പുതുവർഷത്തിലേക്ക് (പുതുദശകത്തിലേക്കും) രാഷ്ട്രം പ്രവേശിക്കുേ മ്പാൾ അത് ഒരേസമയം ആശങ്കയും പ്രതീക്ഷയും പങ്കുവെക്കുന്നുണ്ട്. വികലമായ ‘സാമ്പത്തിക പരിഷ്കാരങ്ങളി’ൽ നടുവൊടിഞ്ഞവരും ഫാഷിസത്തിെൻറ ഇരുമ്പുമറയ്ക്കുള്ളിൽ നിശ്ശബ്ദരാക്കപ്പെട്ടവരുമായ ജനസമൂഹത്തിനു മുന്നിൽ മതവിഭജനത്തിെൻറ പുതിയൊരു മുറിപ്പാടുകൂടി സൃഷ്ടിച്ചാണ് മോദി ഭരണകൂടം ഡിസംബറിനെ യാത്രയാക്കിയിരിക്കുന്നത്. ഈ നില തുടർന്നാൽ ഇനിയങ്ങോട്ട് കാര്യങ്ങൾ ഒട്ടും ശുഭകരമാകില്ലെന്ന് ഉറപ്പാണ്. എന്നാൽ, ഇതേ ഡിസംബറിൽതന്നെ മറ്റൊന്നുകൂടി സംഭവിച്ചിരിക്കുന്നു. ഭരണകൂടം അടിച്ചേൽപ്പിച്ച സകല നിശ്ശബ്ദതകളേയും ഭേദിച്ച് വലിയൊരു വിഭാഗം ആളുകൾ രംഗത്തെത്തുകയും അതൊരു ജനകീയസമരമായി വളരുകയും ചെയ്തത് പുതിയ കാലത്തിെൻറ പ്രതീക്ഷതന്നെയാണ്. ഡൽഹിയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വിദ്യാർഥിക്കൂട്ടങ്ങൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടങ്ങിവെച്ച സമരമിപ്പോൾ കേന്ദ്രഭരണകൂടത്തിെൻറ ജനാധിപത്യഹത്യക്കെതിരായ പ്രക്ഷോഭമായി തന്നെ വികസിച്ചിട്ടുണ്ട്.
നൂറ്റാണ്ടിലെ തന്നെ കൊടുംതണുപ്പിനെ അവഗണിച്ചും പൊലീസ് രാജിനെ അതിജീവിച്ചും രാഷ്ട്ര തലസ്ഥാനത്തടക്കം മൂന്നാഴ്ചയിലേറെയായി തുടരുന്ന പ്രക്ഷോഭങ്ങളോട് ഏറ്റവും ക്രിയാത്മകമായ രീതിയിലാണ് നമ്മുടെ സംസ്ഥാന നിയമസഭ ഐക്യപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ അന്തഃസത്തയെ പൂർണമായും ചോർത്തിക്കളയുന്ന പൗരത്വ നിയമം റദ്ദാക്കണമെന്നാവശ്യപ്പടുന്ന പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനു ലഭിക്കുേമ്പാൾ അതിൽ അഭിമാനിക്കാൻ ഏറെയുണ്ട്. ബി.ജെ.പിയുടെ ഏക പ്രതിനിധിയെ ഒഴിച്ചു നിർത്തിയാൽ, സർവ അംഗങ്ങളുടെയും അംഗീകാരത്തോടെ ഇങ്ങനെയൊരു പ്രമേയം പാസാക്കപ്പെട്ടതിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുപോലെ അഭിനന്ദനം അർഹിക്കുന്നു. പൗരത്വനിയമത്തിനും എൻ.ആർ.സിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഇതര സംസ്ഥാനങ്ങൾക്ക് ഇത്തരമൊരു ഇടപെടലിലൂടെ കേരളം ഒരിക്കൽകുടി മാതൃക കാണിച്ചിരിക്കുന്നു.
പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറും നിയമസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടികളും തങ്ങളുടെ നിലപാടുകൾ നേരത്തേതന്നെ വ്യക്തമാക്കിയതാണ്. ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) സംബന്ധിച്ച വിവരശേഖരണം, അമിത് ഷാ പ്രഖ്യാപിച്ച ദേശവ്യാപക എൻ.ആർ.സിയുടെ മുന്നോടിയായി നടത്തുന്നതാണെന്ന വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടതോടെ ആ നടപടികൾ നിർത്തിവെച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംഘ്പരിവാർ പ്രസ്ഥാനങ്ങളൊഴികെ ഇവിടെയാരും ഈ ‘അപരത്വ’നിയമത്തെ അനുകൂലിക്കുന്നില്ല. ഭരണമുന്നണിയിലുള്ള ഇടതുപാർട്ടികളും പ്രതിപക്ഷകക്ഷികളുമെല്ലാം ദേശീയതലത്തിൽ സമരരംഗത്ത് സജീവമാണ്. സംസ്ഥാനത്തെ ഇതര പാർട്ടികളും സിവിൽസമൂഹവുമെല്ലാം ഒറ്റക്കെട്ടായി തെരുവിൽ നിലയുറപ്പിച്ചിരിക്കുന്നു. ഈ അർഥത്തിൽ, പൗരത്വനിയമത്തിനെതിരായ ശക്തമായ വികാരമാണ് കേരളത്തിൽ തുടക്കം മുതലേയുള്ളത്. പാർലമെൻറിൽ ബിൽ പാസായ നിമിഷംമുതൽ തന്നെ ഇതുപോലൊരു പ്രമേയം സംസ്ഥാന നിയമസഭയിൽ കൊണ്ടുവരണമെന്ന് പൗരാവകാശ പ്രവർത്തകർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അങ്ങനെ നോക്കുേമ്പാൾ ഇൗ പ്രമേയത്തിൽ കാര്യമായ അത്ഭുതത്തിന് വകയില്ലെങ്കിലും അതു നൽകുന്ന സന്ദേശം ഈയവസരത്തിൽ ഏറെ വലുതും പ്രസക്തവുമാണ്. പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഭാഷണത്തിൽ ഇക്കാര്യം വ്യക്തമാണ്. മതനിരപേക്ഷതയിലും സാമൂഹികനീതിയിലും സമത്വത്തിലും ഉൗന്നിനിന്നുകൊണ്ടുള്ള നാനാത്വത്തിൽ ഏകത്വം എന്ന കാഴ്ചപ്പാടിനെ സ്വാംശീകരിച്ചാണ് നമ്മുടെ ഭരണഘടന തയാറാക്കപ്പെട്ടിരിക്കുന്നത്. വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയും അതിനെ ആഘോഷിക്കുകയും ചെയ്യുക എന്നതാണ് അതിെൻറ താൽപര്യംതന്നെയും. അങ്ങനെയൊരിടത്ത്, ഏതെങ്കിലുമൊരു വിശ്വാസിസമൂഹത്തിന് നിയന്ത്രണവും മറ്റൊരു കൂട്ടർക്ക് പൗരത്വത്തിന് അധിക പരിഗണനയും നൽകുന്നത് ഭരണഘടനയുടെ പാർട്ട് മൂന്നിൽ പരാമർശിക്കുന്ന സമത്വ തത്ത്വത്തിെൻറ നഗ്നമായ ലംഘനമായിരിക്കും. ഭരണഘടനയോട് കൂറ് പുലർത്തുമെന്ന് സത്യപ്രതിജഞ ചെയ്ത ഏതു ജനപ്രതിനിധിക്കും ആ നിലയിൽ പൗരത്വഭേദഗതി നിയമത്തെ അംഗീകരിക്കാൻ കഴിയില്ല. അതിെൻറ ഉറച്ച പ്രഖ്യാപനമാണ് പ്രമേയചർച്ചയിലെങ്ങും മുഴങ്ങിക്കേട്ടത്.
നിയമസഭ ഹാളിൽ ദൃശ്യമായ ഈ ഐക്യം സഭക്കു പുറത്തും പ്രകടമാകുേമ്പാഴേ അതിനെ പൂർണാർഥത്തിൽ ‘പ്രബുദ്ധ രാഷ്്ട്രീയം’ എന്നു വിശേഷിപ്പിക്കാനാവൂ. വാസ്തവത്തിൽ, ജനം ആഗ്രഹിക്കുന്നുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരെ വിശേഷിച്ചും മോദി സർക്കാറിെൻറ ഫാഷിസ്റ്റ് ഭരണത്തിനെതിരെ പൊതുവായും ഐക്യപ്പെടാവുന്ന ഒരു രാഷ്ട്രീയ ഭൂമികയാണ് കേരളമെങ്കിലും ഇക്കാലമത്രയായിട്ടും അത് യാഥാർഥ്യമായിട്ടില്ല എന്നത് നിർഭാഗ്യകരമാണ്. ചില സന്ദർഭങ്ങളിലെങ്കിലും സംഭവിക്കാറുള്ള ‘സംയുക്ത പ്രക്ഷോഭ’ങ്ങൾക്ക് തുടർച്ചയുണ്ടാകാറുമില്ല. ഡിസംബറിൽ 16ന് സെക്രട്ടേറിയറ്റ് പടിക്കൽ നടന്ന ഭരണ-പ്രതിപക്ഷ സംയുക്ത സമരത്തിന് പിന്നീടെന്ത് സംഭവിെച്ചന്ന് കേരളം കണ്ടതാണ്. എന്നല്ല, തങ്ങളുടേതല്ലാത്ത ഇതര ബഹുജന കൂട്ടായ്മകളെ അരികുവത്കരിക്കാനുള്ള ശ്രമങ്ങൾ ഈ സമയങ്ങളിലുണ്ടാവുകയും ചെയ്യുന്നു.
തീർത്തും പ്രതിലോമകരമായ ഈ പ്രവൃത്തികൾ വലിയൊരു ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെ തടയുകയാണ് ചെയ്യുക. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുെന്നന്ന് അന്വേഷിക്കാനുള്ള ബാധ്യത പ്രാഥമികമായി ഇവിടത്തെ മുഖ്യധാരാ പാർട്ടികൾക്കുതന്നെയാണ്. സഭയിൽ ഉയർന്നുകേട്ട ഐക്യ പ്രമേയത്തിെൻറ മുദ്രാവാക്യങ്ങൾ പുറത്തും പ്രചരിക്കണമെങ്കിൽ സംഘ്പരിവാർ ഭീകരതക്കെതിരെ നിലപാടെടുത്ത മുഴുവൻ ആളുകളെയും ഭരണ-പ്രതിപക്ഷാംഗങ്ങൾ ഒരുപോലെ ചേർത്തുപിടിക്കുകയാണ് ചെയ്യേണ്ടത്. ഭരണഘടനാ സംരക്ഷണത്തിനായി നിയമസഭക്ക് അകത്ത് നടന്ന ഈ ഐക്യപ്പെടൽ കേരളമൊട്ടാകെ വ്യാപിക്കുേമ്പാൾ മാത്രമേ അത് മഹത്തായൊരു രാഷ്ട്രീയ സന്ദേശമായി വികസിക്കുകയുള്ളൂ. പുതുദശകത്തിലെ ആശങ്കയുടെയും പ്രതീക്ഷയുടെയും സമ്മിശ്ര വഴികളിൽ പ്രബുദ്ധവും പക്വവുമായ ഒരു രാഷ്്ട്രീയ ശീലത്തിലേക്കുള്ള ചവിട്ടുപടിയാകട്ടെ ഇൗ െഎക്യ പ്രമേയം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.