സുപ്രീംകോടതിയുടെ ‘കുറ്റബോധം’

ഉന്നത വിദ്യാഭ്യാസ മേഖലകളിലെ സംവരണം അവസാനിപ്പിക്കുന്നതിന് നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീംകോടതി ഒരിക്കല്‍കൂടി ആവശ്യപ്പെട്ടിരിക്കുന്നു. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ഉന്നത വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ സംവരണവും അവസാനിപ്പിക്കണമെന്നാണ് ജസ്റ്റിസുമാരായ ദീപക് മിശ്രയും പി.സി. പാന്തുമടങ്ങുന്ന ബെഞ്ചിന്‍െറ നിര്‍ദേശം. മെഡിക്കല്‍ സ്ഥാപനങ്ങളിലെ സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സുകളിലെ പ്രവേശ മാനദണ്ഡം ചോദ്യംചെയ്യുന്ന ഹരജികള്‍ തീര്‍പ്പാക്കുന്നതിനിടയിലാണ് കോടതി, സംവരണ സമൂഹങ്ങളുടെ സാധ്യതകളെ ഇല്ലാതാക്കാന്‍ ഉതകുന്ന അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.  സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷം 68 പിന്നിട്ടിട്ടും  ചില വിശേഷ അവകാശങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതില്‍ ബഹുമാന്യ സുപ്രീംകോടതിക്ക് കുറ്റബോധമുണ്ടായിരിക്കുന്നു.  27 വര്‍ഷംമുമ്പ് സമാനമായ നിര്‍ദേശങ്ങള്‍ നല്‍കിയത് ഇതുവരെ നടപ്പാക്കാത്തതിലുള്ള അമര്‍ഷവും മുന്‍ഗാമികളുടെ അഭിലാഷം നിറവേറ്റാനുള്ള മോഹവുമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശമയക്കാന്‍ സുപ്രീംകോടതിയെ പ്രചോദിപ്പിച്ചതത്രെ.
സംവരണം യോഗ്യതയെ വിഴുങ്ങുന്നുവെന്നും ഏറ്റവും പരിശീലനം ലഭിച്ചവരും മികവു തെളിയിച്ചവരുമായ ഉദ്യോഗാര്‍ഥികള്‍ പടിക്ക് പുറത്താകുന്നതിലൂടെ രാജ്യതാല്‍പര്യം ഹനിക്കപ്പെടുന്നുമുള്ള സുപ്രീംകോടതിയുടെ നിരീക്ഷണം, ‘മെറിറ്റ്’ വാദമുന്നയിക്കുന്ന സവര്‍ണ മനസ്സാക്ഷിയുടെ തികട്ടല്‍ തന്നെയെന്ന് വിലയിരുത്തപ്പെടാതെ നിവൃത്തിയില്ല. സ്വാതന്ത്ര്യത്തിനുമുമ്പ്, സംവരണം ഏര്‍പ്പെടുത്തുമ്പോള്‍തന്നെ തുടങ്ങിയ സംവരണ വിരുദ്ധതയുടെ ആശയാടിത്തറയാണ് യോഗ്യതയുള്ളവര്‍ തഴയപ്പെടുന്നുവെന്ന വാദം. യോഗ്യതക്കായി നിശ്ചയിച്ച അടിസ്ഥാന മാനദണ്ഡം  നേടിയവരേ സംവരണത്തിന് അര്‍ഹരാകുന്നുള്ളൂ. ഒരയോഗ്യനും സംവരണത്തിലൂടെ കടന്നുവരുന്നില്ല എന്ന സത്യം എപ്പോഴും മറച്ചുവെക്കപ്പെടുകയാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്, ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാലും നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയുടെ അധികാരശ്രേണിയുടെ പുറത്തായതിനാലും അടിസ്ഥാന യോഗ്യത ആര്‍ജിച്ചിട്ടും അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ വലിയൊരു വിഭാഗത്തിന് നിഷേധിക്കപ്പെടുന്നുവെന്നതാണ്. നിലവില്‍തന്നെ  ഉന്നത മേഖലകളില്‍ സംവരണ സമുദായത്തിന്‍െറ പ്രാതിനിധ്യം നാമമാത്രമായിരിക്കുന്നതിന്‍െറ കാരണം അധികാര മേഖലകളില്‍ നടക്കുന്ന ആസൂത്രിതമായ സംവരണ അട്ടിമറികളാണ്. ശരിക്കും സുപ്രീംകോടതി അമര്‍ഷം രേഖപ്പെടുത്തേണ്ടിയിരുന്നത്, 68 വര്‍ഷം കഴിഞ്ഞിട്ടും ജനസംഖ്യാനുപാതികമായ അധികാര പങ്കാളിത്തം സംവരണ സമൂഹങ്ങള്‍ ആര്‍ജിച്ചെടുക്കാന്‍ സാധിക്കാതെ പോകുന്നതിലായിരുന്നു. രാജ്യത്ത് സംവരണ സമൂഹങ്ങള്‍ സാമൂഹിക ഒൗന്നത്യം ഇനിയും നേടാന്‍ കഴിയാത്തതിലായിരുന്നു കുറ്റബോധമുണ്ടാകേണ്ടിയിരുന്നത്. അതിന്‍െറ കാരണങ്ങള്‍ റിപ്പോര്‍ട്ടാക്കി സമയബന്ധിതമായി സമര്‍പ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോട് നിര്‍ദേശം നല്‍കിയിരുന്നെങ്കില്‍ ഇന്ത്യയുടെ സാമൂഹിക മാറ്റത്തിന്‍െറ ഇടിമുഴക്കമാകുമായിരുന്നു പരമോന്നത നീതിപീഠത്തിന്‍െറ ഇടപെടല്‍.  
പിന്നാക്കമായിപ്പോയ സമുദായങ്ങളെ സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സംവരണത്തിന്‍െറ അടിസ്ഥാന ലക്ഷ്യങ്ങള്‍ അട്ടിമറിക്കുന്നതില്‍ വിവിധ സന്ദര്‍ഭങ്ങളിലെ കോടതിവിധികള്‍ കാരണമായിട്ടുണ്ടോ എന്ന പരിശോധനയും ഇത്തരുണത്തില്‍ സംഗതമാണ്. ക്രീമിലെയര്‍ പദവി കൊണ്ടുവന്ന്, സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം ഉള്‍പ്പെടുത്തിയതും സംവരണ അട്ടിമറിക്ക് തുടക്കം കുറിക്കപ്പെട്ടതും കോടതിവിധിയുടെ ബലത്തിലാണ്. പിന്നീട് നടന്ന ഏതു സംവരണ ചര്‍ച്ചകളിലും പൗരന്മാരുടെ സാമ്പത്തികാവസ്ഥകൂടി കടന്നുവരുകയും ഒടുവിലത് മുന്നോക്കക്കാരിലെ സാമ്പത്തികമായിപിന്നാക്കക്കാര്‍ക്ക് സംവരണമെന്ന തത്വത്തിലേക്ക് വികാസം പ്രാപിക്കുകയും ചെയ്തു. ജാതിയടക്കമുള്ള മൗലിക പ്രശ്നങ്ങള്‍ പണമുള്ളതുകൊണ്ടുമാത്രം പരിഹരിക്കപ്പെടുന്നില്ളെന്ന പഠനങ്ങള്‍ യഥേഷ്ടമുണ്ടെങ്കിലും അവയെ മുഖവിലക്കെടുക്കാന്‍ ആരും തയാറായില്ല; കോടതികള്‍പോലും. കോടതി അന്വേഷിക്കേണ്ട യഥാര്‍ത്ഥ വസ്തുത എന്തുകൊണ്ടാണ് 68 വര്‍ഷം കഴിഞ്ഞിട്ടും സംവരണം ലക്ഷ്യം നേടാതെ പോയി എന്നതാണ്? ആ അന്വേഷണം നിലവിലെ സംവരണരീതി പുന$പരിശോധിക്കുകയും പരിഷ്കരിക്കുകയും ചെയ്യുന്നതിലേക്ക് നയിച്ചേക്കും. യോഗ്യതയാര്‍ജിച്ച സമൂഹങ്ങളെ ഒഴിവാക്കാനും പിന്നാക്കമായവരെ മെച്ചപ്പെട്ട രീതിയില്‍ പരിഗണിക്കാനും അതിലൂടെ സാധിക്കുകയും ചെയ്യും.  സംവരണത്തിന്‍െറ അനിവാര്യത ഉദ്ഘോഷിച്ചുകൊണ്ട് തുടക്കം കുറിക്കേണ്ട പുന$പരിശോധനാ നിര്‍ദേശം പക്ഷേ, സുപ്രീംകോടതി നല്‍കിയത് സംവരണം അവസാനിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ടാണ്. അതുകൊണ്ടുതന്നെ സുപ്രീംകോടതിയുടെ അഭിപ്രായം ആഹ്ളാദിപ്പിച്ചത് തീവ്ര വലതുപക്ഷത്തേയും ദു$ഖിപ്പിച്ചത് അധ$സ്ഥിത പിന്നാക്ക ജനവിഭാഗങ്ങളെയുമാണ്. വസ്തുനിഷ്ഠ കണക്കുകളുടെ ലഭ്യതയാണ് ഈ നിരീക്ഷണത്തിലേക്ക് നയിച്ചതെങ്കില്‍ കോടതി നിര്‍വഹിക്കേണ്ടത് ജാതി സെന്‍സസ് സമ്പൂര്‍ണമായി പുറത്തുവിടാനുള്ള ആഹ്വാനമാണ്. തീര്‍ച്ചയായും അതിലൂടെ രാജ്യത്തിലെ ദരിദ്ര ജനങ്ങളുടേയും പിന്നാക്ക ജനസമൂഹങ്ങളുടേയും നേര്‍ചിത്രം പുറത്തുവരും. അതല്ളെങ്കില്‍ ഒറ്റ ചോദ്യം കോടതി സ്വയം ചോദിക്കുകയും പരിശോധിക്കുകയും ചെയ്താല്‍ മതിയായിരുന്നു, ഉന്നത വിദ്യാഭ്യാസ മേഖലകളിലും ഇതര സംവിധാനങ്ങളിലും സംവരണം നിലനിര്‍ത്താനും നടപ്പാക്കാനും: നമ്മുടെ ഉന്നതമായ കോടതിമുറികളില്‍ ന്യായാധിപന്മാരായി  സംവരണ സമൂഹങ്ങളില്‍നിന്ന് എത്രപേരുണ്ട്? ആറര  പതിറ്റാണ്ട് കഴിഞ്ഞിട്ടും മികച്ച ന്യായാധിപന്മാരായി അവരെ  വളര്‍ത്തിക്കൊണ്ടുവരാന്‍ രാജ്യത്തിന് സാധിച്ചിട്ടില്ളെങ്കില്‍  അതിനേക്കാള്‍ കുറ്റബോധമുണ്ടാക്കുന്ന മറ്റെന്താണുള്ളത്?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.