അനുശോചനം എന്ന ആചാരം

സമഗ്രമായ പരാജയമാണ് പെരുമ്പാവൂര്‍ പീഡനസംഭവത്തില്‍ തെളിഞ്ഞുവരുന്നത്. ഭരണത്തിന്‍െറ, വ്യവസ്ഥിതിയുടെ, സമൂഹത്തിന്‍െറ പരാജയം. ജിഷയുടെ കുടുംബം, മറ്റ് ആയിരക്കണക്കിന് കുടുംബങ്ങളെപ്പോലെ, നമ്മുടെ ‘വികസന’ത്തിന്‍െറ കൂടി ഇരകളാണ്. ഭരണകൂടം പൗരന്മാര്‍ക്ക് നല്‍കേണ്ട മൗലികമായ വിഭവങ്ങള്‍പോലും അവര്‍ക്ക് കിട്ടിയില്ല എന്നാണറിയുന്നത്. അവര്‍ കൊടുത്ത പരാതികള്‍ അവഗണിച്ചു. ഹരജികള്‍ കണ്ടില്ളെന്നു വെച്ചു. അടച്ചുറപ്പുള്ള വീടോ ബി.പി.എല്‍ കാര്‍ഡ് പോലുമോ സുരക്ഷയോ ഒന്നും ഒരു ജനസമ്പര്‍ക്ക അഭ്യാസക്കാരും അവര്‍ക്ക് നല്‍കിയില്ല. കൊല്ലപ്പെട്ട ജിഷയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നിടത്ത്, സംസ്കരിക്കുന്നിടത്ത്, തെളിവുകള്‍ സംരക്ഷിക്കുന്നിടത്ത്, എല്ലാം സമ്പൂര്‍ണമായ വീഴ്ചകളാണ് സംഭവിച്ചത്. ‘വലിയവരെ’ മാത്രം താലോലിക്കുന്ന സമൂഹത്തിന്‍െറ മനോഭാവത്തിനും ഈ പരാജയത്തില്‍ പങ്കുണ്ട്.
പക്ഷേ, കൊല്ലപ്പെട്ട യുവതിയോട് മാത്രമല്ല നാമെല്ലാം പാതകം ചെയ്യുന്നത്. അവരുടെ കുടുംബത്തോട്, പ്രത്യേകിച്ച് അമ്മയോട്, നാട്യങ്ങള്‍ക്കപ്പുറം ചെയ്യേണ്ട പലതും നാം ചെയ്യാതെ പോകുന്നു. ജിഷയും കുടുംബവും തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയക്കാര്‍ക്ക് കൊത്തിപ്പറിക്കാന്‍ കിട്ടിയ തുണ്ടുകളായിരിക്കുന്നു. പ്രമാണിമാര്‍ക്കും താരങ്ങള്‍ക്കും പ്രകടനാത്മക മനുഷ്യത്വം പ്രദര്‍ശിപ്പിക്കാനുള്ള നിമിത്തമാകുന്നു. ജീവിതത്തിന്‍െറ സര്‍വപ്രതീക്ഷയുമായിരുന്ന മകളെ അതിദാരുണമായി കൊലചെയ്യപ്പെട്ട നിലയില്‍ കാണേണ്ടിവന്ന അമ്മക്കും മറ്റും തെരഞ്ഞെടുപ്പു മുദ്രാവാക്യങ്ങള്‍ കൊണ്ടോ ഇലക്ഷന്‍ സ്പെഷല്‍ തലോടല്‍ കൊണ്ടോ അല്ല ആശ്വാസം നല്‍കേണ്ടത്. അവരെ പരിചരിക്കാന്‍ ഡോക്ടര്‍മാരെ അനുവദിക്കണം. അവര്‍ക്ക് സ്വകാര്യത നല്‍കണം. സന്തപ്തര്‍ അര്‍ഹിക്കുന്ന ആദരം നല്‍കണം. തെരഞ്ഞെടുപ്പ് സീസണില്‍ ദുരന്തനായികയാവാന്‍ വിധിക്കപ്പെട്ട രാജേശ്വരിയമ്മയെ വി.വി.ഐ.പി സന്ദര്‍ശകരില്‍നിന്ന് സംരക്ഷിക്കാന്‍ കഴിയുന്നില്ളെന്ന് ഡോക്ടര്‍മാര്‍ പരിതപിക്കുന്നുണ്ട്. നേതാവിനൊപ്പം കാമറകളുണ്ടാകും; അനുയായികളുണ്ടാവും. ഇതെല്ലാം കൃത്യമായി പകര്‍ത്താന്‍ ചാനല്‍പ്പടകള്‍ ഉണ്ടാവും. അനുശോചകര്‍ തള്ളിത്തള്ളി വന്നുകൊണ്ടിരിക്കും. കാഴ്ചക്കാര്‍ വേറെയുമുണ്ടാകും. ഇതാണോ ആ പാവം അമ്മക്ക് ഈ സമയത്ത് കിട്ടേണ്ട സ്നേഹമെന്ന് എല്ലാവരും ചിന്തിക്കുന്നത് നന്ന്. ദു$ഖാര്‍ത്തരോട് അനുതാപം വേണം. പക്ഷേ, അത് പ്രകടിപ്പിക്കേണ്ട സന്ദര്‍ഭവും രീതിയും പ്രധാനമാണ്. ആദ്യപരിഗണന കുടുംബത്തിനും പിന്നെ ഡോക്ടര്‍മാര്‍ക്കും നല്‍കേണ്ട സന്ദര്‍ഭമുണ്ട്. വി.ഐ.പിമാരും മറ്റും അതു കഴിഞ്ഞേ പരിഗണിക്കപ്പെടേണ്ടതുള്ളൂ. പരവൂര്‍ പുറ്റിങ്ങലിലെ വെടിക്കെട്ടപകടത്തെ തുടര്‍ന്ന് നേതാക്കളുടെ സന്ദര്‍ശനം പ്രതിസന്ധി സൃഷ്ടിച്ചെന്നുവരെ പരാതിയുണ്ടായി. രക്ഷാപ്രവര്‍ത്തനത്തിനുതകേണ്ട സര്‍ക്കാര്‍സംവിധാനങ്ങള്‍ വി.വി.ഐ.പി സുരക്ഷക്കായി പ്രവര്‍ത്തിക്കേണ്ടിവന്നു; പൊലീസും രക്ഷാ പ്രവര്‍ത്തകരും ഇക്കാര്യം സൂചിപ്പിക്കുകവരെ ചെയ്തു. ആശ്വാസവും പുനരധിവാസവുമാണ് ഇരകള്‍ക്കുകിട്ടേണ്ടത്. നേതാക്കളടക്കം അവരെ സന്ദര്‍ശിക്കുന്നതിലും ആശ്വസിപ്പിക്കുന്നതിലും തെറ്റില്ല, എന്നാല്‍, അത് സന്ദര്‍ശകരുടെ താല്‍പര്യമനുസരിച്ചല്ല, സന്തപ്തരുടെ താല്‍പര്യമനുസരിച്ചാണ് നടക്കേണ്ടത്. അവരുടെ താല്‍പര്യമാണ് മുന്‍ഗണനകള്‍ നിശ്ചയിക്കേണ്ടത്. ദുരന്തത്തിന്‍െറ ഇരകള്‍ക്ക് സമാശ്വാസവും പരിചരണവും അത്യാവശ്യമായ ഘട്ടത്തില്‍ മറ്റു സന്ദര്‍ശകര്‍ മര്യാദപാലിക്കുകയാണ് നല്ലത്. തീവ്രപരിചരണ കേന്ദ്രത്തിന്‍െറ സ്വകാര്യതയും സൈ്വരവും സാന്ത്വനവും വീടുകളില്‍ ലഭ്യമാകണം. ഇതിന് ഇപ്പോള്‍ തടസ്സം നില്‍ക്കുന്നത് നമ്മുടെ പുറം നാട്യങ്ങളാണെങ്കില്‍ അവ നിയന്ത്രിക്കുന്നതിന് പെരുമാറ്റച്ചട്ടമുണ്ടാക്കണം. ഏതുനിലക്കും സന്തപ്തകുടുംബത്തെ പ്രദര്‍ശനവസ്തുക്കളാകുന്നതില്‍നിന്ന് സംരക്ഷിക്കേണ്ടതും ശാരീരികവും മാനസികവുമായ സാന്ത്വനപരിചരണം ലഭിക്കാന്‍ അവര്‍ക്ക് സൗകര്യം നല്‍കേണ്ടതും അനുപേക്ഷണീയമാണ്.
ദുരന്തങ്ങള്‍ കഠിനമായ പരീക്ഷണമാണ്. അവ അനുഭവിക്കേണ്ടിവരുന്നവര്‍ ആഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതും പൊതുപ്രദര്‍ശനത്തിനുകൂടി ഇരയാവാനല്ല. ആത്മാര്‍ഥസ്നേഹത്തിന്‍െറ സ്പര്‍ശം അനുഭവിക്കാനാണ്. പ്രകടനപരമായ കൂട്ട അനുശോചനത്തിന് പാത്രമാകുന്നതിലേറെ അവര്‍ ഇഷ്ടപ്പെടുക, ബന്ധുക്കളുടെയും കൂട്ടുകാരുടെയും നിശ്ശബ്ദമായ അനുപാതത്തിനിടയിലും ഒറ്റക്കിരുന്ന് കരയാനുള്ള ശാന്തതയും സ്വകാര്യതയുമാവും. സര്‍ക്കാറിനും സമൂഹത്തിനും അവരെ ആശ്വസിപ്പിക്കാനാവും- വ്യവസ്ഥിതിയിലെ പാളിച്ചകള്‍ തിരുത്തി ജീവിതത്തിലേക്കും സുരക്ഷയിലേക്കും അവരെ തിരിച്ചുനടത്താന്‍ ശ്രമിച്ചുകൊണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.