മായംചേര്‍ത്ത ഭീകര കഥകള്‍

ഭീകരവൃത്തിയേക്കാള്‍ അപസര്‍പ്പകവും സ്തോഭജനകവുമായിരിക്കും അതിനു പിന്നിലെ കഥകളും കളികളും. ഒന്നര പതിറ്റാണ്ടിലേറെയായി തുടരുന്ന രാഷ്ട്രാന്തരീയ ഭീകരതക്കും അതിനെ പ്രതിരോധിക്കാനെന്ന പേരിലുള്ള പ്രതിഭീകരതക്കും വഴിമരുന്നിട്ടത് 2001 സെപ്റ്റംബര്‍ 11ന്‍െറ ന്യൂയോര്‍ക് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഭീകരാക്രമണമാണ് എന്നാണ് പ്രചുരപ്രചാരം നേടിയ സത്യം. എന്നാല്‍, ആ സംഭവത്തിലെ പ്രതികളെന്നു പറയുന്നവരെ പിടികൂടി മുന്നോട്ടുപോയ കേസന്വേഷണം ഒടുവില്‍ പ്രതികളുടെ ജന്മനാടുകള്‍ക്കെതിരെ ശക്തമായ ഉപരോധശിക്ഷ ചുമത്തുന്നതില്‍ എത്തിനില്‍ക്കുമ്പോഴും ആക്രമണത്തിനു പിന്നില്‍ ആരായിരുന്നുവെന്നതിനെക്കുറിച്ച് സ്വതന്ത്ര ഏജന്‍സികള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന അമ്പരപ്പിക്കുന്ന വാര്‍ത്തകള്‍ വാദിയെ പ്രതിയാക്കുന്ന തരത്തിലാണ്. ആളുകളെ പിടിച്ചുകെട്ടി കഴുത്തറുത്ത് വിഡിയോദൃശ്യങ്ങള്‍ പുറത്തുവിട്ടും സമാനമായ ആക്രമണങ്ങള്‍ സംഘടിപ്പിച്ചും താണ്ഡവമാടുന്ന ഐ.എസ് എന്ന ഭീകരസംഘം നാഥനാരെന്നറിയാതെ ലോകത്തിനു മുന്നില്‍ ഇനിയും പ്രഹേളികയായി തുടരുന്നത് മറ്റൊരു കഥ. ഈയിനത്തില്‍പെട്ട ഏറ്റവും പുതിയ ‘കൗതുക’മാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്.

സദ്ദാം ഹുസൈന്‍െറ കൂട്ടനശീകരണായുധങ്ങള്‍ നശിപ്പിച്ച്, അല്‍ഖാഇദയില്‍നിന്നു മോചിപ്പിച്ച് ജനാധിപത്യം പുന$സ്ഥാപിക്കാന്‍ ഇറാഖില്‍ അധിനിവേശം നടത്തിയ അമേരിക്ക ന്യായീകരണത്തിനുവേണ്ടി അല്‍ഖാഇദയുടെ പേരില്‍ വ്യാജ ഭീകരവിഡിയോകള്‍ പടച്ചുവിട്ടു എന്നാണ് ‘ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസം’ പുറത്തുവിട്ട അതിശയവിവരം. ചിലിയിലെ അഗസ്റ്റോ പിനോഷെ അടക്കമുള്ള ഏകാധിപതികള്‍ക്കു വിടുവേല ചെയ്യുകയും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറെ ഉരുക്കുവനിതയായി ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്ത പ്രമുഖ ബ്രിട്ടീഷ് പബ്ളിക് റിലേഷന്‍സ് കമ്പനിയെയാണ് അല്‍ഖാഇദയുടെ പേരില്‍ ഇല്ലാക്കഥകള്‍ ചമച്ച് ഇറാഖിനകത്തും പുറത്തും പ്രദര്‍ശിപ്പിക്കാന്‍ പെന്‍റഗണ്‍ ഉപയോഗിച്ചത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എ, നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍, പെന്‍റഗണ്‍ എന്നിവര്‍ സംയുക്തമായി അര ബില്യണ്‍ ഡോളറിന്‍െറ കരാറാണ് ബെല്‍ പോട്ടിംഗറിന്‍െറ പി.ആര്‍ കമ്പനിയുമായി ചേര്‍ന്നുണ്ടാക്കിയത്. ബഗ്ദാദില്‍ അമേരിക്കയുടെ സൈനികതാവളമായ ക്യാമ്പ് വിക്ടറി ആസ്ഥാനത്ത് ഉന്നത സൈനിക ഓഫിസര്‍മാരുമായി ചേര്‍ന്നായിരുന്നു ഈ രഹസ്യപ്രചാരവേലയുടെ ആവിഷ്കാരവും നിര്‍വഹണവും. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ ഭാര്യ അസ്മ അടക്കമുള്ള, സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ പിന്‍സീറ്റ് ഡ്രൈവര്‍മാരുടെ പിണിയാളായി പ്രവര്‍ത്തിച്ച് മുന്‍പരിചയമുള്ളതിനാല്‍ പോട്ടിംഗറിന് അമേരിക്കന്‍ ഭരണകൂടത്തിനു ഇത്തരമൊരു ദൗത്യം വിജയകരമായി നിറവേറ്റിക്കൊടുക്കാനായി. ‘ഞെട്ടിക്കുന്നതും കണ്‍തുറപ്പിക്കുന്നതും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ അനുഭവം’ എന്ന് ദൗത്യത്തില്‍ വിഡിയോ എഡിറ്ററായി ജോലിയെടുത്തിരുന്ന മാര്‍ട്ടിന്‍ വെല്‍സ് ഏറ്റുപറയുമ്പോള്‍ അതിലെല്ലാം അടങ്ങിയിട്ടുണ്ട്. പ്രൊഡ്യൂസറുടെ പേരു വെളിപ്പെടുത്തുന്ന ‘വൈറ്റ്’, നാഥനില്ലാത്ത ‘ഗ്രേ’, സ്രോതസ്സിനെ തെറ്റായി പറയുന്ന ‘ബ്ളാക്’ എന്നിങ്ങനെ മൂന്നായി തരംതിരിച്ച വിഡിയോകളില്‍ പലതും അല്‍ഖാഇദയുടെ അവകാശവാദങ്ങളും ഭീഷണികളുമായി അക്കാലങ്ങളില്‍ നമ്മുടെ മുമ്പാകെ വാര്‍ത്തകളില്‍ മിന്നിമറഞ്ഞതും ചരിത്രസത്യങ്ങളായി ഇടം നേടിക്കഴിഞ്ഞതുമാണെന്നോര്‍ക്കണം.

അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനു തൊട്ടുടനെ 2004 മാര്‍ച്ചില്‍ ബഗ്ദാദില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ കള്ളപ്രചാരവേല കമ്പനിയില്‍ ഒരു ഘട്ടത്തില്‍ 300 ബ്രിട്ടീഷ്, ഇറാഖീ ജീവനക്കാരുണ്ടായിരുന്നു. ഇറാഖില്‍ ജനാധിപത്യപുന$സ്ഥാപനത്തിനെന്ന വ്യാജേന ഇറക്കുമതി ചെയ്ത ഇവര്‍ക്കു നിര്‍വഹിക്കാനുണ്ടായിരുന്നത് അന്നാട്ടുകാരെയും മാലോകരെയും വരുതിയിലാക്കുന്ന വിവരവിദ്യ ഓപറേഷനും മന$ശാസ്ത്രയുദ്ധവുമായിരുന്നു. അറബി ചാനലുകളുടെ വാര്‍ത്തകള്‍ക്കിടയില്‍ തിരുകാന്‍ പാകത്തില്‍ അറബിവിവരണങ്ങളോടു കൂടിയ ദൃശ്യങ്ങള്‍ അവര്‍ വ്യാപകമായി വിതരണം ചെയ്തു. അല്‍ഖാഇദയുടേതെന്ന പേരില്‍ തല്ലിപ്പടച്ച വിഡിയോ സീഡികള്‍ സംഘര്‍ഷപ്രദേശങ്ങളിലെ റെയ്ഡുകളില്‍ വിവിധയിടങ്ങളില്‍ നിക്ഷേപിക്കുകയായിരുന്നു രീതി. എളുപ്പത്തില്‍ ഉപയോഗക്ഷമമാക്കാവുന്ന സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഈ സീഡികളുടെ ഉപയോഗത്തിന്‍െറ വ്യാപ്തി അറിയാന്‍ ഗൂഗ്ള്‍ അനലെറ്റിക്സ് സംവിധാനം പ്രയോജനപ്പെടുത്തി. ഇങ്ങനെ ജനങ്ങളെ ഇളക്കിവിടാനും വഴിപിഴപ്പിക്കാനും കൃത്യമായി ഉന്നംവെച്ചുള്ളതായിരുന്നു പോട്ടിംഗറുടെ പ്രചാരവേല ദൗത്യം. ഇറാഖിനെ നിലംപരിശാക്കി, സദ്ദാമിനെ വകവരുത്തി സംസ്കാരസമ്പന്നമായ ഒരു ദേശത്തെ അധീനപ്പെടുത്താന്‍ അമേരിക്ക നടത്തിയ വൃത്തികെട്ട കളികള്‍ അനാവരണം ചെയ്യപ്പെടുമ്പോള്‍ ഒന്നും വിശ്വസിക്കാനാകാതെ കുഴങ്ങുകയാണ് ലോകം. ഇപ്പോള്‍ വെളിപ്പെട്ടത് ശരിയെങ്കില്‍ അല്‍ഖാഇദയുടേതായി ഇതുവരെ പുറത്തുവന്ന വിവരങ്ങളിലെ ശരിതെറ്റുകള്‍ എങ്ങനെ തിരിച്ചറിയും? അല്‍ഖാഇദക്ക് സമാന്തരമായി പല നാടുകളില്‍ പല പേരുകളില്‍ പിന്നീട് രംഗത്തുവന്ന ഭീകരസംഘങ്ങളൊക്കെ ആരുടെ സൃഷ്ടിയാണ്? ഇപ്പോള്‍ ഐ.എസ് ഭീകരസംഘത്തില്‍ ചേര്‍ന്നവരുടെ കണക്കും അതിന്‍െറ നടപടിക്രമങ്ങളും അവര്‍ക്ക് ഫണ്ടു ചെയ്യുന്നവരുടെ പട്ടികയുമൊക്കെ അമേരിക്കയും ബ്രിട്ടനും റഷ്യയും മാറിമാറി വെളിപ്പെടുത്തിയിട്ടും ആ ഭീകരസത്വം ആരുടെ സൃഷ്ടിയെന്ന് ഇനിയും പറയാനാവാത്തതോ, പറയാതിരിക്കുന്നതോ? ഇങ്ങനെ അസംഖ്യം ഉത്തരമില്ലാ ചോദ്യങ്ങളുയര്‍ത്തുന്നതാണ് സാമ്രാജ്യത്വശക്തികളുടെ പുതിയ അല്‍ഖാഇദ കഥ.
പെരും നുണകളാണല്ളോ യുദ്ധത്തിന്‍െറ കരു. അതിന്‍െറ ആദ്യ ഇര സത്യവും. അതിനിടയില്‍ പെട്ടുപോകുന്ന വന്‍ദുരന്തമാണ് മായംചേര്‍ത്ത യുദ്ധക്കഥകളായി നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്നതത്രയും.

Tags:    
News Summary - British PR Firm Paid $500 Million To Create Fake Terrorist Propaganda In Iraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.