അടിയന്തര വിഷയങ്ങൾ; അനക്കമറ്റ നീതി




രാജ്യത്ത് നിയമവാഴ്ച നടപ്പാകണമെന്ന് ആഗ്രഹിക്കുന്നവരെ മുഴുവൻ സന്തോഷിപ്പിക്കാൻ പോന്നതാണ്, പൗരത്വ സമരക്കാരിൽനിന്ന് അന്യായമായി പിടിച്ചെടുത്ത സ്വത്ത് അവർക്ക് തിരിച്ചുനൽകണമെന്ന സുപ്രീംകോടതിയുടെ ശാസന. 2019ൽ സമരം ചെയ്തവരിൽനിന്ന് കണ്ടുകെട്ടിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് തിരികെ നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. കണ്ടുകെട്ടൽ നോട്ടീസുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി യു.പി സർക്കാറിനോട് കൽപിച്ചത്, സർക്കാറിന്റെ നിയമലംഘനം ബോധ്യപ്പെട്ടതോടെയായിരുന്നു. ഭരണകൂടത്തിന്റെ അത്യാചാരങ്ങൾക്കെതിരെ പൗരന്മാർക്കുള്ള ഭരണഘടനാപരമായ കവചമെന്ന ധർമം പാലിക്കുകവഴി കോടതി ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസം നൽകുന്നു. രാജ്യത്തിന്റെ ഭരണഘടന സംവിധാനങ്ങളും വ്യവസ്ഥകളും നിരന്തരം സർക്കാറുകളുടെ കടന്നുകയറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോൾ ഇത്തരം ജുഡീഷ്യൽ ഇടപെടലുകൾ പ്രതീക്ഷ നൽകും. അതേസമയം, ഇത്തരം ഇടപെടലുകൾ വിരളവും ഏറെ താമസിച്ചും ആയിപ്പോകുന്നു എന്ന, ജുഡീഷ്യറി തന്നെ തിരുത്തേണ്ട സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടേണ്ടതുമുണ്ട്. എക്സിക്യൂട്ടിവിന് മുൻതൂക്കം കൽപിക്കുന്ന സമീപനങ്ങളും പരാമർശങ്ങളും മന്ത്രിമാരെ അതിരുവിട്ട് പരസ്യമായി പ്രശംസിക്കുന്നതുപോലും ചില ജഡ്ജിമാരിൽനിന്ന് ഉണ്ടാകുമ്പോൾ നേര​ത്തേ പറഞ്ഞ പ്രതീക്ഷക്കും പ്രത്യാശക്കുമാണ് മങ്ങലേൽക്കുക. ഭരണകൂടത്തിന്റെ നയങ്ങളും നടപടികളും ഭരണഘടനയുടെ തുലാസിൽ, നീതിബോധമല്ലാത്ത മറ്റു പരിഗണന ഒന്നുമില്ലാതെ, തൂക്കിനോക്കാനുള്ള സ്വാതന്ത്ര്യവും കരുത്തുമാണ് ജുഡീഷ്യറിയെ പ്രസക്തമാക്കുന്നത്. സ്വതന്ത്ര സ്വഭാവമില്ലെങ്കിൽ ജുഡീഷ്യറിക്ക് പ്രസക്തിയേ ഇല്ല എന്നത് ജഡ്ജിമാർ തന്നെ പലകുറി അടിവരയിട്ട് പറഞ്ഞിട്ടുള്ളതാണു താനും.

പൗരന്മാരുടെ മൗലികാവകാശങ്ങളുമായും നാട്ടിലെ നിയമവാഴ്ചയുമായും നേരിട്ട് ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ള ഒരുപാട് കേസുകൾ ഉന്നത കോടതികളിൽ തീർപ്പില്ലാതെ കിടക്കുന്നുണ്ട്. ജഡ്ജിമാരുടെ കുറവും കോവിഡ് മഹാമാരി സൃഷ്ടിച്ച പരിമിതികളും എല്ലാം ഇരിക്കെതന്നെ, നിയമവാഴ്ചക്ക് അവധി കൊടുത്തുകൂടെന്ന തത്ത്വം അപ്രധാനമല്ലല്ലോ. പൗരാവകാശസമരക്കാരുടെ സ്വത്ത് പിടിച്ചെടുത്തതു സംബന്ധിച്ച പരാതികളെക്കാൾ പഴക്കമുണ്ട് പൗരത്വ ഭേദഗതി നിയമത്തെ ചോദ്യംചെയ്യുന്ന ഇരുനൂറോളം പരാതിക്കാരുടെ ഹരജികൾക്ക്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്നത് ഭരണഘടനക്ക് നിരക്കുന്നതല്ല എന്ന വിഷയംവരെ അവയിലുണ്ട്. നിയമം സ്​റ്റേചെയ്യാനുള്ള അപേക്ഷ തള്ളിയ സുപ്രീംകോടതി സർക്കാറിന് നോട്ടീസ് നൽകിയെങ്കിലും പിന്നീട് നടപടികൾ മന്ദഗതിയിലാണ്. ഭരണഘടനയുടെ മർമത്ത് പ്രഹരമേൽപ്പിക്കുന്ന ഒരു നിയമം കോടതിയുടെ പരിശോധന കൂടാതെ രണ്ടു വർഷത്തിലേറെയായി പ്രാബല്യത്തിൽ തുടരുകയാണ്. ജമ്മു-കശ്മീർ സംസ്ഥാനത്തിന്റെ പദവി എടുത്തുകളഞ്ഞുകൊണ്ട് ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയ നടപടി ശരവേഗത്തിലാണ് രാഷ്ട്രപതിയുടെ ഒപ്പോടെ നിയമമായത്. അതേസമയം, അതിനെ ചോദ്യംചെയ്തുകൊണ്ടുള്ള ഹരജികൾ രണ്ടര വർഷമായി വിചാരണ കാത്തുകിടക്കുകയാണ്. എത്രയും വേഗം അത് വിചാരണക്കെടുക്കണമെന്ന ഒരു ഹരജി സമർപ്പിക്കപ്പെട്ടിട്ടുതന്നെ ഒ​ന്നേകാൽ വർഷം കഴിഞ്ഞു. 370ാം വകുപ്പ് ഭരണഘടനാപരമായി സ്ഥിരപ്പെട്ട നിയമമാണെന്ന് സുപ്രീംകോടതിതന്നെ പറഞ്ഞതിന്റെ തൊട്ടടുത്ത വർഷം അത് എടുത്തുകളഞ്ഞ സർക്കാർ നടപടി സ്റ്റേ ചെയ്യപ്പെട്ടില്ലെന്നു മാത്രമല്ല, ആ നിയമത്തിന്റെ തുടർനടപടികളെല്ലാം സർക്കാർ മുന്നോട്ടുകൊണ്ടുപോകുമ്പോഴും കേസ് നടപടികൾ ​നന്നേ പതുക്കെയാണ് നീങ്ങുന്നത്. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കപ്പെടേണ്ടിയിരുന്ന മറ്റൊരു കേസാണ് ഇലക്ടറൽ ബോണ്ടുകളെപ്പറ്റിയുള്ളത്. ഒട്ടും സുതാര്യതയില്ലാത്ത ഈ സംവിധാനം 2017ലാണ് പാർലമെന്റ് പാസാക്കിയത്. രാജ്യസഭയിൽ അത് ധനകാര്യ ബില്ലായി പാസാക്കിയെടുത്തതുപോലും പ്രകടമായ നിയമവ്യതിയാനമായിരുന്നു. അതിനെതിരെ സുപ്രീംകോടതിയിൽ പലരും കേസുകൊടുത്തിട്ട് വർഷങ്ങളാകുന്നു; തെരഞ്ഞെടുപ്പുകളും പാർട്ടികളുടെ രഹസ്യ ഫണ്ടിങ്ങുമെല്ലാം മുറപോലെ നടക്കുന്നു. കോടതി നിയമം സ്റ്റേ ചെയ്തില്ല; ഇത്ര കാലവും പരിശോധിച്ച് തീർപ്പാക്കിയുമില്ല.

വൈകുന്ന നീതി അനീതിയാകുന്നതിന്റെ ഉദാഹരണങ്ങൾ ഇതുമാത്രമല്ല, മൂന്നു വർഷത്തിലേറെയായി സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആൾക്കൂട്ടക്കൊലപാതകങ്ങൾക്കെതിരെ 'നാലു ആഴ്ചക്കകം' പ്രത്യേക നിയമമുണ്ടാക്കാൻ ഉത്തരവിട്ടിട്ട്. ഭരണകൂടങ്ങൾ അനങ്ങാതിരുന്നു. 2019ൽ ഇതേപ്പറ്റി ഒരു പൊതുതാൽപര്യ ഹരജിയിൽ കേന്ദ്രത്തിനും സർക്കാറുകൾക്കും കോടതി നോട്ടീസയച്ചു. എന്നിട്ടും ഒന്നും നടപ്പായില്ല. കൊളോണിയൽകാലത്തെ രാജ്യദ്രോഹ നിയമം, യു.എ.പി.എയിലെ ചില വകുപ്പുകൾ, ആധാർനിയമം തുടങ്ങിയവയും ചോദ്യം ചെയ്യപ്പെട്ടിട്ട് വർഷങ്ങളാകുന്നു. ഐ.ടി നിയമത്തെ ചോദ്യം ചെയ്തത് തീർപ്പ് കാത്തിരിക്കെ ഇപ്പോൾ അക്രഡി​റ്റേഷൻ ചട്ടങ്ങൾ മാറ്റി കേന്ദ്രം മാധ്യമങ്ങൾക്കുമേൽ പിന്നെയും പിടിമുറുക്കിയിരിക്കുന്നു. രാജ്യരക്ഷ, പൗരന്മാരുടെ സ്വകാര്യത തുടങ്ങിയവയുമായി നേരിട്ടു ബന്ധമുള്ള പെഗസസ് കേസ് പരിഗണനയിലുണ്ടെങ്കിലും ഇഴഞ്ഞാണ് നീങ്ങുന്നത്. കാർഷികനിയമങ്ങൾ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും ഒടുവിൽ സർക്കാർ പിൻവലിക്കുകയായിരുന്നു. സർക്കാറിന്റെ താൽപര്യങ്ങളുമായി ചേരാത്ത കേസുകളും പരാതികളും -അവ ഭരണഘടനക്കും മൗലികാവകാശങ്ങൾക്കും വേണ്ടിയാകുമ്പോൾ പോലും - ശീതീകരണിയിൽ കിടക്കുന്നത് ഭരണഘടന അനുശാസിക്കുന്ന സന്തുലനം നഷ്ടപ്പെടുത്തുകയും എക്സിക്യൂട്ടിവിന് അമിതാധികാരം നൽകുകയുമാണ് ഫലത്തിൽ ചെയ്യുക.

Tags:    
News Summary - feb 21st editorial on judicial role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.