അട്ടപ്പാടിയിലെ തൊട്ടിലുകൾ അഥവാ, ശവമഞ്ചങ്ങൾ
ആഗോളതലത്തിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുംവിധം ശിശുമരണ നിരക്ക് പിടിച്ചുനിർത്തിയ കേരളത്തിൽ, പക്ഷേ ആദിവാസിമേഖലകളിലേക്ക് എത്തുമ്പോൾ ദേശീയ ശരാശരിയിലും കൂടിയ തോതിലുള്ള മരണങ്ങളാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.
ആരോഗ്യ സൂചികകളിൽ കേരളത്തിന്റെ മുന്നേറ്റവും ഉന്നത റാങ്കും കണ്ട് അഭിമാനംകൊള്ളുന്ന മലയാളി സമൂഹവും ഭരണവർഗവും ഒരുനിമിഷം അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളിലേക്കൊന്ന് നോക്കണം. പോഷകാഹാരക്കുറവും മതിയായ ചികിത്സയും ലഭിക്കാതെ ഒരു വിഭാഗം ജനങ്ങൾ ‘നിശ്ശബ്ദ വംശഹത്യ’യുടെ വക്കിലാണെന്നാണ് അവിടെനിന്നുള്ള വാർത്തകൾ. ഒരു ഇടവേളക്കുശേഷം, അട്ടപ്പാടിയിലെ ആദിവാസി ഉന്നതികളിൽ ശിശുമരണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പുകൾപെറ്റ ആരോഗ്യ മോഡലിനെ പുതിയ വിതാനങ്ങളിലേക്ക് ഉയർത്തുന്നതിനെക്കുറിച്ച് നിയമസഭയിൽ ചർച്ചകൾ നടക്കുമ്പോൾതന്നെയാണ്, ആദിവാസി വിലാപങ്ങളും ഉയർന്നുകേൾക്കുന്നത്. ഒരാഴ്ചക്കിടെ, മൂന്ന് കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. ഈ മാസത്തെ കണക്കെടുക്കുമ്പോൾ അത് അഞ്ചാണ്; നൂറ് ദിവസത്തിനിടെ പത്തും. ഇത്രയും നാളിനുള്ളിൽ അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രിയിൽ 150ഓളം പ്രസവങ്ങളാണ് നടന്നിട്ടുള്ളതെന്നുകൂടി അറിയുമ്പോഴാണ് മരണനിരക്കിന്റെ വ്യാപ്തി മനസ്സിലാവുക. ആരോഗ്യസൂചികകളിൽ ഏറ്റവും പ്രധാനമാണ് മാതൃ-ശിശു മരണനിരക്ക്. ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സർവേ പ്രകാരം, കേരളത്തിലെ ശിശു മരണനിരക്ക് എട്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്. അഥവാ, കേരളത്തിൽ ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളിൽ ഒരു വയസ്സ് തികയുംമുമ്പേ എട്ടുപേർ മാത്രമാണ് മരണത്തിന് കീഴടങ്ങുന്നത്. ദേശീയതലത്തിൽ ഇത് 25 ആണ്. ആഗോളതലത്തിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുംവിധം ശിശുമരണ നിരക്ക് പിടിച്ചുനിർത്തിയ കേരളത്തിൽ, പക്ഷേ ആദിവാസി മേഖലകളിലേക്ക് എത്തുമ്പോൾ ദേശീയ ശരാശരിയിലും കൂടിയതോതിലുള്ള മരണങ്ങളാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ആരോഗ്യ മോഡലിൽനിന്ന് ആദിവാസി സമൂഹം പുറത്തുതന്നെയാണെന്ന് പിന്നെയും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇപ്പോഴത്തെ ശിശുമരണങ്ങൾ 2012ലെ അട്ടപ്പാടിയെ ഓർമിപ്പിക്കുന്നുണ്ട്. 2012 ഏപ്രിൽ മുതൽ 2013 ജൂലൈ വരെ മാത്രം 60ഓളം ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തു. അന്ന് അവിടെ സന്ദർശിച്ച് യുനിസെഫ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്, ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ഗർഭിണികൾക്കുവേണ്ട അയേൺ, ഫോളിക് ആസിഡ് ഗുളികകൾപോലുമില്ല എന്നാണ്. പ്രദേശത്തെ ഭൂരിഭാഗം സ്ത്രീകളും അനീമിയ രോഗബാധിതരുമാണത്രെ. ഇതേ സമയത്തുതന്നെ, സി.പി.എം നിയോഗിച്ച ആരോഗ്യ വിദഗ്ധരുടെ സംഘവും വിശദമായ മാർഗരേഖ തയാറാക്കിയിരുന്നു. ആദിവാസി ക്ഷേമത്തിനായി വിവിധ കാലത്ത് ആവിഷ്കരിച്ച പദ്ധതികളെല്ലാം പൂർണമായും താളംതെറ്റിയെന്നും ഡോ. ബി. ഇഖ്ബാൽ അധ്യക്ഷനായ സമിതി കണ്ടെത്തി. അട്ടപ്പാടിയുടെ ദുർഗതി മാറ്റാൻ അന്ന് കേന്ദ്രവും സഹായത്തിനെത്തി. കുറുമ്പ പാക്കേജ്, അന്നമുറപ്പാക്കൽ പദ്ധതി എന്നിവക്കായി 220 കോടിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാറും നല്ലൊരു തുക അട്ടപ്പാടിക്ക് അനുവദിച്ചു. കുറഞ്ഞകാലത്തേക്ക് നേരിയ പുരോഗതി കൈവന്നെങ്കിലും ശിശുമരണം പിന്നെയും തുടർക്കഥയായി. 2017ൽ, 15 കുട്ടികളാണ് മരണത്തിന് കീഴടങ്ങിയത്. 2021ലും ഇപ്പോഴത്തേതിന് സമാനമായ ദുരന്തം അട്ടപ്പാടിയിൽ സംഭവിച്ചു. ആ വർഷം ഒക്ടോബറിലും ഒമ്പത് കുഞ്ഞുങ്ങൾ മരണപ്പെട്ടു. തുടർന്നാണ്, വിഷയം പഠിക്കാനായി സംസ്ഥാന സർക്കാർ നിയമസഭാ സമിതിക്ക് രൂപം നൽകിയത്. പിന്നീട് വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഒ.ആർ. കേളുവായിരുന്നു സമിതിയുടെ അധ്യക്ഷൻ. അട്ടപ്പാടിയിലെ ആദിവാസികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒടുവിൽ പുറത്തുവന്ന ആധികാരിക റിപ്പോർട്ടും ഇതായിരിക്കും. ഈ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കുക എന്നതാണ് സത്യത്തിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരം. എന്നാൽ, മന്ത്രിയായതിനുശേഷം ഒ.ആർ. കേളുപോലും ഇക്കാര്യത്തിൽ വേണ്ടത്ര താൽപര്യം കാണിച്ചില്ലെന്നതാണ് നിർഭാഗ്യകരമായ യാഥാർഥ്യം.
അട്ടപ്പാടിയിലെ 80 ശതമാനത്തോളം പേരും മതിയായ പോഷകാഹാരം കിട്ടാതെ രക്തക്കുറവിനാൽ വിളർച്ച ബാധിച്ചവരാണെന്ന് നിയമസഭാ സമിതി റിപ്പോർട്ടിന്റെ തുടക്കത്തിൽത്തന്നെ പറയുന്നു. എന്തുകൊണ്ട് അവിടെ ശിശുമരണം സംഭവിക്കുന്നുവെന്നതിന് മറ്റു കാരണങ്ങൾ അന്വേഷിക്കേണ്ടതില്ലാത്തവിധം വ്യക്തമാണ് കാര്യങ്ങൾ. മേഖലയിലെ ഗോത്രവിഭാഗങ്ങളെ വംശഹത്യയിലേക്ക് നയിക്കുന്ന മറ്റൊരു പ്രധാന കാരണങ്ങളിലൊന്ന് സിക്കിൾസെൽ അനീമിയ എന്ന മാരകമായ ജനിതക രോഗമാണ്. 2020ൽ, അട്ടപ്പാടിയിലെ തിരഞ്ഞെടുക്കപ്പെട്ട 25 അംഗൻവാടികൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ പറയുന്നത് ഇവിടത്തെ 65 ശതമാനം ആദിവാസി കുട്ടികളും അരിവാൾ രോഗലക്ഷണങ്ങളുള്ളവരാണെന്നാണ്. ഈ ഭീതിദമായ അവസ്ഥയെ തികഞ്ഞ നിസ്സംഗതയോടെയാണ് ഭരണവർഗം നോക്കിനിൽക്കുന്നത്. ഇടക്കാലത്ത്, മേഖലയിൽ ആരോഗ്യ പ്രവർത്തകർ നന്നായി ഇടപെട്ടിരുന്നപ്പോൾ ശിശുമരണ നിരക്ക് ഗണ്യമായി കുറക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, ഭരണമാറ്റത്തോടെ ഈ അവസ്ഥക്കും മാറ്റംവന്നുവെന്ന് അട്ടപ്പാടിക്കാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആരോഗ്യ പ്രവർത്തകരുടെ സ്ഥലംമാറ്റം, ആംബുലൻസുകളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളാൽ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും മതിയായ ചികിത്സ ലഭിക്കുന്നില്ല. ഈ അവസ്ഥക്ക് മാറ്റമുണ്ടാകണം. വിലാപങ്ങളും പ്രതിഷേധങ്ങളുമുയരുമ്പോൾ മന്ത്രിമാരും ജനപ്രതിനിധികളും അട്ടപ്പാടി സന്ദർശിച്ചതുകൊണ്ടായില്ല; പ്രായോഗികമായ പരിഹാരശ്രമങ്ങൾ വേഗത്തിൽ നടക്കണം. ഉന്നതികളിലെ തൊട്ടിലുകൾക്ക് ഇനിയും ശവമഞ്ചങ്ങൾ വഴികാട്ടരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.