മാറിസഞ്ചരിക്കാന്‍ ഒരുങ്ങുന്ന സൗദി അറേബ്യയുടെ ഭാവി

ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ 1932ല്‍ അബ്ദുല്‍ അസീസ് ബിന്‍ സുഊദ് സ്ഥാപിച്ച ആധുനിക സൗദി അറേബ്യ കാലത്തിന്‍െറ ചുമരെഴുത്ത് വായിക്കാനും പുരോഗതിയുടെ പുതിയ വഴികള്‍ താണ്ടാനും തീരുമാനിച്ചിരിക്കുന്നുവെന്നതിന്‍െറ നിദാനമാണ് രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം രാജ്യത്തിന്‍െറ മുന്നില്‍ സമര്‍പ്പിച്ച ‘വിഷന്‍ 2030’ എന്ന പരിവര്‍ത്തനരേഖ. എണ്ണയെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള  മുന്നോട്ടുപോക്ക് ഇനി ദുഷ്കരമാണെന്ന് തിരിച്ചറിഞ്ഞ 31കാരനായ രാജകുമാരന്‍ സാമൂഹിക, സാംസ്കാരിക, ബിസിനസ് മേഖലകളില്‍കൂടി വിപ്ളവകരമായ മാറ്റങ്ങളാണ് സ്വപ്നംകാണുന്നത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ പുത്രന്‍ എന്ന നിലയില്‍ ഭാവികാഴ്ചപ്പാട് പ്രയോഗവത്കരിക്കുന്നതില്‍ അമീര്‍ മുഹമ്മദിന്‍െറ മുന്നില്‍ പ്രതിബന്ധങ്ങളൊന്നുമുണ്ടാവാനിടയില്ല. എണ്ണയുടെ വിലയിടിവ് സൃഷ്ടിച്ച അത്യപൂര്‍വ പ്രതിസന്ധിയെ വെല്ലുവിളിയായിക്കണ്ട് അന്ധാളിച്ചുനില്‍ക്കുന്നതിനു പകരം അത് ഒരവസരമായി എടുത്ത്, പരമ്പരാഗത മാര്‍ഗത്തില്‍നിന്ന് മാറിസഞ്ചരിക്കാനും പുതിയൊരു സൗദി അറേബ്യ കെട്ടിപ്പടുക്കാനുമുള്ള ഒൗത്സുക്യത്തെ ലോകം അതീവതാല്‍പര്യത്തോടെയാണ് നോക്കിക്കാണുന്നത്. 15 വര്‍ഷം മുന്നില്‍ക്കണ്ട് രൂപകല്‍പന നല്‍കിയ പദ്ധതികള്‍ പാതികണ്ട് സാക്ഷാത്കരിച്ചാല്‍തന്നെ ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കുന്നതില്‍ വിജയിക്കും എന്നുമാത്രമല്ല, രാജ്യത്തിനു മാറ്റത്തിന്‍െറ പുതുവഴിയിലൂടെ മുന്നോട്ടുപോവാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എണ്ണനിക്ഷേപംകൊണ്ട് അനുഗൃഹീതമായ സൗദി അറേബ്യ ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ്. 1970 തൊട്ട് പെട്രോഡോളറിലൂടെ കൈവരിച്ച സമ്പല്‍സമൃദ്ധി ഗോത്രസമൂഹത്തിന്‍െറ ജൈവസ്വത്വങ്ങളെ പരിപാലിച്ചുകഴിയുന്ന ഒരു പരമ്പരാഗത അറേബ്യന്‍ രാജ്യം എന്ന നിലയില്‍നിന്ന് ആധുനിക വികസനപാതകള്‍ തേടുന്ന ഒരു രാജ്യമാക്കി മാറ്റിയെടുത്തുവെങ്കിലും യു.എ. ഇയോ മലേഷ്യയോ പോലുള്ള മുസ്ലിം രാജ്യങ്ങള്‍ നേടിയ പുരോഗമനമുഖം കരഗതമാക്കുന്നതില്‍ ഒരുപരിധിവരെ വിജയിക്കാതെപോയത് കാഴ്ചപ്പാടിന്‍െറ പ്രശ്നംകൊണ്ടുതന്നെയായിരുന്നു. എണ്ണയില്‍നിന്നുള്ള വരുമാനം ജനതയുടെ ജീവിതനിലവാരം ഉയര്‍ത്തുകയും രാജ്യത്തിന്‍െറ അടിസ്ഥാനവികസനത്തില്‍ വളരെയേറെ സഹായകമാവുകയും ചെയ്തെങ്കിലും സമ്പദ്വ്യവസ്ഥ എണ്ണയെ പൂര്‍ണമായി ആശ്രയിക്കുന്നേടത്ത് സ്തംഭിച്ചുനില്‍ക്കുകയായിരുന്നു. സമീപകാലത്തായി രാഷ്ട്രാന്തരീയ വിപണിയില്‍ പെട്രോളിയത്തിനു പച്ചവെള്ളത്തിന്‍െറ വിലപോലും ഇല്ലാത്ത അവസ്ഥ വന്നതോടെ ഈ പോക്ക് ദുരന്തഗര്‍ത്തത്തിലേക്കാണെന്ന് ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചറിവുണ്ടായി. സൗദിയുടെ ഭാവി ചെങ്കോലേന്താന്‍ നിയുക്തരായ രണ്ടു യുവാക്കള്‍ -കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫും ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും- മാറിച്ചിന്തിക്കാനും പുതിയ സരണി വെട്ടിത്തെളിക്കാനും മുന്നോട്ടുവന്നത് എല്ലാ രംഗങ്ങളിലും മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. എന്നാല്‍, അത്തരം മാറ്റങ്ങള്‍ക്ക് മൂര്‍ത്തരൂപം നല്‍കാനും പ്രശ്നങ്ങളെ പോസിറ്റിവായി കൈകാര്യംചെയ്യാനും പുതിയ തന്ത്രങ്ങള്‍ മുന്നോട്ടുവെച്ചു എന്നതാണ് മുഹമ്മദ് രാജകുമാരന്‍ ഇപ്പോള്‍ അവതരിപ്പിച്ച മിഷന്‍ 2030നെ ശ്രദ്ധേയമാക്കുന്നത്.
സ്വകാര്യവത്കരണവും വൈവിധ്യവത്കരണവുമാണ് പരിവര്‍ത്തന പദ്ധതിയിലെ മുഖ്യ ഇനം. ലോകത്തിലത്തെന്നെ ഏറ്റവും വലിയ എണ്ണക്കമ്പനിയും അമേരിക്കയുടെയും സൗദിയുടെയും സംയുക്ത സംരംഭവുമായ ‘അരാംകോ’യുടെ അഞ്ചുശതമാനം ഓഹരികള്‍ വില്‍ക്കാനും അതുവഴി ലഭിക്കുന്ന രണ്ടു ട്രില്യന്‍ ഡോളര്‍ അടക്കം ഉപയോഗപ്പെടുത്തി പൊതുനിക്ഷേപ ഫണ്ട് രൂപവത്കരിക്കാനുമാണ് നീക്കം. വിദേശനിക്ഷേപം ആകര്‍ഷിക്കാനും പ്രവാസികളുടെ അടക്കം നിക്ഷേപങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഏറെക്കാലം രാജ്യത്ത് തങ്ങുന്ന വ്യക്തികള്‍ക്ക് അവിടത്തെന്നെ നിക്ഷേപങ്ങള്‍ നടത്താനും ഉല്‍പാദനരംഗത്ത് പങ്കാളിത്തം ഉറപ്പിക്കാനും വികസിത രാജ്യങ്ങളുടെ മാതൃക പിന്‍പറ്റി ഗ്രീന്‍കാര്‍ഡ് സമ്പ്രദായം വിഭാവനചെയ്തത് ഏറെ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്. സ്ത്രീശാക്തീകരണത്തിനും സാമൂഹിക മാറ്റത്തിനും വിവിധ പരിപാടികള്‍ വീക്ഷണരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതിപോലുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സമൂഹം മൊത്തത്തിലാണെന്നും ഭരണകൂടത്തിന് ഈ ദിശയില്‍ കൂടുതലായി ചെയ്യാനില്ളെന്നുമാണ് മുഹമ്മദ് രാജകുമാരന്‍െറ നിലപാട്. വരുന്ന 15 വര്‍ഷത്തിനകം പ്രതിവര്‍ഷം മൂന്നുകോടി ഭക്തര്‍ക്ക് ഉംറ തീര്‍ഥാടനത്തിന് അവസരമൊരുക്കുമത്രെ. ഇസ്ലാമിക പൂര്‍വ കാലഘട്ടത്തേതടക്കം ചരിത്രശേഷിപ്പുകള്‍ സംരക്ഷിക്കാനും വിനോദസഞ്ചാരമേഖലക്ക് പ്രോത്സാഹനം നല്‍കാനും ഒട്ടനവധി നിര്‍ദേശങ്ങള്‍ രേഖയിലുണ്ട്. ഇത്തരം പരിഷ്കരണ പദ്ധതികളുടെ ഗുണഫലം പ്രവാസികള്‍ക്കും അനുഭവിക്കാനാകുമെങ്കിലും സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതും സബ്സിഡികള്‍ എടുത്തുകളയുന്നതും പ്രത്യക്ഷമായും ദോഷകരമായി ഭവിക്കാന്‍ പോകുന്നത് ഇന്ത്യക്കാരടക്കമുള്ള പ്രവാസികളെയായിരിക്കും. ഭാവിയെക്കുറിച്ച് ചില മുന്‍കരുതലുകളെടുക്കാന്‍ അവര്‍ക്കും സമയമായിരിക്കുന്നു എന്ന ഓര്‍മപ്പെടുത്തല്‍കൂടിയാണിത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.