ഓഖി ഉയർത്തേണ്ട വീണ്ടുവിചാരങ്ങള്‍   

ഓഖി ചുഴലിക്കാറ്റി​​െൻറ പശ്ചാത്തലത്തില്‍ രക്ഷാപ്രവർത്തനങ്ങളിലെ പാളിച്ചകളെക്കുറിച്ചും ന്യൂനമർദം രൂപപ്പെട്ടതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടു എന്നതിനെക്കുറിച്ചും വലിയ വാഗ്വാദങ്ങള്‍ നടക്കുകയാണല്ലോ. ഡിസാസ്​റ്റർ മാനേജ്മെ ൻറിനെക്കുറിച്ചുള്ള വലിയ പരിശീലന വ്യവസായംതന്നെ ആഗോളതലത്തില്‍ ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ ഇത്തരം പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ അധികം വേവലാതികള്‍ ഉയരാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കെൽപുള്ള സംവിധാനങ്ങൾക്ക്​  സർക്കാറുകള്‍ രൂപം കൊടുത്തിട്ടുണ്ടാവും, അവ പ്രവർത്തനക്ഷമം ആയിരിക്കും എന്നൊരു ധാരണയാണ് സൃഷ്​ടിക്കപ്പെട്ടിരുന്നത്‌. ഇതേക്കുറിച്ച് അത്രയേറെ ചർച്ചകളും പഠനങ്ങളും നടന്നിട്ടു​െണ്ടന്ന്​ ചുറ്റും നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. വളരെ ആധുനികമായ സാങ്കേതികവിദ്യകള്‍ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. മാതൃക സംസ്ഥാനമായ കേരളത്തില്‍ ഇതൊക്കെ ഉണ്ടാവും എന്ന് ‘വാഷിങ്​ടണ്‍ പോസ്​റ്റ്‌’ വായിച്ച്​ കാര്യങ്ങള്‍ മനസ്സിലാക്കാത്തവര്‍പോലും ധരിച്ചിട്ടുണ്ടാവു​െമന്ന് കരുതുന്നതില്‍ തെറ്റില്ല. മാത്രമല്ല, ലോകബാങ്ക് മുതല്‍ ഇങ്ങോട്ട് നിരവധി ആഗോള സംഘടനകളും ഐക്യരാഷ്​ട്ര സഭയുടെ നിരവധി ചെറുചെറു വിഭാഗങ്ങളും ആഗോള സന്നദ്ധ സംഘടനകളും കേന്ദ്ര-സംസ്ഥാന സർക്കാറുകളും ഇതിനുവേണ്ടി ഒഴുക്കുന്ന പണത്തിന്​ കൈയും കണക്കുമില്ല എന്നതാണ് സ്ഥിതി. കപ്പാസിറ്റി ബിൽഡിങ്​ എന്നത് മുതല്‍ നേരിട്ട് പ്രകൃതിദുരന്താനന്തര പ്രവർത്തനങ്ങള്‍ വരെ  പഠിപ്പിക്കുന്ന പരിശീലനങ്ങള്‍ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്. എന്നാല്‍, ദുരന്തങ്ങള്‍ വരുമ്പോള്‍ നമ്മുടെ മുന്നില്‍ കാണാന്‍ കഴിയുന്നത്‌ മറ്റൊരു ചിത്രമാണ്. പലപ്പോഴും നിലവിലുള്ള സംവിധാനങ്ങളുടെ വൈകല്യങ്ങളും പരിമിതികളുമാണ് ഈ സന്ദർഭങ്ങള്‍ കൂടുതലായും കാട്ടിത്തരുന്നത്​ എന്നത് വളരെ ദുരൂഹമായ സംഗതിയാണ്. മുന്നറിയിപ്പുകളോടു പോലും സാങ്കേതികമായ സമീപനമാണ് ഒരു ദശാബ്​ദക്കാലം മുമ്പ്​ സൂനാമി ദുരന്തം ഈ തീരത്തെ ആക്രമിച്ചതി​​െൻറ മുറിപ്പാടുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല എന്ന അവസ്ഥയിലും കേരളത്തില്‍പോലും ഉണ്ടാവുന്നത് എന്നത് എത്ര ദൗർഭാഗ്യകരമാണ്. 

ഇക്കാര്യത്തില്‍ എന്നെ ഏറ്റവും അധികം ചിന്തിപ്പിച്ചത് മുന്നറിയിപ്പുകളെ സംബന്ധിച്ച് ഉയർന്ന ഈ സാങ്കേതികവാദങ്ങള്‍തന്നെയാണ്. കേരളതീരത്തേക്ക് കാറ്റ് വരുമെന്ന് അറിഞ്ഞില്ല എന്ന് തുടങ്ങി ന്യൂനമർദം  ചുഴലിക്കാറ്റ് ആവുമെന്ന് കരുതിയില്ല എന്നതുവരെ മന്തന്‍ ന്യായങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. കാലാവസ്ഥാപഠനത്തില്‍ പറയുന്ന സാധ്യതകള്‍ കേരളത്തിനും ബാധകമാ​െണന്നും കാറ്റി​​െൻറ ഗതി മുഖ്യമന്ത്രിയുടെ വാഹനംപോലെ പൊലീസ് മുൻകൂട്ടി തീരുമാനിച്ച  വഴികളിലൂടെ മാത്രം പോകുന്നത​െല്ലന്നും മനസ്സിലാക്കാന്‍ കഴിയാത്തവര്‍ ആണോ അധികാരികള്‍ എന്ന് വിസ്മയിച്ചു പോവുകയാണ്. ഇത്തരം മുന്നറിയിപ്പുകള്‍ ഉണ്ടാവുമ്പോള്‍ സ്വീകരിക്കേണ്ട സത്വരസാധാരണമായ നടപടികള്‍ തുടങ്ങി​െവക്കുകയും അപകടസാധ്യതകളെക്കുറിച്ച് വിവരങ്ങള്‍ നൽകുകയും ചെയ്യാനുള്ള ഉത്തരവാദിത്തം പോലും മറന്നുപോകുന്നു എന്നതും അല്ലെങ്കില്‍ അവ ഗൗരവമായി കാണുന്നില്ല എന്നതും ഭരണസംവിധാനത്തിന്​ പൊതുവില്‍ സംഭവിച്ചിരിക്കുന്ന നിസ്സംഗതക്കും താൽപര്യരാഹിത്യത്തിനും ഉദാഹരണമാണ്. ഇത്തരം മുന്നറിയിപ്പുകള്‍ ഉണ്ടാകുമ്പോള്‍തന്നെ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിവെക്കുക, രക്ഷാപ്രവർത്തനങ്ങൾക്കുള്ള രൂപരേഖ തയാറാക്കി സൂക്ഷിക്കുക, സംസ്ഥാനത്തെ ജനങ്ങൾക്ക്​ കാലാവസ്ഥാ ശാസ്ത്രത്തി​​െൻറ ധാരണകൾക്ക്​് അനുസരിച്ചുള്ള അപകടസാധ്യതകളെ സംബന്ധിച്ച അറിയിപ്പുകള്‍ ലഭ്യമാക്കുക തുടങ്ങിയ മുന്‍‌കൂര്‍ തയാറെടുപ്പുകള്‍ ഇനിയുള്ള കാലത്തെങ്കിലും ഉപേക്ഷ കൂടാതെ നടപ്പാക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. ഒന്നില്‍നിന്നും ഒരുപാഠവും പഠിക്കാതെ മുന്നോട്ടുപോകുന്നതിലാണ് കേരളം മാതൃകയാവുന്നതെങ്കില്‍ അതിനു എന്ത് അർഥമാണുള്ളത്. ഒരു അപകടമുണ്ടായി 72 മണിക്കൂര്‍ പിന്നിടുമ്പോഴും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നും ഒരു കൺ​ട്രോൾ റൂംപോലും തുറന്നു പ്രവത്തനമാരംഭിച്ചില്ലെന്നും കാണാതായവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നുമൊക്കെ പരാതികള്‍ ഉണ്ടാവുന്നത് തീർച്ചയായും ഒഴിവാക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇപ്പോള്‍ കാണുന്നതുപോലെ കടുത്ത ജനരോഷത്തിനു മുന്നില്‍ പകച്ചുപോകുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഒരു ഭരണാധികാരിയെയും ജനങ്ങള്‍ ഭയപ്പെടുന്നില്ല. ജനങ്ങളുടെ പ്രതിപക്ഷത്തെക്കുറിച്ച് ആലോചിക്കാത്ത ഭരണാധികാരികള്‍ ജനങ്ങൾക്കിടയില്‍ അപഹാസ്യരും നിസ്സഹായരും ആവുമെന്ന ചരിത്രത്തി​​െൻറ ആവർത്തനമായിരുന്നു വിഴിഞ്ഞത്തും മറ്റു പ്രദേശങ്ങളിലും കഴിഞ്ഞദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. വന്ന കാറില്‍ തിരിച്ചുകയറാന്‍പോലും പിണറായി വിജയന് കഴിഞ്ഞില്ല. മറ്റൊരു മുഖ്യമന്ത്രിയെ  സ്വന്തം പാർട്ടിക്കാര്‍ കല്ലെറിഞ്ഞു തലപൊട്ടിച്ച കേരളത്തില്‍ ഇത് താരതമ്യേന ലഘുവും നൈസർഗികവുമായ പ്രതിഷേധം മാത്രമായിരുന്നു എന്നതു മുഖ്യമന്ത്രി മനസ്സിലാക്കേണ്ടതാണ്. 

എന്നാല്‍, ഇതിനെക്കാള്‍ പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ ഈ സംഭവം ഉയർത്തു ന്നുണ്ട്. കേരളതീരം കഴിഞ്ഞ സഹസ്രാബ്​ദത്തില്‍ മാത്രം രൂപംകൊണ്ട കരയാണ്‌ എന്നും അത് ഇപ്പോഴും അങ്ങേയറ്റം പരിസ്ഥിതി ദുർബലവും ഇപ്പോഴും നിരവധി ബാഹ്യവും ആന്തരികവുമായ രൂപപരിണാമങ്ങൾക്ക്​ വിധേയമായിക്കൊണ്ടിരിക്കുന്നതുമാണ് എന്നത് സമുദ്രശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുള്ള കാര്യമാണ്. ഇതി​​െൻറസങ്കീർണമായ അനന്തരഫലങ്ങളെക്കുറിച്ച് കാര്യമായ ധാരണകള്‍ ഇപ്പോഴില്ല. എങ്കിലും അതിലോലമായ ഒരു ആവാസവ്യവസ്ഥയാണ്‌ കേരളതീരം എന്നത് മനസ്സിലാക്കാന്‍ വിഷമമുള്ള കാര്യമല്ല. പി.കെ. ബാലകൃഷ്ണന്‍ ത​​െൻറ കേരള ചരിത്രപുസ്തകം എഴുതുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്ത കാര്യങ്ങളില്‍ ഒന്ന് കടല്‍ തീരത്തി​​െൻറ ഈ ക്ഷിപ്രപരിണാമപരമായ ഭൗമപരിതോവസ്ഥയായിരുന്നു. കേന്ദ്ര സർക്കാര്‍ എൺപതുകളില്‍ കൊണ്ടുവന്ന തീരദേശ പരിപാലന നിയമം (സി.ആർ.ഇസെഡ്​) ഇത്തരം പ്രശ്നങ്ങള്‍കൂടി കണക്കിലെടുത്തു വേണം തീരദേശത്തെ വികസന പ്രവർത്തനങ്ങള്‍ നടത്താന്‍ എന്ന നിഗമനത്തി​​െൻറ  അടിസ്ഥാനത്തില്‍ ആയിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധി ആയിരുന്നു അതിനു മുൻകൈയെടുത്തത്‌. ഈ നിയമം ശക്തവും ഒരു പരിധിവരെ തീരദേശ ആവാസവ്യവസ്ഥയെ പരിരക്ഷിക്കുന്നതുമായിരുന്നു. അത് നടപ്പാക്കുന്നതിനു കേരളത്തിലെയും ഇന്ത്യയിലെയും സിവിൽ സമൂഹ സംഘങ്ങൾക്ക്​  തൊണ്ണൂറുകളില്‍ വലിയ സമരങ്ങളിലേക്കും നിയമയുദ്ധങ്ങളിലേക്കും നീങ്ങേണ്ടിവന്നിരുന്നു. അതില്‍ ആദ്യന്തം പങ്കെടുത്ത ഒരാള്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ നിയമപരമായി നേടിയ വിജയങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ 2004ല്‍ എം.എസ്. സ്വാമിനാഥന്‍ കമീഷന്‍ ആരംഭിച്ചത് അവിശ്വാസ്യതയോടെയാണ് ഞാന്‍ കണ്ടുനിന്നത്. സി.ആർ.ഇസെഡ്​ എന്നതില്‍നിന്ന് സ്വാമിനാഥ​​െൻറ നിർദേശപ്രകാരം സി.എം.ഇസെഡിലേക്കുള്ള മാറ്റം - ‘കോസ്​റ്റല്‍ റെഗുലേഷന്‍’ എന്നതില്‍ നിന്ന് ഹോട്ടല്‍ വ്യവസായികളെയും അദാനിമാരെയും മറ്റു മാഫിയകളെയും സഹായിക്കുന്ന ‘കോസ്​റ്റല്‍ മാനേജ്മ​െൻറ്​’ എന്ന പരികൽപനയിലേക്കുള്ള മാറ്റം- മത്സ്യത്തൊഴിലാളി സംഘടനകളും മറ്റു സിവില്‍ സമൂഹ പ്രസ്ഥാനങ്ങളും ശക്തമായി എതിർത്തിരുന്നതാണ്. കാരണം, അത് കേവലം സാങ്കേതികമായ ഒരു മാറ്റം മാത്രം ആയിരുന്നില്ല. സി.ആർ.ഇസെഡ്​ ഉയർത്തിപ്പിടിച്ചിരുന്ന പരിസ്ഥിതി സംരക്ഷണപരമായ സമീപനത്തെ പൂർണമായും കൈയൊഴിയുന്നതായിരുന്നു അതി​​െൻറ ഉള്ളടക്കമെന്നാണ്​ വിമർശനമുണ്ടായത്. ഇതി​​െൻറ വിശദമായ ചരിത്രം മുന്പ് മാധ്യമം വാരികയില്‍ എഴുതിയിട്ടുള്ളതാണ്. അന്ന് അതിനോട് ഉയർത്തിയ വിമർശനങ്ങളെ ശരിവെക്കുന്നതാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ എന്ന് കാണാവുന്നതാണ്. 

ഇതി​​െൻറ അടിസ്ഥാനത്തില്‍കൂടിയാണ് വിഴിഞ്ഞം  തുറമുഖംപോലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പില്‍ വരുത്തുകയും ചെയ്യുന്ന സമീപനത്തെ ശക്തമായി എതിർത്തു  പോന്നിട്ടുള്ളത്. അത്തരം പദ്ധതികള്‍ ഇതുപോലുള്ള കാലാവസ്ഥ ദുരന്തങ്ങളുടെ ആഴവും പരപ്പും വർധിപ്പിക്കുകയും  അവയുടെ ആക്രമണങ്ങൾക്ക്​  മുന്നില്‍ തീരദേശ ജനതയെ കൂടുതല്‍ നിസ്സഹായരാക്കുകയും ചെയ്യുമെന്ന കാര്യം അവിതർക്കിതമാണ്. ഓഖി ചുഴലിക്കാറ്റാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതുപോലുള്ള ദുരന്തങ്ങള്‍ ഉണ്ടാവാന്‍ ഇടയുള്ള പ്രദേശമാണ് കേരളം എന്ന ദീർഘകാല കാഴ്ചപ്പാടുകൂടി ഇപ്പോള്‍ ഉണ്ടാവേണ്ടതുണ്ട്. അതനുസരിച്ചുള്ള ക്രമീകരണങ്ങളും സജ്ജീകരണങ്ങളും തയാറെടുപ്പുകളും ഉൾക്കൊള്ളുന്ന ദുരന്തനിവാരണ സന്നാഹം എപ്പോഴും പ്രവർത്തനക്ഷമമായി നിൽക്കുന്ന സാഹചര്യത്തിലേക്ക് കേരളം പോവേണ്ടതുണ്ട്. ഈ വിവാദങ്ങളും ചർച്ചകളും ആ വഴിക്ക് ചിന്തിക്കാന്‍ ഭരണാധികാരികളെ പ്രേരിപ്പിക്കുമെന്ന് നമുക്ക് തൽക്കാലം കരുതാം.

Tags:    
News Summary - Ockhi Cyclone - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.