കശ്മീരിലെ അത്യപൂര്‍വ രാഷ്ട്രീയാനിശ്ചിതത്വം

മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍െറ വിയോഗത്തോടെ ജമ്മു-കശ്മീരില്‍ ഉടലെടുത്ത രാഷ്ട്രീയ അനിശ്ചിതത്വം അവസരവാദ രാഷ്ട്രീയവും ജനവികാരവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഏത് ഭരണനേതൃത്വവും അഭിമുഖീകരിക്കേണ്ടിവരുന്ന വൈരുധ്യങ്ങളുടെ പ്രതിസന്ധിയായി വേണം വിലയിരുത്താന്‍. സാധാരണഗതിയില്‍, അന്തരിച്ച മുഖ്യമന്ത്രിയുടെ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ, പുതിയ ഭരണസാരഥി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കേണ്ടതാണ്. 10 മാസമായി സംസ്ഥാനം ഭരിക്കുന്ന പി.ഡി.പി-ബി.ജെ.പി സഖ്യത്തെ സംബന്ധിച്ചിടത്തോളം മുഫ്തിയുടെ പുത്രിയും പാര്‍ലമെന്‍റംഗവുമായ മെഹബൂബ മുഫ്തി പിതാവിന്‍െറ കസേരയില്‍ കയറിയിരിക്കുക എന്നതിനപ്പുറം രാഷ്ട്രീയമായ പ്രതിബന്ധങ്ങളൊന്നുമില്ലാത്തതുകൊണ്ട് ഒൗപചാരികതയുടെ പ്രശ്നമേ ശേഷിക്കുന്നുണ്ടായിരുന്നുള്ളൂ.

മുഫ്തിയുടെ വിയോഗം സൃഷ്ടിച്ച കടുത്ത മനോവ്യഥ നീങ്ങുകയും താഴ്വരയിലെ ദു$ഖാചരണങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്യുമ്പോള്‍, കാര്യമായ ചര്‍ച്ചക്കോ വിലപേശലിനോ ഇടംനല്‍കാതെ, മെഹബൂബ സ്ഥാനമേറ്റെടുക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. സംഭവിച്ചത് മറ്റൊരു തരത്തിലാണ്. മുഫ്തിയുടെ വിയോഗത്തോടെ സംസ്ഥാനരാഷ്ട്രീയത്തിലെ ഒരധ്യായം അവസാനിച്ചിരിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ച്, സഖ്യസര്‍ക്കാറിനെ ഇന്നത്തെ അവസ്ഥയില്‍ മുന്നോട്ടുകൊണ്ടുപോവുന്നതില്‍ താന്‍ തല്‍പരയല്ല എന്ന മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാറിനും ബി.ജെ.പി നേതൃത്വത്തിനും നല്‍കുന്ന തരത്തിലാണ് മെഹബൂബ പെരുമാറിയത്.  തിടുക്കത്തില്‍ പുതിയ മന്ത്രിസഭ രൂപവത്കരണത്തിനു താനില്ല എന്ന മൗനപ്രഖ്യാപനം ഭരണപങ്കാളിയായ സംഘ്പരിവാര്‍ നേതൃത്വത്തിനുള്ള വ്യക്തമായ താക്കീതായിരുന്നു. ഒടുവില്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറ മന്ത്രിസഭാ രൂപവത്കരണത്തില്‍ എത്രയുംവേഗം തീരുമാനമെടുക്കണമെന്ന് പി.ഡി.പി, ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടപ്പോള്‍ മനസ്സ് തുറക്കാന്‍ തയാറായ മെഹബൂബ ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട ചില അടിസ്ഥാന പ്രശ്നത്തിലേക്ക് വിരല്‍ചൂണ്ടിയത് ഇപ്പോഴത്തെ അനിശ്ചിതത്വത്തിന്‍െറ മൂലകാരണമെന്താണെന്ന് വായിച്ചെടുക്കാന്‍ സഹായകമായി.

2015 മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന ചുറ്റുപാടിലാണ് ഭിന്ന ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു പാര്‍ട്ടികള്‍ അധികാരം പങ്കുവെക്കാന്‍ ധാരണയിലത്തെുന്നത്. കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടശേഷം മെഹബൂബ മാധ്യമപ്രവര്‍ത്തകരോട് സൂചിപ്പിച്ചതുപോലെ ഇത്തരമൊരു രാഷ്ട്രീയസാഹചര്യം കൈകാര്യംചെയ്യാന്‍ മുഫ്തി മുഹമ്മദ് സഈദ് എന്ന അതികായന് അപാരമായ മെയ്വഴക്കവും അനുഭവസമ്പത്തും കൈമുതലായുണ്ടായിരുന്നു. പി.ഡി.പി എന്ന പാര്‍ട്ടിയെ ഇന്നത്തെ നിലയില്‍ കെട്ടിപ്പടുക്കുന്നതില്‍ മറ്റാരെക്കാളും പങ്കുവഹിച്ച മെഹബൂബയാവട്ടെ, ജനങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞ നേതാവ് എന്ന നിലക്ക്,  നിലവിലെ രാഷ്ട്രീയാവസ്ഥയില്‍ അശേഷം സംതൃപ്തയല്ല.

ഹിന്ദുത്വശക്തികളുമായുള്ള കൂട്ടുകെട്ട് ഇതുവരെ താഴ്വരക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ളെന്നും പാര്‍ട്ടിയുടെ രാഷ്ട്രീയഭാവിക്ക് അനുഗുണമായി സഖ്യത്തെ മുന്നോട്ടുകൊണ്ടുപോവുക ദുഷ്കരമാണെന്നും അവര്‍ മനസ്സിലാക്കുന്നു. പിതാവിന്‍െറ അന്തിമചടങ്ങുകളില്‍ പങ്കെടുത്ത ശുഷ്കമായ ജനസഞ്ചയം മുഫ്തിയുടെ രാഷ്ട്രീയ ഞാണിന്മേല്‍കളിയോട് താഴ്വര ഇതുവരെ മാനസികമായി പൊരുത്തപ്പെട്ടിട്ടില്ളെന്നതിന്‍െറ തെളിവായി അവര്‍ വിലയിരുത്തുന്നു. അതേസമയം, സംസ്ഥാനത്ത് ആദ്യമായി അധികാരം പങ്കുവെക്കാന്‍ അവസരമൊരുക്കിക്കൊടുത്ത പി.ഡി.പിയോടും അതിന്‍െറ നേതൃത്വത്തോടും  കൃതജ്ഞത രേഖപ്പെടുത്തുന്ന തരത്തിലല്ല ബി.ജെ.പിയോ കേന്ദ്രസര്‍ക്കാറോ പെരുമാറിയതെന്ന ചിന്തയാണ് മെഹബൂബയുടെയും കൂട്ടാളികളുടെയും കുണ്ഠിതത്തിനു പ്രധാന കാരണം.  

ഇന്നത്തെ ചുറ്റുപാടില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് മുന്നോട്ടുപോവുകയല്ലാതെ വേറെ മാര്‍ഗമില്ളെന്ന് മറ്റാരെക്കാളും മെഹബൂബക്ക് അറിയാമെങ്കിലും അത്തരമൊരു സഖ്യത്തിന്‍െറ പേരില്‍ ജനപിന്തുണ നഷ്ടപ്പെടുന്ന സാഹചര്യം തരണംചെയ്യാന്‍ വല്ലതും ചെയ്തേപറ്റൂ എന്ന് അവര്‍ ശഠിക്കുന്നു. താഴ്വരയുടെ വിശ്വാസം വീണ്ടെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും സംസ്ഥാനത്തിന്‍െറ സ്ഥായിയായ പ്രശ്നങ്ങള്‍ക്ക് അറുതിവരുത്താന്‍ വാഗ്ദാനം ചെയ്യപ്പെട്ട പദ്ധതികള്‍ എത്രയുംപെട്ടെന്ന് പ്രയോഗവത്കരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് മെഹബൂബ മുന്നോട്ടുവെക്കുന്ന വ്യവസ്ഥയില്‍ മുഖ്യം. മോദിസര്‍ക്കാറുമായുള്ള ചങ്ങാത്തത്തിലൂടെ സംസ്ഥാനത്തിന് പലതും നേടിയെടുക്കാന്‍ സാധിച്ചുവെന്ന് വരുത്തിത്തീര്‍ക്കുന്നതിന് സാമ്പത്തികവും രാഷ്ട്രീയവും ഭരണപരവുമായ ചില ചുവടുവെപ്പുകള്‍ ഉടന്‍ ഉണ്ടാവണം.

കണ്ണില്‍പൊടിയിടാനെങ്കിലും ചില നടപടികള്‍ എടുത്തേപറ്റൂ എന്ന് ബി.ജെ.പി നേതൃത്വവും മനസ്സിലാക്കിയിട്ടുണ്ട്. അതിന്‍െറ അടിസ്ഥാനത്തിലാണ് ചില ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍നിന്ന് ഈയിടെ താഴ്വര സന്ദര്‍ശിച്ചതും ചില സാമ്പത്തിക പാക്കേജുകള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് വ്യക്തമായ ഉറപ്പുനല്‍കിയതും. എന്നിട്ടും മന്ത്രിസഭ രൂപവത്കരണത്തിനു തീയതി കുറിക്കാന്‍ മെഹബൂബ തയാറാവാത്തതില്‍നിന്ന് എന്താണ് വായിച്ചെടുക്കേണ്ടത് ? പിതാവിനെക്കാള്‍ വലിയ കുശാഗ്രബുദ്ധിയാണ്  അവര്‍ കാട്ടുന്നതെന്നോ അതല്ല, ഒരു കാര്യത്തിലും അന്തിമതീരുമാനമെടുക്കാന്‍ സാധിക്കാത്തവിധം കടുത്ത ആശയക്കുഴപ്പത്തിലാണെന്നോ? കശ്മീര്‍ പോലെ ഏറ്റവും സെന്‍സിറ്റിവായ ഒരു സംസ്ഥാനത്തിന് ഇത്തരമൊരു ദശാസന്ധിയിലൂടെ കടന്നുപോകേണ്ടിവരുന്നതുതന്നെ രാജ്യത്തിനു ഗുണംചെയ്യില്ല എന്ന് ആദ്യമായി മനസ്സിലാക്കേണ്ടത് കേന്ദ്രം ഭരിക്കുന്നവരാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.