ഇനിയെങ്കിലും ലോകസമാധാനം

ഇടക്കാല തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം യുദ്ധമാണെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പിൻഗാമിയായേക്കുമെന്ന് കരുതപ്പെടുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തന്നെ തുറന്നു സമ്മതിച്ചു. ആ ജനവിധിയുടെ ചൂട് ട്രംപിന്റെ കൊട്ടാരച്ചുവരുകളും തുളച്ചെത്തിയിരിക്കുന്നു

കഴിഞ്ഞ ദിവസം നടന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ കാത്തിരുന്നത് അന്നാട്ടുകാർ മാത്രമായിരുന്നില്ല. അതുപോലെ തന്നെ, കഴിഞ്ഞയാഴ്ച ഇസ്രായേലി പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ കാര്യവും. ഒരർഥത്തിൽ ലോകമൊട്ടുക്കുള്ള മനുഷ്യരുടെ സ്വൈര ജീവിതം സംബന്ധിച്ച ഹിതപരിശോധനയായിരുന്നു ആ തെരഞ്ഞെടുപ്പുകൾ.

അന്യായ യുദ്ധങ്ങളാൽ മുറിവേറ്റ, വംശഹത്യയിൽ ഛിന്നഭിന്നമാക്കപ്പെട്ട ജനതകളുടെ പ്രാർഥനകളും വംശഹത്യകളെയും സർവനാശ യുദ്ധങ്ങളെയും എതിർക്കുന്ന സമാധാനകാംക്ഷികളായ മനുഷ്യരുടെ പ്രതീക്ഷകളും ഉയർത്തിപ്പിടിച്ചു അമേരിക്കയിലെയും ഇ​സ്രായേലിലെയും ജനത. നാം ജീവിക്കുന്ന കാലത്തെ അതികുടില തന്ത്രങ്ങളുടെ തമ്പുരാന്മാരായ രണ്ട് സ്വേച്ഛാധിപതികളുടെ വിദ്വേഷം മുറ്റിയ വിനാശ നിലപാടുകൾക്കെതിരായ വിസമ്മതമാണ് അവർ ബാലറ്റിലൂടെ പ്രഖ്യാപിച്ചത്.

ഗസ്സയിലും ലബനാനിലും ഇറാനിലുമെല്ലാം കടന്നാക്രമണങ്ങൾ നടത്തിയത് തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും ലോക നന്മയും സംരക്ഷിക്കാനാണെന്ന ആഖ്യാനമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സൃഷ്ടിച്ചിരുന്നത്. യുദ്ധം കൊടുമ്പിരി കൊള്ളുന്ന ഘട്ടത്തിൽ തന്നെ ‘‘ഇത് ഞങ്ങളുടെ പേരിൽ വേണ്ടാ’’ എന്ന് പ്രഖ്യാപിച്ച് ജനത തെരുവിലിറങ്ങിയിരുന്നു. ചെയ്തുകൂട്ടിയ അഴിമതിക്കുറ്റങ്ങളുടെ അഴുക്ക് മറച്ചുപിടിക്കാനാണ് അന്തമില്ലാത്ത യുദ്ധപരമ്പരകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് ഏറ്റവുമാദ്യം തിരിച്ചറിഞ്ഞത് ഇസ്രായേലിലെ മനുഷ്യർ തന്നെയായിരുന്നു. കോടതിയെയും ഭരണസംവിധാനങ്ങളെയും ദുരുപയോഗം ചെയ്തും വിദ്വേഷ അജണ്ടയുടെ വെടിക്കെട്ട് തീർത്തും ജനവിധി റാഞ്ചിയെടുക്കാനുള്ള വ്യാമോഹത്തെ അവർ വീണ്ടും പൊളിച്ചടുക്കി. പ്രതികൂലമായ ജനവിധി അംഗീകരിക്കാനുള്ള ജനാധിപത്യ മര്യാദയൊന്നും നെതന്യാഹുവിൽ നിന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ. അറബ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും വിദേശ ഇടപെടലുണ്ടായെന്നുമെല്ലാം ആരോപണങ്ങൾ മുഴക്കുന്നുണ്ട്, ഇഷ്ടക്കാർ പോലും അത് മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രം. പ്രതിപക്ഷ സഖ്യം അറബ് പാർട്ടികളുടെ പിന്തുണയിൽ സർക്കാർ രൂപവത്കരിക്കുന്ന പക്ഷം അധികാരബലവും യുദ്ധസാഹചര്യവുമുപയോഗിച്ച് തേച്ചുമായ്ക്കാൻ ശ്രമിച്ച അഴിമതിക്കേസുകളിൽ കോടതിക്കൂട്ടിൽ കയറി നിൽക്കേണ്ടിവരും നെതന്യാഹു; വംശഹത്യാ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീർപ്പ് നടപ്പാക്കപ്പെടണമെന്നതിലും സമ്മർദം ശക്തിപ്പെടും. ഇസ്രായേലികളുൾപ്പെടെ ലോക ജനത അത് ഉൽക്കടമായി ആഗ്രഹിക്കുന്നുണ്ട്.

സ്വന്തം ജനതയിൽ നിന്ന് എതിർപ്പ് നേരിടുമ്പോഴും നശീകരണ യുദ്ധങ്ങൾ തുടരാൻ നെതന്യാഹുവിന് സാധിച്ചത് ആവശ്യാനുസരണം ആയുധവും അർഥവും നൽകി യു.എസ് ഭരണകൂടം ഉറച്ച പിന്തുണയുമായി കൂടെ നിന്നതു കൊണ്ടുമാത്രമാണ്. ഇതിന്റെ ഭാരം ചുമക്കേണ്ടി വന്നത് അമേരിക്കയിലേതുൾപ്പെടെ ലോകമൊട്ടുക്കുമുള്ള ജനങ്ങൾ. ഇറാൻ യുദ്ധത്തിന്റെ പ്രത്യാഘാതമായി ഇന്ധന വില കുതിച്ചുയർന്നു, ഒപ്പം ഭക്ഷ്യവസ്തുക്കൾക്കും മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും ലോകമെമ്പാടും ദൗർലഭ്യമുണ്ടായി. ഫെബ്രുവരിയിൽ യുദ്ധം തുടങ്ങുന്നതിനുമുമ്പ് യു.എസ് വിപണിയിൽ ഒരു ഗാലൻ (ഏകദേശം 3.79 ലിറ്റർ) ഡീസലിന് 3.75 ഡോളർ വിലയുണ്ടായിരുന്നത് സെപ്റ്റംബറിൽ 6.52 ഡോളറായുയർന്നു. യുദ്ധച്ചെലവുകൾ പെരുകുന്നതിനൊപ്പം ജനങ്ങളുടെ മേൽ അനാവശ്യ നികുതിഭാരങ്ങൾ കൂടുതൽ കൂടുതലായി അടിച്ചേൽപിക്കപ്പെട്ടു. ഫലമോ,

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മികച്ച ജനപിന്തുണയോടെ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയ ട്രംപിന്റെ ജനപ്രീതി രണ്ടുവർഷം കൊണ്ടുതന്നെ ഇടിഞ്ഞു താഴ്ന്നതായി അഭിപ്രായ സർവേകളിൽ വെളിപ്പെട്ടു. എന്നാൽ, സർവേകളിൽ കണ്ടതിനേക്കാൾ പരിതാപകരമാണ് അവസ്ഥയെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. സ്വന്തം പൗരരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ, സാധാരണക്കാരുടെ നികുതിപ്പണം അന്യനാടുകളിലെ ചോരക്കളങ്ങളിലേക്കും ആയുധ നിർമാണ കുത്തകകളിലേക്കും യഥേഷ്ടം ഒഴുക്കിക്കൊടുത്തതിനുള്ള കനത്ത ശിക്ഷയാണ് അമേരിക്കൻ ജനത ബാലറ്റിലൂടെ തിരിച്ചുനൽകിയത്. രാജ്യത്തെ കാമ്പസുകളിലും തെരുവുകളിലും അലയടിച്ച യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ കേവലം വൈകാരിക പ്രകടനങ്ങളായിരുന്നില്ലെന്നും, അത് സാമ്രാജ്യത്വ നയങ്ങളുടെ അടിത്തറയിളക്കാൻ പോന്ന ജനകീയ രോഷമാണെന്നും ഈ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തുന്നു. ബാലറ്റിൽ തന്റെ പേരുണ്ട് എന്ന് കരുതി വോട്ടുചെയ്യണമെന്ന ട്രംപി​ന്റെ ആഹ്വാനം പാലിക്കാനെന്നവിധം അദ്ദേഹത്തിന്റെ പ്രിയസ്ഥാനാർഥികളെയപ്പാടെ വോട്ടർമാർ തിരസ്കരിച്ചപ്പോൾ റിപ്പബ്ലിക്കൻ ഉരുക്കുകോട്ടകൾ ഒന്നൊന്നായി തകർന്നടിഞ്ഞു. ബില്യൺ കണക്കിന് ഡോളർ ചെലവിട്ട് ട്രംപും സംഘവും നടത്തിയ വിദ്വേഷ പ്രചാരണങ്ങളെയപ്പാടെ തള്ളിക്കളഞ്ഞ് ഡെമോക്രാറ്റുകളെ ജനം നെഞ്ചേറ്റി. ട്രം​പി​ന്റെ കു​ടി​യേ​റ്റ വി​രു​ദ്ധ-​വം​ശീ​യ പ്ര​സ്താ​വ​ന​ക​ളാ​ൽ വേ​ട്ട​യാ​ട​പ്പെ​ട്ട ഇൽഹാൻ ഉമറിന്റെയും അ​ബ്ദു​ൽ അ​ൽ സെയ്ദിന്റെയും മിന്നുംജയം അമേരിക്കൻ മനസ്സിന്റെ പ്രതിഫലനമാണ്.

ജനവിധിയുടെ ചൂട് ട്രംപിന്റെ കൊട്ടാരച്ചുവരുകളും തുളച്ചെത്തിയിരിക്കുന്നു. പ്രസിഡന്റിന്റെ നിഴലെന്ന് വിശേഷിപ്പിക്കപ്പെടുന്ന, പിൻഗാമിയായേക്കുമെന്ന് കരുതപ്പെടുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തന്നെ തുറന്നു പറഞ്ഞു: പാർട്ടിയെ തോൽപിച്ചത് യുദ്ധമാണെന്ന്. ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള തന്റെ തീരുമാനം ശരിയായിരുന്നുവെന്നും ഇനിയുമതാവർത്തിക്കുമെന്നും തെരഞ്ഞെടുപ്പിന്റെ തലേനാളും കട്ടായം പറഞ്ഞ ട്രംപ് അതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഫല പ്രഖ്യാപനങ്ങളുടെ ആരവമടങ്ങുമ്പോൾ ലോകം ഉറ്റുനോക്കുക ഈ ജനവിധികളുടെ പൊരുൾ മനസ്സിലാക്കി തിരുത്തൽ വരുത്താൻ മരണത്തിന്റെ വ്യാപാരികൾ തയാറാകുമോ എന്നാണ്. വെടിയൊച്ച മുഴങ്ങാത്ത, സ്കൂളുകളും ആശുപത്രികളും ബോംബുവീണ് തകരാത്ത ദിവസങ്ങൾക്കായി അഭയാർഥി ക്യാമ്പുകളിൽ കാത്തിരിക്കുന്ന കുഞ്ഞുങ്ങളെ നിരാശപ്പെടുത്താതിരിക്കാൻ ഇനിയെങ്കിലും സാധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ജനവിധികൾക്കെന്തു വില!

Tags:    
News Summary - Ballot Verdicts in the US and Israel Offer Hope for Peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.