് മോസ്കോയിൽനിന്ന് ആചാരം ചൊല്ലി പിരിയുന്നത്. ഒരു പരാതിക്കും ഇടം കൊടുക്കാതെ, എല്ലാവരേയും സന്തോഷിപ്പിച്ച് മനോഹരമായി വിരാമം കുറിക്കാനായിരിക്കുന്നു. മികവുള്ള ലോകകപ്പുകളിലൊന്ന് സംഘടിപ്പിച്ചവരുടെ കൂട്ടത്തിൽ തീർച്ചയായും റഷ്യയുടെ പേരുകൂടി തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നു.

വ്യക്തിപ്രഭാവത്തി​െൻറ കളിമികവിനു മേൽ ടോട്ടൽ ഫുട്​ബാളി​െൻറ സെറ്റ്പീസ് ഗോളുകൾ നേടിയ വിജയമാണ് ഇരുപത്തൊന്നാം ലോകകപ്പിലെ കളിയരങ്ങുകളെ സവിശേഷമാക്കിയത്. ഫ്രാൻസും ക്രൊയേഷ്യയും ബെൽജിയവും ഇംഗ്ലണ്ടും ടോട്ടൽ ഫുട്​ബാളിനെ പൂർണമായി പുൽകിയപ്പോൾ അതുല്യപ്രതിഭകളുമായി എത്തിയവർ അവർക്കു മുന്നിൽ നിഷ്പ്രഭരായി. സ്വീഡൻ, സെനഗാൾ, ജപ്പാൻ, ​െഎസ്​ലൻഡ്​, മെക്സികോ, ഇറാൻ, കൊറിയ, മൊറോകോ തുടങ്ങിയ ‘ചെറുടീമു’കളുടെ അത്ഭുതകരമായ ഉദയംകൂടിയാണ് ലോകം റഷ്യയിൽ ദർശിച്ചത്. ലാറ്റിനമേരിക്കയുടേത് കളിയഴക്, യൂറോപ്പിനുള്ളത് ആസൂത്രണ പാടവം, ആഫ്രിക്കയെന്നാൽ കരുത്തി​െൻറ പ്രകടനങ്ങൾ തുടങ്ങിയ ഭൂഖണ്ഡങ്ങളിലേക്ക് ചുരുക്കി വായിക്കുന്ന ഫുട്​ബാൾ വിശകലനങ്ങളെ അപ്രസക്തമാക്കുക കൂടി ചെയ്തിരിക്കുന്നു റഷ്യയിൽ വിരിഞ്ഞ ഫുട്​ബാൾ വസന്തം. ഫ്രാൻസി​െൻറയും ബെൽജിയത്തി​െൻറയും കളിമികവിൽ ആഫ്രിക്കയുടെ കരുത്തും യൂറോപ്പി​െൻറ ശൈലിയും ലാറ്റിനമേരിക്കയുടെ സൗന്ദര്യവുമെല്ലാം മനോഹരമായി സമ്മേളിച്ചിരിക്കുന്നു. ഉറുഗ്വായ്, ബ്രസീൽ തുടങ്ങിയവർ യൂറോപ്യൻ ശൈലികൂടി പിൻപറ്റിയാണ് കളിക്കളത്തിൽ തന്ത്രങ്ങൾ മെനഞ്ഞത്. അല്ലെങ്കിലും ക്ലബ് ഫുട്​ബാൾ കേളീമികവിനെ നിയന്ത്രിക്കുന്ന കാലത്ത് ശൈലികളെ ദേശങ്ങളിലേക്ക് ചുരുക്കിക്കെട്ടുന്നതുതന്നെ എത്ര വിഡ്ഢിത്തമാണ്. 

ഫുട്​ബാൾ ഒരുകാലത്തും ലോകത്തെ സ്തോഭിപ്പിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്തിരുന്നത് ചന്തമുള്ള കളികൊണ്ട് മാത്രമല്ല, സാമൂഹിക മണ്ഡലങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളെ ഗോൾവര കടത്തിക്കൊണ്ടുകൂടിയാണ്. ചരിത്രത്തിൽ ഹിറ്റ്​ലറെയും സ്​റ്റാലിനെയും നാണം കെടുത്തിയതുപോലെ, വർത്തമാന കാലത്തും വംശീയ, രാഷ്​ട്രീയ മേൽക്കോയ്മകളെ വെല്ലുവിളിക്കുകയും പലപ്പോഴും പരാജയപ്പെടുത്തുകയും ചെയ്യും കളിമൈതാനങ്ങൾ. ഫുട്​ബാളി​െൻറ ജനിതകഘടനയിൽതന്നെയുള്ള രാഷ്​ട്രീയചരിത്രത്തെ മുറുകെപ്പിടിച്ചാണ് റഷ്യൻ ലോകകപ്പും വിടപറഞ്ഞിരിക്കുന്നത്. ഒരർഥത്തിൽ അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും വിജയാഹ്ലാദത്തി​െൻറ ലോകകപ്പായിരുന്നു റഷ്യയിൽ അരങ്ങേറിയത്. കുടിയേറ്റ സമൂഹങ്ങൾക്ക് ഇത്രമേൽ ആത്മാഭിമാനം നൽകിയ മറ്റൊരു ലോകകപ്പും കഴിഞ്ഞുപോയിട്ടുണ്ടാകില്ല. യൂറോപ്യൻ രാജ്യങ്ങളിലെ കളിമികവിൽ കുടിയേറ്റക്കാരുടെയും കറുത്ത വർണക്കാരുടെയും രക്തവും വിയർപ്പും ഉൾച്ചേർന്നിരിക്കുന്നു. ജർമനിയിലെ തീവ്ര വലതുപക്ഷ രാഷ്​ട്രീയം ജർമൻ ടീമി​െൻറ കെട്ടുറപ്പിനെ എങ്ങനെ തകർത്തുവെന്ന് റഷ്യ കാണിച്ചുതന്നു. ഉർദുഗാെന സന്ദർശിച്ചുവെന്നതി​െൻറ പേരിൽ വംശീയാരോപണത്തിന് വിധേയനാകുകയും ദേശക്കൂറ് ചോദ്യം ചെയ്യപ്പെടുകയും ചെയ്ത തുർക്കി വംശജനായ ഓസിലിനെയും ഗുഡോഗിനെയും തള്ളിപ്പറഞ്ഞത് ടീം ഡയറക്ടർതന്നെയായിരുന്നു. ഭാഷാവൈവിധ്യവും വർണവൈവിധ്യവും മഴവില്ലുപോലെ ചേർന്നുനിൽക്കുന്ന ബെൽജിയത്തി​​െൻറ അകത്ത് അടങ്ങിക്കിടക്കുന്ന വംശീയതക്കെതിരെക്കൂടിയാണ് ലുക്കാക്കു ഗോളടിച്ചത്. സെർബിയക്കെതിരെയുള്ള വിജയാഹ്ലാദത്തിൽ ഷെർദൻ ഷാക്കീരി നടത്തിയ ആംഗ്യവിക്ഷേപം മോക്ഷം നൽകുന്നത് വംശീയാക്രമണത്തിൽ അപമാനിക്കപ്പെട്ട കൊസോവോയിലെ മുഴുവൻ പതിത ജനങ്ങൾക്കുമാണ്. സംശയമില്ല, ഫുട്​ബാൾ കേവലമായൊരു കളിയല്ല, രാഷ്​ട്രീയ ഉള്ളടക്കമുള്ള സാംസ്കാരിക പ്രക്രിയകൂടിയാണ്. 

കൃത്യമായ ആസൂത്രണവും ദീർഘകാല പദ്ധതികളുമുണ്ടെങ്കിൽ ഇന്ത്യക്കും ആസന്ന ഭാവിയിൽ ലോകകപ്പിൽ ടീമിനെ അയക്കാനാകുമെന്ന് ഐസ്​ലൻഡ്​ പഠിപ്പിച്ചുതരുന്നുണ്ട്. നമ്മുടെ രാജ്യം നേരിടുന്ന ശരിയായ പ്രതിസന്ധി മികവുള്ളവരെ വളർത്തിയെടുക്കാൻ കഴിയുന്ന ആസൂത്രണത്തി​െൻറ‍യും ഭാവനയുടെയും ദാരിദ്ര്യമാണ്. ചെറുപ്രായത്തിലേ പ്രതിഭകളെ ക​െണ്ടത്താൻ പറ്റുന്ന ചെറു കളിയിടങ്ങൾകൊണ്ട് സമ്പന്നമാക്കാൻ കഴിയണം നമ്മുടെ നാടിനെ. അതോടൊപ്പം, ചെറുപാർക്കുകൾ കൂടിയുണ്ടെങ്കിൽ മുതിർന്നവർക്ക് നഷ്​ടപ്പെടുന്ന സാമൂഹികജീവിതത്തെ തിരിച്ചുപിടിക്കാനുമാകും. കുട്ടികൾ കളിച്ചുകളിച്ച് ജീവിതത്തിലെ കൂട്ടായ്മയുടെ നല്ല പാഠങ്ങൾ ആർജിക്കാൻ കളിമൈതാനങ്ങളേക്കാൾ ഉചിതമായ ഇടമില്ല. ഫുട്​ബാൾ മൈതാനം കുമ്മായ വരകൾക്കിടയിലെ നിർജീവ സ്ഥലമല്ല, മാനവികതയും സാമൂഹിക ജീവിതവും പകർന്നുനൽകുന്ന അഭ്യാസക്കളരിയാണ്. 

Tags:    
News Summary - Football - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.