ഭരണഘടനാ സ്ഥാപനങ്ങൾ അന്തസ്സ് കളയരുത്
കേരള പബ്ലിക് സർവിസ് കമീഷൻ ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും അംഗങ്ങളെയും പദവിയിൽനിന്ന് നീക്കാനാവശ്യപ്പെട്ട് സംസ്ഥാന ഗവർണറായിരിക്കെ, രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, രാഷ്ട്രപതി ദ്രൗപദി മുർമുവിന് ശിപാർശ സമർപ്പിച്ച വാർത്ത പുറത്തുവന്നത് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നു. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ ഈ അസാധാരണ നീക്കം നടത്തുന്നത്. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണ സംഘം നൽകിയ റിപ്പോർട്ടും നിയമനങ്ങളുമായി ബന്ധപ്പെട്ട് ചില സംഘടനകൾ നൽകിയ പരാതിയും കണക്കിലെടുത്താണ് ഗവർണറുടെ നടപടിയെന്നാണ് റിപ്പോർട്ട്.
പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും നിയമനാധികാരി ഗവർണറാണെങ്കിലും അവരെ സ്ഥാനത്തുനിന്ന് നീക്കാൻ രാഷ്ട്രപതിക്കു മാത്രമേ അധികാരമുള്ളൂ എന്നതിനാലാണ് ഗവർണർ ശിപാർശ സമർപ്പിച്ചത്. ഗവർണറുടെ നീക്കം സർക്കാർ അറിയാതെയാണെന്നാണ് മുഖ്യമന്ത്രിയുടെ മൗനവും മന്ത്രിമാരിൽ ചിലരുടെ പ്രതികരണവും തെളിയിക്കുന്നത്. ഗവർണർമാരെ വെച്ചുകൊണ്ട്, യൂനിയൻ സർക്കാറിനെ നയിക്കുന്ന ബി.ജെ.പി നടത്തുന്ന രാഷ്ട്രീയക്കളികളുടെ ഭാഗമാണ് ഇതെന്നാണ് മുൻ ഭരണകാലത്ത് നിലവിലെ ഭാരവാഹികളെ നിയമിച്ച എൽ.ഡി.എഫ് നേതാക്കളുടെ അഭിപ്രായം.
ആർ.എസ്.എസ് വിദ്യാർഥി സംഘടനയായ എ.ബി.വി.പി, യുവമോർച്ച, സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി തുടങ്ങിയ സംഘടനകളും യൂത്ത് കോൺഗ്രസും പരാതി നൽകിയിരുന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വം ഗവർണറെ നേരിൽ കണ്ടും പരാതിയറിയിച്ചു. ഇതനുസരിച്ച് നിയമനടപടിക്കുള്ള നിയമോപദേശം തേടിയ ശേഷമാണ് ഗവർണറുടെ നടപടി. പി.എസ്.സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം, പി.എസ്.സി ചെയർമാനെ ചോദ്യം ചെയ്യാൻ പോലുമാകാതെ, ഇഴഞ്ഞുനീങ്ങുന്നതിനെ കേരള ഹൈകോടതി ശനിയാഴ്ച രൂക്ഷമായി വിമർശിച്ചതിനു പിന്നാലെയാണ് ഗവർണറുടെ ഇടപെടൽ പുറത്താവുന്നത്.
ഗവർണറെ പോലെ തന്നെ ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയിലെ അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അന്വേഷിച്ച് സമർപ്പിക്കുന്ന റിപ്പോർട്ടിന്മേൽ രാഷ്ട്രപതിക്കാണ് അധികാരം. സംസ്ഥാന ഗവർണറുടെ ഭരണഘടനാപരമായ അധികാര വിനിയോഗം സംസ്ഥാന ഭരണകൂടത്തിന്റെ, മന്ത്രിസഭയുടെ അറിവും അംഗീകാരവും തേടിയായിരിക്കണം. നേരത്തേ സെക്രട്ടറിയെ വിളിപ്പിച്ച് വിഷയത്തിൽ ഇടപെട്ടപ്പോഴും, ഇപ്പോൾ അസാധാരണ നടപടിക്ക് മുതിർന്നപ്പോഴും ആർലേക്കർ മന്ത്രിസഭയെ ഇരുട്ടിൽ നിർത്തുകയായിരുന്നു.
മാണി സി. കാപ്പന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന പരാതിയും മെസ്സി വിവാദത്തിൽ മുൻ മന്ത്രി അബ്ദുറഹ്മാനെതിരെ കേസെടുക്കാൻ അനുമതി തേടുന്ന സർക്കാർ ഫയലുമൊക്കെ പിൻഗാമി ഒ.പി. മാഥൂറിന് വിട്ടുകൊടുത്ത ആർലേക്കർ സ്വന്തം സ്ഥലംമാറ്റം അറിഞ്ഞ് മൂന്നാംനാൾ പി.എസ്.സി വിഷയത്തിൽ തിടുക്കപ്പെട്ട് സംസ്ഥാന ഗവൺമെന്റ് അറിയാതെ തീരുമാനമെടുത്തത് കൃത്യനിഷ്ഠമായ അധികാരവിനിയോഗമായി കാണാൻ കഴിയില്ല. ബി.ജെ.പി പോഷകസംഘടനയായ യുവമോർച്ച മാതൃസംഘടനയുടെ പിന്തുണയിൽ മുതിർന്ന അഭിഭാഷകരുടെ സഹായത്തോടെ തയാറാക്കിയ പരാതി ‘നിയമാനുസൃതം’ ആക്കിയെടുത്ത് രാഷ്ട്രപതിക്കുള്ള ശിപാർശയുടെ അനുബന്ധമായി വെച്ചതും മെറിറ്റിലുള്ള നടപടിക്രമം മാത്രമാവില്ല.
തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും സ്വജനപക്ഷപാതിത്വവും ആരോപിക്കപ്പെട്ട പി.എസ്.സി ചെയർമാൻ ശിവശങ്കരപ്പ സഹുകറിനെ പുറത്താക്കാൻ ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് രാഷ്ട്രപതിയോട് ശിപാർശ ചെയ്തതും മറുപടിക്ക് കാത്തുനിൽക്കാതെ സസ്പെൻഡ് ചെയ്തതും വിവാദമുയർത്തിയത് അടുത്തിടെയാണ്. സംസ്ഥാന സർക്കാറിന്റെ ഉപദേശം തേടിയില്ലെന്ന ന്യായം പറഞ്ഞ് ഗവർണറുടെ ഉത്തരവ് ഹൈകോടതി തള്ളി. പിന്നീട് കർണാടക കാബിനറ്റ് നടപടിക്ക് ശിപാർശ ചെയ്തതിനെ തുടർന്ന് ഗവർണർ ഗെഹ് ലോട്ട് സഹുകറിനെ ‘നിയമാനുസൃതം’ സസ്പെൻഡ് ചെയ്തു. ഇവിടെ ആർലേക്കർ നടത്തിയതും സംസ്ഥാന സർക്കാർ അറിയാതെയുള്ള നീക്കമാണ്.
യൂനിയൻ ഭരണകൂടവും സംസ്ഥാനങ്ങളും തമ്മിൽ ഉണ്ടായിരിക്കേണ്ട ആരോഗ്യകരമായ ബന്ധങ്ങൾക്ക് ഭരണഘടനാപരവും നിയമാനുസൃതവുമായ ചില മാനദണ്ഡങ്ങൾ നിർണയിച്ചിട്ടുണ്ട്. അതു ലംഘിച്ചാണെങ്കിലും സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്ന മറയില്ലാ രീതിയാണ് അടുത്തകാലത്തായി ബി.ജെ.പി നിയന്ത്രിത ലോക്ഭവനുകൾ ചെയ്തുവരുന്നത്. മുൻ ഗവർണർമാരായിരുന്ന ആരിഫ് മുഹമ്മദ് ഖാനും പിന്നീട് ആർ.വി. ആർലേക്കറുമൊക്കെ ഈ ‘രാഷ്ട്രീയ ഏറ്റുമുട്ടലിന്’ മുൻകൈയെടുത്തവരാണ്.
അതേസമയം, ചെയ്ത അവിഹിതമെല്ലാം മറച്ചുവെച്ച് ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സും അപ്രമാദിത്വവും വിളിച്ചുകൂവുന്ന പ്രതിപക്ഷ ഇടതുമുന്നണിയുടെ നിലപാടും പരിഹാസ്യമാണെന്നേ പറയാനാവൂ. പി.എസ്.സിയുടെ അന്തസ്സ് കളഞ്ഞുകുളിക്കുന്ന വഴിവിട്ട അവിഹിതങ്ങളാണ് ചെയ്തുകൂട്ടിയതെന്ന് സ്വന്തം വിജിലൻസ് സമിതി തന്നെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയതാണ്. ആസൂത്രണ ബോർഡ് പരീക്ഷയടക്കം പത്തോളം പരീക്ഷകളിൽ സ്വന്തക്കാരെയും പാർട്ടിക്കാരെയും തിരുകിക്കയറ്റാൻ ക്രമക്കേടും അഴിമതിയും കൊണ്ടുപിടിച്ചു നടത്തുമ്പോഴൊന്നുമില്ലാത്ത അന്തസ്സും ഭരണഘടനാപദവിയുമൊക്കെ അരുതായ്മകൾക്കെതിരായ അന്വേഷണസമയത്ത് മാത്രം പൊടിതട്ടിയെടുക്കുന്നതിലെ കാപട്യം ജനം തിരിച്ചറിയുന്നുണ്ട്.
അവർക്കൊന്നേ പറയാനുള്ളൂ: സർക്കാർ, ഗവർണർ, പി.എസ്.സി തുടങ്ങി ഭരണഘടനാ പദവിയുള്ള സ്ഥാപനങ്ങൾ കൊണ്ടുനടത്തുന്നവർക്കെല്ലാം അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ ബാധ്യതയുണ്ട്. അത് കളങ്കപ്പെടുത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. കോടതി ചൂണ്ടിക്കാട്ടിയ അവിഹിതത്തിലും അഴിമതിയിലും ഹൈകോടതി വിരൽചൂണ്ടിയ ഭായി-ഭായി കളി അവസാനിപ്പിക്കാൻ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങൾ ആർജവം കാണിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.