ബംഗ്ലാദേശിലെ അക്രമങ്ങൾ



ദുർഗപൂജയുമായി ബന്ധപ്പെട്ട് ഒക്ടോബർ 13ന് ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സാമുദായിക സംഘർഷങ്ങളും അക്രമവും ഇതെഴുതുമ്പോഴും പൂർണമായി അവസാനിച്ചിട്ടില്ല. ജനസംഖ്യയിൽ 10 ശതമാനം മാത്രംവരുന്ന ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതിയും അസ്വസ്​ഥതയും വിതക്കുന്നതാണ് നടന്ന സംഭവങ്ങൾ. ദുർഗപൂജ ആഘോഷങ്ങളുടെ ഭാഗമായി നഗരങ്ങളിലും ചത്വരങ്ങളിലുമെല്ലാം പൂജാ മണ്ഡപങ്ങൾ ഉയർത്തി ചടങ്ങുകൾ നടത്തൽ അവിടെ പതിവാണ്. കുമില ജില്ലയിലെ നാനുവാ ദിഗിർപാർ എന്ന പ്രദേശത്ത് ഉയർത്തിയ പൂജാ മണ്ഡപവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുണ്ടായത്. അവിടെ സ്​ഥാപിച്ച ദുർഗ പ്രതിമയുടെ കാൽചുവട്ടിൽ വിശുദ്ധ ഖുർആെ​ൻറ പ്രതി കണ്ടെത്തിയതാണ് കുഴപ്പങ്ങളുടെ കാരണം. ഇതി​​െൻറ വിഡിയോ ദൃശ്യങ്ങൾ വളരെ പെട്ടെന്നുതന്നെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുകയായിരുന്നു. 13ാം തീയതിതന്നെ കുമിലയിൽ വലിയ സംഘർഷങ്ങളുണ്ടായി. നിരവധി ക്ഷേത്രങ്ങളും പൂജാ മണ്ഡപങ്ങളും ആക്രമിക്കപ്പെട്ടു. കുഴപ്പക്കാരെ പിരിച്ചുവിടാൻ പൊലീസിന് വെടിവക്കേണ്ടിവന്നു. തൊട്ടടുത്ത ദിവസം മുതൽ ഈ സംഘർഷം ബംഗ്ലാദേശിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുന്നതാണ് കണ്ടത്.

രാജ്യത്തെ പല പ്രധാന നഗരങ്ങളിലും മുസ്​ലിം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു, പലേടത്തും ക്ഷേത്രങ്ങളും ദുർഗ പൂജക്കുവേണ്ടി താൽക്കാലികമായി കെട്ടിയുയർത്തിയ മണ്ഡപങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. ഹാജി ജങ്ങിലെ ഹിന്ദുക്ഷേത്രം ആക്രമിക്കാനെത്തിയ സംഘത്തിനെതിരെ പൊലീസ്​ നടത്തിയ വെടിവെപ്പിൽ മാത്രം നാലുപേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ മൊത്തം എട്ടുപേർ കൊല്ലപ്പെട്ടതായാണ് വാർത്തകൾ. പ്രകടനക്കാർ പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടതി​ന്‍റെയും കൂടുതൽ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതി​ന്‍റെയും വാർത്തകൾ ഇരുവിഭാഗത്തിലുംപെട്ടവർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കൂടുതൽ കുഴപ്പങ്ങൾ തടയാൻ രാജ്യത്ത് ഇൻറർനെറ്റ് സൗകര്യങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ് ബംഗ്ലാദേശ് സർക്കാർ.

കുഴപ്പക്കാരെ കണ്ടെത്തി അമർച്ചചെയ്യുമെന്ന് പ്രധാനമന്ത്രി ഹസീന വാജിദ് രണ്ടുദിവസം മുമ്പ് ഹിന്ദുനേതാക്കൾക്ക് നേരിട്ട് ഉറപ്പുനൽകി. ചൊവ്വാഴ്ച ചേർന്ന കാബിനറ്റ് യോഗത്തിൽ കുറ്റവാളികളെ മുഴുവൻ കണ്ടെത്താനും മാതൃകാപരമായി ശിക്ഷിക്കാനും അവർ ആഭ്യന്തര മന്ത്രിക്ക് കർശന നിർദേശം നൽകിയതായ വാർത്തകളും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയുമായി നല്ല ബന്ധമുള്ള അയൽരാജ്യമാണ് ബംഗ്ലാദേശ്. പ്രധാനമന്ത്രി ഹസീന വാജിദ് ആകട്ടെ ഇന്ത്യൻ നേതൃത്വത്തിന് പ്രിയങ്കരിയുമാണ്. സംഘർഷം അമർച്ചചെയ്യുന്നതിൽ ബംഗ്ലാദേശ് സർക്കാർ കാണിച്ച ഗുണപരമായ ഇടപെടലുകളെ പ്രശംസിച്ചുകൊണ്ടാണ് വിദേശകാര്യ വകുപ്പിെൻറ ഔദ്യോഗിക വക്​താവ് അരിന്ദം ബഗ്ചി പ്രസ്​താവന ഇറക്കിയിരിക്കുന്നത്.

ഹസീന വാജിദിെൻറ നടപടികളിൽ ഇന്ത്യ തൃപ്തരാണെന്നാണ് ഔദ്യോഗിക പ്രതികരണങ്ങൾ വ്യക്​തമാക്കുന്നത്. അതേസമയം, അന്താരാഷ്​ട്ര ഹിന്ദു സംഘടനയായ ഇക്സോണിെൻറ ബംഗ്ലാദേശ് ഘടകം നേതാവ് ചാരു ചന്ദ്രദാസ്​ ബ്രഹ്മചാരി ഇന്ത്യൻ നിലപാടിൽ ഞെട്ടലും രോഷവും രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശ് ഹിന്ദു- ക്രിസ്​​​ത്യൻ-ബുദ്ധിസ്​റ്റ്​ ഐക്യ പരിഷത്തിെ​ൻറ ജനറൽ സെക്രട്ടറി റാണാ ദാസ്​ ഗുപ്തയും ഇന്ത്യയുടെ ഔദ്യോഗിക നിലപാടിൽ അസ്വസ്​ഥനാണ്. ഭരണകക്ഷിയായ അവാമി ലീഗിെൻറ നേതാക്കൾക്ക് സംഘർഷത്തിൽ പങ്കുണ്ട് എന്ന് ആരോപിക്കുകയും ചെയ്യുന്നു അദ്ദേഹം. ഇന്ത്യക്കു മുന്നിൽ നല്ലപിള്ള ചമയുന്ന ഹസീന വാജിദിെൻറയും അവാമി ലീഗിെൻറയും നിലപാടുകൾക്കുള്ള തിരിച്ചടിയാണ് ദാസ്​ ഗുപ്തയുടെ വിമർശനങ്ങൾ.

കുമിലയിലെ പൂജാ മണ്ഡപത്തിൽ വിശുദ്ധ ഖുർആെൻറ കോപ്പി കൊണ്ടുവെച്ചതാരാണ് എന്നത് കണ്ടുപിടിക്കപ്പെടേണ്ടതുണ്ട്. ചെയ്​തതാരെന്നത് സംബന്ധിച്ച്​ ഇനിയും വ്യക്​തത വന്നിട്ടില്ല. പൊലീസ്​ ആ നിലക്കുള്ള അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. അത് വിഡിയോയിൽ പകർത്തി ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്ത രണ്ട് ചെറുപ്പക്കാരെ പൊലീസ്​ ഇതിനകം അറസ്​റ്റ്​ ചെയ്തിട്ടുണ്ട്. നിഷ്പക്ഷമായി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയാണ് ഇനി ഭരണകൂടത്തിെൻറ ഉത്തരവാദിത്തം.

ലോക സാമ്പത്തിക രംഗത്ത് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. കഴിഞ്ഞ അഞ്ചാറ് വർഷങ്ങൾക്കിടയിൽ ബംഗ്ലാദേശ് നേടിയെടുത്ത വികസനവും മുന്നേറ്റവും സാർവദേശീയ തലത്തിൽ സാമ്പത്തിക വിദഗ്ധർക്കിടയിൽ ചർച്ചാ വിഷയമാണ്. ജനസംഖ്യയിലെ യുവജനങ്ങളുടെ ഉയർന്ന അനുപാതമാണ് രാജ്യത്തിെൻറ ഉൽപ ാദന മുന്നേറ്റത്തിൽ പങ്കുവഹിച്ച ഒരു പ്രധാന ഘടകം എന്ന് അത്തരം വിശകലനങ്ങളെല്ലാം പറയുന്നുണ്ട്. ഉൽപാദന, വികസന പ്രക്രിയയിൽ സജീവരാകേണ്ട ജനസഞ്ചയത്തെ കുടിലവും ഇടുങ്ങിയതുമായ വർഗീയ ചിന്തയിൽ തളച്ചിട്ട് നാട്ടിൽ കുഴപ്പമുണ്ടാക്കുന്നവർ മനുഷ്യ​േദ്രാഹികളും രാജ്യ​േദ്രാഹികളുമാണ്. അവരെ തള്ളിപ്പറയാൻ എല്ലാവരും രംഗത്തുവരണം.

സാമ്പത്തിക, ഉൽപാദന വികസനമല്ല; മറിച്ച്, ദുർബലരും ന്യൂനപക്ഷങ്ങളുമായ ജനവിഭാഗങ്ങൾ എങ്ങനെ പരിഗണിക്കപ്പെടുന്നു എന്നതാണ് ഒരു രാജ്യത്തിെൻറ മൂല്യം അളക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഹിന്ദു ന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനകേന്ദ്രങ്ങൾക്കുമെതിരെ രാജ്യവ്യാപകമായി അക്രമമുണ്ടായി എന്നത് ബംഗ്ലാദേശിെൻറ പ്രതിച്ഛായക്കുമേൽ വലിയ കളങ്കമാണുണ്ടാക്കിയിരിക്കുന്നത്. അത് മായ്ച്ചുകളയേണ്ട ഉത്തരവാദിത്തം അവർക്കുതന്നെയാണ്. രാജ്യത്തിെൻറ മുഖ്യധാരയിൽ മറ്റുള്ളവരെപ്പോലെതന്നെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കും അവസരമുണ്ട് എന്ന് ഉറപ്പുവരുത്തിയും അവർക്കുണ്ടായ മുറിവുകളെ ഉണക്കിയും മാത്രമേ ഇതിന് പരിഹാരക്രിയ ചെയ്യാൻ പറ്റുകയുള്ളൂ.

Tags:    
News Summary - bangladesh violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.