കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച ലോക്ഡൗൺ ഈ മാസം 14ന് അവസാനിക്കാനിരിക്കെ അതിനു ശേഷം കാര്യങ്ങൾ എങ്ങെനയെന്നതിനെക്കുറിച്ച ആലോചനകൾ നയരൂപവത്കരണ വൃത്തങ്ങളിൽ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ലോക്ഡൗൺ പതിനാലാം തീയതി അവസാനിക്കുമെന്നോ തുടരുമെന്നോ കൃത്യമായി പറയാൻ വ്യാഴാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായിട്ടില്ല. അതേസമയം, അതതു സംസ്ഥാനങ്ങളിലെ പ്രാദേശികസാഹചര്യങ്ങൾ അനുസരിച്ച് ഘട്ടംഘട്ടമായി ലോക്ഡൗൺ പിൻവലിക്കാം എന്ന സൂചനയാണ് അദ്ദേഹം നൽകിയത്. കേന്ദ്രം ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കേരളത്തിൽ പരിമിതമായ രീതിയിൽ അത് ആരംഭിച്ചു കഴിഞ്ഞിരുന്നു. ദൈനംദിന ജീവിതത്തിലും സാമ്പത്തിക പ്രവർത്തനങ്ങളിലും അടച്ചുപൂട്ടൽ വലിയ പ്രയാസങ്ങൾ വരുത്തിവെക്കുന്നുണ്ടെങ്കിലും കോവിഡിനെതിരായ ഏറ്റവും ഫലപ്രദമായ പ്രതിരോധ വഴി ഇതുതന്നെയാണെന്ന് ലോകം ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.
ഇറ്റലി, സ്പെയിൻ, ബ്രിട്ടൻ, അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ ഈ മഹാമാരിക്ക് മുമ്പിൽ പകച്ചുനിൽക്കുന്നതിെൻറ കാരണം യഥാർഥത്തിൽ ഈ പ്രതിരോധവഴിയിലേക്ക് പ്രവേശിക്കുന്നതിൽ വൈകി എന്നതുതന്നെയാണ്. ലോക്ഡൗൺ എന്ന ആശയത്തെ പരിഹസിക്കുകയും ഈസ്റ്റർ ആവുമ്പോഴേക്ക് നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് പറയുകയും ചെയ്ത അമേരിക്കൻ പ്രസിഡൻറിന് അവസാനം മാറ്റിപ്പറയേണ്ടിവന്നതും കോവിഡ് വിചാരിച്ചതുപോലെ ലളിതമായ പ്രശ്നമല്ല എന്ന തിരിച്ചറിവിൽനിന്നാണ്. അതായത്, പ്രയാസങ്ങൾ സഹിച്ചാണെങ്കിലും നാം സ്വീകരിച്ച ഈ പ്രതിരോധ വഴി ശരിയായിരുന്നുവെന്നാണ് തെളിയുന്നത്. കേരളമാകട്ടെ, ഈ വിഷയത്തിൽ രാജ്യത്തിനുതന്നെ മാതൃകയായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് പ്രതിരോധത്തിൽ മുന്നേറാൻ നമുക്ക് സാധിച്ചത് കാര്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള നടപടികളായിരുന്നു. അതിന് ബൗദ്ധികമായും ഭരണപരമായും നേതൃത്വം നൽകിയവർ നിശ്ചയമായും അഭിനന്ദനമർഹിക്കുന്നു.
ലോക്ഡൗണിെൻറ ആഘാതം ഏറ്റവുമധികം സംഭവിച്ചത് വ്യവസായ, ഉൽപാദന മേഖലയിലായിരിക്കും. ഇതാകട്ടെ, സമ്പദ്ഘടനയെ മാരകമായി പരിക്കേൽപിക്കുന്നതുമാണ്. അതിനാൽ ലോക്ഡൗണിനു ശേഷമുള്ള സാമ്പത്തികരംഗം എന്നത് വളരെ സൂക്ഷ്മതയോടെ ആസൂത്രണം ചെയ്യേണ്ട മേഖലയാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ എങ്ങനെ പഴയപടിയിൽ എത്തിക്കാം എന്നത് ശ്രമകരമായ ജോലിയായിരിക്കും. കേന്ദ്ര, സംസ്ഥാന ആസൂത്രണവിദഗ്ധർ കാര്യമായി ആലോചിക്കേണ്ട ഒരു മേഖലയാണത്. പ്രത്യേകിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികളും തൊഴിൽ സംരംഭങ്ങളും നടുനിവർന്നെഴുന്നേൽക്കുക എന്നത് അത്യന്തം ശ്രമകരമായിരിക്കും. സാമ്പത്തിക, ഉൽപാദനമേഖലയിൽ ലോക്ഡൗൺ തിരിച്ചടിയാവും എന്നത് കാര്യങ്ങളുടെ ഒരു വശം മാത്രമാണ്. പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും അത് വലിയ ഉന്മേഷം നൽകും എന്ന കാരണത്താൽ ഏറെ ആഹ്ലാദിക്കുന്ന പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും ലോകത്തുണ്ട്. മനുഷ്യൻ വിമാനം കണ്ടുപിടിച്ച ശേഷം ആകാശപാതകൾ ശൂന്യമായ നാളുകൾ, പുകതുപ്പിയോടുന്ന വാഹനങ്ങളില്ലാത്ത നിരത്തുകൾ, ജലയാനങ്ങൾ ഓട്ടം നിർത്തിയ കടലുകളും കായലുകളും, 24 മണിക്കൂറും പുകതുപ്പുന്ന ഫാക്ടറി കുഴലുകൾ അടഞ്ഞുകിടന്ന നാളുകൾ എന്ന നിലക്കെല്ലാം പ്രധാനമാണ് ലോക്ഡൗൺ നാളുകൾ. ഈ നിശ്ചലാവസ്ഥ പരിസ്ഥിതിയെ ബലപ്പെടുത്തുന്നതിൽ വലിയ രീതിയിൽ സഹായിക്കുമെന്നത് സ്വാഭാവികം. ലോക്ഡൗൺ മറ്റൊരു ജീവിതശീലത്തിലേക്ക് മനുഷ്യരെ നയിക്കുന്നതുകൂടിയാണ്. ചെയ്യാൻപറ്റാത്ത പല കാര്യങ്ങളും ചെയ്യാൻ കഴിയുമെന്ന്; ഒഴിവാക്കാൻ പറ്റില്ലെന്ന് കരുതിയ പല ആർഭാടങ്ങളും അനാവശ്യങ്ങളും ഒഴിവാക്കാൻ പറ്റുമെന്ന് മനുഷ്യൻ പഠിച്ച/പഠിക്കുന്ന നാളുകളാണിത്. പുതിയ ജീവിതചര്യയിലേക്ക് മനുഷ്യനെ നയിക്കാൻ ഈ മഹാമാരിക്ക് സാധിച്ചു. അതിലെ ഗുണവശങ്ങൾ ഇനിയുള്ള ലോക്ഡൗൺ അനന്തര കാലവും തുടരാൻ സാധിച്ചാൽ അത് മനുഷ്യരാശിക്കുതന്നെ ഏറെ ഉപകാരപ്രദമായിരിക്കും.
ലോക്ഡൗൺ ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. പൊടുന്നനെ പഴയ അവസ്ഥയിലേക്ക് പോകുന്നത് നിശ്ചയമായും നാറാണത്ത് ഭ്രാന്തെൻറ സമീപനമായിരിക്കും. ഓരോ മേഖലയിലും ക്രമപ്രവൃദ്ധമായി ലോക്ഡൗൺ നിയന്ത്രണങ്ങൾ കുറച്ചുകൊണ്ടുവരുന്നതാണ് രോഗപ്രതിരോധത്തിനും തുടർ ജീവിതക്രമത്തിനും നല്ലത്. ഇന്നലെവരെയുള്ള നിയന്ത്രണങ്ങൾ പൊടുന്നനെ അവസാനിപ്പിച്ച് അണക്കെട്ട് തുറന്നുവിട്ടതുപോലെ പഴയ രീതികളിലേക്ക് ജനങ്ങളൊന്നടങ്കം കുത്തിയൊലിച്ച് പ്രവഹിക്കുകയാണെങ്കിൽ അത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കും. അതിനാൽ തന്നെ, ലോക്ഡൗൺ നടപ്പാക്കുന്നതു പോലെത്തന്നെ കരുതലോടെ ചെയ്യേണ്ടതാണ് ലോക്ഡൗൺ പിൻവലിക്കുകയെന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.