കള്ളപ്പണവും തെരഞ്ഞെടുപ്പും

വിദേശ രഹസ്യ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാനുള്ള ഇന്ത്യക്കാരുടെ ആഭിമുഖ്യത്തെ സംബന്ധിച്ച വാര്‍ത്തകളില്‍ പുതുമയില്ല. ഞാന്‍ പത്രപ്രവര്‍ത്തനം ആരംഭിക്കുന്ന കാലത്തുതന്നെ- ഏകദേശം 60 വര്‍ഷം മുമ്പ്- അത്തരം സംഭവങ്ങള്‍ അങ്ങാടിപ്പാട്ടായിരുന്നു. ഇന്ത്യക്കാരായ രഹസ്യ നിക്ഷേപകരുടെ പട്ടിക ഒരിക്കല്‍ പശ്ചിമ ജര്‍മന്‍ അധികൃതര്‍ നമുക്ക് കൈമാറി. എന്നാല്‍, രാഷ്ട്രീയ സംരക്ഷണം ആവോളം നുകരുന്നതിനാല്‍ ഈ നിക്ഷേപകര്‍ക്കെതിരില്‍ ഒരു നീക്കവും ഉണ്ടായില്ല. പിന്നീട് സ്വിസ് അധികൃതരും രഹസ്യനിക്ഷേപകരുടെ പേരുവിവരം ഇന്ത്യക്ക് കൈമാറ്റി. അപ്പോഴും ഒന്നും സംഭവിച്ചില്ല. കാരണം, ഉന്നതങ്ങളില്‍ സ്വാധീനമുള്ള വന്‍തോക്കുകളായിരുന്നു ഈ നിക്ഷേപകരും.
രാഷ്ട്രീയ പാര്‍ട്ടികള്‍ വിദേശഫണ്ട് കൈപ്പറ്റുന്നതിനെച്ചൊല്ലി വിവാദ കൊടുങ്കാറ്റ് ഉയര്‍ന്നപ്പോള്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതും ഓര്‍മിക്കുന്നു. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചംകണ്ടില്ല. ഇടതുപക്ഷം ഉള്‍പ്പെടെ സര്‍വ രാഷ്ട്രീയ പാര്‍ട്ടികളും വിദേശ ഫണ്ട് കൈപ്പറ്റുന്നവരാണെന്ന് അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു.
ചലച്ചിത്രതാരങ്ങള്‍ മുതല്‍ വന്‍കിട വ്യവസായികള്‍ വരെ ദ്വീപ് രാജ്യത്തില്‍ ഇന്ത്യയുടെ നികുതി വെട്ടിച്ച് കള്ളപ്പണം നിക്ഷേപിച്ചതായാണ്  ‘പാനമ പേപ്പേഴ്സി’ലൂടെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്ന ഏറ്റവും പുതിയ വിവരം. ഇവ ചോര്‍ത്തിയെടുത്ത മാധ്യമപ്രവര്‍ത്തകര്‍ അനുമോദനം അര്‍ഹിക്കുന്നു. മാസങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട ആധികാരിക രേഖകള്‍ കണ്ടത്തൊന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത്. അന്വേഷണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക പാനലിനെ നിയമിച്ചെങ്കിലും നിക്ഷേപകര്‍ രാഷ്ട്രീയസ്വാധീനമുള്ളവരായതിനാല്‍ ഒന്നും വരാനിടയില്ല.
ഇത്തരം കള്ളപ്പണ നിക്ഷേപകരുമായി എല്ലാ പാര്‍ട്ടികള്‍ക്കും പങ്കുള്ളതിനാല്‍ ഏതാനും ദിവസത്തെ ആരോപണ പ്രത്യാരോപണങ്ങള്‍ക്കുശേഷം വിവാദം കെട്ടടങ്ങാറാണ് പതിവ്.
തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്‍തോതില്‍ പണം ആവശ്യമാണ്. ഈ ആവശ്യമാണ് കള്ളപ്പണത്തിന്‍െറ മാതാവ് എന്നു പറയാം. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുപോലും ബഹുകോടികള്‍ ചെലവഴിക്കപ്പെടുന്നു. ഓരോ വോട്ടറെയും വ്യക്തപരമായി കണ്ട് പണവും പാരിതോഷികങ്ങളും നല്‍കുന്ന രീതി സാര്‍വത്രികമായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ആസന്നമായ തമിഴ്നാട്ടില്‍ കണക്കില്‍പെടാത്ത പണശേഖരത്തിന്‍െറ പേരില്‍ അറസ്റ്റുകള്‍ തുടരുകയാണ്.
തെരഞ്ഞെടുപ്പ് ചെലവുകള്‍ വെട്ടിക്കുറക്കണമെന്ന ശിപാര്‍ശകള്‍ നിരവധി സമിതികള്‍ ഇതിനകം മുന്നോട്ടുവെക്കുകയുണ്ടായി. എന്നാല്‍, ദിനേന ഇലക്ഷന്‍ ധൂര്‍ത്തുകള്‍ പെരുകുന്നതായാണ് അനുഭവം. ഇലക്ഷന്‍ കമീഷന്‍െറ വിലക്കുകള്‍ മറികടന്ന് ഏത് ഹീനമാര്‍ഗത്തിലൂടെയും വിജയം കൈവരിക്കണം എന്ന് നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണ് പാര്‍ട്ടികള്‍. അധികാരം എന്നാല്‍ കൂടുതല്‍ ധനലബ്ധി എന്ന സ്വാര്‍ഥവിചാരവും പാര്‍ട്ടി അണികളെ ഗ്രസിച്ചിരിക്കുന്നു.
നിയമസഭാ സ്ഥാനാര്‍ഥിക്ക് 28 ലക്ഷം വരെയും ലോക്സഭാ സ്ഥാനാര്‍ഥിക്ക് 70 ലക്ഷം വരെയും രൂപ പ്രചാരണങ്ങള്‍ക്ക് ചെലവിടാമെന്നാണ് ഇലക്ഷന്‍ കമീഷന്‍ നിര്‍ദേശം. എന്നാല്‍, ഇതിന്‍െറ എത്രയോ മടങ്ങ് പണം ഇറക്കി സ്ഥാനാര്‍ഥികള്‍ അങ്കം കൊഴുപ്പിക്കുന്നു.
ഇന്ത്യയിലെ ഉയര്‍ന്നതോതിലുള്ള നികുതിയാണത്രെ കള്ളപ്പണക്കാരെ വിദേശ രഹസ്യനിക്ഷേപങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ നിരവധി തവണ പൊതുമാപ്പ് പ്രഖ്യാപിച്ചശേഷവും ദുശ്ശീലങ്ങള്‍ തിരുത്താന്‍ വര്‍ത്തകപ്രമുഖര്‍ തയാറാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
ഈ സാഹചര്യത്തില്‍ കര്‍ശനമായ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി ഉത്തരവിടണം. നികുതി നല്‍കി മാതൃരാജ്യത്തെ സ്നേഹിക്കാന്‍ വന്‍കിടക്കാര്‍ എന്തുകൊണ്ട് സന്നദ്ധരാകുന്നില്ല എന്ന പഠനവും നടത്തേണ്ടിയിരിക്കുന്നു. ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാല്‍ രാജ്യസ്നേഹം ഉളവാകുമെന്ന ആര്‍.എസ്.എസ് വാദത്തിലെ പൊള്ളത്തരം തിരിച്ചറിയണം. രാജ്യത്തെ സങ്കീര്‍ണതകള്‍ പരിഹരിക്കാന്‍ വാചാടോപങ്ങള്‍ പോംവഴിയല്ല.                  l

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.