അട്ടപ്പാടിയിൽ അരങ്ങേറുന്നത് വംശീയ ഉന്മൂലനമാണ്





പോഷകാഹാരക്കുറവ് നിമിത്തമുള്ള ശിശുമരണങ്ങളുടെ രോദനം അട്ടപ്പാടിയിൽനിന്ന് ചുരമിറങ്ങി കേരളത്തിെൻറ മനസ്സാക്ഷിയെ വീണ്ടും പൊള്ളിക്കുകയാണ്. നവംബർ അവസാനത്തിലെ നാലു ദിവസത്തിനുള്ളിൽ അഞ്ചു കുട്ടികളും ഒരമ്മയുമാണ് അവിടെ മരണത്തിന് കീഴൊതുങ്ങിയത്. മറ്റൊരർഥത്തിൽ അവരെല്ലാം രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനത്തരങ്ങേറുന്ന 'നിശ്ശബ്​ദ വംശഹത്യ'യുടെ ഇരകളാണ്. അ​ട്ട​പ്പാ​ടി​യി​ലെ 35,000ത്തോ​ളം വ​രു​ന്ന ജ​ന​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​വും മതിയായ പോ​ഷ​കാ​ഹാ​രം കി​ട്ടാ​​​തെ രക്ത​ക്കു​റ​വിനാൽ വിളർച്ച ബാധിച്ചവരാണ്. അരിവാൾ കോശരോഗത്തിന് അടിപ്പെട്ടവർ നിലവിൽ ഇരുനൂറോളമാണ്​. ജനിതക പകർച്ച വഴി ഇത്​ പുതുതലമുറയിലേക്ക്​ വ്യാപിക്കാൻ സാധ്യതയേറെയാണെന്ന്​ ആരോഗ്യ വകുപ്പുതന്നെ വ്യക്​തമാക്കിയതാണ്​. 2013 മു​ത​ൽ 2021 ഒ​ക്ടോ​ബ​ർ 31 വ​രെ​യു​ള്ള ഔദ്യോഗിക ക​ണ​ക്കുപ്ര​കാ​രം 114 ന​വ​ജാ​ത ശിശുക്കളാണ് മരിച്ചത്. അവിടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘങ്ങളുടെ കണക്കുപ്രകാരം ഇതിെൻറ ഇരട്ടിയിലധികമാണ് മരണ സംഖ്യ. ഗ​ർ​ഭം അ​ല​സ​ൽ, ചാ​പി​ള്ള, ഗ​ർ​ഭ​സ്ഥ​ശി​ശു മ​ര​ണം ഇവയെല്ലാം പലപ്പോഴും ഔദ്യോഗിക കണക്കുകൾക്ക് പുറത്തുമാണ്.

അട്ടപ്പാടിയിലെ നവജാത ശിശു മരണ വാർത്ത പുറത്തുവന്നതോടെ വിഷയത്തിൽ ഏറെ കരുതലോടെയാണ് സംസ്ഥാനസർക്കാർ ഇടപെടുന്നത്. കാരണം, അതുണ്ടാക്കുന്ന പ്രതിച്ഛായ നഷ്​ടത്തിെൻറ വ്യാപ്തി ഇടതുസർക്കാറിന് നന്നായി അറിയാം. പട്ടികവിഭാഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ അവിടെ പെ​െട്ടന്നെത്തി സമാശ്വാസ നടപടികൾക്ക് തുടക്കം കുറിച്ചു. അദ്ദേഹത്തിെൻറതന്നെ അധ്യക്ഷതയിൽ മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, വീണ ജോർജ് എന്നിവരും പ്രധാന ഉദ്യോഗസ്ഥരും ഉന്നതതലയോഗം ചേർന്ന് അവിടത്തെ ദുരവസ്ഥകൾ പരിഹരിക്കാൻ ആദിവാസികളുടെ പ്രധാന ആശ്രയമായ കോട്ടത്തറ ട്രൈബൽ ആശുപത്രിയുടെ ആധുനീകരണം മുതൽ മൊബൈൽ റേഷൻകടകൾ വരെയുള്ള ബൃഹദ്​ നിർദേശങ്ങളടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചിരിക്കുന്നു. അവയുടെ വിനിയോഗത്തിനുള്ള ഫണ്ടിന് പ്രത്യേക അനുമതി നൽകുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. അട്ടപ്പാടി മേഖലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലെയും പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ ഡിസംബർ നാലിന് തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കുന്നു. ഇതെല്ലാം നല്ലതുതന്നെ; കാര്യക്ഷമമായി അവ നടപ്പാകുമെങ്കിൽ, ആദിവാസി അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ ആത്മാർഥമായി പരിഹരിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ.

ദൗർഭാഗ്യവശാൽ, കേരളപ്പിറവി മുതൽ ആദിവാസികളും അവരുടെ ജീവിതവും ഭരണകൂടങ്ങൾക്കും പൊതുസമൂഹത്തിനും പരീക്ഷണ വസ്തുവും അഴിമതിക്കുള്ള ഉരുപ്പടിയുമാണ്. 2013ൽ 47 നവജാത ശിശുക്കളുടെ മരണങ്ങളുണ്ടാക്കിയ ഞെട്ടലും തുടർന്നുണ്ടായ പ്രഖ്യാപനങ്ങളും ഒരു സാമൂഹിക വിചാരണക്ക് ഇപ്പോഴെടുത്താൽ 'പരിഷ്കൃത മലയാളികൾ' ആദിവാസികളോട് നടത്തിയ വഞ്ചനയുടെ ആഴം കണ്ട് കണ്ണ് തള്ളും. ആരോഗ്യ വിദഗ്​ധരടങ്ങിയ ഡോ. ബി. ഇഖ്ബാൽ കമ്മിറ്റിയുടെ നിർദേശങ്ങൾ അന്ന്, കാര്യഗൗരവത്തിൽ സ്വീകരിച്ചിരുന്നുവെങ്കിൽ ചുരുങ്ങിയ പക്ഷം ആധുനിക സൗകര്യങ്ങളുള്ള രണ്ട് ആംബുലൻസുകളും ട്രൈബൽ ആശുപത്രിയിൽ ഹൗസ്​സർജൻസി സംഘത്തിെൻറ സേവനവുമെത്തിക്കുമെന്ന തീരുമാനമെങ്കിലും ഇത്തവണ സംസ്ഥാന സർക്കാറിന് ഒഴിവാക്കാമായിരുന്നു.കോട്ടത്തറ ട്രൈബൽ ആശുപത്രിയുടെ വികസനത്തിനു നീക്കിവെച്ച ഫണ്ടുകളിൽ പകുതിയെങ്കിലും ശരിയാംവിധം നൽകുകയും വിനിയോഗിക്കുകയും ചെയ്​തിരുന്നുവെങ്കിൽ കേരളത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള സർക്കാർ ആതുരാലയമാകുമായിരുന്നു അത്. പക്ഷേ, അവിടെ കു​ട്ടി​ക​ളു​ടെ ​െഎ.​സി.​യു​വോ വെൻറി​ലേ​റ്റ​ർ സൗ​ക​ര്യ​​മു​ള്ള ആം​ബു​ല​ൻ​സോ ഒരുക്കാഞ്ഞ സർക്കാർ ചെയ്​തത്​ അട്ടപ്പാടിയിലെ ആ​ദി​വാ​സി​ക​ൾ​ക്ക്​ വി​ദ​ഗ്​​ധ ചി​കി​ത്സ ന​ൽ​കാ​നെന്ന പേരിൽ അവിടെനിന്ന്​ കിലോമീറ്ററുകൾ അകലെയുള്ള പെ​രി​ന്ത​ൽ​മ​ണ്ണ ഇ.​എം.​എ​സ്​ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക്​ 2018ൽ 12 കോടിയുടെ ഫണ്ട്​ അനുവദിക്കുകയായിരുന്നു. കോവിഡാനന്തര സാമ്പത്തിക ഞെരുക്കം പറഞ്ഞ്​ ട്രൈബൽ ആശുപത്രിയിലെ 59 താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഈയിടെ പിരിച്ചുവിടുകയും ചെയ്​തു.

ചോരുന്ന കുടിലുകളിൽനിന്ന് ഒലിച്ചിറങ്ങുന്നതിനേക്കാൾ വേഗതയിൽ ഒഴുകിത്തീരുന്നതാണ് ഭരണവർഗങ്ങളുടെ വാഗ്ദാനപ്പെരുമഴയെന്ന് അനുഭവിച്ചകൊണ്ടിരിക്കുന്ന ആദിവാസികളുടെ 'പോഷക മൂല്യം' കോടികൾ വിലമതിക്കുന്നതാണ്. അതിൽ തടിച്ചുകൊഴുക്കുകയാണ് അഴിമതിയിൽ പുഴുത്തുനാറിയ സർക്കാർ സംവിധാനങ്ങൾ. കഴിഞ്ഞ എട്ടുവർഷത്തിനിടെ, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്​ പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ലാ​യി അ​ട്ട​പ്പാ​ടി​യി​ൽ ചെ​ല​വ​ഴി​ച്ച​ത്​ 300​ കോ​ടി രൂ​പയാണ്. അരിവാൾ കോശ രോഗികൾ മഹാഭൂരിപക്ഷവും ആദിവാസികളായിരിക്കെ അവരുടെ ചികിത്സ, പുനരധിവാസവുമായി ബന്ധപ്പെട്ട് തയാറാക്കിയ സ്പെഷൽ റിപ്പോർട്ട് ആർക്കെങ്കിലും അയിത്തമുണ്ടാക്കുമോ എന്നു പേടിച്ച് 72 അടി ദൂരേക്ക് മാറ്റിവെച്ചിരിക്കുകയാണ്. രാഷ്​​ട്രീയ ഭേദമില്ലാതെ വ്യവസ്ഥയുടെ ചൂഷണത്തിന് വിധേയരായി അട്ടപ്പാടിയിലെ കുട്ടികളും അവിടത്തെ ആരോഗ്യ പരിചരണ സംവിധാനങ്ങളും നിന്ദ്യമായ മരണത്തെ അഭിമുഖീകരിക്കുന്ന കുറ്റത്തിൽനിന്ന് കേരളീയ പൗരസമൂഹത്തിന് കൈകഴുകി വിശുദ്ധി നടിക്കാൻ ഒരിക്കലുമാകില്ല.

Tags:    
News Summary - dec 3 editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.