ഉരുക്കുമുഷ്ടി വേണ്ട; ഇരുമ്പു മുഷ്ടിയെങ്കിലും?
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ചെയ്തുകൂട്ടിയ തെറ്റുകൾ ഒന്നൊന്നായി തിരുത്തിക്കൊണ്ടിരിക്കുകയാണ്. തെറ്റ് സമ്മതിക്കാതിരിക്കാൻ കമീഷൻ പരമാവധി ശ്രമിച്ചെങ്കിലും അനിഷേധ്യമായ തെളിവുകൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ യൂ-ടേൺ പരമ്പര തുടങ്ങേണ്ടി വന്നതാണ്. കണക്കും തെളിവും ജനരോഷവുമാണ് കമീഷനെ പുനരാലോചനക്ക് പ്രേരിപ്പിച്ചത്. നീക്കം ചെയ്യപ്പെട്ട വോട്ടർമാരെ വീണ്ടും ചേർക്കാൻ തയാറാകേണ്ടി വന്നപ്പോഴും അതിന് ഫോറം ആറ് വഴി അപേക്ഷിപ്പിക്കാനാണ് കമീഷൻ ആദ്യം ശ്രമിച്ചത്. തങ്ങൾ ആദ്യമായിട്ടാണ് വോട്ട് ചെയ്യാൻ പോകുന്നത് എന്ന കള്ളസാക്ഷ്യം ഒപ്പിടാൻ പോലും നിർദേശിച്ച കമീഷൻ നിയമലംഘനം നടത്തുക മാത്രമല്ല നിയമം ലംഘിക്കാൻ പൗരജനങ്ങളെ നിർബന്ധിക്കുക കൂടിയാണ് ചെയ്തത്. ഇപ്പോൾ കോടതികളുടെ ഇടപെടലിന് ശേഷമാണ് എന്യുമറേഷൻ ഫോറം വഴി വീണ്ടും ചേർക്കാൻ തയാറായത്. പ്രാദേശിക ഉദ്യോഗസ്ഥരുടെ അധികാരം കവർന്നത് പുനഃസ്ഥാപിക്കും. യോഗങ്ങൾ, വിദേശയാത്രകൾ, ഐ.ടി പദ്ധതികൾ തുടങ്ങിയവയിലെല്ലാം യൂ-ടേൺ ഉണ്ട്. പക്ഷേ, ഇതു മതിയോ? ബാധ്യത (അക്കൗണ്ടബിലിറ്റി) എന്നൊരു സംഗതി ഇതിലുണ്ടാകണ്ടേ? ഒരു ഭരണഘടനാ സ്ഥാപനം ഇത്രയേറെ നിയമലംഘനങ്ങൾ ചെയ്തുകൂട്ടുമ്പോൾ ഉത്തരവാദികളെ ശിക്ഷിക്കാൻ നിയമമില്ലെന്നോ?
തിരുത്തുപരമ്പരക്ക് ശേഷവും മൗലികപ്രശ്നങ്ങൾ ബാക്കിയാണ്. തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ കരട് പട്ടികയിലേക്ക് മാത്രമാണ് പുതുതായി ചേർക്കാൻ അവസരം. എസ്.ഐ.ആർ നടന്നു കഴിഞ്ഞ 19 സംസ്ഥാനങ്ങളിലും യൂനിയൻ ഭരണ പ്രദേശങ്ങളിലും ഈ ആനുകൂല്യം നൽകുന്നില്ല. രണ്ടുകോടി വോട്ടർമാർ പുറന്തള്ളപ്പെട്ട ഉത്തർപ്രദേശും ഇക്കൂട്ടത്തിലാണ്. അവിടെ തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയുമാണ്. ഐ.ടിയിലും സോഫ്റ്റ്വെയറിലും തിരുത്തലുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് ശരിയായി നടപ്പാകും എന്നതിന് ഉറപ്പില്ല . എല്ലാ അധികാരവും കമീഷനിൽ കേന്ദ്രീകരിക്കുന്ന സംവിധാനം മാറ്റുമ്പോഴും മേൽനോട്ടം സീനിയർ കമീഷണർക്കായിരിക്കും. ഇത് സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും ഉറപ്പില്ല. ഫോറം ഏഴിലൂടെയാണ് ഒരുപാട് കള്ളക്കളികൾ കമീഷന്റെ അറിവോടെ നടന്നുവന്നത്. മറുപടിക്ക് അവസരം പോലും നൽകാതെ അസംഖ്യം വോട്ടർമാരെ വെട്ടിക്കളഞ്ഞിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ പരാതികളും കേസുകളുമുണ്ട്. പശ്ചിമബംഗാൾ, യു.പി, കർണാടക, ഗോവ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് വോട്ടർമാർ ഒഴിവാക്കപ്പെട്ടു, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ നാൽപതുലക്ഷം വോട്ടർമാരുടെ അസ്വാഭാവിക വർധനയുണ്ടായി. ഇതെല്ലാം ഒറ്റയടിക്ക് ന്യായീകരിക്കുക മാത്രമാണ് കമീഷണർ ചെയ്തത്. ഇപ്പോൾ വരുത്തിയ മാറ്റങ്ങളും യഥാർഥ ഫലം ഉണ്ടാക്കും എന്നതിന് ഉറപ്പില്ല. കാരണം, കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പിലാണ്.
തെരഞ്ഞെടുപ്പ് രംഗം കുത്തഴിഞ്ഞതിന് ഉത്തരവാദി ഇലക്ഷൻ കമീഷനാണെങ്കിലും അതിനു വഴി സുഗമമാക്കി എന്ന ആരോപണം ജുഡീഷ്യറി നേരിടുന്നുണ്ട്. കമീഷനെ നിയമിക്കാനുള്ള അധികാരം സർക്കാറിന് നൽകിയും കമീഷനെ കോടതിയിൽ ചോദ്യം ചെയ്യാൻ പാടില്ലെന്ന് നിഷ്കർഷിച്ചുമുള്ള നിയമം ഒറ്റനോട്ടത്തിൽതന്നെ ഭരണഘടനക്കും സാമാന്യ ബോധത്തിനും നിരക്കാത്തതാണ്. പക്ഷേ, അതിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതിക്ക് സാധിച്ചിട്ടില്ല. നിയമം ലംഘിച്ചുപോലും പ്രവർത്തിച്ചും, ഇല്ലാത്ത അധികാരം വെച്ച് ഫോറങ്ങൾ മാറ്റി എല്ലാ അധികാരവും തങ്ങളിൽ കേന്ദ്രീകരിച്ചും, തോന്നിയപോലെ വോട്ടുകൾ വെട്ടിയും ചേർത്തും തെരഞ്ഞെടുപ്പ് ഫലങ്ങൾ വരെ മാറ്റി-ഇങ്ങനെ അനേകം ആരോപണങ്ങൾ. ഇവ ഖണ്ഡിക്കാൻ കമീഷന് സാധിച്ചിട്ടില്ല. എന്നല്ല അവ സ്ഥിരീകരിക്കുന്ന തെളിവുകൾ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ജുഡീഷ്യറിയുടെ നിസ്സംഗതയും മെല്ലെപ്പോക്കും ജനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തോൽപ്പിച്ചത് ബി.ജെ.പിയല്ല സുപ്രീംകോടതിതന്നെയാണ് എന്നുവരെ ആരോപണം ഉയർന്നുകഴിഞ്ഞു. വിശ്വാസ്യതാകമ്മി ഇലക്ഷൻ കമീഷനിൽനിന്ന് ജുഡീഷ്യറിയിലേക്ക് കൂടി പകരുമ്പോൾ സ്ഥിതി ഗുരുതരമാകുന്നു. ഒടുവിലിപ്പോളിതാ, ചട്ടവിരുദ്ധമെന്ന് തെളിഞ്ഞ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ സർക്കാർ സേവനങ്ങളും സൗജന്യങ്ങളും നൽകുമെന്നാണ് യൂനിയൻ പഞ്ചായത്തീരാജ് മന്ത്രി പറയുന്നത്. ഇതു സുപ്രീംകോടതിയുടെ മേയ് 27ലെ വിധിയുടെ ലംഘനമാണ്. ചീഫ് ജസ്റ്റിസിനെ വിമർശിച്ചതിന് കേസെടുത്ത കോടതി അതിനെതിരെ ഉരുക്കുമുഷ്ടിതന്നെ പ്രയോഗിക്കുമെന്ന് താക്കീത് ചെയ്യുന്നു. എന്നാൽ, ഭരണഘടനയുടെ അടിവേരറുക്കുന്ന ഇലക്ഷൻ കമീഷന്റെ ചെയ്തികൾക്കെതിരെ കോടതി നിസ്സഹായമാണോ? ആ അട്ടിമറിക്കെതിരെ ഉരുക്കുമുഷ്ടി സാധ്യമല്ലെങ്കിൽ ഇരുമ്പ് മുഷ്ടിയെങ്കിലും ആവശ്യമല്ലേ? “ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം രാഷ്ട്രീയസൗകര്യം നോക്കിയല്ല” എന്ന കോടതിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണ്. പക്ഷേ, അത് ഇലക്ഷൻ കമീഷന്റെ കാര്യത്തിലും ബാധകമാകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.