പ്രധാനമന്ത്രി മോദിയുടെ കോഴിക്കോട് പ്രസംഗം

സെപ്റ്റംബര്‍ 18ന് പുലര്‍ച്ചെ ജമ്മു-കശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനികതാവളങ്ങള്‍ക്ക് നേരെയുണ്ടായ  ഭീകരാക്രമണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുവേദിയില്‍ നടത്തുന്ന ആദ്യ പ്രതികരണം എന്ന നിലയില്‍ ബി.ജെ.പി ദേശീയ കൗണ്‍സിലിന്‍െറ ഭാഗമായി ശനിയാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് നടത്തിയ പ്രസംഗത്തെ രാജ്യം ഉറ്റുനോക്കുന്നുണ്ടായിരുന്നു. പാകിസ്താനെതിരായ പരസ്യ യുദ്ധപ്രഖ്യാപനമായി അത് മാറുമെന്ന് പ്രതീക്ഷിച്ചവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയെങ്കിലും അഗ്നി ജ്വലിപ്പിക്കുന്ന വാക്കുകളിലൂടെ അയല്‍രാജ്യത്തിനെതിരായ വികാരം ഊതിക്കത്തിക്കുന്നതില്‍ ഒരുപരിധിവരെ മോദി വിജയിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പ്രസംഗത്തിന്‍െറ പകുതിഭാഗവും ചെലവഴിച്ചത് എല്ലാ മേഖലയിലും പരാജയപ്പെട്ട പാകിസ്താന്‍ ഭീകരതയുടെ ഉറവിടമാണെന്ന് സമര്‍ഥിക്കാനുള്ള ശ്രമത്തിനാണ്. ഉറിയില്‍ ജീവത്യാഗം ചെയ്ത 19 ജവാന്മാരുടെ രക്തസാക്ഷ്യം വൃഥാവിലാവില്ളെന്നും രാജ്യം അത് ഒരിക്കലും മറക്കില്ളെന്നും ആണയിട്ട പ്രധാനമന്ത്രി തങ്ങള്‍ എങ്ങനെയാണ് സംഭവത്തോട് പ്രതികരിക്കാന്‍ പോകുന്നതെന്ന് തെളിയിച്ചുപറയാന്‍ സന്നദ്ധനായില്ല. ആയിരം വര്‍ഷം യുദ്ധം ചെയ്യാന്‍ തയാറാണെന്ന അയല്‍രാജ്യത്തിന്‍െറ വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നുവെന്നും നമുക്ക് യുദ്ധം ചെയ്യാമെന്നും പറഞ്ഞ് മുന്നില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ ഒരുഘട്ടത്തില്‍ പിരിമുറുക്കത്തില്‍ കൊണ്ടത്തെിച്ചു. രാജ്യം മാത്രമല്ല, വിഷയത്തില്‍ താല്‍പര്യമുള്ള അയല്‍രാജ്യങ്ങളെല്ലാം പ്രധാനമന്ത്രിയുടെ പ്രസംഗം ശ്രവിക്കുന്നുണ്ടാവണം. എന്നാല്‍, പെട്ടെന്ന് സ്വരംമാറ്റി, ദാരി ദ്ര്യവും തൊഴിലില്ലായ്മയും നിരക്ഷരതയും തുടച്ചുനീക്കാന്‍ യുദ്ധത്തിലേര്‍പ്പെടാമെന്നും അപ്പോള്‍ കാണാം ആരാണ് ജയിക്കുന്നതെന്നും പറഞ്ഞ് വെല്ലുവിളിയുടെ മുന തിരിച്ചുവെച്ചത് യാഥാര്‍ഥ്യബോധം തിരിച്ചുപിടിച്ചതുകൊണ്ടാവണം. സ്റ്റേജില്‍ കയറി പ്രഖ്യാപിക്കേണ്ടതല്ല യുദ്ധത്തീയതിയെന്നും ഉത്തരവാദപ്പെട്ട ഒരു ഭരണകര്‍ത്താവിന് യോജിച്ചതല്ല ‘ജിന്‍ഗോയിസത്തിന്‍െറ ’ അതിരുകടന്ന ഭാഷയെന്നും പ്രധാനമന്ത്രി മോദിക്ക് ബോധ്യമുണ്ടെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. പ്രത്യക്ഷമായ ഒരു യുദ്ധത്തിന് തങ്ങളില്ളെ ന്ന പരോക്ഷമായ സന്ദേശമാണ് അദ്ദേഹത്തിന് ഒടുവില്‍ കൈമാറാനുണ്ടായിരുന്നത്. സൈനിക മേധാവികളുമായി കൂടിയാലോചന നടത്തിയശേഷമാണ് കോഴിക്കോട്ടേക്ക് അദ്ദേഹം യാത്രതിരിച്ചതെന്ന വാര്‍ത്താശകലം പോലും യുദ്ധജ്വരം പടര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് ആവേശം പകരുന്നതായിരുന്നു.

ഐക്യരാഷ്ട്രസഭയുടെ വേദികളിലടക്കം കശ്മീരിലെ അസ്വാസ്ഥ്യജനകമായ അവസ്ഥാവിശേഷം ഉയര്‍ത്തിക്കാട്ടി ഇന്ത്യക്കെതിരെ പാക് പ്രധാനമന്ത്രി നവാസ് ശരീഫും മറ്റും നടത്തുന്ന നയതന്ത്രപോരാട്ടത്തിന് അതേനാണയത്തില്‍ തിരിച്ചടിനല്‍കുക എന്ന തന്ത്രമാണ് മോദി സര്‍ക്കാറും തീരുമാനിച്ചിരിക്കുന്നതെന്ന് വാക്കുകള്‍ക്കിടയിലൂടെ വായിച്ചെടുക്കാവുന്നതേയുള്ളൂ. രാഷ്ട്രാന്തരീയതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തു
മെന്ന് സൂചിപ്പിച്ചത് അതുകൊണ്ടാവണം. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെവിടെയും കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ചോ കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ദുരിതക്കയത്തില്‍ ജീവിച്ചുപോരുന്ന കശ്മീരികളെക്കുറിച്ചോ പരാമര്‍ശിക്കപ്പെട്ടില്ല.  താഴ്വരയിലെ സംഭവവികാസങ്ങളുടെ പ്രതികരണമായിരിക്കാം ഉറിയിലെ അക്രമമെന്ന് കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത് മോദി വായിച്ചിട്ടില്ളെന്ന് കരുതാനാവില്ല. ഇസ്ലാമാബാദ് ഭരണകൂടത്തെ കൂടുതല്‍ പ്രതിരോധത്തിലകപ്പെടുത്തി ആ രാജ്യം തുറന്നുവിടുന്ന ഭീകരപ്രവര്‍ത്തനത്തോട് പകരം വീട്ടാനും കശ്മീരില്‍നിന്ന്  ശ്രദ്ധ മറ്റുവഴിക്ക് തിരിച്ചുവിടാനുമുള്ള പുതിയ തന്ത്രങ്ങളാണ് ഹിന്ദുത്വസര്‍ക്കാര്‍ മെനയുന്നതെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍നിന്ന് വ്യക്തമാവുന്നുണ്ട്.  പാക് ജനതയോട് സ്വന്തം സര്‍ക്കാറിനെതിരെ തിരുത്തല്‍ശക്തിയായി മുന്നോട്ടുവരാന്‍ നടത്തിയ ആഹ്വാനം അന്നാട്ടില്‍ ചര്‍ച്ചചെയ്യപ്പെടാതിരിക്കില്ല. വിഭജനത്തിനുമുമ്പ്  സാഹോദര്യത്തോടെ നാം ഒരുമിച്ചുകഴിഞ്ഞവരാണെന്നും സ്വാതന്ത്ര്യാനന്തരം എന്താണ് സംഭവിച്ചതെന്ന് ആത്മവിചിന്തനം നടത്തണമെന്നും ഉപദേശിക്കുന്ന മോദി പാക് സര്‍ക്കാറിനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കാന്‍ പുതിയ സാഹചര്യം യഥേഷ്ടം പ്രയോജനപ്പെടുത്തുകതന്നെ ചെയ്തു. ‘ഇന്ത്യ വികസനരംഗത്ത് കൈവരിച്ച കുതിപ്പില്‍ സോഫ്റ്റ്വെയര്‍ അടക്കം കയറ്റുമതി ചെയ്യുമ്പോള്‍ പാകിസ്താന്‍ ഭീകരവാദികളെയാണ് കയറ്റുമതി ചെയ്യുന്നത്. ലോകത്ത് എവിടെ ഭീകരവാദമുണ്ടായാലും  ഈ രാജ്യത്തിന്‍െറ പേരാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. ഭീകരവാദികളുടെ പ്രസംഗം അപ്പടി വായിക്കുന്ന നേതാക്കളോട് ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല’ -കഴിഞ്ഞദിവസം യു.എന്‍ സമ്മേളനത്തില്‍ കശ്മീരില്‍ തുടരുന്ന നരമേധങ്ങളെക്കുറിച്ച് സുദീര്‍ഘമായി സംസാരിച്ച നവാസ് ശരീഫിനെതിരായ രോഷമാണ് ഈ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

 ദേശീയോന്മാദം കുത്തിനിറച്ച് പൗരന്മാരുടെ ഹൃദയങ്ങളില്‍ വിദ്വേഷത്തിന്‍െറയും വെറുപ്പിന്‍െറയും വികാരം വളര്‍ത്താനുള്ള മത്സരത്തില്‍ തോല്‍ക്കുന്നത് ഇരുപക്ഷത്തെയും സമാധാനകാംക്ഷികളായിരിക്കും. യുദ്ധമുഖത്തുനിന്നുള്ള ‘തന്ത്രപരമായ പിന്മാറ്റ’വും പട്ടിണിക്കെതിരായ ഒത്തൊരുമിച്ചുള്ള യുദ്ധത്തിനുള്ള ആഹ്വാനവും ദീനദയാല്‍ ഉപാധ്യായയുടെ ‘അന്ത്യോദയ’ ആശയത്തോടുള്ള പ്രതിബദ്ധത കൊണ്ടാണെന്ന് ആവശ്യമുള്ളവര്‍ക്ക് വ്യാഖ്യാനിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.