ഈ കാഴ്ചയില്‍ വിരിയുന്ന വര്‍ണങ്ങള്‍

പുറംനാടുകളിലും ഇത് ചലച്ചിത്ര മേളകളുടെ നാളുകള്‍. നാട്ടിലേതുപോലെ ഉത്സവഹര്‍ഷം കുറവാണെന്നു മാത്രം. എമ്പാടും ലോകോത്തര ചിത്രങ്ങള്‍ ആദ്യമായി വിരുന്നത്തെുന്നതിന്‍െറ ത്രില്ലിലാണ് ആസ്വാദകര്‍. കൂട്ടത്തില്‍ ശ്രദ്ധേയം ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേള തന്നെ. നല്ല സിനിമകളുടെ എട്ടു രാപകലുകള്‍ ഇതാ അവസാനിച്ചതേയുള്ളൂ. നവംബറില്‍ നടന്ന അല്‍ജസീറ ഹ്രസ്വചിത്രമേളയും മികച്ചു നിന്നു. ഒരുകാര്യം ഉറപ്പിച്ചു പറയാം, ചലച്ചിത്രത്തിന്‍െറ ഉള്ളടക്കവും സാങ്കേതികതയും ഭാഷയും അടിക്കടി മാറുകയാണ്. ലോകത്തിന്‍െറ പൊതുനോവുകളും കൊച്ചു കൊച്ചു പ്രതീക്ഷകളും ആവാഹിച്ചെടുക്കുന്ന തിടുക്കത്തിലാണ് ഓരോ സംവിധായകനും. നവഭാവുകത്വത്തിന്‍െറ കൃത്യമായ അടയാളപ്പെടുത്തല്‍. വേറിട്ട ദൃശ്യവഴികള്‍ തേടാനുള്ള ആഹ്ളാദകരമായ തിടുക്കം.

മുമ്പൊക്കെ ഡല്‍ഹി ചലച്ചിത്രമേള നല്ളൊരു അനുഭവം തന്നെയായിരുന്നു. ഡിസംബറിന്‍െറ മഞ്ഞുപുതപ്പില്‍, ഡല്‍ഹിയിലെ സിരിഫോര്‍ട്ട് തിയറ്ററുകള്‍ക്കു ചുറ്റും സിനിമ ആസ്വാദകരുടെ വേലിയേറ്റ നാളുകള്‍. ഒന്നൊഴിയാതെ എല്ലാ പടങ്ങളും കാണാനുള്ള വാശി. നാട്ടില്‍ നിന്ന് സിനിമ കാണാന്‍ സ്ഥിരമായി എത്തുന്ന സുഹൃദ്സംഘങ്ങള്‍. ഇടക്ക് കുറസോവ പോലുള്ളവരുടെ ഓര്‍മച്ചിത്രങ്ങളുടെ പേരില്‍ മാത്രം നിറഞ്ഞു കവിയുന്ന തിയറ്ററുകള്‍. നല്ല സിനിമയോടുള്ള അടങ്ങാത്ത ദാഹമായിരുന്നു മേള പലര്‍ക്കും. ഒടുക്കം സങ്കടത്തോടെയുള്ള വിടവാങ്ങല്‍. ഡല്‍ഹി മേള പിന്നെ ഗോവക്കു പോയി. അതോടെ സിരിഫോര്‍ട്ടില്‍ ആളൊഴിഞ്ഞു.
ദുബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പൊതുവെ ആരവങ്ങള്‍ കുറവ്. എങ്കിലും നല്ല ചിത്രങ്ങള്‍ തേടിയലയുന്ന ഏതൊക്കെയോ നാട്ടുകാര്‍. അവര്‍ക്കിടയിലെ സംസാരം സിനിമ മാത്രമായി മാറുന്ന നാളുകള്‍. പതിമൂന്നാം ദുബൈ മേളയാണ് പിന്‍വാങ്ങിയത്. നല്ല സിനിമ കൊതിച്ചത്തെിയവര്‍ അത്രയൊന്നും നിരാശരായില്ല.

55 രാജ്യങ്ങളില്‍നിന്നുള്ള 170ഓളം ചിത്രങ്ങള്‍. അതില്‍തന്നെ 57 ലോകസിനിമകളുടെ ആദ്യപ്രദര്‍ശനം. 63 അറബ് ചിത്രങ്ങളുടെ പെരുമഴക്കാലം. ജോണ്‍ മാഡനിന്‍െറ ‘മിസ് സ്ളോവാനെ’യില്‍ തുടങ്ങി ‘റഫ് വണ്‍: എ സ്റ്റാര്‍ വാര്‍സ് സ്റ്റോറി’യില്‍ അവസാനിച്ച മേള ദിനങ്ങള്‍. വേദനയും നൊമ്പരവും പ്രതീക്ഷയും വിഹ്വലതയും ഇഴചേര്‍ന്നു നിന്നു, അറബ് സിനിമകളില്‍. സിറിയ ഉള്‍പ്പെടെ രാഷ്ട്രീയ കാലുഷ്യം നിലനില്‍ക്കുന്ന പ്രദേശങ്ങളിലൂടെയുള്ള സങ്കടയാത്രകളായിരുന്നു ചില ചിത്രങ്ങള്‍. അറബ് സംഘര്‍ഷത്തില്‍ നെയ്തെടുത്ത ‘ ഖാരിജ് അല്‍ ഇതാര്‍ ഒൗ തൗറ ഹത ഇല്‍ നാസിര്‍ (kharej al itar aw thwra hata el nasser), സിറിയന്‍ പ്രതിസന്ധി അനാവരണം ചെയ്യുന്ന ‘ദ വാര്‍ ഷോ’എന്നിവയും മേളയില്‍ സ്വീകാര്യത നേടി. ഫലസ്തീന്‍ പോരാട്ടത്തിന്‍െറ ദീപ്തമുഖം വെളിപ്പെടുത്തുന്ന ചിത്രങ്ങളും ഉണ്ടായിരുന്നു അറബ് സിനിമ വിഭാഗത്തില്‍. മൂര്‍ച്ച കൂടിയ രാഷ്ട്രീയ സിനിമകള്‍ ദുബൈ മേളയില്‍ പൊതുവെ കുറവാണ്. എന്നാല്‍, ശക്തമായ പ്രമേയമുള്ള സിനിമകള്‍ക്കാവട്ടെ, വലിയ സ്വീകാര്യതയാണ് ലഭിച്ചു വരുന്നതും.

മുന്‍ മേളകളില്‍ സ്പാനിഷ് ചിത്രം The Motorcycle Diaries, മാജിദ് അല്‍ മാജിദിയുടെ The Song of Sparrows എന്നിവ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം ആവേശകരമായിരുന്നു. തുനീഷ്യ, അല്‍ജീരിയ, മൊറോക്കോ ഉള്‍പ്പെടെ ‘മഗ്രിബ്’ രാജ്യങ്ങളില്‍ നിന്നാണ് മികവുള്ള രാഷ്ട്രീയപക്ഷ സിനിമകള്‍ ഇപ്പോഴും പിറക്കുന്നത്. ഇവിടങ്ങളില്‍ നിന്നുള്ള കൊളോണിയല്‍ ഘടകങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ് ചിത്രങ്ങള്‍ ഇക്കുറിയും പ്രേക്ഷകശ്രദ്ധ നേടി. അറബ് സിനിമകളുടെ മാറുന്ന ലോകം അനാവരണം ചെയ്യുന്നതായിരുന്നു ചില സംരംഭങ്ങള്‍. യു.എ.ഇയില്‍ നിന്നുള്ള ഡസന്‍ കണക്കിന് ചിത്രങ്ങളും വഴിമാറ്റത്തിന്‍െറ പ്രതീക്ഷ പടര്‍ത്തുന്നു. സ്വത്വപ്രതിസന്ധിയുടെ നേര്‍ക്കാഴ്ചയായി മാറിയ ഒരു യു.എ.ഇ ചിത്രമുണ്ടായിരുന്നു കഴിഞ്ഞ മേളയില്‍. പരസ്യകമാനങ്ങളും പ്രമോഷന്‍ പദ്ധതികളും നിറഞ്ഞ മണ്ണില്‍, അറിയാതെ താനും ഒരു ടൂറിസ്റ്റ് മാത്രമായി മാറുകയാണോ എന്ന തീക്ഷ്ണ സങ്കടം ഉന്നയിക്കുന്ന സ്വദേശിയുടെ കാഴ്ചയിലായിരുന്നു ആ ചിത്രത്തിന്‍െറ പിറവി.

ഇത്തവണ മേളയില്‍ ‘നെരൂദ’ ചിത്രം നല്ല പ്രതികരണം ഉണ്ടാക്കി. ഉള്ളില്‍ വിപ്ളവാഗ്നി ജ്വലിപ്പിക്കുമ്പോഴും പ്രണയാതുരനായ കവിയുടെ ജീവിതത്തിലൂടെ ഫാന്‍റസിയും റിയാലിറ്റിയും കലര്‍ന്ന ഒരു കാലത്തെയാണ് സംവിധായകന്‍ പാബ്ളോ ലാറഇന്‍ വരച്ചിട്ടത്. ‘അപ്രന്‍റീസ്’ എന്ന സിനിമ, ജയിലില്‍ ആരാച്ചാര്‍ ജോലിക്ക് നിയോഗിക്കപ്പെടുന്നവരുടെ ധര്‍മസങ്കടങ്ങളിലൂടെ കാലത്തിന്‍െറയും ജീവിതത്തിന്‍െറയും നോവുകള്‍ തന്നെയാണ് ഫ്രെയിമുകളില്‍ ഇഴചേര്‍ത്തത്.
മലയാളികള്‍ക്ക് പക്ഷേ, സങ്കടം മാത്രമാണ് ബാക്കി. അമ്പതിലേറെ ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ ഒന്നെങ്കിലും മലയാളക്കരയില്‍ നിന്നാകണം എന്നു സംഘാടകര്‍ക്ക് തോന്നിയില്ല. മുമ്പ്, ദുബൈ മേളയില്‍ അവസരം ലഭിച്ചപ്പോഴൊക്കെ മലയാളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതത്രയും നിറഞ്ഞ സദസ്സില്‍. എന്നിട്ടും മലയാളം പുറത്തായി. മേളയുടെ ജനകീയത ചോര്‍ത്തുന്ന പല ഘടകങ്ങളില്‍ ഒന്നുതന്നെയാണിതും. ‘ബേ ഫിഖ്റെ’ എന്ന ഹിന്ദിചിത്രത്തിനു മാത്രമാണ് ഇന്ത്യയില്‍നിന്ന് മേളയില്‍ ഇടം ലഭിച്ചത്. ഒടുക്കം ഇത്രയും കൂടി:പ്രവാസത്തെ സ്പര്‍ശിക്കുന്ന നല്ളൊരു ചിത്രമെങ്കിലും ഈ ഭൂമികയില്‍ നിന്നുതന്നെ ഉണ്ടാകണം. ഫ്രെയിമുകളില്‍ വിസ്മയം തീര്‍ക്കുന്ന ഏതെങ്കിലുമൊരു പ്രതിഭ, ആ ദൗത്യം ഏറ്റെടുക്കും എന്നുതന്നെ ആശിക്കാം.       

Tags:    
News Summary - dubai international film festival 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.