ജീവജലം സംരക്ഷിക്കാന്‍


മഹാരാഷ്ട്രയിലെ ഡെംഗന്‍മാല്‍ പ്രദേശത്ത് ഈയിടെ സാമൂഹികശാസ്ത്രജ്ഞര്‍ കണ്ടത്തെിയ പ്രതിഭാസം വിചിത്രവും ദയനീയവുമാണ്. വീട്ടിലേക്ക് കുടിവെള്ളമത്തെിക്കാന്‍ പ്രദേശവാസികള്‍ ബഹുഭാര്യത്വത്തിന്‍െറ വഴിതേടിക്കൊണ്ടിരിക്കുന്നു. മൂന്ന് സ്ത്രീകളെവരെ ഭാര്യമാരായി കൂട്ടിയാല്‍ വിദൂരദിക്കുകളില്‍നിന്ന്് വെള്ളം ചുമന്നുകൊണ്ടുവരുന്ന ജോലിഭാരം പങ്കുവെക്കാമെന്നാണ് അവരുടെ കണ്ടത്തെല്‍. ഗവേഷകര്‍ ‘ജല ഭാര്യമാര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിഭാസത്തിന് മേഖലയില്‍ സ്വീകാര്യത കൂടിവരികയാണത്രേ. 

കുടിവെള്ളത്തിന്‍െറ കാര്യത്തില്‍ ഭീകരദുരന്തത്തിലേക്ക് നീങ്ങുന്ന ഇന്ത്യയുടെ അതിദയനീയ ചിത്രങ്ങളിലൊന്നാണ് ഡെംഗന്‍മാല്‍ വരച്ചുകാട്ടുന്നത്. രാജ്യം സമീപകാലത്തെ ഏറ്റവുംവലിയ വരള്‍ച്ചയെ തുറിച്ചുനോക്കാന്‍ തുടങ്ങുമ്പോഴേക്കും ചുടുകാറ്റിന്‍െറയും വെള്ളപ്പോരിലുമായി ജനം മരിച്ചുവീഴുന്നു. താരതമ്യേന മഴവെള്ളലഭ്യതയാല്‍ അനുഗൃഹീതമായ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പോലും വരള്‍ച്ചാദുരന്തത്തിന്‍െറ നട്ടുച്ചയിലാണ്. കാലവര്‍ഷം അവതാളത്തിലായതോടെ വെള്ളം കിട്ടാക്കനിയായ ഇന്ത്യയില്‍ ചുടുകാറ്റ് 2500 പേരുടെ ജീവനപഹരിച്ചു കഴിഞ്ഞവര്‍ഷം. ഈ വര്‍ഷം വേനല്‍ തുടങ്ങുമ്പോഴേ ഒഡിഷ, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലായി ഇതിനകം 150 പേര്‍ മരിച്ചു. കാലാവസ്ഥാ നിരീക്ഷണവിഭാഗം, ഇന്ത്യ വരള്‍ച്ചയുടെ വറചട്ടിയിലായിരിക്കും ഈവര്‍ഷമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത് അക്ഷരംപ്രതി ശരിവെക്കുന്നതാണ് വേനലിലേക്ക് കടക്കുന്ന ഏപ്രിലില്‍ തന്നെ ഒഡിഷയുടെ പല ഭാഗങ്ങളിലും 47 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. രാജ്യത്തെ 256 ജില്ലകളിലായി 330 ദശലക്ഷം ജനങ്ങളെ വരള്‍ച്ച ബാധിച്ചുകഴിഞ്ഞെന്ന് കേന്ദ്രഗവണ്‍മെന്‍റ് സുപ്രീംകോടതിയെ ബോധിപ്പിച്ചിരിക്കുന്നു. വെള്ളത്തിനു വേണ്ടിയുള്ള വഴക്കും വക്കാണവും കാരണം മറാത്ത്വാഡയില്‍ പലയിടത്തും നിരോധാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.

ഭീകരമായ ഈ സ്ഥിതിവിശേഷത്തെ എങ്ങനെ നേരിടണമെന്നറിയാതെ കൈമലര്‍ത്തുകയാണ് അധികാരികള്‍. ഞായറാഴ്ച നടത്തിയ പതിവു ‘മന്‍ കീ ബാത്’ റേഡിയോ പ്രഭാഷണത്തിലും വരാനിരിക്കുന്ന കാലവര്‍ഷത്തിന്‍െറയും ജലസംഭരണത്തിന്‍െറയും സാമാന്യതത്ത്വങ്ങള്‍ ഉരുക്കഴിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, ജനങ്ങളെ കൂട്ട മരണത്തിലേക്കും പലായനത്തിലേക്കും നയിക്കുന്ന ഗുരുതരസ്ഥിതി ഗവണ്‍മെന്‍റ് എങ്ങനെ നേരിടാന്‍ പോകുന്നു എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ജലദൗര്‍ലഭ്യത്തിന്‍െറ കാരണങ്ങള്‍ ആരായാനും ഈ ദുരന്തമുഖത്തും മറുഭാഗത്ത് തുടരുന്ന ജലചൂഷണവും ദുരുപയോഗവും നിയന്ത്രിക്കാനും കേന്ദ്രവും സംസ്ഥാനങ്ങളും എന്ത് വഴികാണുന്നു എന്നും വ്യക്തമല്ല. ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഗ്രൗണ്ട് നനക്കാനുള്ള വെള്ളം അനുവദിക്കില്ളെന്ന തീരുമാനം മഹാരാഷ്ട്ര ഗവണ്‍മെന്‍റ് കൈക്കൊണ്ടിരുന്നു. ജനം കുടിവെള്ളത്തിന് മുട്ടുമ്പോള്‍ പിച്ച് നനക്കാന്‍ വെള്ളമൊഴുക്കുന്നത് ക്രിമിനലിസമാണെന്ന് ബോംബെ ഹൈകോടതി തുറന്നടിച്ചതിനെ തുടര്‍ന്നായിരുന്നു മഹാരാഷ്ട്രയിലെ ഫഡ്നാവിസ് ഗവണ്‍മെന്‍റിന്‍െറ ഉറച്ച തീരുമാനം.

വരള്‍ച്ചദുരന്തത്തിന്‍െറ വ്യാപ്തി രാജ്യത്ത് കൂടിക്കൂടി വരുന്നതിന്‍െറ കാരണം മഴലഭ്യതയുടെ കുറവ് മാത്രമല്ല, കിട്ടുന്ന മഴവെള്ളം വേണ്ടവിധം ഉപയോഗപ്പെടുത്താനുള്ള സംവിധാനം ഇല്ലാത്തതു കൂടിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ പഴുതുകളടക്കാന്‍ ഭരണകൂടവും ജനങ്ങളും ഒന്നിച്ച് ശ്രമിക്കുകയാണെങ്കില്‍ കെടുതികള്‍ ഇത്രമേല്‍ ഭീകരമാവില്ല. ലോകത്തിന്‍െറ ജലവിഭവത്തില്‍ നാലു ശതമാനം മാത്രം കൈവശമുള്ള ഇന്ത്യയില്‍ അതുപയോഗിക്കേണ്ടത് ലോകജനസംഖ്യയുടെ 16 ശതമാനമാണെന്ന സത്യത്തിനുനേരെ കണ്ണ് തുറന്നുള്ള ജലസംഭരണ, ഉപഭോഗനയവും ശീലവും രാജ്യവും ജനതയും വളര്‍ത്തിയെടുത്തെങ്കില്‍ മാത്രമേ വെള്ളം കിട്ടാക്കെടുതിയില്‍നിന്ന് മോചനംനേടാനാവൂ. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ചെലവിടുന്നതിന്‍െറ നാലിരട്ടിയിലധികമാണ് നഗരങ്ങളിലൊഴുക്കുന്ന വെള്ളം. നാട്ടിന്‍പുറത്ത് ഒരാള്‍ 40 ലിറ്റര്‍ വെള്ളം ചെലവഴിക്കുമ്പോള്‍ നഗരവാസിക്ക് വേണ്ടിവരുന്നത് 135 ലിറ്ററാണ്. വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളും മറ്റും ഉപയോഗിച്ചുതള്ളുന്നത് ഇതിനുപുറമെ. ജലക്ഷാമം വൈദ്യുതിക്ഷാമത്തിലേക്ക് നയിക്കുമ്പോള്‍ സാധാരണക്കാരെ ഇരുട്ടില്‍കിടത്തി നഗരങ്ങളില്‍ വെളിച്ചധാരാളിത്തം തുടരുകയാണ്. അതുപോലെ നദികളും തടാകങ്ങളുമൊക്കെ വൃത്തിയായി സൂക്ഷിക്കാന്‍ ഫണ്ട് വകയിരുത്തലും പദ്ധതിപ്രവര്‍ത്തനവുമൊക്കെ നടക്കുമ്പോഴും ശുദ്ധീകരണയജ്ഞങ്ങള്‍ കടലാസിനപ്പുറമത്തെിക്കാനായിട്ടില്ല. ജനമാകട്ടെ, സംഭരണത്തിനുള്ള നാനാവഴികള്‍ തുറന്നുകിടന്നിട്ടും തുള്ളിവെള്ളം വീട്ടുവളപ്പില്‍ അവശേഷിപ്പിക്കാതെ പുറത്തേക്കൊഴുക്കി പാഴാക്കുകയാണ്. ഇത്തരത്തില്‍ ഒരേസമയം ഭരണകൂടവും പൗരന്മാരും പുലര്‍ത്തുന്ന അക്ഷന്തവ്യമായ അലംഭാവത്തിനുള്ള ശമ്പളമാണ് ഇപ്പോള്‍ വരള്‍ച്ചയായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ സര്‍ക്കാറും ജനവും ഒരേസമയം ഉണര്‍ന്നെണീറ്റ് വീട്ടിലെ ദൈനംദിന ഉപയോഗം മുതല്‍ പൊതുവിനിയോഗത്തിലെ ധാരാളിത്തംവരെ നിയന്ത്രിക്കാനുള്ള ശ്രമം എല്ലാഭാഗത്തുനിന്നും ആരംഭിക്കേണ്ടിയിരിക്കുന്നു. ആവശ്യത്തിനുള്ളതെല്ലാം ദൈവം അവശേഷിപ്പിച്ചിട്ടുണ്ടെന്ന സത്യം ചൊല്ലി സ്വപ്രയത്നത്തിലൂടെ പ്രതിസന്ധികളെ മറികടക്കാനുള്ള ഗാന്ധിയന്‍ ആഹ്വാനം സ്വീകരിച്ച മധ്യപ്രദേശിലെ ഭഗുവര്‍ ഗ്രാമവാസികളുടെ മാതൃക നമുക്ക് വഴികാട്ടേണ്ടതാണ്. വെള്ളക്കരുതലിനും വിനിയോഗത്തിനുമുള്ള ചിട്ടയാര്‍ന്ന സംവിധാനമൊരുക്കി ഭൂഗര്‍ഭജലത്തില്‍ നിരവധി കൊല്ലത്തേക്ക് സ്വയം പര്യാപ്തത നേടിയെടുത്തിരിക്കുകയാണവര്‍. ഇത്തരം പാഠങ്ങള്‍ പകര്‍ത്താനും വിപുലപ്പെടുത്താനുമുള്ള ശ്രമത്തിന് ഭരണകൂടം മുന്‍കൈയെടുക്കുകയും ജനം പിന്തുണക്കുകയും ചെയ്താല്‍ മാത്രമേ ജീവജലം സംരക്ഷിക്കാനും വന്‍ദുരന്തത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനും കഴിയൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.