മലയാളത്തിന്‍റെ കരുത്തായി 'കമോൺ കേരള'

കോവിഡ് മഹാമാരി തീർത്ത ജീവിതാനിശ്ചിതത്വത്തിന്‍റെ കാർമേഘങ്ങൾ തെളിയുന്ന ലോകത്ത് സാധ്യതയുടെ പുതിയ ചക്രവാളങ്ങൾ തേടുകയാണ് ലോകം. രണ്ടു വർഷമായി സ്തംഭിച്ചുനിന്ന ആഗോള വിപണി അതിജീവനവും കടന്ന് അതിജയത്തിനുള്ള ആവേശത്തിലാണ്. കോവിഡ് അടച്ചുവെച്ച രാജ്യാതിർത്തികൾ തുറന്നത് പ്രവാസ, കുടിയേറ്റ ജീവിതങ്ങളുടെ നവോന്മേഷത്തിലേക്കാണ്. അവതാളത്തിലായ സമ്പദ്ഘടനയെയും സാമൂഹിക ജീവിത സുരക്ഷയെയും സുസ്ഥിരമായ രീതിയിൽ പുനഃസ്ഥാപിക്കാനുള്ള യജ്ഞത്തിൽ വ്യാപൃതരാണ് എല്ലാവരും. ഈ സ്വപ്നങ്ങൾക്ക് വർണം പകരാനും അതിനെ സംഭവലോകത്തേക്ക് പകർത്താനുമുള്ള ഏതു ക്രിയാത്മക നീക്കവും സ്വാഗതാർഹമാണ്.

പിണറായി വിജയൻ സർക്കാറിന്‍റെ ശ്രദ്ധേയ മുൻകൈകളിലൊന്നായ ലോക കേരളസഭയുടെ ഈയിടെ സമാപിച്ച മൂന്നാമത് എഡിഷനിൽ ആഗോള മലയാളി വാണിജ്യ, വ്യാപാര, സംരംഭകലോകത്തിന്‍റെ കർമാവേശം പ്രകടമായിരുന്നു. കഴിഞ്ഞ മൂന്ന് എഡിഷനുകളിലായി സഭയിൽ പ്രതിഫലിച്ച വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്തു എന്നു പരിശോധിച്ച് പരിഷ്കരണത്തിനു സർക്കാർ സന്നദ്ധമാവുമെന്നു കരുതാം. സമ്പദ്ഘടനയുടെ പൊളിച്ചെഴുത്തിനു തയാറെടുക്കുന്ന കേരളം പ്രവാസിസമൂഹത്തിന് അതിൽ വഹിക്കാവുന്ന പങ്ക് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഗൾഫ്നാടുകളിൽ പ്രവാസം തിരഞ്ഞെടുക്കുന്ന മലയാളികൾ ജന്മനാടുമായി നാഭീനാളബന്ധം മുറിയാതെ സൂക്ഷിക്കുന്നവരാണ്. വരുമാനത്തിൽ സ്വന്തം ചെലവു കഴിച്ച് മിച്ചമുള്ളതെല്ലാം നാട്ടിലേക്ക് അയക്കുകയും നാട്ടിൽ മുടക്കുകയും ചെയ്യുകയാണ് അവരുടെ രീതി. കേരളത്തിന്‍റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക നവോത്ഥാനത്തിന്‍റെ സിംഹഭാഗവും ഈ ഗൾഫ്പ്രവാസികൾ മുതൽക്കൂട്ടിയതാണ് എന്നത് ഇപ്പോൾ സർവാംഗീകൃതമായിട്ടുണ്ട്. ആവുന്നത്ര നാട്ടിൽ പണമിറക്കി ഇവിടെതന്നെ ജീവിതം തിരിച്ചുറപ്പിക്കാൻ വെമ്പുന്നവരാണ് ഗൾഫ് പ്രവാസികളിൽ ബഹുഭൂരിഭാഗവും.

ജന്മനാടിന്‍റെ പുരോഗതിയിലും വികസനത്തിലും സ്വന്തം സംഭാവനകളുമായി കൈകോർത്തുപിടിക്കാനുള്ള മലയാളികളുടെ ഈ വർധിതാവേശമാണ് ജൂൺ 24 മുതൽ 26 വരെ 'ഗൾഫ് മാധ്യമം' യു.എ.ഇയിലെ ഷാർജയിൽ സംഘടിപ്പിച്ച 'കമോൺ കേരള' വാണിജ്യ, സാംസ്കാരിക ഉത്സവത്തിന്‍റെ നാലാമത് എഡിഷനിലും പ്രതിഫലിച്ചത്.

കേരളത്തിലും മറുനാട്ടിലുമുള്ള സംരംഭകർക്ക് അവരുടെ അറിവും ആശയവും പദ്ധതികളും പങ്കുവെക്കാനും പുതിയ വാണിജ്യ, വ്യാപാരബന്ധങ്ങൾക്കു രൂപംകൊടുക്കാനുമുള്ള വേദിയായാണ് ഗൾഫ്നാടുകളിൽ പ്രചാരത്തിൽ ഒന്നാമതു നിൽക്കുന്ന രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ദിനപത്രമായ 'ഗൾഫ് മാധ്യമം' അഞ്ചുവർഷം മുമ്പ് 'കമോൺ കേരള' ആവിഷ്കരിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ സംരംഭകർക്കു ബിസിനസ് ബന്ധം വിപുലപ്പെടുത്താനുമുള്ള മികച്ച അവസരമാണ് ഈ മേള ഒരുക്കുന്നത്.

വിവിധ ഗൾഫ്നാടുകളിലും കേരളത്തിലുമുള്ള നൂറിലേറെ പ്രമുഖ സംരംഭകർ നാലു തവണയായി നടന്ന മേളകളിൽ പങ്കെടുത്തു. മുൻവർഷങ്ങളിൽ സംസ്ഥാന സർക്കാറിന്‍റെ ചില സംരംഭങ്ങളും 'കമോൺ കേരള'യിൽ പങ്കുകൊണ്ട് വിജയകരമായ വ്യാപാരധാരണകൾ രൂപപ്പെടുത്തിയിട്ടുണ്ട്. മേളയുടെ രണ്ടാമത് എഡിഷൻ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയുടെ വൈപുല്യവും വൈവിധ്യവും നേരിൽ കണ്ടറിഞ്ഞതാണ്.

നാട്ടിലും ഗൾഫിലും പ്രവാസികൾക്ക് നിക്ഷേപത്തിനും വിജ്ഞാന സമ്പദ്വ്യവസ്ഥയുടെ കാലത്ത് വാണിജ്യ, വ്യാപാര, വ്യവസായരംഗത്ത് ധീരമായ പരീക്ഷണങ്ങൾ നടത്തി വിജയഗാഥ രചിച്ചവരുമായി, പുതുപരീക്ഷണങ്ങൾക്ക് സന്നദ്ധരായി മുന്നോട്ടുവരുന്ന യുവതലമുറക്ക് ആശയവിനിമയത്തിനുമുള്ള തുറന്ന വേദിയാണ് 'കമോൺ കേരള'. മലയാളത്തിന്‍റെ സാംസ്കാരികസവിശേഷതകൾ പ്രവാസികൾക്കും മറുനാട്ടുകാർക്കും പരിചയപ്പെടുത്തുന്ന കല-സാംസ്കാരികസായാഹ്നങ്ങൾ, കുടിയേറ്റത്തോട് ക്രിയാത്മകമായി പ്രതികരിക്കുകയും ഗൾഫ്നാടുകളിലെ ലക്ഷക്കണക്കിന് മലയാളികൾക്ക് മനംനിറഞ്ഞ ആതിഥ്യമരുളുകയും ചെയ്യുന്ന തദ്ദേശീയർക്കുള്ള സ്നേഹപുരസ്കാരം, സ്ത്രീശാക്തീകരണത്തിന്റെ പതാകവാഹകർക്കുള്ള അംഗീകാരങ്ങൾ-അങ്ങനെ അറബ് വാണിജ്യ, വ്യാപാര, സാംസ്കാരികലോകത്തേക്ക് മലയാളത്തിന്‍റെ പാലമായി 'കമോൺ കേരള' മാറിക്കഴിഞ്ഞു.

ഷാർജ എക്സ്പോ സെന്‍റർ സ്ഥിരം വേദിയായി നടക്കുന്ന 'കമോൺ കേരള'യെ മിഡിലീസ്റ്റിലെ ഏറ്റവും വലിയ പ്രവാസിമേളയാക്കി മാറ്റി, മറുനാട്ടിൽ മലയാളത്തിന്‍റെയും മലയാളിയുടെയും യശസ്സുയർത്താനായതിൽ 'മാധ്യമം' കുടുംബത്തിന് അഭിമാനമുണ്ട്. ഗൾഫ് മലയാളികളുടെ വിശാലമായ സംഘാടനത്തിലൂടെ അറബ് നാടുകളുമായുള്ള വ്യാപാര, വാണിജ്യ, സാംസ്കാരിക വിനിമയരംഗത്ത് ശക്തമായ കണ്ണിയായി വർത്തിക്കാൻ കഴിയുമെന്ന് 'മാധ്യമ'ത്തിന് ഉറച്ച വിശ്വാസമുണ്ട്.

ഫെഡറൽ ഘടനയിലുള്ള ഒരു രാജ്യത്തെ സംസ്ഥാനമെന്ന നിലക്ക് വിദേശങ്ങളിലെ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും അവരുടെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും കേരളത്തിന് പരിമിതികൾ ഏറെയുണ്ട്. നോർക്ക പോലെയുള്ള ഔദ്യോഗിക സംവിധാനങ്ങൾക്ക് വിവിധ രാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങൾ മുഖേന അവരുടെ ചട്ടവട്ടങ്ങൾ പാലിച്ചുകൊണ്ടേ പ്രവർത്തനം സാധ്യമാവൂ.

അതേസമയം, അതതു രാജ്യങ്ങളിൽ സാമൂഹികപ്രവർത്തനം നടത്തുന്ന വ്യക്തികളും സംഘടനകളും സംവിധാനങ്ങളുമായുള്ള സഹകരണത്തിലൂടെ ഈ പരിമിതിയെ മറികടക്കാൻ കഴിയും. സർക്കാറിന്‍റെയും നോർക്കയുടെയും പ്രവർത്തനങ്ങളെ പ്രവാസികളുമായി ബന്ധിപ്പിക്കുന്നതിലും കൂടുതൽ ഫലങ്ങളുളവാക്കുന്നതിലും പ്രവാസലോകത്തെ ഈ 'അനൗദ്യോഗിക അംബാസഡർമാർ'ക്ക് കഴിഞ്ഞിട്ടുണ്ട്. അതിൽ ഈടുറ്റ സംഭാവനയർപ്പിക്കാൻ പ്രവാസലോകത്തെ ബഹുജനപിന്തുണയോടെ 'മാധ്യമ'ത്തിന് സാധിക്കുന്നുവെന്നതിന്‍റെ വിനയാന്വിതമായ അഭിമാനസാക്ഷ്യമാണ് 'കമോൺ കേരള'.

മലയാളികളുടെ മറുനാടൻ ജീവിതത്തെ കൂടുതൽ ചൈതന്യവത്താക്കുകയും വാണിജ്യ, സാംസ്കാരികനിക്ഷേപങ്ങളിൽ അവർക്ക് ദിശാബോധം നൽകുകയും ചെയ്യുന്ന ഈ പ്രവാസി മാധ്യമസംരംഭം സംസ്ഥാന ഭരണകൂടത്തിന്‍റെ സജീവ പിന്തുണയർഹിക്കുന്നുണ്ട്. പ്രവാസലോകത്തിന്‍റെ ഉശിരുള്ള നാവായി, ഉയിരിന്‍റെ ഊർജമായി, മലയാളത്തിന്‍റെ കരുത്തായി ഞങ്ങളെന്നുമുണ്ടാകും.

Tags:    
News Summary - come on kerala 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.