എം.ബി.ബി.എസ്: വണ്‍, ടൂ, ത്രീ...

ആരോഗ്യസേവനങ്ങള്‍ കുറ്റമറ്റതാക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. മികച്ച സേവനങ്ങള്‍ നിലനിര്‍ത്താന്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യസ്ഥാപനങ്ങളും ഫലപ്രദമായ വൈദ്യശാസ്ത്ര വിദ്യാഭ്യാസരീതിയും അനിവാര്യമാണ്. നാട്ടിലെ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിന്‍െറ കാര്യസ്ഥനായി കണ്ടിരുന്നത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെയാണ്. എന്നാല്‍ കെടുകാര്യസ്ഥതയും അഴിമതിയും കടന്നുവന്നു ഗുണനിലവാരം നഷ്ടമായെന്ന് സുപ്രീംകോടതി  കണ്ടത്തെിയതോടെ മെഡിക്കല്‍ കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ ജസ്റ്റിസ് ലോധയുടെ നിരീക്ഷണത്തിലായി. കൗണ്‍സിലിന്‍െറ നിലവാരത്തകര്‍ച്ച പരിഗണിക്കവെ, മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ സമൂലപരിഷ്കാരങ്ങളുണ്ടാകുമെന്നു കേന്ദ്രസര്‍ക്കാര്‍ പറയുകയും ചെയ്തു.

2016 ആഗസ്റ്റില്‍ നിതി ആയോഗ് പുതിയ ബില്ലിന് രൂപം നല്‍കി. ഇതനുസരിച്ച്  മെഡിക്കല്‍ കൗണ്‍സിലിനെ പരിഷ്കരിക്കുകയല്ല, ദേശീയ മെഡിക്കല്‍ കമീഷന്‍ എന്ന മറ്റൊരു സംവിധാനം ആവിഷ്കരിക്കുകയാണുണ്ടായത്. കരട് ബില്‍ ആഗസ്റ്റില്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബില്‍ അനുസരിച്ചു മെഡിക്കല്‍ കോഴ്സുകളിലേക്ക് പ്രവേശനത്തിനും എം.ബി.ബി.എസ് ബിരുദമെടുത്തവര്‍ക്കുള്ള ലൈസന്‍സിങ്ങിനും വെവ്വേറെ പരീക്ഷകള്‍ നിര്‍ദേശിച്ചു.  ഡിസംബര്‍ അവസാനം ഇതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം ശേഖരിക്കാന്‍ സര്‍ക്കാര്‍ ശ്രമമാരംഭിച്ചപ്പോഴാണ് വിവാദമായത്.

ആരോഗ്യരംഗവുമായി ബന്ധപ്പെട്ടവര്‍ പൊതുവെയും മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും പ്രത്യേകിച്ചും ഗൗരവമായി ചര്‍ച്ചചെയ്യുന്ന വിഷയമായിക്കഴിഞ്ഞു ലൈസന്‍സിങ് പരീക്ഷയെന്ന ആശയം. 2016 ഡിസംബറില്‍ കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട രേഖയനുസരിച്ച് ഇന്ത്യയില്‍ എം.ബി.ബി.എസ് ബിരുദം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഡോക്ടര്‍ എന്ന ലേബലില്‍ സ്വതന്ത്ര പ്രാക്ടിസ് അനുവദനീയമല്ല. മെഡിക്കല്‍ കൗണ്‍സില്‍ നിയന്ത്രണത്തിലുള്ള കോളജുകളില്‍നിന്ന് ബിരുദമെടുത്തവര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും പ്രാക്ടിസ് ആരംഭിക്കുന്നതിനും രാജ്യത്തെമ്പാടും നടത്തുന്ന നെക്സ്റ്റ് (NEXT) എന്ന ലൈസന്‍സിങ് പരീക്ഷ പാസാകണം. സര്‍ക്കാര്‍ അഭിപ്രായത്തില്‍ ഇതിനു രണ്ടു വ്യക്തമായ ഗുണങ്ങളുണ്ട്. ഒന്ന്, രാജ്യത്തെമ്പാടും നടത്തുന്ന പരീക്ഷയായതിനാല്‍ ബിരുദധാരികളില്‍ മിനിമം നിലവാരം ഉറപ്പാക്കാം. രണ്ട്, ഓരോ കോളജിലും ഇത്ര ശതമാനം പാസായി എന്നറിയുന്നത് ആ കോളജിന്‍െറ പഠനനിലവാരത്തെ പൊതുശ്രദ്ധയിലത്തെിക്കാനുതകും. വളരെ നല്ല ആശയമെന്നു തോന്നാവുന്നതാണ് ഇതെങ്കിലും ഇതില്‍ മറഞ്ഞിരിക്കുന്ന ഗൗരവതരമായ പ്രശ്നങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.

ഒന്ന്, മെഡിക്കല്‍ കൗണ്‍സില്‍ അല്ളെങ്കില്‍ ദേശീയ മെഡിക്കല്‍ കമീഷന്‍ നടത്തുന്നതാണ് നെക്സ്റ്റ് ലൈസന്‍സിങ് പരീക്ഷ. മെഡിക്കല്‍ കൗണ്‍സിലിന്‍െറ കീഴിലുള്ള മെഡിക്കല്‍ കോളജുകളില്‍ മാത്രമേ ടെസ്റ്റ് ബാധകമാവൂ. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പാര്‍ലമെന്‍റ് നിയമനിര്‍മാണത്തിലൂടെ സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയില്‍ കൗണ്‍സില്‍ പരീക്ഷ ബാധകമാവില്ല. ഇവിടെ പഠിച്ചു ഡിഗ്രിയെടുക്കുന്ന ഡോക്ടര്‍മാര്‍ ടെസ്റ്റില്ലാതെ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെടും. എന്നാല്‍, അവര്‍ക്ക് കേന്ദ്ര മെഡിക്കല്‍ സര്‍വിസില്‍ ജോലിചെയ്യാനോ തുടര്‍പഠനത്തിന് ചേരണമെങ്കിലോ പരീക്ഷയെഴുതേണ്ടിവരും. ഇരുപതിനടുത്ത് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നിലവിലുള്ളതില്‍ ഏതാനും പേര്‍ ജോലിക്കോ ഉപരിപഠനത്തിനോ പരീക്ഷ എഴുതിയെന്നും തോറ്റെന്നും സങ്കല്‍പിക്കുക. അവര്‍ക്ക് ജോലികിട്ടില്ല എന്നത് ശരി. പക്ഷേ, തോറ്റ വിദ്യാര്‍ഥികളെ കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാമോ എന്ന ചോദ്യം പ്രസക്തമാവുന്നു.

കേരളത്തിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി ജയിക്കുകയും പുതുച്ചേരി ജിപ്മെറിലെ കുട്ടി തോല്‍ക്കുകയും ചെയ്താല്‍ ആ കോളജിന്‍െറ അംഗീകാരം റദ്ദാക്കുമോ? രണ്ട്, കൗണ്‍സിലിന് താഴെ നാനൂറില്‍പരം മെഡിക്കല്‍ കോളജുകള്‍ നിലവിലുണ്ട്. വളരെ പ്രശസ്തമായ നിലയില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന  നിരവധി സ്ഥാപനങ്ങള്‍ അതിലുണ്ട്. സ്വകാര്യ മേഖലയിലെ മണിപ്പാല്‍, വെല്ലൂര്‍, ലുധിയാന എന്നിവിടങ്ങളിലെ കോളജുകളെയും മറക്കാനാവില്ല. അതിനിടയില്‍  അടിസ്ഥാനസൗകര്യമോ ആവശ്യത്തിന് രോഗികളോ അധ്യാപകരോ ഇല്ലാത്ത അനേകം വിദ്യാഭ്യാസ ഫാക്ടറികളുമുണ്ട്. ഏറ്റവും കൂടുതല്‍ ബിരുദധാരികള്‍ ഈ വിഭാഗത്തില്‍പെടുന്നു. സത്യത്തില്‍ ഇവരെ ഉദ്ദേശിച്ചാണ് ലൈസന്‍സിങ് പരീക്ഷ നടത്തുന്നത്. പ്രാക്ടിസ് എന്നാല്‍, അറിവിനെക്കാള്‍ നൈപുണ്യം വേണ്ട മേഖലയാണ്.

ഒരു എഴുത്തുപരീക്ഷയില്‍ അത് എത്ര കേമമായാലും എങ്ങനെയാണ് നൈപുണ്യം പരീക്ഷിക്കപ്പെടുക?
ഒരു വിവിധോത്തര ചോദ്യാവലിയിലൂടെ ജയപരാജയങ്ങള്‍ കണ്ടത്തൊനാവില്ല. പ്രത്യേകിച്ച് പൂജ്യം മുതല്‍ 25 ശതമാനം വരെ സ്കോര്‍ അറിവിനെ യുക്തിയുക്തമായി അളക്കാനുതകില്ല. ഇത്തരം പരീക്ഷകള്‍ പുതിയ കോച്ചിങ് കേന്ദ്രങ്ങള്‍ക്ക് വഴിതുറക്കും. പ്രായേണ നൈപുണ്യം കുറഞ്ഞ പല സ്വകാര്യ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കും കോച്ചിങ് കേന്ദ്രങ്ങളുടെ കടന്നുകയറ്റം വലിയൊരനുഗ്രഹമാവും. ഒരു കോളജിലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ തോറ്റെങ്കില്‍ പ്രസ്തുത കോളജ് നിലവാരം കുറഞ്ഞതാണെന്നു വരുന്നു. എന്നാല്‍, വരുംവര്‍ഷത്തില്‍ അവരെല്ലാം ജയിക്കുന്നുവെങ്കില്‍ കോളജിന്‍െറ നിലവാരം ഉയര്‍ന്നുവെന്ന് സങ്കല്‍പിക്കാമോ? വിദ്യാര്‍ഥികള്‍ ആവര്‍ത്തിച്ചു തോല്‍ക്കുന്ന കോളജ് ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ എന്ത് നടപടിയാണെടുക്കുക? ഇത്തരം പ്രശ്നങ്ങളൊന്നും സര്‍ക്കാര്‍ പരിഗണിച്ചതായി തോന്നുന്നില്ല.

ചുരുക്കത്തില്‍, സമൂഹത്തില്‍ പ്രവര്‍ത്തിക്കാനാവശ്യമായ നൈപുണ്യം ടെസ്റ്റ് ചെയ്യാതെ മറ്റെന്തെങ്കിലും പരീക്ഷിച്ചു മെഡിക്കല്‍ കോളജുകളുടെ ഗുണനിലവാരം ഉറപ്പാക്കാമെന്ന അവകാശവാദം അബദ്ധമാണ്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ഇപ്രകാരം ടെസ്റ്റ് ചെയ്ത് മൂല്യം നിലനിര്‍ത്താനാഗ്രഹിക്കുന്നവര്‍, കെട്ടിടം പരിശോധിച്ചു അംഗീകാരം നല്‍കുന്ന മെഡിക്കല്‍  കൗണ്‍സിലുമായി എന്ത് വ്യത്യാസം?

മൂന്ന്, ഈ വിഭാഗത്തിലാണ് വിദേശത്തു പഠിച്ചു ഡിഗ്രിയുമായി എത്തുന്നവര്‍. പൊതുവെ റഷ്യ, ചൈന, ഫിലിപ്പീന്‍സ്, ബെലറൂസ്, യുക്രെയ്ന്‍, ജോര്‍ജിയ എന്നിവിടങ്ങളാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്നരാജ്യങ്ങള്‍. പ്രവേശനത്തിനും പഠനത്തിനും പാസാകുന്നതിനുമൊക്കെ എളുപ്പമായതിനാല്‍ എം.ബി.ബി.എസ് സ്വപ്നവും എളുപ്പം സഫലീകൃതമാകും. ഇന്ത്യയില്‍ പ്രാക്ടിസ് ചെയ്യാന്‍ പ്രത്യേക പരീക്ഷ എന്ന നിലയായപ്പോള്‍ വിദേശ ഡിഗ്രിക്കാര്‍ പരുങ്ങലിലായി. ഓരോ വര്‍ഷവും എഴുതുന്നതില്‍ 15 ശതമാനം പേര്‍ മാത്രമാണ് യോഗ്യത പരീക്ഷ പാസാകുന്നത്.  അപ്പോള്‍ പഴയതിനു  പകരംവെക്കാന്‍ പുതിയ പരീക്ഷയുണ്ടാക്കുകയല്ല, ആ രാജ്യങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്നതില്‍ വീഴ്ചയുണ്ടോ എന്ന് കണ്ടത്തെുകയാണ് വേണ്ടത്.
അന്യോന്യം അംഗീകരിക്കാത്ത ഡിഗ്രികള്‍ പറ്റില്ളെന്ന നിലപാടാണ് ഉത്തമം.

പുറംരാജ്യങ്ങളിലെ പാഠ്യപദ്ധതി, സിലബസ്,  പ്രാക്ടിസ് സ്കില്ലുകള്‍ എന്നിവ നമ്മുടെ എം.ബി.ബി.എസ് കോഴ്സിന് തുല്യമായുണ്ടോ  എന്നുറപ്പുവരുത്തിയശേഷം മാത്രമേ ഡിഗ്രിക്ക് അംഗീകാരം കൊടുക്കാനും പാടുള്ളൂ. അല്ലാതെ മെഡിക്കല്‍ കമീഷന്‍ താല്‍പര്യപ്പെടുംപോലെ ഭാവിയില്‍ കര്‍ശന നിയന്ത്രണത്തിന് വിധേയമാകുന്ന  നമ്മുടെ മെഡിക്കല്‍ ബിരുദത്തെ ഒരു മാനദണ്ഡത്തിനും വഴങ്ങാത്ത വിദേശ ഡിഗ്രികളുമായി തുലനംചെയ്യുന്നത് തെറ്റുതന്നെ. വിദേശ ഡിഗ്രികള്‍ പാടില്ളെന്നല്ല, ഇന്ത്യയില്‍ നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ക്ക് സമാനമായ നിബന്ധനകള്‍ പാലിക്കുന്ന ഡിഗ്രികളാണ് നമുക്ക് സ്വാഗതം ചെയ്യാനാകുന്നത്. രസകരമായ മറ്റൊരു കാര്യം റഷ്യ, ചൈന മുതലായ രാജ്യങ്ങളിലെ മെഡിക്കല്‍ ബിരുദം നാം സ്വാഗതംചെയ്യുമ്പോള്‍, വളരെ കര്‍ശനമായ പാഠ്യപദ്ധതിയുള്ള ബ്രിട്ടീഷ് ബിരുദങ്ങള്‍ തിരസ്കരിക്കുന്നു!

നാല്, മോഡേണ്‍ മെഡിസിന്‍ പ്രാക്ടിസ് ചെയ്യുന്ന നാലാമതൊരു വിഭാഗം ഡോക്ടര്‍മാര്‍ കൂടിയുണ്ട്. എം.ബി.ബി.എസ് ബിരുദമില്ലാത്ത ഇവര്‍ പ്രാക്ടിസ് ചെയ്യുന്നത് ഇന്ത്യയിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമാണ്. പൊതുവെ, സേവന വിഭവ പരിമിതിയുള്ള പ്രദേശങ്ങളില്‍ പൊതുജനാരോഗ്യം കൈകാര്യംചെയ്യുന്നതില്‍ അവര്‍ക്ക് നല്ല പങ്കുണ്ട്. ആയുഷ് ബിരുദധാരികളും പലയിടങ്ങളില്‍ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടിസ് ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ തുടക്കത്തില്‍ കര്‍ശനനിലപാടെടുത്ത കോടതികള്‍ ഇപ്പോള്‍ ഉദാരമായി ചിന്തിച്ചുതുടങ്ങി. സര്‍ക്കാര്‍ വിഭാവനംചെയ്യുന്ന ലൈസന്‍സിങ് പരീക്ഷ ഇവര്‍ക്ക് ബാധകമല്ല എന്നത് രസകരമാണ്. അതായത്, എം.ബി.ബി.എസ് ഉണ്ടെങ്കില്‍ കര്‍ശനമായ ടെസ്റ്റുകള്‍ താണ്ടണം; ഇല്ളെങ്കില്‍ ഇതേ സമൂഹത്തില്‍ പ്രക്ടിസ് ചെയ്യാം. അപ്പോള്‍  എം.ബി.ബി.എസിനാണോ കുഴപ്പം എന്ന് തോന്നിപ്പോകും. നെക്സ്റ്റ് എന്ന പരീക്ഷയുടെ ഭാവിയെക്കാള്‍ എം.ബി.ബി.എസിന്‍െറ ഭാവിക്ക് മുന്‍തൂക്കം കൊടുക്കുന്നവര്‍ പൊതുചര്‍ച്ചയില്‍ പങ്കുചേരണം.

 

Tags:    
News Summary - mbbs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.