ഗൂഢതന്ത്രങ്ങളുടെ ബലിയാടുകള്‍


പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ്, 2006 സെപ്റ്റംബര്‍ എട്ടിന്, മഹാരാഷ്ട്രയിലെ ഒരു മുസ്ലിം ഭൂരിപക്ഷപ്രദേശമായ മാലേഗാവോനില്‍ നടന്ന ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരകരെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഒമ്പതു മുസ്ലിം യുവാക്കളെയും പ്രത്യേക (മോക്ക) കോടതി നിരപരാധികളെന്നുകണ്ട് വിട്ടയച്ചതോടെ നമ്മുടെ രാജ്യത്തെ തീവ്രവാദ-ഭീകരവിരുദ്ധ കേസുകളുടെ പിന്നിലെ മനുഷ്യാവകാശ ലംഘനവും നീതിനിഷേധവും ഒരിക്കല്‍ക്കൂടി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. ശബെ ബറാഅത്ത് നാളില്‍ പങ്കെടുക്കാന്‍ മാലേഗാവോന്‍ വലിയ പള്ളിയില്‍ സംഗമിച്ചവരാണ് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പുറത്തിറങ്ങവെ ബോംബ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. 37 പേര്‍ക്ക് ജീവഹാനി നേരിടുകയും 312 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പ്രസ്തുതസംഭവം നിരോധിത വിദ്യാര്‍ഥി സംഘടനയായ സിമി പാക് ഭീകരസംഘടനയായ ലശ്കറെ ത്വയ്യിബയുടെ സഹായത്തോടെ ചെയ്ത ഘോരകൃത്യമാണെന്നായിരുന്നു കേസനേഷണം നടത്തിയ എ.ടി.എസിന്‍െറ (മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ്) കണ്ടത്തെല്‍. അതുപ്രകാരം ഒമ്പതു മുസ്ലിം യുവാക്കളെയും അവര്‍ അറസ്റ്റ് ചെയ്തു. പിന്നീട് കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐയും അത് സ്ഥിരീകരിക്കുകയാണ് ചെയ്തത്. നേരറിയാന്‍ സി.ബി.ഐ എന്നാണല്ളോ അന്നത്തെയും ഇന്നത്തെയും സമവാക്യം. പിന്നീട് 2011ല്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ നടത്തിയ തുടരന്വേഷണത്തിലാണ് അതിസമര്‍ഥവും കുത്സിതവുമായ ഗൂഢാലോചനയുടെ ചുരളഴിഞ്ഞത്്. അതിലേക്ക് നയിച്ചത് 2008ല്‍ മാലേഗാവോനില്‍തന്നെ നടന്ന മറ്റൊരു സ്ഫോടനത്തെക്കുറിച്ചന്വേഷിക്കാന്‍ നിയുക്തമായ ഹേമന്ത് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സ്ക്വാഡിന്‍െറ ഞെട്ടിപ്പിക്കുന്ന കണ്ടത്തെലായിരുന്നു. കേണല്‍ പുരോഹിതും സാധ്വി പ്രജ്ഞാ സിങ്ങും നേതൃത്വം നല്‍കിയ അഭിനവ് ഭാരത് എന്ന ഹിന്ദുത്വ ഭീകരസംഘടന, സ്ഫോടനങ്ങള്‍ സ്വയം സൃഷ്ടിച്ച് മുസ്ലിം യുവാക്കളെ പ്രതികളാക്കുന്ന കുതന്ത്രത്തിന്‍െറ ഭാഗമായാണ് മാലേഗാവോന്‍ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന സത്യം പുറത്തുവന്നു. ഇന്ത്യ-പാക് സംഝോത എക്സ്പ്രസില്‍ 2007 ഫെബ്രുവരിയില്‍ 68 പേരുടെ മരണത്തില്‍ കലാശിച്ച സ്ഫോടനവും അതേവര്‍ഷം ഒക്ടോബറിലെ അജ്മീര്‍ ദര്‍ഗയിലും അക്കൊല്ലംതന്നെ മേയ് 18ന് അരങ്ങേറിയ ഹൈദരാബാദിലെ മക്കാ മസ്ജിദിലും നടന്ന സ്ഫോടനങ്ങളുമെല്ലാം സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള ഹിന്ദുത്വഭീകരരുടെ ചെയ്തികളായിരുന്നു എന്ന് പിന്നീട് കേസന്വേഷണങ്ങള്‍ ഏറ്റെടുത്ത എന്‍.ഐ.എ കണ്ടത്തെി.  അസീമാനന്ദയുടെതന്നെ വെളിപ്പെടുത്തലാണ് മാലേഗാവോന്‍ സ്ഫോടനത്തിന്‍െറ പിന്നാമ്പുറ രഹസ്യങ്ങളും അനാവരണം ചെയ്തത്.

ഈ പശ്ചാത്തലത്തില്‍, പ്രതികളാക്കപ്പെട്ട ഒമ്പതു മുസ്ലിം യുവാക്കള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നിരാകരിക്കാന്‍ പ്രത്യേക കോടതിക്ക് കഴിഞ്ഞില്ല. കേസില്‍ വിധിപ്രസ്താവിച്ച മോക്ക കോടതി ജഡ്ജി വി.വി. പട്ടീല്‍ കഴിഞ്ഞദിവസമാണ് അവരില്‍ എട്ടുപേരെയും കുറ്റവിമുക്തരാക്കിയിരിക്കുന്നത്. ഒരാള്‍ ജാമ്യത്തിലിരിക്കെ അപകടത്തില്‍പെട്ട് നേരത്തേ മരിച്ചിരുന്നു. 2013 ഏപ്രിലില്‍ ഫയല്‍ ചെയ്ത അഫിഡവിറ്റില്‍ എന്‍.ഐ.എ പ്രതികള്‍ കുറ്റക്കാരാണെന്നതിന് തെളിവില്ളെന്ന് ബോധിപ്പിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് വിധി. മുന്‍ നിലപാടില്‍നിന്ന് എന്‍.ഐ.എ പിന്നാക്കംപോയെങ്കിലും കോടതി പിന്മാറ്റം അംഗീകരിച്ചില്ളെന്നത് ശ്രദ്ധേയമാണ്. അതേസമയം, ജാമ്യംപോലും നിഷേധിക്കപ്പെട്ട് കാരാഗൃഹത്തില്‍ കഴിയേണ്ടിവന്ന അഞ്ചു വര്‍ഷം ആര് തിരിച്ചുതരും എന്ന ഇരകളുടെ ചോദ്യം വീണ്ടും പ്രസക്തമാകുന്നു. തികഞ്ഞ മുന്‍വിധിയും അകാരണമായ സംശയങ്ങളും തെറ്റിദ്ധാരണകളുമാണ്, സ്ഫോടനമാണെങ്കില്‍ പിന്നില്‍ ന്യൂനപക്ഷ സമുദായക്കാര്‍തന്നെ എന്ന മാറ്റമില്ലാത്ത സമവാക്യത്തിലേക്ക് രാജ്യത്തെ പൊലീസിനെയും അന്വേഷണ ഏജന്‍സികളെയും നയിക്കുന്നതെന്ന സത്യം ചൂണ്ടിക്കാട്ടാതെവയ്യ. മുസ്ലിംകളിലേക്ക് ആഗോളവ്യാപകമായി ചേര്‍ക്കപ്പെടുന്ന ഭീകരതാസംഭവങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നോ അവയത്രയും വ്യാജമാണെന്നോ ഒരിക്കലും വാദിക്കുകയല്ല. അല്‍ഖാഇദയും ഐ.എസും അല്‍ശബാബും ബോകോ ഹറാമും താലിബാനുമൊക്കെ അനിഷേധ്യസത്യങ്ങള്‍തന്നെ. അവയുടെ നിഗൂഢ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിതാന്ത ജാഗ്രതപുലര്‍ത്തുകയും വേണം. പക്ഷേ, ഇന്ത്യയില്‍ തീവ്ര വലതുപക്ഷ ഹിന്ദുത്വവാദികള്‍ ദീര്‍ഘകാലമായി സൃഷ്ടിച്ചെടുത്ത ന്യൂനപക്ഷവിരുദ്ധ വികാരങ്ങളും മുന്‍ വിധികളും നമ്മുടെ സുരക്ഷാസേനയേയും അന്വേഷണ ഏജന്‍സികളെയും മാധ്യമങ്ങളെയും സ്വാധീനിച്ചിട്ടുണ്ടെന്ന് സമ്മതിച്ചേ തീരൂ. സിമി എന്ന വിദ്യാര്‍ഥിസംഘടനയെ പ്രഥമ എന്‍.ഡി.എ ഭരണകാലത്ത് നിരോധിച്ചതുതന്നെ അതിന്‍െറ മറവില്‍ മുസ്ലിം യുവാക്കളെ വേട്ടയാടാനായിരുന്നോ എന്ന് സംശയിക്കാവുന്നവിധമാണ് പിന്നീട് നടന്ന സംഭവങ്ങളോരോന്നും. നിരോധിക്കപ്പെടുന്നതിനുമുമ്പ് സിമിയില്‍ പ്രവര്‍ത്തിച്ചത് കുറ്റകരമാവുന്നതെങ്ങനെ എന്ന ചോദ്യവും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.  മാലേഗാവോന്‍ സ്ഫോടനക്കേസില്‍ ഒടുവില്‍ നിരപരാധികള്‍ കുറ്റമുക്തരാക്കപ്പെടുമ്പോഴും യഥാര്‍ഥ അപരാധികള്‍ക്കെതിരെ കുറ്റപത്രം ഇനിയും സമര്‍പ്പിക്കപ്പെടാത്തതിന്‍െറ കാരണവും ദുരൂഹമായി തുടരുകയാണ്. കേണല്‍ പുരോഹിതിനെ കേസില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായ റിപ്പോര്‍ട്ടുകളും ഇതോട് ചേര്‍ത്തുവായിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.