ഹിന്ദുത്വവത്കരണത്തിന്റെ ഭീകരമുഖം
മതന്യൂനപക്ഷങ്ങളെ പരമാവധി ദ്രോഹിച്ച് നാടുവിടാൻ പ്രേരിപ്പിക്കുംവിധം നരകയാതനകൾക്ക് വിധേയരാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ അഭംഗുരം തുടരുകയാണ് മോദി-ഷാ കൂട്ടുകെട്ടിന്റെ തണലിൽ വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാർ
പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ ക്രൈസ്തവ ദേവാലയ ഉദ്ഘാടനച്ചടങ്ങിനിടെ ഒരുസംഘം പള്ളി അടിച്ചുതകർക്കുകയും പുരോഹിതരെയും വിശ്വാസികളെയും ആക്രമിക്കുകയും ചെയ്തതായി പൊലീസ് വെളിപ്പെടുത്തിയതാണ് കഴിഞ്ഞദിവസം കൊൽക്കത്തയിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബിഷപ് സുബ്രത ചക്രവർത്തിയും നിരവധി പുരോഹിതരും വിശ്വാസികളും ഉദ്ഘാടന ചടങ്ങിനായി എത്തിയപ്പോൾ മുപ്പത്തഞ്ചോളം അക്രമികൾ ഇരച്ചുകയറി പള്ളിയും കുരിശും തകർക്കുന്ന കാഴ്ചയാണ് കണ്ടത്. പള്ളിവളപ്പിൽ മതപരമായ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് അക്രമികൾ ഭീഷണിപ്പെടുത്തി. ആഴ്ചകൾക്കുമുമ്പ് പശ്ചിമ മേദിനിപൂർ ജില്ലയിൽ ക്രിസ്തുമതം സ്വീകരിച്ച മൂന്ന് കുടുംബങ്ങളെ ഒരുസംഘം ഭീഷണിപ്പെടുത്തുകയും ക്രിസ്തുമതം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് ആക്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു.
സുവേന്ദു അധികാരി പശ്ചിമബംഗാളിൽ അധികാരമേറ്റതിൽപിന്നെ മുമ്പൊരിക്കലുമില്ലാത്തവിധം മതന്യൂനപക്ഷങ്ങൾക്കു നേരെ ശാരീരികാക്രമണങ്ങളും ആരാധനാലയങ്ങളുടെ ധ്വംസനവും, രാജ്യത്തുനിന്ന് പിടികൂടി പുറത്താക്കലും ഉപജീവനമാർഗങ്ങൾ തടസ്സപ്പെടുത്തലും വ്യാപകമായ വാർത്തകളാണ് നിരന്തരം പുറത്തുവരുന്നത്. 2026 മേയിൽ തെക്കൻ കൊൽക്കത്തയിലെ തപ്സിയ-തിൻജല മേഖലയിൽ ഫാക്ടറി തീപിടിത്തത്തിൽ രണ്ടുപേർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമുണ്ടായി. പിന്നാലെ കെട്ടിടങ്ങൾ പൊളിക്കുന്ന നടപടികൾ ആരംഭിച്ചു. മുസ്ലിംകൾ താമസിക്കുന്ന സ്ഥലത്ത് മുൻകൂർ നോട്ടീസില്ലാതെയാണ് വീടുകൾ തകർത്തതെന്ന് ആരോപണമുയർന്നിരുന്നു. പൊളിക്കൽ നടപടിക്ക് പിന്നീട് കൊൽക്കത്ത ഹൈകോടതി ഇടക്കാല സ്റ്റേ നൽകി. ബലിപെരുന്നാളിന് മുമ്പ് പൊതുസ്ഥലങ്ങളിലെ മൃഗബലി തടയുകയും അറവിന് ഔദ്യോഗികാനുമതിയും മൃഗങ്ങളുടെ യോഗ്യതാ സർട്ടിഫിക്കറ്റും നിർബന്ധമാക്കുകയും ചെയ്തു. പശുവിനെ ആരെങ്കിലും ഉപദ്രവിച്ചാൽ ‘എന്നേക്കാൾ മോശക്കാരനുണ്ടാവില്ല’ എന്ന സുവേന്ദു അധികാരിയുടെ ഭീഷണി കൂടിയായപ്പോൾ മുസ്ലിം വ്യാപാരികൾക്ക് കന്നുകാലിവിൽപന നിർത്തേണ്ടിവന്നു. അതോടെ കന്നുകാലി വളർത്തലിലേർപ്പെട്ട ഹിന്ദുക്കൾക്കും ഉപജീവനം തടസ്സപ്പെട്ടു. വോട്ടർപട്ടികയിൽനിന്ന് ദശലക്ഷക്കണക്കിന് മുസ്ലിംകളെ വെട്ടിമാറ്റി, അവരൊക്കെയും ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണെന്ന് വിളിച്ചുകൂവിയാണല്ലോ ബി.ജെ.പി ഇതാദ്യമായി ബംഗാളിൽ അധികാരം പിടിച്ചത്. ഫലപ്രഖ്യാപന ദിനം മുതൽ ആരംഭിച്ച ന്യൂനപക്ഷവേട്ട അഭംഗുരം തുടരുകയാണ്.
അസമിൽ ഹിമന്ത ബിശ്വ ശർമ നേരത്തെ ആരംഭിച്ച ‘ബംഗാളി മുസ്ലിം’ ഉന്മൂലന പരിപാടി ഇടതടവില്ലാതെ തുടരുന്നു. ധുബ്രി ജില്ലയിൽ എഴുന്നൂറിലേറെ മുസ്ലിം കുടുംബങ്ങളുടെ വീടുകൾ തകർത്തതാണ് ഒടുവിലത്തെ സംഭവം. സർക്കാർഭൂമി കൈയേറി നിർമിച്ച വീടുകളാണ് തകർത്തതെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, 1972 മുതൽ 2016 വരെ തങ്ങൾ ഭൂനികുതി അടച്ച രേഖകൾ പൊടുന്നനെ ഭവനരഹിതരായി മാറിയ കുടുംബങ്ങൾ ഹാജരാക്കുന്നുണ്ട്. ചുരുങ്ങിയപക്ഷം മറ്റിടങ്ങളിൽ അവരെ പുനരധിവസിപ്പിക്കണമെന്ന മാനുഷിക പരിഗണനപോലും ഹിമന്ത സർക്കാറിനെ അലോസരപ്പെടുത്തുന്നില്ല. രണ്ടാഴ്ച മുമ്പാണ് നാഗാവ്, ഹോജായ്, ഗോലാഘട്ട് ജില്ലകളിൽനിന്ന് 1100 മുസ്ലിം കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടത്. കഴിഞ്ഞ പത്തുവർഷത്തെ ബി.ജെ.പി ഭരണത്തിൽ 19,000 കുടുംബങ്ങൾ വഴിയാധാരമായിട്ടുണ്ട്; ബഹുഭൂരിപക്ഷവും മുസ്ലിം കുടുംബങ്ങൾ. ഒപ്പം മുസ്ലിം കച്ചവടസ്ഥാപനങ്ങളും എന്തിനേറെ ഓട്ടോറിക്ഷകൾ പോലും ബഹിഷ്കരിക്കാനുള്ള ആഹ്വാനവും നിരന്തരം മുഴങ്ങുന്നു.
മതന്യൂനപക്ഷങ്ങളെ പരമാവധി ദ്രോഹിച്ച് നാടുവിടാൻ പ്രേരിപ്പിക്കുംവിധം നരകയാതനകൾക്ക് വിധേയരാക്കാനുള്ള ആസൂത്രിതശ്രമങ്ങൾ നരേന്ദ്ര മോദി, അമിത് ഷാ കൂട്ടുകെട്ടിന്റെ തണലിൽ യോഗി ആദിത്യനാഥ്, പുഷ്കർ ധാമി, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശർമ തുടങ്ങിയ മുഖ്യമന്ത്രിമാർ അഭംഗുരം തുടരുകയാണ്. ഇതിന് സഹായകമാകുംവിധം എക്സിക്യൂട്ടിവിനെ വരുതിയിലാക്കിക്കഴിഞ്ഞ ഹിന്ദുത്വസർക്കാർ ജുഡീഷ്യറിയെക്കൂടി കാവിവത്കരിക്കാനുള്ള യത്നത്തിലാണിപ്പോൾ. കേന്ദ്ര കാബിനറ്റിലും സംസ്ഥാന മന്ത്രിസഭകളിലും മുസ്ലിം പ്രാതിനിധ്യം അവസാനിപ്പിക്കാനുള്ള ശ്രമം ഏതാണ്ട് പൂർണമായിക്കഴിഞ്ഞിരിക്കുന്നു. മതപരിവർത്തനത്തിന്റെ പേരിൽ ക്രൈസ്തവ മതപ്രവർത്തനങ്ങളെ വിലക്കുകയോ പരമാവധി തടസ്സപ്പെടുത്തുകയോ ചെയ്യുന്ന പ്രക്രിയയും മുറക്ക് നടക്കുന്നു. വിദേശസംഭാവനകളെ നിയന്ത്രിക്കാനുള്ള എഫ്.സി.ആർ.എ, ക്രൈസ്തവ, മുസ്ലിം സ്ഥാപനങ്ങളുടെ ധനസ്രോതസ്സ് വറ്റിക്കാൻ മാത്രം ലക്ഷ്യമിട്ട് കർശനമായി നടപ്പാക്കുകയാണ്. മാത്രമല്ല, നേരത്തെ സർക്കാർ ഉപാധികൾ പൂർണമായി അംഗീകരിച്ച് കൈപ്പറ്റിയ പണംകൊണ്ട് നിർമിച്ച ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളുമെല്ലാം സർക്കാർ ഏജൻസികൾ ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ബിൽ.
തീവ്രഹിന്ദുത്വ സംസ്കാരവും ഭരണകൂടവും ചേർന്ന് മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ ശവപ്പെട്ടിയിൽ ആണിയടിക്കുന്ന ആസൂത്രിതയജ്ഞം നിർബാധം നീങ്ങുമ്പോൾ, ഭരണഘടനാവിരുദ്ധ നീക്കങ്ങൾക്കും നടപടികൾക്കുമെതിരായ ജനകീയപ്രക്ഷോഭം അതിശക്തമായി തുടർന്നേ പറ്റൂ. അല്ലാത്തപക്ഷം ‘ഡെമോക്രാറ്റിക് സെക്യുലർ സോഷ്യലിസ്റ്റ് റിപ്പബ്ലിക്’ എന്ന അന്യാദൃശ സവിശേഷത ഇന്ത്യൻ റിപ്പബ്ലിക്കിന് നഷ്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.