ഡാറ്റയില്‍നിന്ന് ആട്ടയിലേക്കുള്ള ദൂരം

പ്രധാനമന്ത്രിയെതന്നെ പരസ്യത്തിന് ഉപയോഗിച്ച് അംബാനിയുടെ റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് മൊബൈല്‍ കാള്‍ നിരക്കില്‍ അഭൂതപൂര്‍വമായ നിരക്കിളവുമായി പുതിയ ഉല്‍പന്നം പുറത്തിറക്കിയപ്പോള്‍ ലാലുപ്രസാദ് യാദവ് നടത്തിയ പ്രതികരണം വെറും തമാശയല്ല. ‘ജനം എന്തു തിന്നണം, ഡാറ്റയോ ആട്ടയോ’ എന്നായിരുന്നു ലാലുവിന്‍െറ സ്വതസിദ്ധശൈലിയിലുള്ള ചോദ്യം. രാജ്യത്തെ ഭരണകൂടം നയിച്ചുകൊണ്ടിരിക്കുന്നു എന്നു പറയുന്ന വികസനവും പുരോഗതിയും ആരുടെ കീശ വീര്‍പ്പിക്കാന്‍, ആരുടെ വയറൊട്ടിക്കാന്‍ എന്ന ഗൗരവമുള്ള പ്രശ്നമാണ് ലാലു ഉയര്‍ത്തിയത്. രാജ്യത്തിന്‍െറ വളര്‍ച്ചനിരക്കിനെപ്പറ്റിയും സാമ്പത്തികപുരോഗതിയെപ്പറ്റിയും പ്രധാനമന്ത്രി നരേന്ദ്ര  മോദിയും മന്ത്രിമാരും ഉയര്‍ത്തിപ്പിടിക്കുന്ന അവകാശവാദങ്ങള്‍ ആരെയാണ് തൃപ്തിപ്പെടുത്തുകയെന്നതിലേക്കുള്ള സൂചന കൂടിയാണ് ലാലുവിന്‍െറ വാക്കുകളിലുള്ളത്. കഴിഞ്ഞദിവസം വിവരസാങ്കേതികവിദ്യയില്‍ പുതിയ സര്‍ക്കാറുണ്ടാക്കിയ നേട്ടങ്ങള്‍ വിവരിച്ച കേന്ദ്ര നിയമകാര്യ, ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് പാവപ്പെട്ടവര്‍ക്കെല്ലാം ബാങ്ക് അക്കൗണ്ട് തുടങ്ങാനായതും ആ അക്കൗണ്ടിനെ ആധാറുമായും അതിനെ ഇന്‍റര്‍നെറ്റുമായും ബന്ധിപ്പിച്ചതുമൊക്കെ ഭരണപുരോഗതിയായി എടുത്തുകാട്ടി. ഈ പുരോഗതിയുടെ നാളുകളിലും ഒഡിഷയില്‍ കാലഹണ്ടിയിലെ ദാനാ മാജിക്ക് ഭാര്യയുടെ ശവശരീരവുമായി 12 കിലോമീറ്റര്‍ ഗ്രാമത്തിലേക്ക് നടക്കേണ്ടിവന്ന കഥ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി ഉന്നയിച്ച മറുചോദ്യം അല്‍പം കടന്ന തമാശയായിരുന്നു. ഇക്കാര്യം ലോകമറിഞ്ഞതും തന്‍െറ വകുപ്പിന്‍െറ വിവരവിപ്ളവത്തിലൂടെയല്ളേ എന്നായിരുന്നു വായടച്ച മറുപടി. വികസനവുമായി ബന്ധപ്പെട്ട് ഇമ്പമുള്ള മുദ്രാവാക്യങ്ങളും പ്രാസഭംഗിയാര്‍ന്ന പേരുകളില്‍ പദ്ധതികളും പ്രഖ്യാപിക്കുന്ന ഭരണകൂടം പക്ഷേ, ആരുടെ അടിസ്ഥാനപ്രശ്നങ്ങള്‍ക്കാണ് പരിഹാരം തേടുന്നത് എന്ന ചോദ്യത്തിന് സാധാരണക്കാര്‍ക്കുവേണ്ടിയല്ല എന്നുതന്നെയാണ് ഉത്തരം. മാജിയുടെ നാട് തേടിപ്പോയ മാധ്യമങ്ങള്‍ അത്രയും ദയനീയമായ വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി കടലാസിലുണ്ടെങ്കിലും മാജിയുടെ നാട്ടിലേക്ക് അതിപ്പോഴും എത്തിനോക്കിയിട്ടില്ല. 28 ഗ്രാമങ്ങള്‍ക്കും കൂടിയുള്ള ഒരേയൊരു പബ്ളിക് ഹെല്‍ത്ത് സെന്‍ററില്‍ ഒരു ഡോക്ടറും ആയുര്‍വേദ വൈദ്യനും ആറ് ബെഡും മാത്രം. ചികിത്സ തേടിയത്തെുന്നവരെ പട്ടണത്തിലേക്ക് അയക്കുകയേ മാര്‍ഗമുള്ളൂ. ‘നാരി ശക്തി’ ഹെല്‍പ് ഗ്രൂപ്പില്‍നിന്ന് 4000 കടമെടുത്താണ് പത്നിയെ ആശുപത്രിയിലത്തെിച്ചത്. ചികിത്സ നിഷ്ഫലമായി മരിച്ചപ്പോള്‍ മൃതശരീരം ഗ്രാമത്തിലെടുക്കണമെന്ന മകളുടെ അപേക്ഷയില്‍ മറുവഴിയൊന്നും ആ പിതാവിന് ഉണ്ടായിരുന്നില്ല, ശവം ചുമന്നു നടക്കുകയല്ലാതെ. ഇന്ദിര ആവാസ് യോജന വഴി പാവപ്പെട്ടവര്‍ക്കുള്ള ഭവനപദ്ധതിയുണ്ട്. ഒറ്റമുറി വീട്ടുകാരനായ മാജിക്ക് അത് കിട്ടിയില്ല. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുണ്ട്. പക്ഷേ, മാജിക്കും അയല്‍പക്കത്തുള്ളവര്‍ക്കുമൊക്കെ അതുവഴിയൊരു ജോലി കിട്ടിയിട്ട് മാസങ്ങള്‍ ഏഴു കഴിഞ്ഞു. മുമ്പ് ജോലിയുണ്ടായപ്പോള്‍ രേഖയില്‍ പറഞ്ഞ കൂലി 174, കൈയില്‍ കിട്ടിയത് നൂറു രൂപയും. ഒഡിഷയിലെ ആദിവാസി ശാക്തീകരണത്തിന് 2004 മുതല്‍ പ്രതിവര്‍ഷം എട്ടു കോടിയോളം രൂപ കൈകാര്യം ചെയ്തുവരുന്നുണ്ടെന്നോര്‍ക്കണം. വനത്തില്‍ കൃഷി ചെയ്തുവരുന്ന ഭൂമിയില്‍ ആദിവാസി വിഭാഗത്തില്‍പെട്ടയാളെന്ന നിലക്ക് വനഭൂമി അവകാശനിയമമനുസരിച്ച് ഗ്രാമസഭക്ക് ഭൂമി പതിച്ചുനല്‍കാവുന്നതേയുള്ളൂവെങ്കിലും മാജിക്ക് ലഭിച്ചില്ല. ഇന്നിപ്പോള്‍ മാജിയെ കടാക്ഷിക്കാന്‍ ഈ പദ്ധതികളും നിയമങ്ങളുമൊക്കെ ഒന്നിനു പിറകെ ഒന്നായി ഓടിയത്തെിയിരിക്കുന്നു.
കാലഹണ്ടി വാര്‍ത്തകളില്‍ നിറയുന്നത് ഇതാദ്യമല്ല. പട്ടിണിമരണങ്ങള്‍ പെരുകിയപ്പോള്‍ അതിജീവിക്കാന്‍ മക്കളെ വില്‍ക്കുന്നുവെന്ന കിടിലന്‍ വാര്‍ത്ത 31 വര്‍ഷം മുമ്പ് ദേശീയമാധ്യമങ്ങളുടെ തലക്കെട്ടുകള്‍ പിടിച്ചടക്കിയതാണ്. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി നേരിട്ട് സ്ഥലത്തത്തെി ജില്ലയുടെ വികസനത്തിന് പദ്ധതി പ്രഖ്യാപിച്ചതാണ്. പതിറ്റാണ്ടുകള്‍ മൂന്ന് പിന്നിട്ടപ്പോഴാണ് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ വീണ്ടും ചുരുളഴിയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഒഡിഷ ഭരിക്കുന്ന നവീന്‍ പട്നായിക് ഭരണത്തില്‍ മൂന്ന് ഊഴം പിന്നിട്ടിരിക്കുന്നു. പട്ടിണിമരണങ്ങളില്‍നിന്ന് കാലഹണ്ടി മാറിയില്ളെങ്കിലും നവീന്‍ പിന്നെയും പിന്നെയും തെരഞ്ഞെടുക്കപ്പെടുന്നുവെന്നത് നമ്മുടെ ജനാധിപത്യക്രമത്തിന്‍െറ വിരോധാഭാസമല്ലാതെ മറ്റെന്ത്? മാജിയുടെ ഭാര്യ മരിക്കുന്നത് ക്ഷയരോഗം ബാധിച്ചാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനും ശുചിത്വത്തിനുമെതിരായ ബോധവത്കരണങ്ങള്‍ നഗരങ്ങളുടെ നാലതിര് കടക്കുന്നില്ളെന്നതിന് വേറെ തെളിവ് വേണ്ട.
അധികാരികളുടെ കണക്കുപുസ്തകവും പൗരന്മാര്‍ അനുഭവിക്കുന്നതും തമ്മിലെ പൊരുത്തക്കേടിന്‍െറ, അഥവാ, ഡാറ്റയില്‍നിന്ന് ആട്ടയിലേക്കുള്ള ദൂരമാണ് ഭാര്യയുടെ ശവശരീരവും ചുമന്ന് ഒരു ദരിദ്രനാരായണന്‍ അളന്നുകാണിച്ചത്. ഭരണകര്‍ത്താക്കളുടെ എല്ലാ അവകാശവാദങ്ങളെയും കടത്തിവെട്ടുന്ന സ്ഥിതിവിവരക്കണക്ക് പ്രകാരം ഇന്ത്യയില്‍ അഞ്ചു ലക്ഷത്തോളം ഡോക്ടര്‍മാരുടെ കുറവുണ്ട്. 2000 പേര്‍ക്ക് ഒരാള്‍ എന്ന ക്രമത്തിലാണ് ഡോക്ടറുടെ അനുപാതം. പ്രതിവര്‍ഷം 55,000 ഡോക്ടര്‍മാരെ ഉല്‍പാദിപ്പിക്കുന്നിടത്താണിത്. നിത്യോപയോഗ സാധനങ്ങളുടെ മുതല്‍ ജീവന്‍രക്ഷാമരുന്നുകളടക്കമുള്ള ആതുരസേവനത്തിന്‍െറ വരെ വിലനിലവാരം നാള്‍ക്കുനാള്‍ കൂട്ടി വേണ്ടപ്പെട്ടവരെ പരിപോഷിപ്പിക്കുന്ന ഭരണത്തിലെ ബാബുമാര്‍ക്ക് പാവപ്പെട്ടവന്‍െറ ആട്ടയുടെ വിലയെന്തായാലെന്ത്; അവര്‍ക്ക് ഭരണത്തിളക്കത്തിന്‍െറ നിറം പിടിപ്പിച്ച ഡാറ്റ മതിയല്ളോ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.