‘ശുദ്ധിരാഷ്​ട്രീയ’ത്തിലെ അശാന്തന്മാർ

നാം ആത്മാഭിമാനത്തോടെ ഏറ്റുപറയുന്ന നവോത്ഥാന കേരളം, പ്രബുദ്ധ മലയാളി സമൂഹം തുടങ്ങിയ പ്രയോഗങ്ങൾ എത്രമാത്രം അർഥരഹിതവും വ്യാജവുമാ​െണന്ന് തെളിയിക്കുന്നതാണ് വടയമ്പാടിയിലെ ജാതിമതിലും അശാന്തൻ എന്ന അപരനാമത്താൽ അറിയപ്പെട്ട കലാകാരൻ മഹേഷി​െൻറ മൃതദേഹത്തോട് കാണിച്ച കുറ്റകരമായ അവഹേളനവും. രണ്ടു സംഘർഷങ്ങളുടെയും ബീജാവാപം നടന്നത് ക്ഷേത്ര പരിശുദ്ധിയുടെ പേരിൽ, വംശീയ രാഷ്​ട്രീയ സംഘങ്ങളുടെ കാർമികത്വത്തിലാണ്. മനുഷ്യരെ വർണത്തിൽ വേർതിരിക്കുന്നതിനെതിരെയുള്ള ജനാധിപത്യ പോരാട്ടങ്ങൾ ക്ഷേത്രങ്ങളിൽനിന്ന്​ ആരംഭിച്ചതി​െൻറ കഥകൾ അഭിമാനപുളകിതരായി ഏറ്റുചൊല്ലുന്നവരുടെ പിന്മുറക്കാരിൽ പതഞ്ഞുകിടക്കുന്ന, ശുദ്ധി/അശുദ്ധി പരികൽപനയുടെ ആഴമാണ് രണ്ടു സംഭവങ്ങളിലും സാമൂഹിക ദുർഗന്ധം വമിപ്പിച്ച് പുറത്തേക്കൊഴുക്കിയിരിക്കുന്നത്. വംശീയ രാഷ്​ട്രീയത്തിൽ ജീവവായു കാണുന്ന സംഘ്പരിവാർ സംഘങ്ങൾ അതി​െൻറ പ്രായോജകരാകുന്നത് സ്വാഭാവികം. എന്നാൽ, മതനിരപേക്ഷതയും ജാതി വിരുദ്ധതയും ആശയാദർശമായി മേനിനടിക്കുന്നവരുടെ അകത്തളങ്ങളിലും രൂഢമൂലമായിട്ടുള്ള വരേണ്യ ജാതിവെറിയെക്കൂടി ഇവ വെളിപ്പെടുത്തുന്നുണ്ട്. ശുദ്ധിവാദത്തിൽ അശാന്ത​​െൻറ മൃതദേഹത്തെ അപമാനിച്ചതിൽ അറസ്​റ്റ്​ ചെയ്യപ്പെട്ടിരിക്കുന്നത് കോൺഗ്രസ് കൗൺസിലർ കൃഷ്ണകുമാറാണ്. ദലിത് കുടുംബങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ച് വടയമ്പാടി ഭജനമഠത്തുള്ള ഒരേക്കറോളം റവന്യൂ ഭൂമി എൻ.എസ്.എസിന് പതിച്ച​ുനൽകിയതിൽ വിരൽ ചൂണ്ടപ്പെടുന്നത് 1981ലെ ഇ.കെ. നായനാർ ഭരണത്തിലേക്കും. 

ഫോര്‍ട്ട്‌ കൊച്ചി ആര്‍ട്ട് ഗാലറി, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവിടങ്ങളിലെ ചിത്രകല- വാസ്തുകല അധ്യാപകനായിരുന്ന അശാന്ത​​െൻറ മൃതദേഹം എറണാകുളം ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കുന്നതിനെ എതിർത്ത എറണാകുളത്തപ്പൻ ക്ഷേത്രഭാരവാഹികൾ പറഞ്ഞ ന്യായം അത് ക്ഷേത്ര ശുദ്ധി കെടുത്തുമെന്നായിരുന്നു. ജനപ്രതിനിധികളും അക്കാദമി ഭാരവാഹികളും  പൊലീസും ആ വാദത്തെ അംഗീകരിച്ചിടത്താണ് ആയുസ്സ്​ തീർത്ത സ്ഥലത്ത്, എന്നാൽ ജീവിതത്തിൽ ഒരിക്കൽപോലും കടന്നുപോകാത്ത വഴിയിലൂടെ മൃതദേഹമായി അശാന്തന് സഞ്ചരിക്കേണ്ടിവന്നത്. എറണാകുളം ദർബാർ ഹാളിൽ മുമ്പും പ്രസിദ്ധ വ്യക്തിത്വങ്ങളുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനു വെച്ചിട്ടുണ്ട്. പക്ഷേ, കർമംകൊണ്ട് മാത്രമല്ല ജന്മംകൊണ്ടും അവർ ‘ശ്രേഷ്ഠരാ’യതിനാൽ ആരുടെ ശുദ്ധിക്കുമത് തടസ്സമുണ്ടാക്കിയില്ല. തടയാൻ ആളുമുണ്ടായില്ല. അശാന്ത​​െൻറ മൃതദേഹത്തോട് കാണിച്ച അവഹേളനത്തിന് ജാതിവിവേചനത്തി​െൻറ പേരിലും പട്ടികജാതി പട്ടിക വർഗ പീഡന നിയമങ്ങളു​െട അടിസ്ഥാനത്തിലുമായിരുന്നു കേ​െസടുക്കേണ്ടിയിരുന്നത്. എന്നാൽ, നിലവിൽ കേസ് രജിസ്​റ്റർ ചെയ്തിരിക്കുന്നത് അന്യായമായി സംഘം ചേർന്നതിനും അസഭ്യം വിളിച്ചതിനുമുള്ള വകുപ്പുകളിൽ. എത്ര ലജ്ജാകരമാണ് ജാതി വിവേചനത്തിലുള്ള നിയമത്തി​െൻറ നടപടിക്രമങ്ങൾ.

1967ലെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് അനുവദിക്കപ്പെട്ട പട്ടികജാതി കോളനിയോട് ചേർന്നുള്ള മൈതാനം ദീർഘകാലമായി കോളനിയിലെ ദലിത് സമൂഹത്തി​െൻറ സാംസ്കാരികവും കായികവുമായ ഉന്നമനത്തിനുള്ള പൊതു ഇടമായിരുന്നു. ഭൂമിയുടെ ഉടമസ്ഥത നിഷേധിക്കപ്പെടുകയും കോളനിവത്കരണത്തിന് വിധേയരാകുകയും ചെയ്ത ദലിത് സമൂഹത്തെ സംബന്ധിച്ചിടത്തോളം സാമൂഹിക വികാസത്തി​െൻറ ഉപാധികളാക്കാൻ പുറമ്പോക്ക് ഭൂമികളേ ഉണ്ടായിരുന്നുള്ളൂ. അത്തരമൊരു സ്ഥലം കേരളത്തിൽ ധാരാളം ഭൂസ്വത്തുള്ള എൻ.എസ്.എസ് കരയോഗത്തി​െൻറ കൈകളിലേക്ക് എത്തുന്നതി​െൻറ അധികാര രാഷ്​ട്രീയമാണ് പതിറ്റാണ്ടുകളായി ദലിത് സമൂഹം വിചാരണ ചെയ്യുന്നത്. സാംസ്കാരിക വിശുദ്ധി കാത്തുസൂക്ഷിക്കാനെന്ന പേരിൽ ഉയർന്ന ജാതി മതിലിനെ ഇല്ലായ്മ ചെയ്യാൻ നിയമപരമായും ജനാധിപത്യപരമായും ദലിത് പക്ഷത്ത് നിലയുറപ്പിക്കേണ്ടിയിരുന്ന പൊലീസും പ്രാദേശിക അധികാരികളും പക്ഷേ, ചേർന്നുനിന്നത് ശുദ്ധിവാദികളുടെ കള്ളിയിലായിരുന്നു. വടയമ്പാടി ഒരു സംഘർഷഭൂമിയാക്കിയതിൽ സർക്കാർ സംവിധാനങ്ങളുടെ ഏകപക്ഷീയമായ സമീപനങ്ങൾക്ക് വലിയ പങ്കുണ്ട്. അശാന്ത​​െൻറ മൃതദേഹത്തോടുള്ള അവഹേളനത്തിലും വടയമ്പാടി ജാതിമതിൽ പ്രക്ഷോഭത്തിലും ഭരിക്കുന്ന ഇടതുപക്ഷം വിചാരണചെയ്യപ്പെടുന്നത് ഈ  കാരണങ്ങൾകൊണ്ടുകൂടിയാണ്. പടർന്നുപിടിക്കുന്ന ജാതിവിവേചനത്തെ ധീരമായി അഭിമുഖീകരിക്കാനുള്ള അധികാരപരമായ വൈമുഖ്യത്തിന് കാരണം വോട്ട് രാഷ്​ട്രീയത്തി​െൻറ കണക്കുകൾ മാത്രമല്ല, ജാതിരഹിത കേരളത്തെക്കുറിച്ച് ഉച്ചത്തിൽ സംസാരിക്കുന്നവരുടെ ഉള്ളിൽ പുകയുന്ന ശുദ്ധാശുദ്ധിയെക്കുറിച്ചുള്ള വംശീയ ബോധംകൂടിയാണ്. ശുദ്ധിവാദം സവർണ, ഫ്യൂഡൽ രാഷ്​ട്രീയത്തി​െൻറ പുനരാനയിക്കപ്പെടലാ​െണന്ന് തിരിച്ചറിയാൻ സാധ്യമാകാത്തവണ്ണം കോൺഗ്രസും ഇടതുപക്ഷവും അവ ആന്തരികവത്കരിച്ചിരിക്കുന്നുവെന്നതാണ് സാമൂഹികമായും രാഷ്​ട്രീയമായും കേരളം അഭിമുഖീകരിക്കുന്ന വെല്ലുവിളി.

Tags:    
News Summary - Asanthan - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.