നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ഫാഷിസ്റ്റ് സർക്കാറിനെ പ്രതിരോധിക്കാൻ വിശാല െഎക്യമുന്നണിയെക്കുറിച്ച് ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുന്ന സന്ദർഭമാണിത്. രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള പാർട്ടിയെന്ന നിലയിലും പാർലമെൻറിൽ പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലും അത്തരം ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഉത്തരവാദിത്തപ്പെട്ട പ്രസ്ഥാനമാണ് കോൺഗ്രസ്. 2004ൽ യാഥാർഥ്യമായ ഒന്നാം യു.പി.എ മോഡലിൽ കോൺഗ്രസിെൻറ നേതൃത്വത്തിലുള്ളൊരു വിശാല മതേതര സഖ്യത്തെ രാജ്യത്തെ ജനാധിപത്യ സമൂഹം ഇൗ കെട്ടകാലത്ത് വല്ലാതെ ആഗ്രഹിക്കുന്നുമുണ്ട്. എന്നാൽ, കാലത്തിെൻറ ഇൗ ഭാരിച്ച ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടി പടലപ്പിണക്കങ്ങളുടെയും ഉൾപ്പോരുകളുടെയും അധികാര വടംവലിയുടെയും ഗോദയിൽ അഭിരമിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന് താൽപര്യമെന്നു തോന്നുന്നു.
പാർട്ടിയിൽ അടുത്തിടെയുണ്ടായ സംഭവവികാസങ്ങളൊക്കെയും സൂചിപ്പിക്കുന്നത് അതാണ്. അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഇൗ പാർട്ടിയുടെ സുരക്ഷിത താവളങ്ങളിലൊന്നായിരുന്നുവല്ലോ പഞ്ചാബ്. 2017ൽ ഭരണത്തിലേറിയ നാൾ മുതൽ അവിടെ ആരംഭിച്ച 'പാർട്ടി കലാപം' മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിെൻറ രാജിയിലാണ് കലാശിച്ചത്. കഴിഞ്ഞദിവസം അദ്ദേഹം കോൺഗ്രസ്ബന്ധം ഉപേക്ഷിച്ച് പുതിയ പാർട്ടി രൂപവത്കരണത്തിനുള്ള പരിപാടികൾ ആരംഭിച്ചു. മറുവശത്ത്, ക്യാപ്റ്റെൻറ പ്രതിയോഗിയായിരുന്ന പി.സി.സി പ്രസിഡൻറ് നവജോത് സിങ് സിദ്ദു പുതിയ മുഖ്യമന്ത്രിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്നും രാജിവെച്ചു. സിദ്ദുവിനെ അനുനയിപ്പിക്കാനുള്ള ഹൈകമാൻഡിെൻറ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ, കോൺഗ്രസ് ഭരണത്തിലുള്ള ഛത്തിസ്ഗഢിൽനിന്നുമിപ്പോൾ സമാനമായ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇതിനിടെ, കപിൽ സിബൽ അടക്കമുള്ള ഏതാനും മുതിർന്ന നേതാക്കളും ദേശീയ നേതൃത്വത്തിെനതിരെ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്. പ്രശ്നപരിഹാരത്തിന് ഉടൻ പ്രവർത്തക സമിതി വിളിച്ചുചേർക്കുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ടെങ്കിലും അെതാക്കെ ഇൗ പാർട്ടിയെ എത്രകണ്ട് വഴികാട്ടുമെന്ന് കണ്ടറിയുകതന്നെ വേണം.
കഴിഞ്ഞ വർഷം ആഗസ്റ്റിലും സമാനമായൊരു സ്ഥിതിവിശേഷത്തിലൂടെ കോൺഗ്രസ് കടന്നുപോയിരുന്നു. പാർട്ടിയിൽ സമഗ്ര അഴിച്ചുപണി ആവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ (ജി 23) സോണിയ ഗാന്ധിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് അന്ന് പ്രശ്നങ്ങൾക്ക് തുടക്കമായത്. തുടർന്ന് സോണിയ ഗാന്ധി ഇടക്കാല പ്രസിഡൻറ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും ഒരു വിഭാഗം നേതാക്കൾ അവരെ അനുനയിപ്പിച്ച് പ്രശ്നം ഒതുക്കിത്തീർത്തു. യഥാർഥത്തിൽ, ജി 23 നേതാക്കൾ ലക്ഷ്യമിട്ടത് സോണിയയെയോ നെഹ്റു കുടുംബത്തെയോ ആയിരുന്നില്ല. കോൺഗ്രസ് പ്രവർത്തകരുടെ വികാരംതന്നെയായിരുന്നു അത്. പാർട്ടിയെ കൂടുതൽ ജനാധിപത്യവത്കരിച്ച് വ്യവസ്ഥാപിതമായ പ്രവർത്തനങ്ങളിലൂടെ നഷ്ടപ്പെട്ട ജനകീയത തിരിച്ചുപിടിക്കണമെന്നാണ് കത്തിലൂടെ നേതാക്കൾ ആവശ്യപ്പെട്ടത്. എ.െഎ.സി.സിയിലേക്കടക്കം ഭരണഘടനപ്രകാരമുള്ള തെരഞ്ഞെടുപ്പ്, പാർട്ടി ആസ്ഥാനങ്ങളിൽ മുഴുവൻസമയ സജീവനേതൃത്വം തുടങ്ങി ബി.ജെ.പിക്കെതിരെ സമാനമനസ്കരായ മറ്റു കക്ഷികളുമായി തുറന്ന സഹകരണം വരെയുള്ള കാര്യങ്ങൾ അതിൽ വായിക്കാം. പാർട്ടിയുടെ ദൗർബല്യം തുറന്നുകാട്ടുകയും നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ പ്രവർത്തനപദ്ധതികൾ നിർദേശിക്കുകയും ചെയ്യുന്ന കൃത്യമായൊരു മാർഗരേഖയായും അതിനെ കണക്കാക്കാം. ക്രിയാത്മകമായ ആ നിർദേശങ്ങളൊക്കെയും രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളുടെ വൈകാരിക പ്രതികരണങ്ങൾക്കു മുന്നിൽ നിലച്ചുപോയി; ആ ചർച്ചയും അതോടെ അസ്തമിച്ചു.
ഇപ്പോൾ പഞ്ചാബിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കപിൽ സിബൽ വിഷയം വീണ്ടും എടുത്തിട്ടപ്പോഴും പ്രതികരണങ്ങൾക്കു മാറ്റമില്ല. കപിൽ സിബലിനു പുറമെ ആനന്ദ് ശർമ, ശശി തരൂർ, പി. ചിദംബരം, മനീഷ് തിവാരി തുടങ്ങിയ നേതാക്കൾ പാർട്ടിവേദികളിൽ അർഥപൂർണമായ ചർച്ചകൾക്ക് അവസരം വേണമെന്ന് വാദിക്കുേമ്പാൾ മറുഭാഗം അതിനെ തക്കാളിയേറുകൊണ്ടാണ് വരവേൽക്കുന്നത്! ഇതാണ് സമീപനമെങ്കിൽ ഇൗ ഒച്ചപ്പാടുകളത്രയും സംഘ്പരിവാറിന് വളമാവുകയേയുള്ളൂ. മാറിയ കാലത്തിനനുസരിച്ചുള്ള പ്രവർത്തനപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാൻ പാർട്ടിക്ക് കഴിയേണ്ടതുണ്ട്. സംഘ്പരിവാർ ഭരണത്തിനെതിരെ അതിെൻറ ഇരകളെ ദേശീയതലത്തിൽ സംഘടിപ്പിക്കാനും ഫാഷിസ്റ്റ് വിരുദ്ധ-മതേതര പാർട്ടികളുടെ സഖ്യരൂപവത്കരണത്തിനും ഇന്നും കോൺഗ്രസിന് കെൽപുണ്ട്. ജി 23 നേതാക്കളുടെ നിർദേശങ്ങളിലും അതൊക്കെയുണ്ട്. നിർഭാഗ്യവശാൽ, അത്തരം ഉദ്യമങ്ങൾക്ക് മുതിരാതെ മൃദുഹിന്ദുത്വയുടെ ഋണാത്മക രാഷ്ട്രീയത്തിെൻറ വക്താക്കളായിരിക്കാനാണ് പാർട്ടിക്ക് താൽപര്യം. ആത്യന്തികമായി ഇത് കോൺഗ്രസിനെ മാത്രമല്ല തകർക്കുക; മതേതര ഇന്ത്യ എന്ന ആശയത്തെതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.